ഒരു പഴ്സിന്റെ കഥ….
Story written by Suresh Menon
ഇത് ഒരു അനുഭവം ഏതാണ്ട് പത്തു ദിവസങ്ങക്ക് മുൻപ്……….
പാർക്കിംഗ് space എന്നുള്ളത്…. പ്രത്യേകിച്ച് തിങ്കളാഴ്ച രാവിലെ ഓഫീസുകൾ തുറക്കുന്ന സമയം… ഒരു വലിയ സ്വപ്നം മാത്രമായി അവശേഷിക്കുന്ന നഗരത്തിന്റെ ഹൃദയഭാഗത്തു അപ്രതീക്ഷിതമായി ഒരു വണ്ടിക്കു കഷ്ടി പാർക്ക് ചെയ്യാൻ പറ്റിയ space കിട്ടിയപ്പോൾ സന്തോഷിച്ചു….. പതിയെ അഡ്ജസ്റ്റ് ചെയ്തു കയറ്റിയിട്ടു….
മൊബൈലും പേഴ്സും കാറിന്റെ കീയും എല്ലാം കൂടി ഒരു കുഞ്ഞു ഷോൾഡർ ബാഗിൽ ആക്കി തോളത്തു തുക്കി ഡോർ ലോക്ക് ചെയ്ത് പുറത്തേക്കിറങ്ങി …പോകേണ്ട സ്ഥലങ്ങളിലെല്ലാം പോയി ഒന്ന് രണ്ടു സാധനങ്ങളും മേടിച്ചുഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞ് തിരിയെ കാറിൽ കയറാൻ നേരം നേരെ എതിർ വശത്തുള്ള കടക്കാരൻ എന്നെ നോക്കി വിളിച്ചു പറഞ്ഞു..
“സാറെ വണ്ടി പാർക്ക് ചെയ്തപ്പോ ഹാൻഡ്‌ബ്രേക്ക് ഇട്ടില്ല എന്നു തോന്നുന്നു. വണ്ടി സ്വല്പം മുന്നോട്ടു നീങ്ങിയിട്ടുണ്ട്. സ്വല്പം റിവേഴ്‌സ് എടുത്ത് വണ്ടി പുറത്തേക്കു എടുത്താൽ മതി..”
ശരി എന്നർത്ഥത്തിൽ ഞാൻ തലയാട്ടി.. സെക്കന്റ്‌കൾ ക്ക് ശേഷം അയാൾ എന്നെ കൈ കാട്ടി വിളിച്ചു..
“സാർ ഒന്നിങ്ങോട്ട് വന്നേ….”
കാര്യം ഒന്നും മനസ്സിലാകുന്നില്ല…. എന്തിനാ അയാൾ വിളിച്ചത്.. ഒരു ചെറിയ ആശങ്ക എന്റെ മനസ്സിൽ…. ഇനി എന്റെ കാർ മുൻപിലെ കാറിലെങ്ങാനും ഉരസിയോ…. ഒന്നും പിടികിട്ടാതെ പതിയെ ഞാനാ കടയിലേക്ക് ചെന്നു…
ഞാൻ ചെന്ന ഉടനെ അവിടെ മേശമേൽ വെച്ചിരുന്ന ഒരു ചെറിയ സ്റ്റാൻഡ് പതുക്കെ മാറ്റുകയും അതിനു പുറകിൽ വെച്ചിരുന്ന ഒരു പേഴ്സ് കാണിച്ചു ഇത് സാറിന്റെ താണോ എന്നു ചോദിച്ചതും ഒരേ നേരത്തായിരുന്നു… എനിക്ക് എന്റെ കണ്ണുകളെ എന്നല്ല എന്നെത്തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല…
അതേ എന്റെ പേഴ്സ് തന്നെ…. ഇതെങ്ങിനെ ഞാൻ പോലും അറിയാതെ ഇവിടെയെത്തി…മൊത്തത്തിൽ എന്റെ പരിഭ്രമം കണ്ട അദ്ദേഹം ചുണ്ടനക്കി
“സാറ് വണ്ടിയിൽ നിന്നിറങ്ങുമ്പോ ഷോൾഡർ ബാഗ് ൽ നിന്ന് ഈ പേഴ്സ് പുറത്തേക്കു റോഡിൽ വീഴുന്നത് ഞാൻ കണ്ടു…. റോഡ് ക്രോസ്സ് ചെയ്ത് അപ്പുറത്തേക്ക് എത്തിയ പ്പോഴേക്കും സാറ് നടന്നങ്ങു പോയി… വണ്ടി ഇവിടെ പാർക്ക് ചെയ്തതിനാൽ സാറ് ഇവിടെ എത്തുമെന്നെ നിക്കറിയായിരുന്നു… അതാ ഇവിടെ തന്നെ എടുത്തു വെച്ചത്… എല്ലാം correct അല്ലെ എന്നൊന്ന് നോക്കിയേക്കണേ….”
കഴിഞ്ഞ ഒരു മണിക്കൂറായി ഈ പേഴ്സ് കൈമോശം വന്നത്പോലും അറിയാത്ത എന്റെ മുൻപിലേക്കു എന്റെ പേഴ്സ് തിരിച്ചെത്തത്തി യപ്പോൾ ഞാൻ പഠിച്ച ഭാഷകളിലൊന്നും അക്ഷരങ്ങളില്ലായിരുന്നു എന്തെങ്കിലും അദ്ദേഹത്തോട് തിരിച്ചു പറയാൻ….
ഞാൻ ആ മനുഷ്യനെ എന്നോട് ചേർത്ത് പിടിച്ചു…
“എന്ത് പറയണമെന്ന് എനിക്കറിയില്ല.. ഞാൻ അറിഞ്ഞിട്ടു പോലുമില്ല ഇത് വരെ എന്റെ പേഴ്സ് പോയ കാര്യം…. ഒരു പാട് നന്ദി യുണ്ട്……”
അയാൾ പുഞ്ചിരിച്ചു കൊണ്ട് എന്റെ കൈകൾ കൂട്ടി പിടിച്ചു.
ഒന്ന് നിർത്തി ഞാൻ ചോദിച്ചു
“എന്താ പേര് “
“വിനു”
വിനു എന്ന ആ വലിയ മനുഷ്യന്റെ മുൻപിൽ കൈകൾ കൂപ്പി ഒന്നും പറയാനാകാതെ നിന്ന ഞാൻ പതിയെ യാത്ര പറഞ്ഞു വണ്ടിയിൽ കയറി..
“അതേയ് ആ ഷോൾഡർ ബാഗിന്റെ സിബ് ഇടാൻ മറക്കരുത്.. ഇട്ടില്ലെങ്കിൽ വീണ്ടും ഇങ്ങനെ സംഭവിക്കാം..”
അയാൾ പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി…
കാറിൽ കയറി പേഴ്സ് തുറന്നു നോക്കി bank cards ID cards Currency എല്ലാം ഭദ്രം….
പണം ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിൽ പക മൂത്ത് മനുഷ്യനെ വെiട്ടി കൊiല്ലുന്നതു ഒരു നിത്യ വാർത്ത യായി മാറുന്ന ഈ നാട്ടിലാണ് വിനു വിനെ പൊലുള്ളവരും ജിവിക്കുന്നത്… ഞാൻ നന്ദി യോടെ ആ മനുഷ്യനെ ഓർത്ത് വണ്ടി പതിയെ മുന്നോട്ട് എടുത്തു….
ഞാനറിയാതെ എന്റെ കണ്ണിൽ ഒരു ചെറിയ നനവ് ഉണ്ടായിരുന്നു എന്നുള്ളത് അപ്പോൾ ഒരു സത്യം തന്നെ യായിരുന്നു