എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
സുരേഷേട്ടൻ സൂര്യനാണ്. പരിസരത്തേക്ക് അടുക്കാനേ പറ്റില്ല. ഭാഗ്യമാണെന്ന് കരുതിയ ആളിൽ ഇതിനുമാത്രം ദേഷ്യങ്ങളുടെ സ്ഫോടനങ്ങൾ നടക്കുന്നുണ്ടെന്ന് തുടക്കത്തിൽ കരുതിയതേയില്ല. അല്ലെങ്കിലും, കരുതാത്തത് കൂടി സംഭവിക്കുന്നതിന്റെ പേരാണല്ലോ ജീവിതം!
അന്ന്, കറന്റ് ബില്ല് വന്ന ദിവസമായിരുന്നു. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് സുരേഷേട്ടൻ എത്തുമ്പോൾ മണി ആറാകും. കയറി കിടന്നാൽ ഉച്ചയാകുമ്പോഴേക്ക് എഴുന്നേൽക്കുകയും ചെയ്യും. വൈകുന്നേരത്തിന് മുമ്പ് വീണ്ടും ജോലിക്കായി ഇറങ്ങും. ഇടയിലുള്ള നേരങ്ങളിൽ മുഴുവൻ സുരേഷേട്ടന് എന്നോട് കലഹിക്കണം.
‘രണ്ടുപേര് താമസിക്കുന്നയിടത്ത് ഏഴായിരം രൂപയൊ…? ഇവിടെ ഇത്രയ്ക്കും ബില്ല് വരാൻ നീയാണ് കാരണം…’
ഉച്ച കഴിഞ്ഞ് ജോലിക്ക് പോകാൻ നേരം സുരേഷേട്ടൻ ഒച്ചവെച്ചു. എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. പതിവ് പോലെ എല്ലാം കേട്ടിരിക്കുകയേ നിവർത്തിയുള്ളൂ.
ഒടുവിൽ, നിന്നെ കെട്ടിയതാണ് താൻ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും പറഞ്ഞ് ഫ്ലാറ്റിന്റെ മുൻവാതിൽ സുരേഷേട്ടൻ ശക്തമായി അടച്ചു.
ചൂട്! കിടപ്പ് മുറിയിൽ ഏസി ഓണിലായിരുന്നിട്ടും അകവും പുറവും വിയർക്കുന്ന ചൂട്! പറഞ്ഞില്ലേ… ആളൊരു ഭയപ്പെടുത്തുന്ന ഭീമൻ സൂര്യൻ തന്നെയാണ്…
സുരേഷേട്ടന്റെ കൈയ്യും പിടിച്ച് ഞാൻ ഈ നഗരത്തിലേക്ക് വന്നത് നാട്ടിലെ പോലീസ് സ്റ്റേഷനിൽ നിന്നാണ്. അച്ഛനും അമ്മയും കൂടെ വരാൻ കരഞ്ഞുകൊണ്ട് പറഞ്ഞിട്ടും സുരേഷേട്ടൻ മതിയെന്ന് ഞാൻ തീരുമാനിച്ചു. അവർ രണ്ടുപേരും വിതുമ്പിക്കൊണ്ട് കൂനി നടന്ന് പോകുന്നത് കണ്ടിട്ടും മനസ്സ് മാറിയില്ല. ജീവിതം പ്രണയത്തിലൂടെയാണ് ഒഴുകേണ്ടതെന്ന ചിന്തയായിരുന്നു ആ നേരം തലയിൽ…
ആയുസ്സിന്റെ വരണ്ട വഴിയിലൊരു പെരുമഴക്കാലത്തെ സ്വപ്നം കണ്ട് ചുരുണ്ട് പോയ ജീവിതമാണ് ഇപ്പോൾ അനുഭവിക്കുന്നത്. ആത്മഹiത്യയെ കുറിച്ച് ചിന്തിക്കാൻ പോലുമുള്ള ത്രാണിയില്ല.
ദേഹോപദ്രiവം ചെയ്ത് ഈ ഫ്ലാറ്റിൽ നിന്ന് സുരേഷേട്ടൻ എന്നെ ചിള്ളി മാറ്റത്തതുകൊണ്ട് വിതുമ്പിയാണെങ്കിലും ശ്വാസമുണ്ട്. ആ ആശ്വാസം മാത്രമേ ഇപ്പോൾ ജീവിതത്തിന്റെ സിരകളിലുള്ളൂ…
വീട്ടുകാർ കണ്ടെത്തി തന്ന ചെറുക്കൻ ആയിരുന്നുവെങ്കിൽ അവരുടെ അടുത്തേക്കെങ്കിലും ഓടിപ്പോകാമായിരുന്നു. അതിന് പോലും പറ്റാതെ വേവുകയാണ്. സുരേഷട്ടനുമായുള്ള ബന്ധം അറിഞ്ഞപ്പോൾ അമ്മയ്ക്കായിരുന്നു കൂടുതൽ പ്രശ്നം. അമ്മയെ താണ്ടി അഭിപ്രായമില്ലാത്ത അച്ഛൻ മിക്കപ്പോഴും മൗനിയാണ്. ധിക്കരിച്ച് പോയ ഒറ്റ മകളോട് രണ്ടുപേർക്കും വെറുപ്പായിരിക്കും.. ഓർക്കുമ്പോൾ തന്നെ നെഞ്ച് പൊള്ളുന്നതു പോലെ..
ഫ്ലാറ്റ് വേണമെന്നോ, ഏസി വേണമെന്നോ, ഞാൻ പറഞ്ഞിട്ടില്ല. പുറത്തേക്ക് പോകാത്ത എനിക്ക് തുണികളെ ഇസ്തിരി പോലും ഇടേണ്ട ആവിശ്യമില്ല. ഹീറ്റർ ഉണ്ടായിട്ടും ചൂടു വെള്ളത്തിൽ കുളിക്കാറില്ല. ഏത് കുടിലിൽ ആണെങ്കിലും സുരേഷേട്ടനുമായൊരു സന്തോഷ ജീവിതം മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ…
സന്തോഷമെന്നത് എനിക്ക് തൊടാൻ പറ്റാത്ത സൗഭാഗ്യമായേ നിലവിൽ തോന്നുന്നുള്ളൂ…
ബാൽക്കണിയിൽ ഒരു നിശാഗന്ധിയുണ്ട്. അതിനോട് മുട്ടി ഇരിക്കുമ്പോഴാണ് ഞാനും ഈ ലോകത്തിൽ ജീവിച്ചിരിക്കുന്നുണ്ടെന്ന് തോന്നിപ്പോകുക. പകൽ മുഴുവൻ വാടിയിരിക്കുന്ന ആ കള്ളിച്ചെടിയുടെ പുഷ്പ്പത്തെ കണ്ണാടിയിലെന്ന പോലെയാണ് ചിലപ്പോഴൊക്കെ നോക്കിയിരിക്കാറുള്ളത്. രാത്രിയിൽ മാത്രം പുഷ്പിക്കുകയും സുഗന്ധം പരത്തുകയും ചെയ്യുന്ന ആ അനന്തശയനം ഞാനാണെന്ന് പോലും പലപ്പോഴും തോന്നാറുണ്ട്.
രാത്രികളിൽ ഞാനൊരു സങ്കൽപ്പ സഞ്ചാരിയാണ്. ജീവിതം ഇങ്ങനെയൊക്കെ ആയിരുന്നുവെങ്കിൽ എത്ര മനോഹരമായിരുന്നുവെന്ന് ഓർത്തൊരു നിശാഗന്ധിയെ പോലെ വെറുതേ വിടർന്ന് നിൽക്കും. സുരേഷേട്ടനെ കാണുന്ന സൂര്യോദയത്തിൽ വാടുകയും ചെയ്യും.
വർഷങ്ങൾ മൂന്ന് കഴിഞ്ഞിട്ടും കൊഞ്ചിക്കാനൊരു കുഞ്ഞിനെ പോലും ആഗ്രഹിക്കാൻ ആകുന്നില്ല. ചിലവ് കൂടുമെത്രെ…
ജീവിതം തന്നെ തുലാസിൽ വെച്ച് സ്നേഹിച്ചതാണ്. ആ ആളുടെ ലോകത്തിൽ നമ്മൾ ഇല്ലായെന്ന് അറിയുമ്പോൾ ജീവൻ ഇങ്ങനെ പൊള്ളി വിയർക്കുന്നതിൽ യാതൊരു അത്ഭുതവവും ഇല്ല. വേണമെങ്കിൽ ഇറങ്ങിപ്പോകാമായിരുന്നു. പക്ഷെ, നിശാഗന്ധികൾക്ക് വളരാൻ മറ്റേതെങ്കിലും സസ്യങ്ങൾ അടുത്ത് വേണമല്ലോ…
തനിയേ കിളിർക്കാനൊ തഴച്ച് വളരാനോയുള്ള ശേഷി എനിക്ക് ഇല്ല. ഉണ്ടായിരുന്നുവെങ്കിൽ എന്നേ ഞാൻ രക്ഷപ്പെടുമായിരുന്നു! സ്നേഹത്തിന്റെ ഈർപ്പമുള്ള മണ്ണിൽ മാത്രമേ നിലനിൽപ്പുള്ളൂ… അങ്ങനെയൊരു പരാദസസ്യം തന്നെയാണ് എല്ലാ അർത്ഥത്തിലും ഞാനെന്ന് മനസ്സിലാകുന്നു.
കുടഞ്ഞെറിയാൻ ശ്രമിച്ചാലും സുരേഷേട്ടനിൽ പറ്റി പിടിക്കുക മാത്രമേ മാർഗ്ഗമുള്ളൂ… അല്ലെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം..
ഇങ്ങനെയൊക്കെ ഓർത്തിരുന്ന ഒരു സന്ധ്യക്കാണ് കാളിംഗ് ബെല്ല് രണ്ടുവട്ടം ശബ്ദിച്ചത്. ജോലിക്ക് പോയ സുരേഷേട്ടൻ നേരത്തേ വന്നുവല്ലോയെന്ന ചിന്തയിൽ ബാൽക്കണിയിൽ നിന്ന് മുൻവശ കതകിലേക്ക് ഞാൻ നടന്നു. എന്ത് കാര്യത്തിനാണ് ഇന്ന് തല കുനിക്കേണ്ടതെന്നും ആലോചിക്കുന്നുണ്ടായിരുന്നു.
‘മോളേ…’
കതകു തുറന്നപ്പോൾ ഞാൻ കേട്ട ശബ്ദമായിരുന്നുവത്. മുന്നിൽ നിൽക്കുന്ന മനുഷ്യൻ എന്റെ അച്ഛനാണെന്ന് മനസിലായപ്പോൾ ആ കാലിലേക്ക് വീഴുകയായിരുന്നു. എങ്ങനെയാണ് എന്നെ കണ്ടെത്തിയതെന്നൊന്നും ഞാൻ ചോദിച്ചില്ല. അച്ഛൻ എന്നെ പിടിച്ച് ഉയർത്തിയപ്പോൾ അമ്മയ്ക്ക് സുഖമല്ലേയെന്ന് കണ്ണീര് തുടച്ചുകൊണ്ട് ഞാൻ ചോദിച്ചു.
‘സുഖമാണ്.. അമ്മയെ മോള് വന്നൊന്ന് കാണണം… ‘
അന്ന്, പോലീസ് സ്റ്റേഷനിൽ കൂടിയ ആൾക്കാരുടെ മുന്നിൽ പരിഹസിക്കപ്പെട്ടിട്ടും എന്നോട് ക്ഷമിക്കാൻ എന്റെ മാതാപിതാക്കൾക്ക് കഴിഞ്ഞിരിക്കുന്നു. മുന്നിലെ രംഗമൊന്നും സ്വപ്നം അല്ലായെന്ന് സ്വയം നുള്ളി നോക്കിയിട്ടാണ് വിശ്വസിക്കാൻ സാധിച്ചത്.
ശരിയാണ്. കാളിംഗ് ബെല്ലടിച്ച് ജീവിതത്തിലേക്ക് അത്ഭുതം കയറി വന്നിരിക്കുന്നു. പോകുമ്പോൾ എന്നെയും കൊണ്ടുപോകൂവെന്ന് എനിക്ക് പറയാനായി എന്റെ അച്ഛൻ വന്നിരിക്കുന്നു…!!!