എഴുത്ത്:-ജെയ്നി റ്റിജു
” സഫീ, രാവിലെ നേരത്തെ പണിയൊക്കെ തീർക്കണം. നാളെ നമുക്കൊരിടം വരെ പോകാനുള്ളതാ. “
അത്താഴം കഴിച്ചെഴുന്നേൽക്കുന്നിടയിൽ നവാസിക്ക അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. സഫിയാത്ത അവർക്ക് കഴിക്കാൻ എടുക്കുന്നതേയുള്ളു..ഞാനടക്കം ബാക്കിയുള്ളവരെല്ലാം കഴിച്ചു തീരാറായി. ഇത്ത പണ്ടും അങ്ങനെയാണ്. എല്ലാവർക്കും വിളമ്പിക്കൊടുത്തിട്ടേ കഴിക്കൂ. എങ്കിലേ അവർക്ക് തൃപ്തിയാവൂ. അനുജന്മാരുടെ ഭാര്യമാരാണെങ്കിലും ഞാനും റെജീനാത്തയും സഫിത്താക്ക് മക്കൾ തന്നെയാണ്. ഒന്നിച്ചിരിക്കാമെന്ന് പറഞ്ഞാലും സമ്മതിക്കില്ല. നിങ്ങൾ കഴിക്കൂ എന്ന് പറഞ്ഞു നിർബന്ധിച്ചിരുത്തും.
ഇരുപത് കൊല്ലം മുൻപ് നവാസിക്കയുടെ ഭാര്യയായി സഫിത്ത വരുമ്പോൾ അനിയന്മാരായ ഷാനുക്കയും ഷാഹുലും കുട്ടികളായിരുന്നു. ഉമ്മാക്ക് അന്നേ സുഖമില്ലാതിരുന്നതിനാൽ ഇത്തയായിരുന്നു അവരെയെല്ലാം ഒരുമ്മയുടെ സ്ഥാനത്ത് നിന്ന് വളർത്തിയത് എന്ന് കല്യാണം കഴിഞ്ഞു ഇവിടെ വന്ന കാലം തൊട്ട് എന്നും ഷാഹുൽ പറയും. ഞങ്ങളുടെ പല തർക്കങ്ങളും അവസാനിക്കുക, ” എനിക്കിത്രയൊക്കെയേ പറ്റൂ, ഇതിലപ്പുറം ചെയ്യാനും ക്ഷമകാണിക്കാനും സഫിയാത്തക്കെ പറ്റൂ ” എന്ന എന്റെ പ്രഖ്യാപനത്തിലാവും..
നവാസിക്ക അബുദാബിയിലാണ്. ഇത്തയും കുഞ്ഞുങ്ങളും തറവാട്ടിലും. അവരുടെ വിവാഹത്തിന് മുൻപേ നവാസിക്ക ഗൾഫിൽ പോയതാണ്..അന്നേ വയ്യാത്ത ഉമ്മയെയും അനിയന്മാരെയുമെല്ലാം നോക്കി ഇത്ത നാട്ടിൽ തന്നെ നിന്നു. വളരെ കുറച്ചു സമയമേ ഇക്കയോടൊപ്പം നിൽക്കാൻ കഴിഞ്ഞിട്ടുള്ളുവെങ്കിലും ഒരിക്കലും ഇക്കയുടെ കൂടെ പോകണമെന്ന് അവർ ആവശ്യപ്പെട്ടിട്ടില്ലത്രേ.
രണ്ടാമത്തെ ആളായ ഷാനുക്ക വിവാഹം കഴിച്ചു അധികം താമസിക്കാതെ ഉമ്മ മരിച്ചു. ഇക്കയുടെ ബിസിനസ് എറണാകുളത്തായത് കൊണ്ടു അവർ കുടുംബമായി അവിടെ സെറ്റിൽഡ് ആണ്. ഇളയ ആളാണ് എന്റെ ഭർത്താവ് ഷാഹുൽ. ഞങ്ങൾ രണ്ടുപേരും ദുബായിൽ ജോലിചെയ്യുന്നു. വർഷത്തിലൊരിക്കൽ ലീവിന് എല്ലാവരും ഒന്നിച്ചു വരണം, തറവാട്ടിൽ ഒന്നിച്ചു കൂടണം എന്ന് നവാസിക്കാക്ക് നിർബന്ധമാണ്.
” എന്താ ഇക്കാ പരുപാടി, നിങ്ങൾ രണ്ടുപേരും കൂടെ കറങ്ങാൻ പോകാനുള്ള പ്ലാനിലാണോ? “
ഷാനുക്ക കളിയാക്കികൊണ്ട് ചോദിച്ചു. ” കറങ്ങാനോ? ഇവളെക്കൊണ്ടോ? അനക്കെന്താ ഷാനു? ” നവാസിക്കയും ചിരിച്ചു.
എല്ലാം കൊണ്ടും അനിയന്മാർക്ക് മാതൃക തന്നെയാണ് നവാസിക്ക. കുടുംബത്തിനു വേണ്ടി മാത്രമാണ് ഇന്നുവരെ ജീവിച്ചിട്ടുള്ളതും. മക്കൾക്ക് ഉപ്പച്ചി എന്ന് പറഞ്ഞാൽ ജീവനാണ്. പക്ഷെ, എന്തോ അദ്ദേഹത്തിന്റെ ഇത്തയോടുള്ള പെരുമാറ്റം എനിക്ക് ഇഷ്ടമാകാറില്ല. മറ്റുള്ളവരുടെ മുന്നിൽ അവരെ കളിയാക്കുന്നതും താഴ്ത്തി ക്കെട്ടിപ്പറയുന്നതും അങ്ങേർക്കൊരു ഹരമാണ്. ഒന്നിനും പരാതി പറയാതെ ആ തമാശയും ആസ്വദിച്ചു ചിരിക്കാറേയുള്ളൂ പാവം ഇത്ത.
” അല്ലെടാ, ഈ വീടിരിക്കുന്ന സ്ഥലം ഇപ്പോൾ ഇവളുടെ പേരിലല്ലേ? അത് തിരിച്ചു എന്റെ പേർക്കാക്കിയേക്കാമെന്ന് വെച്ചു. “
” അതെന്ത് പറ്റിയിക്കാ, പെട്ടെന്ന് അങ്ങനെയൊരു തീരുമാനം? ” ഷാഹുലാണ് ചോദിച്ചത്.
” ഒന്നുമില്ല. അന്ന് തറവാട് പൊളിച്ച് ഈ വീട് പണിയുമ്പോൾ ലോണിന്റെ കാര്യങ്ങൾക്കും മറ്റുമായി ഞാൻ നാട്ടിലില്ലാത്തത് കൊണ്ട് എളുപ്പത്തിനു വേണ്ടി ഇവളുടെ പേരിൽ ആക്കിയതല്ലേ.ഇപ്പോൾ ലോണൊക്കെ തീർന്നു. ഇനിയിത് ഇവളുടെ പേരിൽ ഇടേണ്ട കാര്യമില്ലല്ലോ.. മാത്രമല്ല കാലം ശരിയല്ല മോനെ. ആളുകളുടെ സ്വഭാവം എപ്പോഴാ മാറുക എന്നറിയില്ല.ഇവളെയൊന്നും വിശ്വസിക്കാൻ പറ്റില്ല. എന്റെ ചങ്ങാതിമാരൊക്കെ എന്നും പറയും ജീവിതകാലം മുഴുവൻ വല്ല നാട്ടിൽ കിടന്നു കഷ്ടപ്പെട്ടിട്ട് അവസാനം നമ്മൾ പെരുവഴി ആകരുതെന്ന്. “
അതുപറഞ്ഞു ഇക്കാ വലിയെന്തോ തമാശ പറഞ്ഞമട്ടിൽ പൊട്ടിച്ചിരിച്ചു. ഞാൻ ഇത്തയുടെ മുഖത്തേക്ക് നോക്കി. എല്ലാവരോടും ഒപ്പം ചിരിച്ചു കൊണ്ടിരുന്ന ഇത്തയുടെ മുഖത്തെ ചിരി മാഞ്ഞിരുന്നു.
“ഉപ്പച്ചിക്കെന്നു മുതലാ എന്റുമ്മച്ചീനെ വിശ്വാസമില്ലാതായത്?”
എല്ലാവരും ഞെട്ടിത്തിരിഞ്ഞു. തസ്നിയാണ്, ഇക്കയുടെ മൂത്തമോൾ. ഡിഗ്രി ഫസ്റ്റ് ഇയർ ആണവൾ..അവൾ കഴിച്ചെണീറ്റു പോയതാണ്, തിരിച്ചു വന്നത് ആരും കണ്ടില്ല.
” പറ ഉപ്പച്ചി, എപ്പോൾ മുതലാണ് ഉമ്മച്ചി ചതിക്കും എന്ന് തോന്നിത്തുടങ്ങിയതെന്ന്? “
അവളുടെ ചോദ്യത്തിന് നല്ല മൂർച്ച. ഇക്ക അങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചില്ലെന്ന് മുഖഭാവത്തിൽ നിന്ന് വ്യക്തം.
” തസ്നി, എന്താ മോളെ ഇത് ? ഉപ്പച്ചി തമാശക്ക് പറഞ്ഞതല്ലേ? മോളത് കാര്യമാക്കിയോ? നിന്റെ ഉമ്മച്ചിക്ക് പോലും മനസ്സിലായി അത് തമാശയാണെന്ന്. “
ഷാനുക്ക സന്ദർഭത്തിനു അയവു വരുത്താൻ ശ്രമിച്ചു.
” ഇല്ല കുഞ്ഞുപ്പ. ഉപ്പച്ചിയുടെ ഈ ഡയലോഗ് അത്ര ഫണ്ണിയാണെന്ന് എനിക്ക് തോന്നിയില്ല.. ഉമ്മച്ചിക്ക് തോന്നിയോ? ” അവളുടെ ശബ്ദം ഉയർന്നു.
” തസ്നി, ആരെയാ നീയിങ്ങനെ ചോദ്യം ചെയ്യുന്നേ, ഉപ്പച്ചിയേയോ? ക്ഷമ പറ “
ഇത്താത്ത ഓടിവന്ന് തസ്നിയുടെ മുതുകിൽ പിടിച്ചു മുന്നോട്ട് ചെറുതായി തള്ളി.
” ഇല്ലുമ്മച്ചി, ഞാനിത് ഇന്നും ഇന്നലെയും കേൾക്കാൻ തുടങ്ങിയതല്ല. ഇവൾക്ക് എന്തറിയാം, ഇവൾ എന്ത് പറയാൻ, ഇവളെക്കൊണ്ട് എന്തിന് കൊള്ളാം.. നിങ്ങൾക്കെല്ലാം ഇത് ഇങ്ങനെ കേട്ടുകൊണ്ടിരിക്കുമ്പോൾ തമാശയായിട്ടാണ് തോന്നുന്നതെങ്കിൽ കഷ്ടം എന്നേ പറയാനാവൂ. “
” തസ്നി, നീ അകത്തു പോ. മുതിർന്നവർ സംസാരിക്കുന്നിടത്ത് കുട്ടികൾക്കെന്താ കാര്യം? “
ഇത്താത്ത എല്ലാവരുടെയും മുഖത്തേക്ക് പേടിയോടെ നോക്കി.
” ഉമ്മച്ചി ഒന്നു മിണ്ടാതിരിക്കൂ. ഞാനത്ര കുട്ടിയൊന്നുമല്ല. വയസ്സ് പതിനെട്ടായി.കാര്യങ്ങൾ മനസ്സിലാവാനുള്ള പക്വതയും എനിക്കുണ്ട്. എനിക്കും സംസാരിക്കാം.
പറഞ്ഞു കേട്ടിട്ടുള്ള അറിവാണ്. ഉമ്മച്ചി വിവാഹം കഴിഞ്ഞു ഇവിടെ വരുമ്പോൾ ഉമ്മച്ചിക്ക് എന്റെ പ്രായം. വല്ലുമ്മ സുഖമില്ലാതെ കിടപ്പിൽ. കുഞ്ഞുപ്പമാർക്ക് പതിനാലും പന്ത്രണ്ടും പ്രായം. അന്നും ഉപ്പച്ചി ഗൾഫിൽ.. അന്നു ഏറ്റെടുത്തതാ എന്റുമ്മ ഈ കുടുംബഭാരം.. വയ്യാത്ത വല്ലുമ്മ, സ്കൂളിൽ പോകുന്ന അനിയന്മാർ, ഇടയ്ക്കിടെ വന്നുപോകുന്ന എണ്ണമില്ലാത്ത ബന്ധുക്കൾ, അവരുടെ ഒക്കെ വീട്ടിലെ കല്യാണം, കാതുകുത്ത്. എല്ലാം ഉപ്പച്ചിയുടെ സ്ഥാനത്ത് നിന്ന് വേണ്ടവിധത്തിൽ നടത്തിയത് എന്റുമ്മച്ചിയാ.. അതിനിടയ്ക്ക് ജനിച്ച ഞങ്ങൾ രണ്ടുമക്കൾ, ഞങ്ങളുടെ പഠിപ്പ്. എല്ലാത്തിനും ഓടി നടന്നത് ഉമ്മച്ചിയാ. ഒരു മിനുട്ട് ഉമ്മച്ചി എവിടെയെങ്കിലും ഇരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഒന്നിനും പരാതി പറയാറില്ല. ചിരിക്കുന്ന മുഖത്തോടെയല്ലാതെ ആരോടും സംസാരിക്കാറില്ല.
കുഞ്ഞുപ്പമാർ കല്യാണം കഴിച്ചിട്ടും ഉമ്മച്ചിയുടെ അവസ്ഥ മാറിയില്ല. കുഞ്ഞുമ്മമാർ അവരുടെ ഭർത്താക്കന്മാരുടെ ഒപ്പം പോയി. പിന്നെ ഈ വീടിന്റെ പണി. ആദ്യം വന്ന് പ്ലാനോക്കെ സെറ്റ് ചെയ്തു പോയ ഉപ്പച്ചി പിന്നെ വന്നത് വീട് കുടിയിരിപ്പിനാ.. അതിനിടയിൽ പഞ്ചായത്തിൽ നിന്നുള്ള സാങ്ക്ഷൻ, ലോൺ, ബാങ്ക് എന്നൊക്കെ പറഞ്ഞു ഉമ്മച്ചി നടക്കാത്ത വഴികളില്ല. ഒരു വീട് പണിയാൻ പൈസ മാത്രം പോരാ ഉപ്പച്ചീ. ഉപ്പച്ചി അയക്കുന്ന ഓരോ രൂപക്കും കൃത്യമായി കണക്കു സൂക്ഷിച്ചിരുന്നു ഉമ്മച്ചി. എല്ലാം കഴിഞ്ഞു. എന്നിട്ടും പാളിച്ചകളെ പറ്റിയല്ലാതെ ഒരു നന്മയും ഇവരെപ്പറ്റി ഉപ്പച്ചി പറഞ്ഞോ? ഇതെല്ലാം കഴിഞ്ഞിട്ടും ഇവൾക്ക് വിവരമുണ്ടോ എന്ന ചോദ്യം മാത്രം.”
അവൾ നിന്ന് കിതച്ചു. ഞാൻ അമ്പരപ്പോടെ നോക്കി നിൽക്കുകയായിരുന്നു.. നവാസിക്കയുടെ മുഖത്ത് രക്തമില്ല. ഉപ്പച്ചിയുടെ പൊന്നുമോൾടെ വായിൽ നിന്ന് ഇത്രയൊക്കെ കേട്ടുനിൽക്കേണ്ടി വന്നതിന്റെ അമ്പരപ്പിലാണ് അദ്ദേഹം ഇപ്പോഴും എന്ന് തോന്നി.
” തസ്നി, നീയെന്താ മോളെ? ഇതൊക്കെ ഇവിടെ എല്ലാവർക്കും അറിയുന്ന കാര്യമല്ലേ? നീ വെറുതെ ഉപ്പച്ചിയുടെ മനസ് വേദനിപ്പിക്കരുത്. “
ഷാഹുൽ ചെന്നവളെ ചേർത്തുപിടിച്ചു. കുഞ്ഞുപ്പമാരിൽ ഷാഹുലിനോടവൾക്ക് കൂടുതൽ അടുപ്പമുണ്ട്.
” കുഞ്ഞുപ്പ പറഞ്ഞിട്ടില്ലേ, എന്റുമ്മച്ചി നിങ്ങൾക്ക് വെറും ഇത്താത്ത ആയിരുന്നില്ല, ഉമ്മ തന്നെയായിരുന്നെന്ന്. ചെറുപ്പത്തിൽ ഉമ്മ നഷ്ടപ്പെട്ടത് ഇത്തയുള്ളത് കൊണ്ടാണ് ഒരു പരിധി വരെ താങ്ങാൻ കഴിഞ്ഞതെന്ന്. എന്നിട്ട് ആ ഉമ്മച്ചിയെ ഇങ്ങനെ മോശം പറയുമ്പോൾ കേട്ടു നില്കുന്നത് എങ്ങനാ കുഞ്ഞിപ്പാ? ഉപ്പച്ചിക്ക് വിഷമമാകുമെന്നല്ലേ? എന്റുമ്മച്ചിയെ ഉണ്ടാക്കിയത് കല്ലുകൊണ്ടാണോ?”
ഷാഹുൽ ശബ്ദിച്ചില്ല.
” എന്തിനാണുമ്മ ഇങ്ങനെ എല്ലാത്തിനും ചിരിക്കുന്നത്? എന്തിനാണിങ്ങനെ എല്ലാത്തിനും തലയാട്ടുന്നത്? വേദനിക്കുമ്പോൾ വേദനിക്കുന്നു എന്ന് തന്നെ പറയണം..സ്വന്തം ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തമാശ പറയുമ്പോൾ പറ്റില്ലെന്ന് തന്നെ പറയണം.. അതിപ്പോ ആരായാലും. “
” മതി, നിർത്തിക്കോ.. എന്നെ ചോദ്യം ചെയ്യാനും മാത്രം വളർന്നു എന്റെ മക്കൾ എന്ന് ഞാനറിഞ്ഞില്ല. എന്റെ ചെലവിൽ കഴിയുമ്പോൾ എന്റെ വാക്ക് അനുസരിച്ചു നിൽക്കേണ്ടിവരും ഉമ്മയായാലും മക്കളായാലും. “
ഇക്കയും ഇരുന്നിടത്ത് നിന്ന് എണീറ്റപ്പോൾ ഞാനൊന്ന് ഭയന്നു..
” എന്റെ ചെലവിൽ, ഞാൻ കഷ്ടപ്പെട്ടത്, ഞാൻ ഉണ്ടാക്കിയത്… ഉമ്മച്ചിയുടെ കഷ്ടപ്പാടിന് കൂലിയുണ്ടായിരുന്നെങ്കിൽ പറയാൻ ഉമ്മച്ചിക്കും കാണുമായിരുന്നു എന്തെങ്കിലും ഒക്കെ അല്ലെ? ഉപ്പച്ചിക്ക് ഒന്നും നഷ്ടപ്പെട്ടില്ല ഉപ്പച്ചീ, നിങ്ങൾ ഉണ്ടാക്കിയതൊക്കെ ഇവിടെതന്നെയുണ്ട്.പല രൂപത്തിൽ. അത് ഈ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഇവരുടെ പിടിപ്പ് കൊണ്ടുതന്നെയാണ്.. ഭാര്യയുടെ പേരിൽ സ്വത്തെഴുതി വെച്ചത് മണ്ടത്തരം ആയെന്നു കൂട്ടുകാർ പറഞ്ഞപ്പോ ശരിയാണെന്ന് തോന്നി എന്ന് പറഞ്ഞില്ലേ? പലരും പറയുന്നത് അവരുടെ അനുഭവം ആയിരിക്കും. പക്ഷെ, ഇരുപത് വർഷമായി കൂടെ നിന്ന് നിങ്ങളുടെ കുടുംബത്തിന് വേണ്ടി ജീവിച്ച സ്വന്തം ഭാര്യ ചതിക്കുമോ ചവിട്ടി പുറത്താക്കുമോ എന്ന് തിരിച്ചറിയേണ്ടത് കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ വാക്കുകളിലൂടെ അല്ലുപ്പ. സ്വത്ത് മുഴുവൻ തിരിച്ചെഴുതി കൊടുക്കാൻ പറഞ്ഞിട്ടും ഇത്രയും നാളും ഈ ചവിട്ടിത്താഴ്ത്തലും കുറ്റപ്പെടുത്തലും മാത്രമായിട്ടും ഈ നിമിഷം വരെയും ഉമ്മച്ചിക്ക് നിങ്ങളെ വിശ്വാസമാണ്. അല്ലെ ഉമ്മച്ചീ? “
അവൾ നിന്ന് കിതച്ചു. ആരും മിണ്ടിയില്ല.
“ഉപ്പച്ചിയെ ഉപദേശിക്കാൻ ഞാനാരുമല്ല.. ഉപദേശിച്ചതുമല്ല.. കുറെ നാളായി മനസ്സിൽ കിടന്നതങ്ങു പറഞ്ഞുപോയതാ. എല്ലാരും എന്നോട് ക്ഷമിക്കണം. സ്വന്തം ഭാര്യയെ നിങ്ങൾ വിലമതിച്ചില്ലെങ്കിൽ പിന്നാരു മതിക്കും ഉപ്പാ.. സ്വന്തം ഭാര്യയെ ഇപ്പോഴും മനസ്സിലായില്ലെങ്കിൽ ഇനിയെപ്പോഴാ ഉപ്പച്ചീ. “
ഇത്രയും പറഞ്ഞു തലയുയർത്തി അവൾ അകത്തേക്ക് നടക്കുമ്പോൾ എന്തോ പറയാനൊരുങ്ങിയ ഷാഹുലിന്റെ കയ്യിൽ പിടിച്ചമർത്തി ഞാൻ തടഞ്ഞു..
അഭിമാനമുണ്ട് മോളെ നിന്നെയോർത്ത്, സ്വന്തം ഉമ്മാക്ക് വേണ്ടി പൊരുതുന്നുണ്ടല്ലോ നീ..ബലമുള്ളവനെതിരെ അവന്റെ അപ്രീതി ഭയന്ന് സംസാരിക്കാൻ ഞാനടക്കമുള്ളവർ മടിക്കുമ്പോൾ, നഷ്ടപ്പെടാൻ ഒരുപാട് ഉണ്ടെന്ന് അറിഞ്ഞിട്ടും അനീതിക്കെതിരെ നീ ശബ്ദമുയർത്തുമ്പോൾ,നിന്നെ തടയാൻ ഞങ്ങളാരാണ്?