ഇവന് ഭയങ്കര ദേഷ്യമാണ് ഡോക്ടർ. സ്കൂളിൽ നിന്നും കംപ്ലൈന്റ്സ് കേട്ട് കേട്ട് മടുത്തു. വളരെ നന്നായി പഠിച്ചിരുന്ന ഇവൻ ഇപ്പോൾ ക്ലാസ്സിൽ ഏറ്റവും മോശം ആണ്…….

എഴുത്ത്:-Sajitha Thottanchery

“ഇവന് ഭയങ്കര ദേഷ്യമാണ് ഡോക്ടർ. സ്കൂളിൽ നിന്നും കംപ്ലൈന്റ്സ് കേട്ട് കേട്ട് മടുത്തു. വളരെ നന്നായി പഠിച്ചിരുന്ന ഇവൻ ഇപ്പോൾ ക്ലാസ്സിൽ ഏറ്റവും മോശം ആണ്.എന്ത് പറഞ്ഞാലും ദേഷ്യം ആണ്. സാധനങ്ങൾ ഒക്കെ എടുത്ത് എറിയുന്നു. കൂടെ പഠിക്കുന്ന കുട്ടികളെ ഉiപദ്രവിക്കുന്നു.” ചൈൽഡ് സൈക്കോളജിസ്റ്റ് ചന്ദന രവീന്ദ്രനാഥിന്റെ മുന്നിൽ ഇരുന്നു ലയ പറഞ്ഞു.

നഗരത്തിലെ പ്രശസ്തമായ ഒരു ബോട്ടിക് ഉടമയാണ് ലയ . ഭർത്താവ് ഗൗതം കൃഷ്ണ ബിസിനസ്‌ മാൻ ആണ്. അവരുടെ ഫാമിലി ഫ്രണ്ട് കൂടി ആണ് ചന്ദന.

ചന്ദന തന്റെ മുന്നിൽ ഇരിക്കുന്ന വിനായക് എന്ന നാലാം ക്ലാസുകാരനെ ശ്രദ്ധിക്കുകയായിരുന്നു ലയ ഇതൊക്കെ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ. അവൻ തല താഴ്ത്തി ഇരിക്കുകയാണ്.

“മോൻ ഇങ്ങോട്ടൊന്നു നോക്കിക്കേ. ഇയാള് ഭയങ്കര സീരിയസ് ആണല്ലോ. “വിനയാകിനോട് ഡോക്ടർ പറഞ്ഞു.

അവന്റെ താഴ്ന്നു നിൽക്കുന്ന മുഖം നേരെ വയ്ക്കാൻ നോക്കിയ അമ്മയുടെ കൈകൾ അവൻ തiട്ടിത്തെറിപ്പിച്ചു.

“ദേ കണ്ടില്ലേ. ഒന്നിനോടും അടുക്കാത്ത സ്വഭാവം ആണ്. പുറത്ത് ഒരു പ്രോഗ്രാമിന് പോലും കൊണ്ട് പോകാൻ പറ്റില്ല. മറ്റുള്ളവരുടെ മുന്നിൽ വച്ചു നാണം കെടുത്തും.” ലയ പരാതി തുടരുകയാണ്.

“ലയ കുറച്ചു നേരം ഒന്ന് പുറത്തിരിക്കാമോ. ഞങ്ങൾ ഒന്ന് സംസാരിച്ച് നോക്കട്ടെ.”ചന്ദന പറഞ്ഞു.

“ഒരുപാട് ടൈം എടുക്കോ. എന്റെ വളരെ ഇമ്പോർടന്റ് ആയ ഒന്ന് രണ്ടു കസ്റ്റമേഴ്സ് വെയ്റ്റിംഗ് ആണ്. ഞാൻ ചെന്നില്ലെങ്കിൽ ശെരിയാവില്ല.” കയ്യിലെ വാച്ചിൽ നോക്കി ലയ പറഞ്ഞു.

“എന്നാൽ നമുക്ക് ഒരു കാര്യം ചെയ്യാം. എനിക്ക് ഇന്ന് വേറെ അപ്പോയ്ന്റ്മെന്റ് ഒന്നും ഇല്ല. മോൻ കുറച്ചു നേരം എന്റെ അടുത്ത് നിൽക്കട്ടെ. ലയ പോയി തിരക്കുകൾ തീർത്തു വരു. അപ്പോഴേക്കും ഞങ്ങൾ ഒന്ന് കൂട്ടാവട്ടെ. അല്ലേ മോനേ.”വിനയാകിനെ നോക്കി ചന്ദന പറഞ്ഞു.

നേരത്തെ അറിയുന്ന ആളായത്കൊണ്ടും തിരക്ക് മാറ്റിവയ്ക്കാൻ ആവാത്തത് കൊണ്ടും ചന്ദന പറഞ്ഞ ആ ഓഫർ ലയ വേണ്ടെന്ന് പറഞ്ഞില്ല.

“ബുദ്ധിമുട്ടാവില്ല ല്ലോ അല്ലേ. എന്തെങ്കിലും ഉണ്ടേൽ എന്റെ നമ്പറിൽ ഒന്ന് വിളിച്ചാൽ മതി. ഞാൻ പെട്ടെന്ന് എത്താം.” പോകാനായി കാറിൽ കയറുമ്പോൾ ലയ പറഞ്ഞു.

“ഏയ്, ഒരു ബുദ്ധിമുട്ടും ഇല്ല. ഉച്ചയ്ക്ക് ശേഷം എനിക്ക് പ്രത്യേകിച്ച് ഒരു പരിപാടിയും ഇല്ല. നേരം പോകാൻ എന്ത് ചെയ്യണം എന്ന് ആലോചിച്ചു ഇരിക്കായിരുന്നു. ഇപ്പൊ എനിക്ക് ഒരു കൂട്ടായല്ലോ.”അവന്റെ തലയിൽ തടവി ചന്ദന പറഞ്ഞു.

അമ്മ പോയിട്ടും അവനിൽ പ്രത്യേകിച്ച് മാറ്റം ഒന്നും ഇല്ലല്ലോ എന്ന് ചന്ദന ശ്രദ്ധിച്ചു. ഒന്നിനും മറുപടി പറയാത്ത ആരോടും അടുക്കാൻ ഇഷ്ടപ്പെടാത്ത ഒരു പ്രത്യേക സ്വഭാവം ആണ് വിനായക് ന്. അവന്റെ കണ്ണുകളിൽ സ്നേഹമോ കുട്ടികളുടെ നിഷ്കളങ്കതയോ ഇല്ലായിരുന്നു.പകരം അവിടെ നിറഞ്ഞു നിന്നത് എന്തിനോടൊക്കെയോ ഉള്ള പക ആയിരുന്നു.

ചന്ദനയുടെ വീടിന്റെ ഒരു സൈഡിൽ തന്നെ ആയിരുന്നു ക്ലിനിക്.അവരുടെ ഭർത്താവ് ജോലിക്കും കുട്ടികൾ പേരെന്റ്സിന്റെ കൂടെ നാട്ടിലേക്കും പോയിരുന്നതിനാൽ അവിടെ അവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.ചന്ദന അവനെ അകത്തു കൊണ്ട് പോയി ചോക്ലേറ്റും മറ്റും കൊടുത്തു.

“മോനു ഇഷ്ടമുള്ള കാർട്ടൂൺ ക്യാരക്ടർ ആരാ?” TV ഓൺ ചെയ്ത് ചോദിച്ചു.

അതിനു അവൻ മറുപടി ഒന്നും പറഞ്ഞില്ല.

കാർട്ടൂൺ കാണാറില്ലെ. എന്നുള്ള ചന്ദനയുടെ ചോദ്യത്തിന് ഇല്ല എന്നവൻ ചുമലനക്കി.

“പിന്നേ എന്താ ചെയ്യാ, വെറുതെ ഇരിക്കുമ്പോൾ”. അവർ ചോദിച്ചു.

“വെറുതെ ഇരിക്കാറില്ല ട്യൂഷനും പിന്നേ വേറെ കുറെ ക്ലാസ്സുകളും ഉണ്ടാകും.”. അവൻ മറുപടി പറഞ്ഞു.

ഒരു ഫോൺ വന്നു ചന്ദന സംസാരിച്ച് കൊണ്ടിരുന്നപ്പോൾ ; പുറത്തിറങ്ങിയ ആ കുട്ടി തൊട്ടടുത്ത വീട്ടിൽ ഒരു അമ്മയും കുഞ്ഞും കൂടി കളിച്ചു കൊണ്ടിരിക്കുന്നത് വളരെ ശ്രദ്ധയോടെ നോക്കി നിൽക്കുന്നത് ചന്ദന ശ്രദ്ധിച്ചു.

“എന്താ ഇവിടെ വന്നു നിൽക്കുന്നെ.” അവന്റെ അടുത്ത് ചെന്നു ചന്ദന ചോദിച്ചു.

മറുപടി പറയാതെ മൗനമായി നിന്ന അവന്റെ കണ്ണുകളിൽ നനവ് പടർന്നിരിക്കുന്നത് ചന്ദന കണ്ടില്ലെന്ന് നടിച്ചു. കുറച്ചു നേരം അവന്റെ കൂടെ കളിച്ചും ഒരുമിച്ച് ഇരുന്നു കാർട്ടൂൺ കാണുകയും ഒക്കെ ചെയ്തപ്പോൾ അവൻ മെല്ലെ അവളോട് അടുക്കാൻ തുടങ്ങി.അവന്റെ കുഞ്ഞു ചുണ്ടുകളിൽ പതിയെ ചിരി വിടരാൻ തുടങ്ങി.

“ആരാ മോനെ കൂടെ കൂടുതൽ കളിക്കാൻ വരുന്നേ. അച്ഛനോ അമ്മയോ?” ചന്ദനയുടെ ആ ചോദ്യത്തിന് അവൻ കുറച്ചു നേരം മൗനമായി നിന്നു.

“രണ്ടുപേരും വരാറില്ലല്ലോ. അതിനു അവർ വരാൻ കുറെ വൈകും. പുറത്ത് പോയി കളിച്ചാൽ വഴക്കും പറയും. വീട്ടിൽ ഞങ്ങടെ സെർവെൻറ് ഉണ്ട്. ആ തടിച്ചി പറഞ്ഞു കൊടുക്കും.”അവൻ പറഞ്ഞു.

“അങ്ങനെ ഒന്നും വിളിക്കല്ലേ. അവർ മുതിർന്ന ആളല്ലേ. ചേച്ചിയെന്നോ ആന്റിയെന്നോ വിളിക്കണ്ടേ “. ചന്ദന പറഞ്ഞു.

“എനിക്ക് അവരെ ഇഷ്ടം അല്ല. അമ്മയെ കൊണ്ട് വഴക്ക് പറയിപ്പിക്കും അവർ. അമ്മയ്ക്ക് എപ്പോഴും എന്നെ വഴക്ക് പറയാനേ നേരമുള്ളൂ.”ആ വാക്കുകളിൽ ഒരുപാട് സങ്കടം ഉണ്ടായിരുന്നു.

“കുറുമ്പ് കാട്ടനോണ്ടല്ലേ. നല്ല കുട്ടി ആവാൻ അല്ലേ വഴക്ക് പറയുന്നേ.”ചന്ദന അവനെ സമാധാനിപ്പാക്കാൻ നോക്കി.

“എന്നിട്ട് എന്റെ ഫ്രണ്ട്സിന്റെ അമ്മേം അച്ഛനൊന്നും അങ്ങനെ അല്ലാലോ. അവർ സ്കൂളിൽ ഒക്കെ വരുമ്പോ പറയുലോ. അവരൊക്കെ അമ്മേം അച്ഛനും കൂടി പുറത്ത് പോയ കഥയൊക്കെ പറയുമ്പോ എനിക്ക് സങ്കടം വരും.അതോണ്ട് ഞാൻ അവരോട് കൂട്ടുകൂടാറില്ല. എനിക്ക് അവരോട് പറയാൻ ഒന്നും ഇല്ല. എനിക്ക് വഴക്ക് കേട്ടത് മാത്രേ പറയാനുള്ളു.”അവന്റെ കുഞ്ഞു മനസ്സിലെ സങ്കടം അവൻ പറഞ്ഞു.

“സാരല്യ ട്ടോ. നമുക്ക് ഒക്കെ ശെരിയാക്കാം ന്നെ. പക്ഷേ മോൻ ആരേം ഉപദ്രവിക്കരുത്. നല്ല കുട്ടി ആവണം.”അവനെ ചേർത്ത് പിടിച്ചു അവർ പറഞ്ഞു.

അതിനു അവൻ ഒന്നും പറഞ്ഞില്ല. അവന്റെ ഉള്ളിൽ പുകയുന്ന സങ്കടം ചന്ദന മനസ്സിലാക്കിയിരുന്നു.

“സോറി…. ബുദ്ധിമുട്ടായില്ല ലോ. അല്ലേ.”വൈകീട്ട് കയറി വന്ന ലയ ചോദിച്ചു.

“ഹേയ്… അവൻ നല്ല കുട്ടി അല്ലേ. മോൻ പുറത്ത് പോയി കളിച്ചോ. ആന്റി അമ്മയോട് ഒന്ന് സംസാരിക്കട്ടെ.”വിനായക് നെ നോക്കി ചന്ദന പറഞ്ഞു.

“ശെരിക്കും കൗൺസിലിങ് വേണ്ടത് നിങ്ങൾ പേരെന്റ്സിനു ആണെന്ന എനിക്ക് തോന്നുന്നത് ലയ. അവനു എന്തൊക്കെയോ മിസ്സ്‌ ആക്കുന്നുണ്ട് നിങ്ങൾ.”അവൻ പുറത്തു പോയപ്പോൾ ചന്ദന ലയയോട് പറഞ്ഞു.

“ഈ സിറ്റിയിലെ ഏറ്റവും നല്ല സ്കൂളിലാണ് അവൻ പഠിക്കുന്നെ. ഏറ്റവും വിലപിടിച്ച സാധനങ്ങൾ ആണ് അവനു വാങ്ങി കൊടുക്കുന്നെ. പിന്നേ അവന്റെ എക്സ്ട്രാ ആക്ടിവിറ്റീസ്, ബാക്കിയുള്ള കാര്യങ്ങൾ…. അങ്ങനെ എല്ലാം ഏറ്റവും നന്നായി ഞങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്. പിന്നേ എന്ത് മിസ്സ്‌ ആവാൻ ആണ്.”മകന് ചെയ്തു കൊടുക്കുന്ന കാര്യങ്ങൾ നിരത്തി ലയ ചോദിച്ചു.

“നിങ്ങൾ അവനെ അവസാനമായി സ്നേഹത്തോടെ ഒന്ന് ചേർത്ത് പിടിച്ചത് എന്നാണ്. അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തത് എന്നാണ്. അവന്റെ കൂടെ ഒരിത്തിരി സമയം സ്പെൻഡ്‌ ചെയ്തത് എന്നാണ്.”ചന്ദനയുടെ ചോദ്യം പെട്ടെന്നായിരുന്നു.

ഉത്തരം പറയാൻ ലയ ഒന്ന് ബുദ്ധിമുട്ടി.

“ഞങ്ങൾ വരുമ്പോഴേക്കും അവൻ മിക്കവാറും ഉറങ്ങും. അല്ലേൽ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചു വച്ചിട്ടുണ്ടാകും. അതിനു വഴക്ക് പറഞ്ഞാൽ അവൻ ദേഷ്യപ്പെട്ടു പോകും. ഇനി ഞാൻ കൊഞ്ചിക്കാൻ കൂടി പോയാൽ ഉള്ള വികൃതി കൂടുകയേ ഉള്ളു. അതുകൊണ്ട് ഒന്ന് പേടിപ്പിച്ചു നിറുത്തിയേക്ക.”ന്യായീകരണം പോലെ അവൾ പറഞ്ഞു.

“അവൻ കുട്ടി അല്ലേ ലയ. കുറുമ്പൊക്കെ ഉണ്ടാകും. ഇപ്പോഴേ അവനോട് ഇങ്ങനെ പെരുമാറിയാൽ നാളെ അവനു വലിയൊരു തെറ്റ് പറ്റിയാൽ അവൻ അത് നിങ്ങളോട് ഷെയർ ചെയ്യുമെന്ന് തോന്നുന്നുണ്ടോ. നിങ്ങൾ മറ്റു കുട്ടികളുമായി അവനെ കമ്പയർ ചെയ്യുന്ന പോലെ തന്നെ അവന്റെ മനസ്സും നിങ്ങളെ മറ്റു പേരെന്റ്സുമായി കമ്പയർ ചെയ്യുന്നുണ്ടാകും. അവൻ നിങ്ങളുടെ സ്നേഹം അനുഭവിച്ചു വളരട്ടെ. നിങ്ങൾ ചെയ്ത് കൊടുക്കുന്ന ജീവിത സൗകര്യങ്ങൾ നോക്കി അവനോടുള്ള സ്നേഹം മനസ്സിലാക്കാൻ അവൻ വളർന്നിട്ടില്ല. ഇപ്പൊ അവനു വേണ്ടത് നിങ്ങളുടെ ഒരിത്തിരി സമയം ആണ്. അവനു എന്ത് വന്നാലും നിങ്ങൾ കൂടെ ഉണ്ടാകും എന്ന തോന്നൽ ആണ്. അത് കിട്ടാതെ വരുമ്പോൾ ഉള്ള സങ്കടം ആണ് അവനിലൂടെ ദേഷ്യമായി പുറത്ത് വരുന്നേ. നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കിക്കേ നമ്മുടെ ഒക്കെ ചെറുപ്പത്തിൽ അച്ഛനും അമ്മയും വഴക്ക് പറഞ്ഞാലും നമ്മളെ സ്നേഹിക്കാൻ, സാരമില്ല എന്ന് പറയാൻ അമ്മുമ്മയോ മുത്തച്ഛനോ ആരെങ്കിലും ഉണ്ടായിരുന്നു. ഇന്ന് അവന്റെ സിറ്റുവേഷൻ അതാണോ. വഴക്ക് പറയണ്ട എന്നല്ല… തെറ്റുകൾ അവനെ ചേർത്ത് പിടിച്ചു മനസ്സിലാക്കണം. അപ്പൊ ഈ ദേഷ്യത്തിന് പകരം അവൻ ഒരു സോറി പറയാൻ പഠിച്ചേക്കാം. ഒന്ന് മാറി ചിന്തിച്ചു നോക്കു. അവനിൽ മാറ്റം ഉണ്ടാകും. ഉറപ്പാണ്.”ചന്ദന പറഞ്ഞു നിറുത്തി.

“ഞാൻ ഇത്രയ്ക്കൊന്നും ചിന്തിച്ചിരുന്നില്ല. അവന്റെ നല്ലതിന് വേണ്ടി മാത്രമേ ഞങ്ങൾ രണ്ടാളും ശ്രമിച്ചിട്ടിള്ളൂ.പക്ഷേ….. ഞങ്ങൾ ഇറങ്ങട്ടെ ചന്ദന.”കുറച്ചു നേരത്തെ മൗനത്തിനു ശേഷം ചന്ദനയുടെ കൈ പിടിച്ചു ലയ പറഞ്ഞു.

“ഇനിയും വരില്ലേ ആന്റിടെ അടുത്ത്.”പോകാൻ ഇറങ്ങിയ വിനയാകിനോട് ചന്ദന ചോദിച്ചു. അവൻ വരുമെന്ന് തലയാട്ടി. പോകുന്ന വഴിക്ക് ഒരു ചിൽഡ്രൻസ് പാർക്കിന്റെ അവിടെ എത്തിയപ്പോൾ അവിടെ കുട്ടികൾ കളിക്കുന്നത് നിരാശയോടെ അവൻ ശ്രദ്ധിക്കുന്നത് ലയ കണ്ടു. അവൾ വണ്ടി തിരിച്ചു പാർക്കിന്റെ മുന്നിൽ വണ്ടി നിറുത്തി.

“നമുക്ക് ഇത്തിരി നേരം കളിച്ചാലോ.”അമ്മയുടെ പെട്ടെന്നുള്ള ചോദ്യത്തിൽ അവന്റെ കുഞ്ഞു മുഖം വിടരുന്നത് അവൾ കണ്ടു.

മൊബൈൽ എടുത്ത് കുറച്ചു ദിവസത്തേക്ക് ഞാൻ ഉണ്ടാകില്ല , ഞങ്ങൾ ഫാമിലി ആയി ചെറിയ യാത്ര പോകുകയാണ്. എന്തെങ്കിലും ഉണ്ടെങ്കിൽ ഫോണിൽ കോൺടാക്ട് ചെയ്താൽ മതിയെന്ന് വിളിച്ചു പറയുബോൾ ചിലതൊക്കെ തീരുമാനിച്ചിരുന്നു അവൾ……

☆☆☆☆☆☆☆☆☆☆

മക്കൾ സ്നേഹം അറിഞ്ഞു വളരട്ടെ. അവരുടെ ഏറ്റവും നല്ല സുഹൃത്ത് നിങ്ങൾ തന്നെ ആയിരിക്കട്ടെ……..

Leave a Reply

Your email address will not be published. Required fields are marked *