ഈശ്വരാ, ഒരു കിലോമീറ്റർ അപ്പുറത്തുള്ള ബാiറിലേക്ക് ഇയാൾക്കു നടന്നുപോയാൽ പോരെ;?നാശം, വീണ്ടും മുപ്പതു രൂപേടെ വാടക. രമേഷ്, മനസ്സിൽ പ്രാകിക്കൊണ്ടാണ് ഓട്ടോ മുന്നോട്ടെടുത്തത്…….

_upscale

ഓട്ടം

എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്

മുപ്പത്തിരണ്ടാം നമ്പറിൽ നിന്നും തള്ളിയും നിരക്കിയും ഓട്ടോ ഒന്നാമതെത്തിയപ്പോൾ, ഉച്ചയാകാറായിരുന്നു.

ഇന്നൊരു വർക്കത്തില്ലാത്ത ദിവസമാണെന്നു രമേഷിനു തോന്നി.
രാവിലെ വന്നപ്പോൾ, ഒരു മുപ്പതു രൂപയുടെ ഓട്ടം പോയിവന്നശേഷമുള്ള കാത്തുകെട്ടിക്കിടപ്പാണ്. ഇന്നാണെങ്കിൽ, ഫോൺ വഴിയുള്ള ഓട്ടങ്ങളും തരപ്പെട്ടില്ല. ഷർട്ടിൻ്റെ കീശയിൽ, ഇപ്പോഴും ആ മുപ്പതു രൂപ വിയർപ്പിൽ നനഞ്ഞുകിടപ്പുണ്ട്. ഒന്നാമതെത്തിയതും കല്യാണബ്രോക്കർ കുട്ടപ്പൻ,?എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട് ഓട്ടോയിൽ കയറി.

“മോനെ രമേഷേ, കുട്ടപ്പേട്ടനെ ഒന്നു ശ്രീഭവനിൽ കൊണ്ടാക്ക്യേ;?ഇന്നൊരു കൂട്ടരെ പെണ്ണുകാണിക്കാൻ കൊണ്ടോയിരുന്നു.?ശകരം ചില്ലറ തടഞ്ഞു. അപ്പോ, ഒരു ചെറുതടിച്ചിട്ട് പൂവാന്നു വിചാരിച്ചു. നീ, കൊണ്ടാക്കിയാൽ മതി. ഞാൻ പതുക്കെ തിരികെ വന്നേക്കാം.?മ്മക്ക് പൂവ്വാ”

ഈശ്വരാ, ഒരു കിലോമീറ്റർ അപ്പുറത്തുള്ള ബാiറിലേക്ക് ഇയാൾക്കു നടന്നുപോയാൽ പോരെ;?നാശം, വീണ്ടും മുപ്പതു രൂപേടെ വാടക. രമേഷ്, മനസ്സിൽ പ്രാകിക്കൊണ്ടാണ് ഓട്ടോ മുന്നോട്ടെടുത്തത്. ഓട്ടോ സ്റ്റാൻഡിനു എതിർവശത്തുള്ള ദേശിയപാതയുടെ ഓരത്തുള്ള ബസ്സ്റ്റോപ്പിൽ ഒരു ഓർഡിനറി ബസ് വന്നു നിന്നു. തൃശൂർക്കു പോകുന്ന ബസ്സാണ്. പത്തു മിനിറ്റു കൂടുമ്പോൾ, പ്രൈവറ്റും ട്രാൻസ്പോർട്ടു മൊക്കെയായി നിരന്തരം തൃശൂർ ബസ്സുകളുണ്ട്.?ഒരു സ്റ്റോപ്പിനപ്പുറത്തുള്ള ബാറിലേക്ക് ഇങ്ങേർക്ക് ഇതിൽ പോയാൽ പോരെ??വെറുതെ മനുഷ്യനെ മെനക്കെടുത്താൻ.?ഓട്ടോ, മുന്നോട്ടു നീങ്ങി. സഞ്ചാരിയായ കുട്ടപ്പൻ പുറകിൽ വിസ്തരിച്ചു നിവർന്നിരുന്നു.

കുട്ടപ്പനെ മധുശാലയുടെ മുന്നിലിറക്കി, തിരികെ വരുമ്പോൾ മൊബൈൽ ഫോൺ ശബ്ദിച്ചു.?പരിചയമില്ലാത്ത നമ്പറാണ്. ഫോണെടുത്തു. മറുതലയ്ക്കൽ ഒരു സ്ത്രീശബ്ദം കലമ്പി.

“രമേഷല്ലേ,ഞാൻ തെക്കൂട്ടെ രാമൻ മാഷിൻ്റെ അയലത്തുവീട്ടിലെയാണ്.
രാമൻ മാഷാണ് നമ്പർ തന്നത്. മാഷുടെ വീടിൻ്റെ അപ്പുറത്തെ പുതിയ വീട്. ഇവിടെ വന്നു താമസിക്കുന്നവരായ കാരണം ആരെയും പരിചയമില്ല. ഒന്നിവിടം വരെ വരാമോ? എനിക്കു തൃശൂർക്കു പോകാനാണ്. ഡോക്ടറെ കാണാനാണ്.?താമസിച്ചാൽ തിരികെയെത്താൻ വൈകും. രമേഷിനു വരാൻ സാധിക്ക്യോ?”

“അതിനെന്താ, വരാമല്ലോ.?രാമൻ മാഷിൻ്റെ വീട്ടിലെ മിക്ക ഓട്ടവും ഞാനാണ് പോകാറ്. ഇപ്പോൾ വരാം ട്ടാ;?ഗേറ്റടയുണ്ടെങ്കിലെ വൈകൂ. ഇല്ലെങ്കിൽ, അഞ്ചു മിനിറ്റ്”

രമേഷിനു സന്തോഷമായി. തൃശൂർ വാടക കൊള്ളാം. മൂന്നൂറ്റിയമ്പതു രൂപായുടെ ഓട്ടമുണ്ട്. പിന്നെ വെയ്റ്റിംഗ്. മിക്കവാറും ഇത് അഞ്ഞൂറിലെത്തും. അടിപൊളി. ദൈവത്തിനു സ്തുതി.

ഓട്ടോസ്റ്റാൻഡിനു മുന്നിലൂടെ വണ്ടി മുരണ്ടു നീങ്ങി. തൻ്റെ പുറകിലുണ്ടായിരുന്നവന് ഇതുവരെ ഓട്ടം തരപ്പെട്ടിട്ടില്ല. അവൻ, സീറ്റിലിരുന്ന് മൊബൈലിൽ നോക്കുകയാണ്. അവൻ, പാവമാണ്. അവനും നല്ലൊരോട്ടം കിട്ടട്ടെ.

ഓട്ടോ, ലെവൽക്രോസിനരികിലെത്തി. നാശം, ഗേറ്റടച്ചിരിക്കുകയാണ്.
ഒരു ഗുഡ്സ് ട്രെയിൻ വടക്കോട്ടു ഇഴഞ്ഞകന്നു. ഹുങ്കാരങ്ങൾ തീർന്നു.
ഗേറ്റു, തുറക്കാനുള്ള ഭാവമില്ല. വടക്കോട്ടുള്ള പരശുറാമിൻ്റെ സമയമാണല്ലോ; അതിനായിരിക്കും ഈ തുറക്കാതിരുപ്പ്. പത്തുമിനിറ്റു കഴിയാറായി, ഇവിടെ വന്നിട്ട്. രമേഷ്, പുറത്തേക്കു നോക്കി. മേൽ പ്പാലത്തിനു ഫണ്ട് അനുവദിച്ചെന്ന ജനപ്രതിനിധിയുടെ ചിത്രം വച്ച ഫ്ലക്സ് കാണാം. കാലപ്പഴക്കത്താൽ അതിൻ്റെ നിറം, മങ്ങിപ്പോയിരുന്നു.
അന്നേരത്താണ് ഫോൺ വീണ്ടും ശബ്ദിച്ചത്. കുന്നത്തെ ശങ്കരേട്ടനാണ്.
ഫോണെടുത്തു.

“രമേഷേ, ശങ്കരേട്ടന് ഒല്ലൂരുള്ള മോളുടെ വീട്ടിലേക്ക് ഒന്നു പോകാനാണ്.
അവിടെയൊരു പിറന്നാൾ സദ്യയുണ്ട്. മോൻ എന്നെ ഒന്നു കൊണ്ടാക്കുമോ? എന്നിട്ടു തിരികെ പോന്നോ. ശങ്കരേട്ടൻ വൈകീട്ടു വിളിക്കുമ്പോൾ, വന്ന് തിരികെ കൊണ്ടാക്കിയാൽ മതി. മോനു വരാൻ പറ്റോ?”

“അയ്യോ, ശങ്കരേട്ടാ…. ഞാനൊരു തൃശൂരു വാടക എടുത്തു. ചേട്ടൻ, ഒരു കാര്യം ചെയ്യ്. മ്മടെ സുധീറിനെ വിളിക്ക്. അവൻ, ഓട്ടം കിട്ടാണ്ട് സ്റ്റാൻഡിൽ ഫസ്റ്റു കിടപ്പുണ്ട്. അവൻ കൊണ്ടാക്കും. ഈ ഓട്ടം ഏറ്റതുകൊണ്ടാ ട്ടോ, ആവശ്യങ്ങള് വരുമ്പോ വിളിക്കണേ”

അല്ലെങ്കിലും, ഓട്ടങ്ങൾ വരുമ്പോൾ ഒന്നിച്ചാണ് എത്തുക. പത്തിരുന്നൂറു രൂപയുടെ വാടകയുണ്ടായിരുന്നു. വൈകിട്ടും തിരിച്ചുവരവിനുള്ള ഓട്ടവും കിട്ടിയേനെ. സാരല്യാ, തൃശൂരു കിട്ടിയല്ലോ; അതു തന്നെ ഭാഗ്യം.

പരശുറാം പോയി. ഗേറ്റു തുറന്നു. ഇരുപതു മിനിറ്റിൻ്റെ വൈകലിൽ, വാഹനങ്ങൾ തിക്കിത്തിരക്കി വീണ്ടും തടസ്സങ്ങളുണ്ടാക്കി വൈകലുകൾ ആവർത്തിച്ചുകൊണ്ടിരുന്നു.

രാമൻ മാഷിൻ്റെ വീടിന്നരികിലെത്തി. ഒരു മധ്യവയസ്കയും, യുവതിയും കാത്തുനിൽപ്പുണ്ടായിരുന്നു. അമ്മയും മകളുമെന്നു, മുഖച്ഛായയിലറിയാം.
അവർ, തിരക്കിട്ടു ഓട്ടോയിൽ കയറി. നാട്ടിലെ പുതുമുഖങ്ങളുടെ വദനത്തിൽ, കാത്തിരുപ്പിൻ്റെ മുഷിച്ചിൽ സ്പഷ്ടമാകുന്നു. ഓട്ടോറിക്ഷ മുന്നോട്ടു നീങ്ങി. യാത്രികർക്കിടയിൽ മൗനമുറഞ്ഞു.

തിരികെ വരുമ്പോളും ലെവൽക്രോസ് അടച്ചിരുന്നു. ഇത്തവണ നഷ്ടമായത് പത്തു മിനിറ്റാണ്. ഓട്ടോ, സ്റ്റാൻഡിനപ്പുറത്തെ ദേശീയ പാതയിലേക്കു പ്രവേശിച്ചു. സുധീറിൻ്റെ ഓട്ടോ, പോയിരിക്കുന്നു. ഒല്ലൂരിലേക്കാവും.

“ഇവിടെ നിർത്തൂ, ഇവിടെ ഇറങ്ങണം. അകലെ നിന്നും, ഒരു തൃശൂർ ബസ്സ് വരുന്നുണ്ട്”

പുറകിൽ നിന്നും, യുവതിയുടെ ചിലമ്പിച്ച ശബ്ദമുയർന്നു.

“തൃശൂർക്കെന്നു പറഞ്ഞിട്ട്?”

രമേഷിന്റെ തൊണ്ടയിൽ, ശബ്ദം കുരുങ്ങി.

“ഞങ്ങൾ തൃശൂർക്കാണ്; ബസ്സിലാണെന്നു മാത്രം. കാലിനു വയ്യാത്തോണ്ട് നടക്കാൻ പാടാ; അതാ ഇത്തിരി ദൂരത്തിനും ഓട്ടോ വിളിച്ചത്. ഇതാട്ടോ, മുപ്പതു രൂപ. ഞങ്ങളു പോവട്ടെ. നമ്പറ് സേവ് ചെയ്തിട്ടുണ്ട്. ആവശ്യം വരുമ്പോൾ വിളിക്കാം ട്ടാ”

അമ്മയും മോളും തിടുക്കത്തിൽ ഹൈവേ കടന്ന്, ബസ്സിൽ കയറിപ്പറ്റി.
ഓട്ടോ തിരിച്ചു, അവസാനക്കാരനായി വരിയിലേക്കെത്തുമ്പോൾ രമേഷിൻ്റെ മനസ്സിൽ, ശങ്കരേട്ടനും ഒല്ലൂർ വാടകയുമായിരുന്നു. വെയിലപ്പോൾ ചുട്ടുപഴുക്കാൻ തുടങ്ങിയിരുന്നു. രമേഷ്, ഓട്ടോ നിരക്കിക്കൊണ്ടിരുന്നു. എത്താനിനിയും ഒത്തിരി ബാക്കിയുള്ള ഒന്നാം നമ്പറിലേക്ക്. ദൂരം നിശ്ചയമില്ലാത്ത ഒരോട്ടത്തിനായി.

Leave a Reply

Your email address will not be published. Required fields are marked *