എന്റെ തലോടൽ കിട്ടുമ്പോൾ ഒരു കൊച്ചു കുഞ്ഞിനെ എന്ന പോലെ ഉപ്പ എന്റെ കണ്ണുകളിലേക് നോക്കും…ഇപ്പൊ എത്തുട്ടോ ഹോസ്പിറ്റലിൽ.. ഒരു ആശ്വാസം എന്നോണം ഞാൻ ഉപ്പയോട് പറയുമ്പോൾ…

എഴുത്ത്:-നൗഫു

“പെട്ടെന്നൊരു ശ്വാസം മുട്ടൽ വന്നു നെഞ്ചിലൊരു ഇടങ്ങേറ് പോലെ തോന്നിയപ്പോൾ ആയിരുന്നു ഇട്ടിരുന്ന മാക്സിക്ക് മുകളിലൂടെ പർദ്ദ വലിച്ചു കയറ്റി കുട്ടന്റെ ഓട്ടോയിൽ ഉപ്പയെയും കൊണ്ട് അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പാഞ്ഞത്..”

“പോകുന്ന വഴിക്ക് തന്നെ ഇക്കയെ ഫോണിൽ വിളിച്ചു പറഞ്ഞു.. ഉപ്പയെയും കൊണ്ട് ഹോസ്പിറ്റലിൽ പോകുന്നത്.. ഉപ്പയുടെ മറ്റു മക്കളെയും…”

“ഏറ്റവും ഒടുവിലത്തെ മരുമോൾ ആയിരുന്നു ഞാൻ.. ഞങ്ങളുടെ കൂടെ തന്നെ ആയിരുന്നു ഉപ്പ

ഉമ്മ പോയതിൽ പിന്നെ പലരുടെയും വീട്ടിലേക്കുള്ള വരവ് കുറഞ്ഞിരുന്നു..

ഉമ്മയാണല്ലോ പലരുടെയും ഫസ്റ്റ് ചോയ്സ്.. വളമാകുന്ന ഉപ്പയെന്ന മഹാ പ്രതിഭാസത്തെ മറന്നു പോകുന്നവർ…

എനിക്ക് ഒന്ന് എന്റെ വീട്ടിലേക്കു പോയി വരാൻ പോലും കഴിയാത്ത മാസങ്ങൾ ഉണ്ടായിട്ടുണ്ട്..

ഇക്ക പോകാൻ പറഞ്ഞാലും ഉപ്പ ഒറ്റക്കാവില്ലേ എന്നായിരുന്നു എന്റെ പേടി..

പലപ്പോഴും ഒരു ഓട്ടത്തിലേന്ന പോലെ ആയിരുന്നു വീട്ടിലേക്കും തിരിച്ചു മുള്ള യാത്രകൾ…”

“ഉപ്പ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുമ്പോൾ എല്ലാം ഞാൻ നെഞ്ചിൽ നല്ലത് പോലെ തടവി കൊടുത്തു കൊണ്ടിരുന്നു..

എന്റെ തലോടൽ കിട്ടുമ്പോൾ ഒരു കൊച്ചു കുഞ്ഞിനെ എന്ന പോലെ ഉപ്പ എന്റെ കണ്ണുകളിലേക് നോക്കും……”

“ഇപ്പൊ എത്തുട്ടോ ഹോസ്പിറ്റലിൽ.. ഒരു ആശ്വാസം എന്നോണം ഞാൻ ഉപ്പയോട് പറയുമ്പോൾ…

കുട്ടൻ അതിനനുസരിച്ചുള്ള വേഗതയിൽ തന്നെ ഞങ്ങളെ ഹോസ്പിറ്റലിൽ എത്തിച്ചു..”

“ഉപ്പാന്റെ ഇടങ്ങേറ് കണ്ടിട്ടോ എന്തോ അവിടെ ടോക്കൺ എടുത്തു ഉണ്ടായിരുന്നവർ ഞങ്ങളോട് വേഗം ഉള്ളിലേക്കു കയറാനായി പറഞ്ഞു..”

“ഇത്ത.. ഞാൻ പുറത്ത് ഉണ്ടാവും എന്തേലും ആവശ്യം ഉണ്ടേൽ വിളിച്ചാൽ മതി..”

അത്യഹിത വിഭാഗത്തിന്റെ ഉള്ളിലേക്കു കയറുന്നതിനു മുമ്പ് കുട്ടൻ എന്നോട് പറഞ്ഞു..

“കുഴപ്പമില്ലടാ..

ഓട്ടം ഉണ്ടേൽ നീ പൊയ്ക്കോ.. ഇക്ക ഇപ്പൊ എത്തും..”

ഹോസ്പിറ്റലിലേക്ക് ഇക്ക വന്നോളാം എന്ന് പറഞ്ഞത് കൊണ്ട് തന്നെ ഞാൻ അവനോട് പറഞ്ഞു..

“സാരമില്ല ഇത്ത.. ഞാൻ ഇക്ക വന്നിട്ട് പൊയ്‌ക്കോളാം എന്ന് പറഞ്ഞു അവൻ പുറത്തേക്ക് പോയി.. “

പാവമാണ് എന്തേലും സഹായത്തിനു അവനാണ് പെട്ടന്ന് വരിക..

ഉപ്പയുടെ ശ്വാസം വലിവ് കണ്ടപ്പോൾ തന്നെ അവിടെ ഉണ്ടായിരുന്ന ഡോക്ടർ പേസെന്റ് ബെഡിലേക് കിടത്തി ഉപ്പയെ നോക്കാൻ തുടങ്ങി..

ഉപ്പയുടെ അടുത്ത് തന്നെ നെഞ്ചിൽ തടവി ഞാനും നിന്നും..

ഓക്സിജൻ സിലിണ്ടർ മൂക്കിൽ ഘടിപ്പിച്ചപ്പോൾ തന്നെ ഉപ്പ കുറച്ചു നോർമലായി..

കുറച്ചു ക്ഷീണം തോന്നുന്നത് കൊണ്ട് ഒരു ഡ്രിപ് ഇട്ടിട്ട് ആശ്വാസം തോന്നാണേൽ പോകാമെന്നു പറഞ്ഞു ഡോക്ടർ മറ്റുള്ളവരെ നോക്കാനായി പോയി..

അതിനിടക്ക് ഇക്കയും വന്നു..

ആ റൂമിൽ ഒരാൾ മാത്രമെ നിൽക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ അത് കൊണ്ട് തന്നെ ഉപ്പയെ ഒരു നോട്ടം നോക്കി ഇക്ക പുറത്തേക്ക് ഇറങ്ങി..

ഡ്രിപ് ഇട്ട് കഴിഞ്ഞതും ഉപ്പാക്ക് ഒരു ആശ്വാസം വന്നത് പോലെ ആയിരുന്നു..

ഡോക്ടർ വീണ്ടും വന്നു..

“ഉപ്പാ…

ഇപ്പൊ എങ്ങനെ ഉണ്ട്..”

ഡോക്ടർ ചോദിച്ചു..

ഉപ്പ നെഞ്ചിലേക് കൈ വെച്ചു..

ഉപ്പ നെഞ്ചിലേക് കൈ കൊണ്ട് പോകുന്നത് കണ്ടപ്പോൾ ഞാൻ ഇനിയും ഇടങ്ങേറ് വല്ലതും ഉണ്ടോ എന്ന് പേടിച്ചു ഉപ്പയുടെ നെഞ്ച് തടവാൻ തുടങ്ങി..

“ആശ്വാസമുണ്ട് മോനെ..”

ഉപ്പ ഡോക്കറ്ററോട് പറഞ്ഞതും ഡോക്ടർ ചോദിച്ചു..

“ഇതാരാ മരുമോൾ ആണോന്ന്..”

ഡോക്കറ്ററുടെ ചോദ്യം കേട്ടതും ഞാൻ ഉപ്പയുടെ നെഞ്ചിൽ നിന്നും കൈ എടുക്കവേ ഉപ്പ എന്റെ വലതു കൈപത്തി അമർത്തി എന്നോണം പിടിച്ചു അവിടെ വെപ്പിച്ചു..

“മരുമോളാല്ല…

മോളാണ് എന്ന് പറഞ്ഞു കൊണ്ട്…”

“ഞാൻ ഉപ്പയുടെ മുഖത്തേക് നോക്കിയപ്പോൾ അവിടെ എന്തെന്നില്ലാത്ത ഒരു സന്തോഷം കണ്ടു…

ഉപ്പയെ മോളെ പോലെ നോക്കുന്നതു കൊണ്ടുള്ള സന്തോഷം കൊണ്ടാണോ എന്നറിയില്ല..

ഉപ്പയുടെ കണ്ണുകളിൽ ഒരു കുഞ്ഞു ജല കണിക ഞാൻ കണ്ടു..

ഡോക്റ്ററോട് മോളാണെന്ന് പറഞ്ഞത് കേട്ടപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു തുടങ്ങിയിരുന്നു…”

ബൈ

❤️

Leave a Reply

Your email address will not be published. Required fields are marked *