എനിക്കവരെ ആ സമയം അവിടെ ഉപേക്ഷിച്ചു വരാൻ തോന്നാത്തത് കൊണ്ട് തന്നെ ഞാനും അവരുടെ പുറകെ കടയിലേക്ക് കയറി…

എഴുത്ത്:-നൗഫു

“ഷാഫിക്ക…

ഉമ്മ വരുന്നുണ്ട് ഉംറ ചെയ്യാൻ…

നിങ്ങൾക് പോയി കാണാൻ സമയം ഉണ്ടാവുമോ…??? “

കുറച്ചു കളിയായും കാര്യമായും എന്ന പോലെ ആയിരുന്നു…സെമീന എന്നോട് ആ കാര്യം പറഞ്ഞത്..

“ഉംറക്കോ… ഉമ്മയോ…?”

ആകാംഷ അടക്കാൻ കഴിയാതെ എന്നവണ്ണം ഞാൻ അവളോട് ചോദിച്ചു..

“ആ

ഉംറക്ക് തന്നെ ഇക്ക..

അടുത്തുള്ള രണ്ടു അയൽവാസികൾ ഉംറക് വരുന്നുണ്ട്…

അവർ പോരുന്നോ എന്ന് ചോദിച്ചപ്പോൾ ഉമ്മാകും ആഗ്രഹം..

എല്ലാർക്കും ഇല്ലേ ഇക്കാ അവിടെ ഒന്ന് കാണാൻ പൂതി…

ഇക്കയും അനിയനും സമ്മതിച്ചു.. ഞാനും…

രണ്ടാഴ്ച കൊണ്ട് ഉണ്ടാവും ടിക്കറ്റും യാത്രയും എല്ലാം…”

അവൾ അതും പറഞ്ഞു നിർത്തി…

“മ്..”

ഞാൻ ഒന്ന് മൂളി കൊണ്ട് അവളോട് തുടർന്നു കൊണ്ട് ചോദിച്ചു..

“അല്ല നീ എന്താ നേരത്തെ അങ്ങനെ പറഞ്ഞെ…

നിന്റെ ഉമ്മ എനിക്ക് എന്റെ സ്വന്തം ഉമ്മ തന്നെ അല്ലേ…

അവർ വരുമ്പോൾ ഞാൻ കാണാൻ പോകാതെ നിൽക്കുമോ…? “

“ഹേയ് അതെല്ല ഇക്ക…

ഇങ്ങക്ക് ഉച്ചക്ക് തുടങി രാത്രി ഒരു മണി വരെ അല്ലേ ജോലി..

പോകാൻ സമയം ഉണ്ടാവുമോ എന്നറിയില്ലല്ലോ…”

അവൾ രക്ഷപ്പെടാൻ എന്നോണം എന്നോട് ചോദിച്ചു..…

“മ്…മ്…

മനസിലാവുന്നുണ്ട് മോളേ…

നീ ഇനി അതോർത്തു ടെൻഷൻ ആവണ്ട ഉമ്മ ഫ്ലൈറ്റ് ഇറങ്ങുമ്പോഴും..

അത് കഴിഞ്ഞു മക്കയിലും ഞാൻ പോയി കണ്ടോളാം…

ഞാൻ അല്ലേ മോനായി ഇവിടെ ഉള്ളൂ…”

ഉമ്മ വരുന്നതിന്റെ ടെൻഷനിൽ അവൾ പറഞ്ഞതാവും എന്നറിയുന്നത് കൊണ്ട് തന്നെ ഞാൻ അവളെ സമാധാനപ്പെടുത്തി കൊണ്ട് പറഞ്ഞു..

“കൃത്യം രണ്ടാഴ്ചക്ക് ശേഷം ഉമ്മയും കൂടേ ഉള്ളവരും ഈ മരുഭൂമിയിലെ എയർപോർട്ടിൽ വനിറങ്ങി..

വെള്ളിയാഴ്ച ആയത് കൊണ്ട് തന്നെ ലീവ് എടുക്കാതെ പോയി കാണാൻ പറ്റി…. എന്നെ കണ്ടതും ഉമ്മാകും സന്തോഷമായി..

തുടർച്ചയായി ഫ്‌ളൈറ്റിൽ ഇരുന്നത് കൊണ്ടായിരിക്കാം കാലിൽ കുറച്ചു നീരോക്കോ വന്നിട്ടുണ്ടെങ്കിലും ആദ്യമായി മക്ക കാണാൻ പോകുന്നതിന്റെ എക്സയിട്ട്മെന്റ് ധാരാളം ഉണ്ടായിരുന്നത് കൊണ്ട് തന്നെ എന്നെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു ബസ്സിൽ കയറി…”

“പത്തു ദിവസത്തോളം മക്കയിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ രണ്ടു മൂന്നു പ്രാവശ്യം ഞാൻ ഉമ്മയെ കാണാൻ ചെന്നിരുന്നു..

മദീനയിലേക്ക് പോകുന്നതിന്റെ തലേന്ന് ഒരിക്കൽ കൂടി ഞാൻ പോയി..

പോകുമ്പോൾ ഉമ്മാകും കൂടേ വന്ന രണ്ടു അയൽവാസികൾക്കുമുള്ള കുറച്ചു മിഠായിയും ഈന്തപ്പഴവും കുറച്ചു കളി കോപ്പുകളും വാങ്ങിയിരുന്നു…

എന്നെ കൊണ്ട് പറ്റുമെന്നത് പോലെ…”

അവരുടെ കൈയിൽ ഉണ്ടായിരുന്ന കുറച്ചു പൈസ കൊണ്ട് കുറച്ചു സാധനങ്ങൾ അവിടുന്നും ഞാൻ വാങ്ങിച്ചു കൊടുത്തു..

“പെട്ടിയെല്ലാം കെട്ടി കൊടുത്തു…

അവരോട് യാത്രയും പറഞ്ഞു ഇന്ഷാ അള്ളാഹ് നാട്ടിൽ വെച്ച് കാണാമെന്ന പ്രാർത്ഥനയോടെ ആ ഹോട്ടലിൽ നിന്നും പുറത്തേക് ഇറങ്ങാൻ നേരത്തായിരുന്നു ഒരുമ്മ എന്നെ പുറകിൽ നിന്നും വിളിച്ചത്..

കുട്ടിയെ…

ഒന്ന് നിക്കുമോ…? “

ഞാൻ തിരിഞ്ഞു നിന്ന് ആ ഉമ്മയെ നോക്കി കൊണ്ട് ചോദിച്ചു..

“എന്താ ഉമ്മാ…??”

“മോനേ എനിക്ക് ഇവിടെ ആരുമില്ല…

എന്റെ മോന്റെ കുട്ടികൾ ഉണ്ട് വീട്ടിൽ…

ഓർക് കുറച്ചു സാധനങ്ങൾ വാങ്ങിക്കണം..

പെട്ടന്നുള്ള യാത്ര ആയത് കൊണ്ട് പൈസ ഒന്നും മാറ്റാൻ കഴിഞ്ഞില്ല..

വിമാനം കയറുമ്പോൾ ഉസ്താദ് പറഞ്ഞത് ഞാൻ കേട്ടതും ഇല്ല…

ഇപ്പൊ കയ്യിലുള്ള പൈസ മാറ്റിക്കാൻ ഉസ്താദിനോട് പറയാൻ എന്തോ പേടി തോന്നുന്നു..

ആളൊരു ചൂടാനാണേ…?

മോന്ക് സമയം ഉണ്ടേൽ ഈ പൈസ ഒന്ന് മാറ്റി തരുമോ എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കാനാണ്…

എന്റെ കുട്ടികൾ ഉമ്മൂമ്മ കൊണ്ട് വരുന്നതും കാത്തിരിക്കാണ് നാട്ടിൽ…”

ആ ഉമ്മ അതും പറഞ്ഞു പ്രതീക്ഷയോടെ എന്നെ നോക്കി…

“ഉമ്മാ……

സമയം ഒരുപാട് ആയല്ലോ… ഇന്നിനി മാറ്റുവാൻ കഴിയുമോ എന്നറിയില്ലല്ലോ..

ഞാൻ ഫോൺ എടുത്തു ഡിസ്പ്ലേയിലെ സമയം നോക്കി കൊണ്ട് പറഞ്ഞു..

സമയം രാത്രി മൂന്നരയോളം ആയത് കൊണ്ട് തന്നെ അപ്പൊ പൈസ മാറ്റി റിയാൽ ആക്കുവാൻ കഴിയുമോ എന്ന് എനിക്കറിയില്ലായിരുന്നു.

മാത്രമല്ല ഞാൻ ജിദ്ദയിൽ ആയത് കൊണ്ട് തന്നെ മക്ക അത്ര പരിചയവും ഇല്ലായിരുന്നു.. “

“ഞാൻ പറഞ്ഞതും ഉമ്മാന്റെ മുഖത് നിരാശ നിറയുന്നത് ഞാൻ കണ്ടു..

സമയം ഒരുപാട് ആയല്ലേ..

ഞാൻ ഈ കടയൊക്കെ തുറന്നിരിക്കുന്നത് കൊണ്ട് തന്നെ… പൈസ മാറ്റുന്ന കടയും തുറന്നു വെച്ചിട്ടുണ്ടാവുമെന്ന് കരുതി..

സാരമില്ല മോനേ..

മോൻ പൊയ്ക്കോ ഞാൻ രാവിലെ ആരെ കൊണ്ടെങ്കിലും മാറ്റിക്കാം.. “

ഉമ്മ അതും പറഞ്ഞു നിരാശയോടെ തിരികെ നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ ചോദിച്ചു..

“ഉമ്മാ കയ്യിൽ എത്രയുണ്ട്..

ഞാൻ മാറ്റി റിയാൽ തന്നാൽ മതിയോ ഉമ്മാക്ക്…”

കയ്യിലുള്ള റിയാൽ കൊടുത്തു…ഉമ്മ ആഗ്രഹിച്ച സാധനങ്ങൾ വാങ്ങിച്ചോട്ടെ എന്ന് കരുതി ഞാൻ ചോദിച്ചു…

ഉമ്മാക്ക് ആ വാക്ക് കേട്ടാൽ മതിയായിരുന്നു എന്ന് തോന്നുന്നു..

സന്തോഷം കൊണ്ട് എന്നെ നോക്കി.. ഉമ്മ കൈയിൽ ചുരുട്ടി വെച്ചിരുന്ന നോട്ടുകൾ എനിക്ക് നേരെ നീട്ടി…”

“നാല് അഞ്ഞൂറിന്റെയും രണ്ടു ഇരുന്നൂറിന്റെയും മൂന്നു നൂറിന്റെയും കുറച്ചു പത്തിന്റെയും നോട്ടുകൾ ആയിരുന്നു അതിൽ..

ഏറി പോയാൽ ഒരു നൂറ്റി ഇരുപതോ മുപ്പത്തോ റിയാലിന്റെ മൂല്യം ഉള്ളത്..

മൂന്നോ നാലോ കിലോ മിഠായി വാങ്ങിയാൽ പോലും ആ പൈസ തീരും…”

“എന്റെ കൈയിൽ നിന്നും പൈസ കിട്ടിയതും നാളെ രാവിലെ മദീനയിലേക്ക് പോകുന്നത് കൊണ്ട് ഇനി സമയം കിട്ടിയില്ലെങ്കിലോ എന്ന് കരുതി അവർ നേരെ അടുത്തുള്ള മിഠായി കടയിലേക്ക് കയറി ചെന്നു ഓരോ സാധനത്തിന്റെയും വില ചോദിക്കുന്നത് ഞാൻ കേട്ടു..

കൂടേ കയ്യിലുള്ള പൈസ കൂട്ടി നോക്കുന്നതും കണ്ടു…

എനിക്കവരെ ആ സമയം അവിടെ ഉപേക്ഷിച്ചു വരാൻ തോന്നാത്തത് കൊണ്ട് തന്നെ ഞാനും അവരുടെ പുറകെ കടയിലേക്ക് കയറി…

അവർക്ക് വേണ്ടത് എന്താണെന്ന് ചോദിച്ചു അവരുടെ കയ്യിലെ പൈസ വാങ്ങി ഓരോന്നും വാങ്ങിച്ചു കൊടുത്തു…

പൈസ കുറവാണെന്നു അറിയുന്നത് കൊണ്ട് തന്നെ അവർക്ക് കുറച്ചു സാധനങ്ങളെ വാങ്ങിച്ചിരുന്നുള്ളു..

എന്നിട്ടും ഞാൻ കൊടുത്തതിനേക്കാൾ കുറച്ചു അധികം പൈസ അവിടെയായി…

ഇനി വേണ്ട മോനേ എന്നും പറഞ്ഞു ആ സാധനങ്ങളുമായി പുറത്തേക് ഇറങ്ങിയപ്പോൾ ആയിരുന്നു ഒരു ഫാൻസി ഷോപ്പിലേക്ക് അവർ നോക്കുന്നത് ഞാൻ കണ്ടത്..

അവിടെ പുറത്ത് കുറച്ചു കളി കോപ്പുകൾ നിര നിരയായി വെച്ചിട്ടുണ്ടായിരുന്നു…

കയ്യിലെ പൈസ എല്ലാം തീർന്നെന്ന് അറിയുന്നത് കൊണ്ട് തന്നെ ഒരു നെടുവീർപ്പു മിട്ട് അവർ അവിടെ നിന്നും ഹോട്ടലിലേക് നടന്നു…”

“ഉമ്മാ കുട്ടികൾക്ക് കളിക്കാൻ എന്തേലും വേണോ…

മുന്നോട്ട് നടക്കുന്ന അവരോടായി ഞാൻ ചോദിച്ചതും അവർ തിരിഞ്ഞു നിന്നു എന്നെ നോക്കി..

അവരുടെ മുഖത് ആ സമയം എനിക്ക് പറയാൻ പറ്റാത്ത ഒരു ഭാവമായിരുന്നു..

പെട്ടി ഒലിക്കാൻ കാത്തിരിക്കുന്ന മഴമേഘം പോലെ…

ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് ഞാൻ കണ്ടു വേഗം അവരുടെ അടുത്തേക് ചെന്നു..

എന്താണുമ്മ ഇങ്ങള് കരയാണോ ഞാൻ അവരോട് ചോദിച്ചതും റോട്ടിൽ ആണെന്ന് പോലും ഓർക്കാതെ അവർ വിങ്ങി പൊട്ടി..

കണ്ണുകൾ രണ്ടും മൊക്കന കൊണ്ട് തുടച്ചു..

വേണ്ട മോനേ…

ഉമ്മാക്ക് മോൻ മോന്റെ കയ്യിലെ പൈസ കൊണ്ട് കുറേ സാധനങ്ങൾ വാങ്ങിച്ചെന്ന് അറിയാം…

പൈസ ഇല്ലാഞ്ഞിട്ടാണ് ട്ടോ…

ഇതെന്നെ ഉംറക് വന്നത് ഒരാളുടെ സഹായം കൊണ്ടാണ്…

കുറേ കാലമായുള്ള ആഗ്രഹവും പൂതിയും കൊണ്ടാണ് സ്വന്തം പൈസ അല്ലാഞ്ഞിട്ടും അവർ പറഞ്ഞപ്പോൾ പോന്നത്…

വീട്ടിൽ ഞാനും എന്റെ കെട്ടിയോനും രണ്ടു പൊടി മക്കളും ആണുള്ളത്… എന്റെ പേര കുട്ടികൾ…

അവർക്കാണ് ഞാൻ ഇതെല്ലാം വാങ്ങിയത്..

ഉപ്പായില്ലാത്ത കുട്ടികളാണ് മോനേ അവർ..

എന്റെ മോൻ ഒരു ആക്സിഡന്റ് പറ്റി പോയതാ…

ഇതൊക്കെ കണ്ടപോൾ എന്റെ കുട്ടിയെൾക് ഇതൊന്നും വാങ്ങിച്ചു കൊടുക്കാൻ എനിക്ക് കഴിയുന്നില്ലല്ലോ റബ്ബേ എന്ന് ഓർത്തു പോയി..

അതാ ഞാൻ..

അവർ രണ്ടു കണ്ണുകളും ഒരു വട്ടം കൂടേ തുടച്ചു..മുഖത്ത് പുഞ്ചിരി നിറക്കാൻ ശ്രമിച്ചു കൊണ്ട് എന്നോട് പറഞ്ഞു..

മോൻ പൊയ്ക്കോ…

നാളെ ജോലിക്ക് പോണ്ടതല്ലേ എന്ന്…”

“അങ്ങനെ ഒരു സങ്കടത്തോടെ അവരെ വിട്ട് പോരാൻ എനിക്ക് കഴിയാത്തത് കൊണ്ട് തന്നെ ഞാൻ അവരോട് ആവശ്യമുള്ളത് എടുക്കാൻ പറഞ്ഞു..

വേണ്ടെന്ന് കുറേ പറഞ്ഞെങ്കിലും കുട്ടികൾക്ക് കളിക്കാൻ പറ്റിയ കുറച്ചു കളി സാധനങ്ങൾ ഞാൻ തന്നെ വാങ്ങിച്ചു അവരോടൊപ്പം ഹോട്ടലിലേക് നടന്നു..

ഒരു ബോക്സ്‌ എടുത്തു എല്ലാം ഭധ്രമായി വെച്ചു..

അവർ അങ്ങോട്ട് ശ്രദ്ധിക്കാത്ത സമയം എന്റെ കയ്യിൽ നേരത്തെ അവർ തന്ന പൈസയും ഞാൻ ആ പെട്ടിയിലേക്ക് വെച്ചു അടച്ചു…”

“ഇനിയും നിന്നാൽ ഒരുപാട് സമയം ആകുമെന്ന് അറിയുന്നത് കൊണ്ട് തന്നെ അവരോട് യാത്ര പറഞ്ഞു…പുറത്തേക് ഇറങ്ങാൻ നേരം അവരെന്റെ കയ്യിൽ പിടിച്ചു..

മോനേ… അന്റെ പേര് ഉമ്മാക്ക് അറിയൂല … അറിയേം വേണ്ടാ…

എന്റെ മോൻ വാങ്ങിച്ചു തന്നതാ എന്ന് ഞാൻ കരുതിക്കോട്ടെ…

എന്റെ സ്വന്തം മോൻ…

കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് അവർ പറഞ്ഞതും ഞാൻ അവരെ തന്നെ നോക്കി നിന്നു പോയി….

മോനേ…. ഞാൻ നിന്നെ മറക്കൂലാ… ട്ടോ..…

ഉമ്മാന്റെ പ്രാർത്ഥനയിൽ മോനും കുടുംബവും എപ്പോഴും ഉണ്ടാവുമെന്നും പറഞ്ഞപ്പോൾ…

ഒരു പുഞ്ചിരിയോടെ അവിടെ നിന്നും ഇറങ്ങി ഞാൻ നടന്നു…

ഉമ്മാന്റെ കണ്ണുനീർ എന്റെ കണ്ണുകളിൽ പടർന്നു തുടങ്ങിയത് അറിയാതെ…”

☆☆☆☆☆☆

😍

Leave a Reply

Your email address will not be published. Required fields are marked *