ഒന്ന് കണ്ണ് തുറന്നു എന്നെ നോക്കുമോ. എനിക്ക് പറയുവാനുള്ളത് ഞനൊന്നു പറഞ്ഞോട്ടെ. പക്ഷേ ഞാൻ മനസ്സിൽ പറഞ്ഞത് അവൻ കേട്ടില്ല. ആ കണ്ണുകൾ അടഞ്ഞു തന്നെ ഇരുന്നു…….

പ്രണയിനി

എഴുത്ത്:-സുജ അനൂപ്

എൻ്റെ തോളിൽ കൈ തട്ടി അവൾ വിളിച്ചപ്പോൾ മാത്രമാണ് മുന്നേക്കു നീങ്ങുന്ന കാര്യം ഞാൻ മറന്നു എന്ന് മനസ്സിലായത്. എത്ര നേരമായി ഞാൻ അവൻ്റെ മുഖത്തേക്ക് നോക്കി ആ നിൽപ്പ് തുടങ്ങിയിട്ട് എന്ന് എനിക്കറിയില്ല. മുന്നോട്ടു നീങ്ങാനുള്ള ശക്തി എൻ്റെ കാലുകൾക്കു നഷ്ടപ്പെട്ടു കഴിഞ്ഞു.

“ഒന്ന് കണ്ണ് തുറന്നു എന്നെ നോക്കുമോ. എനിക്ക് പറയുവാനുള്ളത് ഞനൊന്നു പറഞ്ഞോട്ടെ.” പക്ഷേ ഞാൻ മനസ്സിൽ പറഞ്ഞത് അവൻ കേട്ടില്ല. ആ കണ്ണുകൾ അടഞ്ഞു തന്നെ ഇരുന്നു.

മറ്റുള്ളവർ ശ്രദ്ധിക്കും എന്ന് തോന്നിയതുകൊണ്ടാകും അവൾ എൻ്റെ കൈ പിടിച്ചു മുന്നോട്ടുനടന്നു.

ഒരു തുള്ളി കണ്ണുനീർ പോലും വറുന്നുണ്ടായിരുന്നില്ല. അല്ലെങ്കിലും എൻ്റെ തലയിണകൾ അല്ലാതെ ആരും എൻ്റെ കണ്ണുനീർ ഒരിക്കലും ഏറ്റു വാങ്ങിയിട്ടില്ല. ആരും അധികം ശ്രദ്ദിക്കാത്ത ഒരു ഭാഗത്തേക്ക് അവൾ എന്നെയും കൂട്ടി നടന്നു.

“നീ ഇതു എന്ത് ഉദ്ദേശിച്ചിട്ടാണ് സുമി? നിനക്ക് ചുറ്റിലുള്ളതൊന്നും നീ അറിയുന്നില്ലേ..?” മിനിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നൂ..

ഞാൻ ഒന്നും മിണ്ടിയില്ല. ആ നിമിഷം എനിക്ക് എവിടെ എങ്കിലും തനിച്ചിരിക്കണമായിരുന്നൂ. അവനോടു പറയുവാൻ ഉണ്ടായിരുന്നത് എനിക്ക് മുഴുവൻ പറഞ്ഞു തീർക്കണം. ഇനി ഒരവസരം ഉണ്ടാകില്ല എന്ന് എനിക്കറിയാം..

എന്തോ എന്നെ മനസ്സിലാക്കിയത് പോലെ മിനി എന്നെയും കൊണ്ട് അവൻ്റെ ഇടവകപള്ളിയിലേക്ക് നടന്നു. അവിടെ ഉള്ള നിത്യ ആരാധന ചാപ്പലിലേക്കു എന്നെ പിടിച്ചു കയറ്റി, എന്നിട്ടു പറഞ്ഞു.

“നീ പറയുവാൻ ഉള്ളത് മൊത്തം ഇവിടെ ഇരുന്നു പറഞ്ഞു തീർക്കണം. കരയുവാൻ കഴിയുമെങ്കിൽ കരഞ്ഞു൦ തീർത്തേക്കണം. നിന്നെ എനിക്ക് എൻ്റെ പഴയ സുമിയായി തന്നെ കാണുവാനാണു ഇഷ്ടം. എനിക്ക് വയ്യ മോളെ നിന്നെ ഇങ്ങനേ കാണുവാൻ..”

☆☆☆☆☆☆☆☆☆☆☆☆

ദിവ്യകാരുണ്യത്തിനു മുന്നിൽ ഇരിക്കുമ്പോൾ എൻ്റെ മനസ്സിൽ പഴയ കാര്യങ്ങൾ ഒന്നൊന്നായി തെളിഞ്ഞു വന്നുകൊണ്ടിരുന്നൂ. മനസ്സിൽ എന്നും ഒരു ടീച്ചർ ആവണം എന്നായിരുന്നൂ. എന്നാലും അപ്പൻ്റെ നിർബന്ധത്തിനു വഴങ്ങിയാണ് ബി.ടെകിന് ചേർന്നത്. വേഗം ജോലി കിട്ടുവാൻ അതാണ് നല്ലതു എന്ന് പറഞ്ഞപ്പോൾ മറുത്തൊന്നും പറഞ്ഞില്ല. അല്ലെങ്കിലും ആ വീട്ടിൽ എൻ്റെ ഇഷ്ടങ്ങൾക്ക് വലിയ പ്രസക്തി ഉണ്ടായിരുന്നില്ലല്ലോ ഒരിക്കലും.

വലിയ ഇഷ്ടം ഇല്ലെങ്കിലും ക്ലാസ്സിൽ പോയിത്തുടങ്ങി. കോളേജിനെ ഇഷ്ടപ്പെടുവാൻ എനിക്ക് രണ്ടുകാര്യങ്ങൾ ഉണ്ടായിരുന്നൂ. ഒന്ന് എൻ്റെ മിനി. രണ്ടു എൻ്റെ മനു. എപ്പോഴാണ് അവനെ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത് എന്ന് അറിയില്ല. അവൻ എൻ്റെ സീനിയർ ആയിരുന്നൂ. ഞാൻ ലൈബ്രറിയിലേക്ക് പോകുന്നത് പോലും അവൻ്റെ ക്ലാസിനു മുന്നിൽ കൂടെ പോകാം എന്നുള്ള ഒറ്റകാരണത്തിൽ ആയിരുന്നൂ.

എൻ്റെ പ്രണയം ഒരിക്കലും അവൻ അറിഞ്ഞിട്ടുണ്ടാവില്ല. അത് അവനോടു തുറന്നു പറയുവാൻ ഒരിക്കലും എനിക്ക് ധൈര്യംപോലും ഉണ്ടായിരുന്നില്ല. അല്ലെങ്കിലും അവൻ എന്നും പ്രണയിച്ചിരുന്നത് ബൈക്കുകളെ മാത്രം ആയിരുന്നൂ. അവനെ നോക്കി ആരും കാണാതെ അവൻ ഫുട്ബോൾ കളിക്കുന്ന ആ മൈതാനത്തിൻ്റെ ഒരു മൂലയിൽ അങ്ങനെ ഞാൻ ഇരിക്കും. മിനിയോടുപോലും ഞാൻ അത് ഇന്നുവരെ തുറന്നു പറഞ്ഞിട്ടില്ല.

പറയാതെ പോകുന്ന പ്രണയം. അതിനു പ്രസക്തി ഇല്ലെന്നു തന്നെ പറയാം. പക്ഷേ എൻ്റെ പ്രണയം അവൻ എന്നെങ്കിലും എൻ്റെ കണ്ണിൽ തിരിച്ചറിയും എന്ന് ഞാൻ വിശ്വസിച്ചിരുന്നൂ. ഇന്ന് രാവിലെ കോളേജിൽ എത്തുമ്പോൾ വരെ എനിക്ക് ആ പ്രതീക്ഷ ഉണ്ടായിരുന്നൂ.

അവൻ എന്നേലും ഒരു വർഷം സീനിയർ ആയിരുന്നൂ. ഇനി വെറും രണ്ടുമാസം കൂടെ അവൻ ആ ക്യാമ്പസിൽ ഉണ്ടാകുമായിരുന്നുള്ളൂ. ആ രണ്ടു മാസത്തിൽ ഒരു ദിവസ്സം അവനോടു എൻ്റെ ഇഷ്ടം തുറന്നു പറയണം. അത് മാത്രമേ എൻ്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.

രാവിലെ കോളേജിൽ എത്തിയപ്പോൾ ആണ് അവനു രാത്രി ബൈക്ക് അപകടം നടന്ന കാര്യം ഞാൻ അറിയുന്നത്. നേരെ കോളജിൻ്റെ ചാപ്പലിലേക്കു ഓടി. ഒന്ന് മാത്രമേ പ്രാർത്ഥിച്ചുള്ളൂ.

“എൻ്റെ ഈശോയെ, ഈ ഒരു ജന്മം എനിക്ക് തന്നില്ലെങ്കിൽ കൂടി അവനെ നീ തിരിച്ചെടുക്കരുത്. ഒത്തിരി സ്വപ്നങ്ങൾ അവനുണ്ടാകും. എൻ്റെ സ്വപ്നങ്ങളോട് കൂടെ അവൻ്റെ സ്വപ്നങ്ങൾ ചേർത്ത് വെക്കുവാൻ നീ അനുവദിക്കുമോ.”

എത്ര നേരം അങ്ങനെ ഇരുന്നു കരഞ്ഞു എന്ന് എനിക്കറിയില്ല. അന്ന് ഒരു ക്ലാസ്സിൽ പോലും ഞാൻ കയറിയിരുന്നില്ല.

“സുമി, നാളെ കോളേജിൽ നിന്നും ബസ് അവൻ്റെ വീട്ടിലേക്കു പോകുന്നുണ്ട്. പതിനൊന്നു മണിക്ക് നമുക്ക് അവിടെ എത്താം. ബസ് എട്ടുമണിക്ക് പോകും. കോളേജിൽ പൊതുദർശനത്തിനു വയ്ക്കുന്നില്ല. അവൻ്റെ വീട്ടുകാർക്ക് അവനെ ഹോസ്പിറ്റലിൽ നിന്നും നേരിട്ട് വീട്ടിലേക്കു കൊണ്ടുപോകുവാനാണ് താല്പര്യം.”

അവൻ പോയി എന്ന് അവൾ എന്നോട് പറഞ്ഞത് അങ്ങനെയാണ്. അവൾ തുടർന്നു.

“ഈ മൂന്ന് വർഷവും നിൻ്റെ നിഴലായി നടന്ന എനിക്ക് നിൻ്റെ മനസ്സു അറിയാം. എത്ര നീ ഒളിപ്പിച്ചാലും നിൻ്റെ കണ്ണിൽ വിരിഞ്ഞിരുന്ന ആ പ്രണയം അതെന്നേ എനിക്ക് മനസ്സിലായിരുന്നൂ. അവൻ അത് അറിഞ്ഞില്ല എന്നുമാത്രം. മറക്കണം എന്നൊന്നും ഞാൻ പറയില്ല. പക്ഷേ ഇതുവരെ ഈ കോളേജിൽ ആർക്കും നിൻ്റെ പ്രണയം അറിയില്ല. ഇനി ആരും അത് അറിയുകയും വേണ്ട.”

അവൾ എന്നെ വിളിച്ചു പുറത്തേക്കു കൊണ്ടുപോയി. പിന്നെ എന്നെ ബസ് കയറ്റി വീട്ടിലേക്കു അയച്ചു. പിറ്റേന്ന് അവൾക്കൊപ്പം ഞാൻ അവനെ അവസാനമായി കാണുവാൻ പുറപ്പെട്ടു. ഇനി എൻ്റെ ജീവിതം എങ്ങനെ എന്ന് എനിക്കറിയില്ല. ഈ കോളേജിൽ ഞാൻ പഠിക്കുന്നതുപോലും അവനുവേണ്ടി ആയിരുന്നൂ.

“സുമി എത്ര നേരമായി ഈ ഇരിപ്പു തുടങ്ങിയിട്ട്. അവനെ സിമിത്തേരിയിലേക്കു എടുത്തു. നിനക്ക് ഒന്ന് കാണേണ്ടേ.”

അപ്പോഴാണ് ഞാൻ ചിന്തകളുടെ ലോകത്തു നിന്നും പുറത്തു വന്നത്.

“വേണ്ട”. എനിക്ക് അവനെ അങ്ങനെ കാണുവാൻ വയ്യ. പെട്ടിയിൽ കിടക്കുന്ന അവൻ തിരിച്ചു വരുമെന്ന് ഞാൻ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്.

“ഒരു അത്ഭുതം എനിക്ക് കാണിച്ചു തരുവാൻ നിനക്ക് ആകില്ലേ എൻ്റെ ഈശോയെ.” ഞാൻ എൻ്റെ ദിവ്യകാരുണ്യ നാഥനോട് ചോദിച്ചു.

മിനി പിന്നെ ഒന്നും പറഞ്ഞില്ല. ആരും അറിയാതിരിക്കുവാൻ ആ ചാപ്പലിലെ ഒരു കോണിൽ ഞാൻ ഒതുങ്ങിയിരുന്നൂ.

☆☆☆☆☆☆☆☆☆☆

മുഖത്തു ആരോ വെള്ളം തളിച്ചപ്പോൾ ആണ് പിന്നെ ഞാൻ കണ്ണ് തുറന്നത്. ഞാൻ എവിടെയാണെന്ന് പോലും എനിക്ക് അപ്പോൾ തിരിച്ചറിയുവാൻ സാധിച്ചില്ല. വീട് വിട്ടു ഒറ്റയ്ക്ക് പുറത്തു പോകുവാൻ അപ്പൻ ഒരിക്കലും സമ്മതിക്കില്ല. ആകെ എനിക്ക് അനമതി ഉള്ളത് കോളേജിലേക്ക് വരുവാൻ മാത്രമാണ്. രാവിലെ ഒത്തിരി പറഞ്ഞപ്പോൾ അതും പാവം മിനി കൂടെ ഉണ്ട്, കോളേജ് ബസ് ഉണ്ട്, ആ രണ്ടു കാര്യങ്ങൾ ഉളളതുകൊണ്ടു മാത്രമാണ് അപ്പൻ എന്നെ ഇങ്ങോട്ടേക്കു അയച്ചത്. അവളാണ് വീട്ടിൽ വന്നു എന്നെ കൂടെ കൂട്ടിയത്. ഒരുപക്ഷേ എന്നെ എന്നെന്നേക്കുമായി നഷ്ടം ആകുമെന്ന് അവൾ ഭയന്നിരിക്കണം.

കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ടു. മിനിയും ബിനുവേട്ടനും. മിനി ആകെ ഭയന്നുപോയിരുന്നൂ.

“നീ എന്തുപണിയാണ് കാണിച്ചത്. ചേട്ടൻ വന്നപ്പോൾ ആണ് എനിക്ക് സമാധാനം ആയതു. നിന്നെ ഈ കോലത്തിൽ എനിക്ക് കോളേജിൽ ബസിൽ കൊണ്ടുപോകുവാൻ ആകില്ല. ഏട്ടൻ കാറ് കൊണ്ടുവന്നിട്ടുണ്ട്.”

എണീക്കുവാനോ നടക്കുവാനോ ഉള്ള ശേഷിപോലും എനിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല. അവരെന്നെ പിടിച്ചു കാറിൽ കയറ്റി. എനിക്ക് തലകറങ്ങുന്നുണ്ടായിരുന്നൂ. ഇന്നലെ അവനു അപകടം നടന്നത് മുതൽ ഈ നിമിഷം വരെ ഞാൻ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. മിനിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നൂ.

അവൾ എന്നെ എന്തൊക്കെയോ വഴക്കു പറഞ്ഞുകൊണ്ടിരുന്നൂ. ബിനുവേട്ടൻ എനിക്ക് കുടിക്കുവാൻ ഒരു mazza തന്നു. ഒരു bun കൂടെ തന്നു. രണ്ടു ദിവസ്സം ആയി ഒന്നും കഴിക്കാത്തത് കൊണ്ടാകും. കുടിച്ച mazza അതേ പോലെ തന്നെ ഞാൻ ശർദ്ധിച്ചു. വണ്ടിയിൽ വീഴാതെ ഇരിക്കുവാൻ ഡോർ പെട്ടന്ന് തന്നെ വന്ന ഉൽപ്രേരണയാൽ ഞാൻ തുറന്നിരുന്നൂ. അതോടെ മിനി എന്നെ ചീത്ത പറയുന്നത് നിറുത്തി. അവളും ബിനുവേട്ടനും കൂടെ എന്നെ മുഖം കഴുകാനെല്ലാം സഹായിച്ചു.

ബിനുവേട്ടൻ മിനിയോട് പറഞ്ഞു.

“ഇനി റിസ്ക് എടുക്കേണ്ട. സമയം ഏഴായി. നമ്മൾ നാട്ടിൽ എത്തുമ്പോഴേക്കും മണി പത്തെങ്കിലും ആകും. അവളെ സിറ്റിയിൽ ഏതെങ്കിലും എമെർജൻസിയിൽ കാണിച്ചിട്ട് പോകാം. പിന്നെ മിനി ഇനി മേലാൽ ഈ മാതിരി ഏടാകൂടമൊന്നും എൻ്റെ മോളെടുത്തു തലയിൽ വയ്ക്കരുത്.”

മിനി എന്നെ നോക്കി. എനിക്ക് അതുകേട്ടപ്പോൾ വിഷമം ആയി. വയ്യ എങ്കിലും ഞാൻ ബിനുവേട്ടനോട് പറഞ്ഞു

“ഏട്ടനെ ബുദ്ധിമുട്ടിക്കണം എന്നൊന്നും എനിക്കില്ല. ഞാൻ എങ്ങനെ എങ്കിലും വീട്ടിൽ പൊക്കോളാം”

അത് കേട്ടപ്പോൾ ബിനുവേട്ടൻ ചോദിച്ചു.

“ആദ്യം നേരെ തലനിവർത്തി നിൽക്കുവാൻ നോക്ക്. പിന്നെ പ്രസംഗിക്കാം.”

മിനി എൻ്റെ കൂടെ കാറിൽ പുറകെ കയറി. അപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. ഏട്ടൻ വണ്ടി എടുക്കുമ്പോൾ ഞാൻ വിൻഡോയിലൂടെ അവസാനമായി ആ സിമിത്തേരിയുടെ ഗേറ്റിലേക്ക് നോക്കി. അപ്പോൾ ഞാൻ ഓർത്തു.

“എൻ്റെ പ്രീയപ്പെട്ടവൻ ആ മണ്ണിൽ ഉറങ്ങുന്നുണ്ടാകും… ഒന്നുമറിയാതെ.”

അതോർത്തപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. മിററിലൂടെ ബിനുവേട്ടൻ എല്ലാം കാണുന്നുണ്ടായിരുന്നൂ. പതിയെ എൻ്റെ കണ്ണുകൾ അടഞ്ഞു.

മിനി ആ സമയം എൻ്റെ കഥകൾ ഒക്കെ ഏട്ടനോട് പറയുന്ന തിരക്കിൽ ആയിരുന്നൂ.

“നീ എന്താ പറയുന്നേ മിനി, അപ്പോൾ അവർ തമ്മിൽ പ്രണയം അല്ലായിരുന്നോ.”

“ഈ ഏട്ടനെന്താ അവൾക്കു ഭ്രാന്താണ്. അവനോടു ഇതുവരെ പറഞ്ഞിട്ടു കൂടിയല്ല. അവനു ഒരു സൂചന പോലും ഉണ്ടാകില്ല. പ്രണയം പറഞ്ഞറിയേണ്ടതില്ലത്രെ. അവൾ വലിയ എഴുത്തുകാരിയല്ലേ. നമ്മുടെ ആളെ തിരിച്ചറിയുവാൻ നമുക്ക് പ്രയാസം ഉണ്ടാവില്ലത്രേ. ഏട്ടൻ അവളുടെ കഥകൾ വായിച്ചിട്ടില്ലേ. ആ മണ്ടി എന്തൊക്കെയാണ് എഴുതി വച്ചിരിക്കുന്നത് എന്ന് ഏട്ടന് അറിയാമോ.നമ്മുടെ പാതി അടുത്തെത്തുമ്പോൾ ഹൃദയമിടിപ്പുകൾ പോലും ഒന്നായിത്തീരുംപോലും. ആ നിമിഷം അവളെയോ അവനെയോ തിരിച്ചറിയുവാൻ കഴിയും പോലും..”

ബിനുവേട്ടൻ എല്ലാം കേട്ടുകൊണ്ടിരുന്നൂ. ഞാനും അബോധമനസ്സിൽ അതൊക്കെ കേട്ടിരുന്നോ…

ഏതായാലും ബിനുവേട്ടൻ സിറ്റിയിൽ ആദ്യം കണ്ട ക്ലിനിക്കിന് മുന്നിലേക്ക് വണ്ടി നിർത്തി. എന്നെ എടുത്തു അവിടെ ആദ്യം കണ്ട ബെഡിലേക്കു കിടത്തി. ഡോക്ടർ വന്നു എമർജൻസിയിലേക്ക് മാറ്റി. ഡ്രിപ്പ് ഇട്ടു. ബിനുവേട്ടൻ ആകെ ടെൻഷനിൽ ആയിരുന്നൂ.

“മിനി അവളുടെ വീട്ടിൽ പറയേണ്ടേ.”

“എന്താ ഏട്ടാ ഇതു. അവർ അറിഞ്ഞാൽ നാളെ മുതൽ അവളെ പഠിക്കുവാൻ വിടില്ല. ഈ മാസം തന്നെ അവളുടെ കല്യാണവും കാണും. എൻ്റെ പൊന്നു ചേട്ടൻ അല്ലെ, ഒന്ന് സഹായിക്കു.”

അപ്പോഴേക്കും ഡോക്ടർ ഏട്ടനെ അകത്തേക്ക് വിളിച്ചു.

“ബോഡി തീരെ വീക്ക് ആണ്. ഡീഹൈഡ്രേഷൻ ആയിട്ടുണ്ട്. ഒരു രണ്ടു മണിക്കൂറെങ്കിലും ഒബ്സർവേഷനിൽ കിടക്കട്ടെ. ഈ സമയം വേറെ എവിടേക്കെങ്കിലും മാറ്റുവാൻ ആകില്ല.”

അതുകുടെ കേട്ടതോടെ എൻ്റെ കിളിപോയി. ഏട്ടൻ മിനിയെ തiല്ലിയില്ല.

“വീട്ടിലേക്കു വാടി നിനക്ക് ഞാൻ ബാക്കി തരാട്ടോ..”

മിനി ബിനുവേട്ടനെ പേടിച്ചു പുറത്തുപോയിരുന്നൂ. ഏട്ടൻ സുമിക്കു കൂട്ടായി ബെഡ്‌ഡിനരികിൽ സീറ്റിൽ ഇരുന്നു.

രണ്ടുമണിക്കൂർ കഴിഞ്ഞതും എനിക്ക് പതിയെ ബോധം വന്നു. കണ്ണ് തുറന്നപ്പോൾ കാണുന്നത് IV കയറ്റിയ എൻ്റെ കൈ മുറുകെ പിടിച്ചിട്ടു കസേരയിൽ ഇരുന്നു ഉറങ്ങുന്ന ബിനുവേട്ടനെ ആയിരുന്നൂ. ഏട്ടൻ തന്നെ ഡോക്ടർ പറഞ്ഞത് അനുസരിച്ചു എനിക്ക് കഞ്ഞിയെല്ലാം വാങ്ങി കോരിത്തന്നു. തടയുവാൻ എനിക്ക് കഴിയുമായിരുന്നില്ല. ഞാൻ കുറച്ചു ഓക്കേ ആയതും ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. ബിനുവേട്ടൻ വണ്ടി പഞ്ചർ ആയെന്നോ മറ്റോ എൻ്റെ വീട്ടിൽ വിളിച്ചു പറഞ്ഞിരുന്നൂ. വെളുപ്പിന് മൂന്ന് മണിയോടെ ബിനുവേട്ടനും മിനിയും എന്നെ വീട്ടിൽ എത്തിച്ചു.

പിറ്റേന്ന് ശനിയാഴ്ച ആയതോണ്ടു കോളേജിൽ പോയില്ല. തിങ്കളാഴ്ച കോളേജിൽ ചെന്നപ്പോൾ അവൾ എന്നെ നല്ല വഴക്കു പറഞ്ഞു. പാവം ബിനുവേട്ടൻ അവളെ തiല്ലിയില്ല എന്ന് മാത്രമേ ഉള്ളത്രെ. വഴക്കു പറച്ചിലിനൊടുവിൽ അവൾ എന്നെ കെട്ടിപിടിച്ചു ഒത്തിരി കരഞ്ഞു

☆☆☆☆☆☆☆

അവൻ്റെ മരണത്തോടെ ഞാൻ ഒത്തിരി മാറിയിരുന്നൂ. എൻ്റെ തൂലിക നിശ്ചലമായി. പഠിക്കണമെന്നുള്ള വാശിയൊക്കെ പോയി.ദിവസ്സങ്ങൾ കടന്നുപോയികൊണ്ടിരുന്നൂ. പതിയെ ഞാൻ ആത്മീയതയുടെ പാതയിലേക്ക് മാറി തുടങ്ങി.

ദിവസ്സങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നൂ. ഒരുവിധം എല്ലാവർക്കും തന്നെ ക്യാമ്പസ് പ്ലേസ്മെന്റ് ആയി. എനിക്ക് പിന്നെ അതിലൊന്നും താല്പര്യം ഇല്ലായിരുന്നൂ. ഞാൻ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചിരുന്നൂ. ആദ്യം ഞാൻ മിനിയോട് അത് തുറന്നു പറഞ്ഞു. അവൾ വേണം എല്ലാം അറിയുവാൻ. എൻ്റെ പ്രീയപ്പെട്ടവൻ പോയതിനു ശേഷം എന്നെ മനസ്സിലാക്കുവാൻ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

“നീ എന്നെ വഴക്കു പറയരുത്. ഞാൻ മഠത്തിൽ ചേരുവാണ്. അവൻ ഇല്ലാത്ത ഈ ലോകത്തിൽ എനിക്ക് ഇനി വയ്യ. പ്രാർത്ഥനയിൽ മാത്രമേ എനിക്ക് ഇനി പിടിച്ചുനിൽക്കുവാൻ കഴിയൂ..”

“നിനക്ക് ഭ്രാന്താണ്. അവളുടെ ഒരു ദിവ്യപ്രണയം. അവൻ ഉണ്ടായിരു ന്നെങ്കിൽ ഒരുപക്ഷേ നിൻ്റെ പ്രണയം റിജെക്ട് ചെയ്തിരുന്നെങ്കിൽ എൻ്റെ മോൾ എന്തു ചെയ്യുമായിരുന്നൂ.”

എനിക്ക് അതിനൊന്നും മറുപടി ഉണ്ടായിരുന്നില്ല. പിന്നെ എന്തൊക്കെയോ അവൾ പറഞ്ഞുകൊണ്ടിരുന്നൂ…

♡♡♡♡♡♡♡♡♡♡

പിറ്റേന്ന് മിനി എന്നെക്കൂട്ടി റസ്‌റ്റോറന്റിൽ പോയി. ജോലി കിട്ടിയതിൻ്റെ ട്രീറ്റ് ആണെന്ന് പറഞ്ഞു. ഞങ്ങൾ അവിടെ ഇരുന്നു ഫുഡ് ഓർഡർ ചെയ്തു കഴിച്ചു കഴിഞ്ഞപ്പോഴേക്കും ബിനുവേട്ടൻ അവിടേക്കു കയറി വന്നു. അന്നത്തെ ആ സംഭവത്തിനു ശേഷം ഇടയ്ക്കൊക്കെ മിനിയെ ആക്കുവാൻ ഏട്ടൻ കോളേജിലേക്ക് വരുമായിരുന്നൂ. ചിലപ്പോഴൊക്കെ എന്നോട് എന്തെങ്കിലും ഒക്കെ ചോദിക്കും. അതിനപ്പുറം ഉള്ള ഒരു സൗഹ്രദവും ഞങ്ങൾ തമ്മിൽ അതുവരെ ഉണ്ടായിരുന്നില്ല.

“മിനി നീ വീട്ടിലേക്കു പൊക്കോ. ഞാൻ അവളെ കൊണ്ടുപോയി ആക്കികൊള്ളാം.”

മിനി പെട്ടെന്നു എഴുന്നേറ്റതും ഞാൻ അവളുടെ കൈ പിടിച്ചു. ബിനുവേട്ടൻ പറഞ്ഞു.

“എനിക്ക് നിന്നോട് സംസാരിക്കുവാനുണ്ട്. പറഞ്ഞത് അനുസരിച്ചാൽ മതി.” ബിനുവേട്ടൻ വലിയ ദേഷ്യക്കാരൻ ആണെന്ന് അറിയാവുന്നതു കൊണ്ട് ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല.

ഏട്ടനൊപ്പം ഞാൻ വണ്ടിയിൽ കയറി. വണ്ടി എങ്ങോട്ടാണ് പോകുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നൂ. ഉള്ളിൽ പേടി കൂടിക്കൂടി വന്നു. ഒന്നെനിക്കു മനസ്സിലായി എന്നെക്കുറിച്ചു എല്ലാം മിനി ഏട്ടനെ ഒന്ന് വിടാതെ ആ നാളുകളിൽ ഒക്കെയും അറിയിക്കുന്നുണ്ടായിരുന്നൂ.

പതിയെ ഏട്ടൻ പറഞ്ഞു തുടങ്ങി.

“നിന്നോടരാടി പ്രണയനൈരാശ്യം ഉള്ളവരൊക്കെ മഠത്തിൽ ചേരും എന്ന് പറഞ്ഞു തന്നത്. ഈശോയുടെ മണവാട്ടി എന്ന് പറഞ്ഞാൽ അതിനു മനസ്സുകൊണ്ട് പവിത്രത ഉണ്ടാകണം.”

പെട്ടെന്ന് എൻ്റെ കണ്ണ് നിറഞ്ഞു..

“ഞാനും നിൻ്റെ അപ്പനും എൻ്റെ വീട്ടുകാരും ഒക്കെ കൂടെ ഒരു തീരുമാനം എടുത്തിട്ടുണ്ട്. വൈകീട്ട് വീട്ടിലെത്തുമ്പോൾ അമ്മയോട് ചോദിച്ചോ. എനിക്ക് അങ്ങനെ പ്രണയിച്ചു പുറകെ നടക്കുവാനും കഥ എഴുതാനും ഒന്നും അറിയില്ല. പിന്നെ നിന്നെ അന്ന് ഈ കൈയ്യിൽ എടുത്തു കാറിലേക്ക് കയറ്റുമ്പോൾ ഞാൻ തീരുമാനിച്ചിരുന്നൂ, നീയാണ് എൻ്റെ നല്ലപാതി എന്ന്.”

പിന്നെയും എന്തൊക്കെയോ ബിനുവേട്ടൻ പറഞ്ഞു

ഞാൻ ചുറ്റിലും കണ്ണോടിച്ചുകൊണ്ടിരുന്നൂ. കരഞ്ഞുകരഞ്ഞു എപ്പോഴോ ഉറങ്ങിപോയിരുന്നൂ. പിന്നെ കണ്ണുതുറക്കുമ്പോൾ കാണുന്നത് ആ പഴയ സിമിത്തേരി ആയിരുന്നൂ. കാറ് അവിടെ നിർത്തി ബിനുവേട്ടൻ ഇറങ്ങി. എന്നോട് ഇറങ്ങുവാൻ പറഞ്ഞു. എന്നെകൂട്ടി ആ സിമിത്തേരിയിലേക്കു നടന്നു. അവൻ്റെ കുഴിമാടത്തിൽ വയ്ക്കുവാൻ ഒരുകെട്ട് വെള്ളറോസാപ്പൂക്കൾ ഏട്ടൻ വാങ്ങിയിരുന്നൂ. ആ റോസാപ്പൂക്കൾ എൻ്റെ കൈയ്യിൽ തന്നൂ. എന്നെക്കൂട്ടി ആ കുഴിമാടത്തിനു അടുത്തേക്ക് നടന്നു.

“സുമി, മരിച്ചു മുകളിൽ നിൽക്കുന്നവർ ഒരിക്കലും വേദനിക്കരുത്. ഈ ജന്മം നീ എനിക്കായി ജനിച്ചവൾ ആണ്. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അതും അവൻ നിന്നെ തിരിച്ചറിയുമെങ്കിൽ നീ അവനൊപ്പം ജീവിക്കണം. ഇനി ഒരിക്കലും നിന്നെ ഞാൻ ഇവിടേക്ക് കൂട്ടികൊണ്ടുവരില്ല. ജീവിതം അങ്ങനെയാണ്.”

ആ റോസാപ്പൂക്കൾ ആ കല്ലറയിൽ വച്ച് ഞാൻ അവിടെ മുട്ടുകുത്തി ഒരു നിമിഷം പ്രാർത്ഥിച്ചു. എനിക്ക് വേണ്ടിയിരുന്നത് അവൻ്റെ, എൻ്റെ പ്രീയപെട്ടവൻ്റെ മറുപടി ആയിരുന്നൂ.

“ഞാൻ പോട്ടെ ബിനുവേട്ടനൊപ്പം..”

പെട്ടെന്ന് ഒരു ചെറിയ കാറ്റു വീശി. ആരോ അവിടെ മുന്നേ വച്ചിട്ട് പോയ ഒരു ചുവന്ന റോസാപ്പൂവ് അത് എൻ്റെ കൈയ്യില്ലേക്ക് വീണു. എൻ്റെ പ്രീയപ്പെട്ടവൻ പറയാതെ എന്നോട് പറഞ്ഞത് പോലെ..

“സമ്മതം”

ബിനുവേട്ടൻ വന്നു എൻ്റെ കണ്ണുനീർ തുടച്ചു. ആ കൈകളിൽ പിടിച്ചു ഞാൻ അവിടെ നിന്നും മുന്നോട്ടു നീങ്ങി. ഇനി ഒരിക്കലൂം അവിടേക്കു മടങ്ങി വരില്ല എന്ന് ഉറപ്പിച്ചുകൊണ്ടു.

Leave a Reply

Your email address will not be published. Required fields are marked *