ഒരു കൗമാരക്കാരന് എന്തുകൊണ്ടാണ് സ്വന്തം അച്ഛനെ കൊiല്ലാൻ തോന്നുന്നതെന്ന് നിങ്ങളെപ്പോലെ ഞാനും ആലോചിച്ചിട്ടുണ്ട്. കഴിഞ്ഞ ആറേഴ് വർഷങ്ങളായി…….

_lowlight _upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

പതിവ് പോലെ അച്ഛനും അമ്മയും ഉറങ്ങുന്ന മുറിയുടെ കതക് ചാരിയിട്ടേയുള്ളൂ. ഞാൻ കാതോർത്തു. വിടവിലൂടെ നോക്കിയപ്പോൾ രണ്ടുപേരും കിടക്കുകയാണ്. അവരുടെ ഉറക്കം കുറച്ചുകൂടി കനക്കട്ടേയെന്ന് കരുതി ശബ്ദമുണ്ടാക്കാതെ ഞാൻ പിൻവലിഞ്ഞു. മാനസികമായി എനിക്കും ഏറെ ഒരുങ്ങാൻ ഉണ്ടായിരുന്നു…

വ്യക്തമാക്കാം. ഒരുപാട് ആലോചിച്ചതിന് ശേഷമാണ് അച്ഛനെ അiപായപ്പെടുത്താൻ ഞാൻ തീരുമാനിക്കുന്നത്. പറയാൻ തുടങ്ങിയതും അതിനായി കാത്ത് കിടന്ന രാത്രിയിൽ നിന്നാണ്. അന്ന്, പ്രായം പതിനേഴ് ആകുന്നതേയുള്ളൂ. തലയിണയുടെ അടിയിൽ കiത്തിയുണ്ട്. പശ്ചാത്തലത്തിൽ ലോകത്തിന്റെ ഹൃദയമിടിപ്പ് പോലെ ക്ലോക്കിലെ സെക്കന്റ് സൂചിയുടെ ശബ്ദം മാത്രം കേൾക്കാം…

ഇനിയെങ്കിലും പേടിച്ച് കട്ടിലിന്റെ അടിയിൽ കിടന്ന് ഉറങ്ങേണ്ട ഗതികേട് എനിക്ക് വരരുത്. എന്റെ സമാധാനം വീണ്ടെടുക്കുമ്പോൾ ഒപ്പം അമ്മയും രക്ഷപ്പെടണം. ഒന്ന് പ്രതികരിക്കാനുള്ള ശേഷി പോലും ആ പാവത്തിന് ഇല്ല. അച്ഛൻ എന്നോട് കാണിക്കുന്ന അടുപ്പം പോലും അമ്മയോടെന്ന പോലെയൊരു അഭിനയമാണെന്ന് എനിക്ക് നന്നായി അറിയാം. ഭയം കൊണ്ട് അമ്മ തിരിച്ചും സ്നേഹം നടിക്കുമായിരിക്കും. എന്നെ അതിന് കിട്ടില്ല. ഒരു നാടകീയമായ അന്തരീക്ഷത്തിൽ ഇനിയും ഭയന്ന് വിറച്ച രാത്രികളോടൊപ്പം ജീവിക്കാൻ എനിക്ക് യാതൊരു ആഗ്രഹവുമില്ല. വെറുതേ അപായപ്പെടുത്തിയിട്ട് കാര്യമില്ല. കൊiല്ലുക തന്നെ വേണം അച്ഛൻ ഇല്ലാതായാൽ മാത്രമേ എല്ലാത്തിനുമൊരു അറുതിയുണ്ടാകൂ…

ഇത്രയൊക്കെ സഹിച്ച് അമ്മയ്ക്ക് എങ്ങനെയാണ് അച്ഛന്റെ കൂടെ ഇപ്പോഴും ജീവിക്കാൻ സാധിക്കുന്നതെന്ന് പലപ്പോഴും ഞാൻ ഓർക്കാറുണ്ട്. തല്ലിയ ആളോടൊപ്പം ചിരിച്ചുകൊണ്ട് തുടരേണ്ടി വരുന്നവരുടെ അവസ്ഥ ദയനീയമാണ്. നാട്ടുകാര് എന്ത് പറയുമെന്ന ധാരണ കൊണ്ടായിരിക്കണം അസാധാരണമായ വിധത്തിൽ രണ്ടുപേരും അഭിനയിക്കുന്നത്. എല്ലാത്തിനും സാക്ഷിയായി ഉറക്കം നഷ്ടപ്പെട്ട എത്രയോ രാത്രികൾ ഉള്ളത് കൊണ്ട് ആർക്കും എന്നെ കബളിപ്പിക്കാൻ സാധിക്കില്ല.

ഒരു കൗമാരക്കാരന് എന്തുകൊണ്ടാണ് സ്വന്തം അച്ഛനെ കൊiല്ലാൻ തോന്നുന്നതെന്ന് നിങ്ങളെപ്പോലെ ഞാനും ആലോചിച്ചിട്ടുണ്ട്. കഴിഞ്ഞ ആറേഴ് വർഷങ്ങളായി അതിനുമാത്രം പ്രശ്നങ്ങളാണ് ഞാൻ അനുഭവിക്കുന്നത്. വല്ലാത്ത ശബ്ദം മുഴുങ്ങുന്ന രാത്രികളിൽ ഞാൻ അവരുടെ മുറിയിലേക്ക് എത്തി നോക്കാറുണ്ട്. അപ്പോൾ കാണുന്നത് അച്ഛൻ അമ്മയെ തലങ്ങും വിലങ്ങും മർദ്ദിക്കുന്നതായിരിക്കും. മാതാപിതാക്കളുടെ വിപരീത ഭാവങ്ങൾ കണ്ട് പിൻവലിയുന്ന ഞാൻ ഭയന്ന് വിറക്കും. പിന്നീടാണ് എന്റെ തല പിളരാൻ തുടങ്ങുക. അതിൽ നിന്നുള്ള മോചനമായാണ് കട്ടിലിന്റെ അടിയിലേക്ക് ചുരുളാനായി ഞാൻ ഇഴയാറുള്ളത്.

അച്ഛനും അമ്മയും ഉറങ്ങിയെന്ന് ഉറപ്പ് വരുത്തിയതിന് തലയിണയുടെ കീഴെ വീർപ്പ് മുട്ടി കിടക്കുന്ന കiത്തിയുമായി ഞാൻ അവരുടെ മുറിയിലേക്ക് ചെന്നു. രണ്ടുപേരും നല്ല ഉറക്കത്തിലായിരുന്നു. ജന്മം തന്ന ആളുടെ നെഞ്ചത്ത് തന്നെ കുiത്തണം. പക്ഷെ, കണ്ണടച്ച് ശ്രമിച്ചിട്ടും സാധിക്കുന്നില്ല. മേലോട്ട് ഓങ്ങിയ കൈയ്യിൽ നിന്ന് കiത്തി വിറക്കുകയാണ്. എന്റെ നെറ്റി വിയർക്കുകയാണ്. ശ്വാസം വല്ലാതെ കിതച്ച് തുടങ്ങിയപ്പോൾ അമ്മ ഉണർന്നു. കiത്തിയുമായി കട്ടിലിൽ ഇരിക്കുന്ന എന്നെ കണ്ടതും ആ പാവം അലറുകയായിരുന്നു. അപ്പോഴേക്കും അച്ഛന്റെ കണ്ണുകളും തുറന്ന് ഞെട്ടിയിരുന്നു…

കൈയ്യിൽ നിന്ന് ബലമായി അച്ഛൻ ആ കiത്തി വാങ്ങിയപ്പോഴേക്കും എന്റെ ബോധം പോയിരുന്നു. ഒരു അപ്പൂപ്പൻ താടി പോലെ ഞാൻ പാറുകയാണ്. നിരത്തിൽ നിന്ന് അരികിലെ കെട്ടിടങ്ങളുടെ ചുമരു കളിലും, അവിടെ നിന്ന് ഉയരമുള്ള മരങ്ങളുടെ ചില്ലകളിലും തട്ടി ഞാൻ എങ്ങോട്ടോ പോകുകയാണ്. കടുത്ത വെള്ള വെളിച്ചത്തിന്റെ മാനത്തിലേക്ക് പതിയേ മറയുകയാണ്….

‘അർജുൻ… അർജുൻ…’

തീരേ പരിചയമില്ലാത്ത ആരോ എന്നെ വിളിക്കുന്നുണ്ട്. ഒരു ഗുഹയിൽ നിന്നുള്ള കേൾവി പോലെ അതെന്റെ കാതുകളിൽ പതിയുന്നുണ്ടെങ്കിലും യാതൊന്നും തിരിച്ച് ശബ്ദിക്കാൻ നാക്ക് അനങ്ങുന്നുണ്ടായിരുന്നില്ല. എത്രയോ രാത്രികളിൽ പിളർന്ന് പോയേക്കുമെന്ന് കരുതിയ എന്റെ തല ശാന്തതയിലായിരുന്നു.

‘വേക്കപ്പ് അർജുൻ.. ക്യാൻ യു ഹിയർ മി..’

‘യെസ്. ഐ ക്യാൻ!’

ആ ശബ്ദവുമായി പതിയേ ഞാൻ സംസാരിച്ച് തുടങ്ങി. ചോദ്യങ്ങളായിരുന്നു കൂടുതലും. ഉത്തരങ്ങൾക്ക് എനിക്ക് പഞ്ഞമുണ്ടായിരുന്നില്ല. അച്ഛൻ അമ്മയെ പതിവായി തiല്ലുന്നതും, ഭയന്ന് വിറച്ച് കട്ടിലിന്റെ അടിയിലേക്ക് ഞാൻ പോകുന്നതും, മനസമാധാനവും ഉറക്കവും നഷ്ട്ടപ്പെട്ട എന്റെ സ്കൂൾ ജീവിതവും, നാടകം പോലെ തുടരുന്ന കുടുംബാവസ്ഥയുമൊക്കെ ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു. ശേഷം, എപ്പോഴോ മയങ്ങിപ്പോയി…

‘ഹായ് അർജുൻ. ഗുഡ് ഇവെനിംഗ്..’

പിന്നീട് കണ്ണുകൾ തുറന്നപ്പോൾ മുന്നിൽ ഉണ്ടായിരുന്ന മനുഷ്യൻ പറഞ്ഞതാണ്. ഞാൻ ചുറ്റും നോക്കുകയായിരുന്നു. ഏതോ ക്ലിനിക്കാണെന്ന് തോന്നുന്നു. എന്നെ പാതി ചാരിയാണ് കിടത്തിരിക്കുന്നത്. സുഖമായി ഉറങ്ങിയോയെന്ന് അയാൾ ചോദിച്ചു. പരിചയമുള്ള ശബ്ദം. ശരിയാണ്. ഒരു സ്വപ്നം പോലെ എന്നോട് സംസാരിച്ച ആ പുതിയ ശബ്ദം.

‘അങ്കിൾ ഡോക്റ്റർ ആണൊ?’

കണ്ണട ഊരിമാറ്റിക്കൊണ്ട് അയാൾ ചിരിച്ചു. ശേഷം, തന്റെ നരച്ച കൃതാവ് വലത് കാതിന്റെ പിറകിലേക്ക് വിരലാൽ തള്ളിവെച്ചു. തുടർന്ന് അല്ലെന്നും നിന്റെ സുഹൃത്താണെന്നും പറഞ്ഞു. എനിക്ക് മനസിലായില്ല. അയാൾക്ക് കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നി. അതോടൊപ്പം കഴിഞ്ഞ രാത്രിയെക്കുറിച്ച് കൂടി ഓർത്തപ്പോൾ ശരിക്കും ഭയന്നുപോയി. ഓർമ്മ വെച്ച കാലം തൊട്ട് എന്നെ വിടാതെ പിന്തുടർന്ന ആ ഭയപ്പാടിൽ തല പിളർക്കുന്നത് പോലെ. അത് അറിഞ്ഞത് പോലെ ആ മനുഷ്യൻ എന്നോട് സംസാരിച്ച് തുടങ്ങുകയായിരുന്നു.

‘ഞാനൊരു കഥ പറയാം. അഞ്ച് വയസ്സുള്ള ഒരു ആൺകുട്ടി. ഒരു രാത്രിയിൽ ഞെട്ടിയുണർന്നപ്പോൾ കാണുന്നത് അച്ഛൻ അമ്മയെ തiല്ലുന്നതായിരുന്നു. പേടിച്ച് വിറച്ച അവൻ കട്ടിലിന്റെ അടിയിലേക്ക് ഒളിച്ച് കാത് പൊത്തി ചുരുണ്ടു. പിന്നീട് പലപ്പോഴുമായി ആ രംഗം അവന്റെ സ്വപ്നത്തിൽ വരാൻ തുടങ്ങുകയാണ്. അവന്റെ സമനില തെറ്റി. ആവർത്തിച്ച് കാണുന്നത് യാഥാർഥ്യമാണെന്നായിരുന്നു അവന്റെ വിശ്വാസം. എല്ലാം സ്വപ്നമാണെന്ന് തിരിച്ചറിയാൻ ആ കുട്ടിക്ക് സാധിച്ചില്ല. അമ്മയെ തiല്ലുന്ന അച്ഛനോട് അവന് വല്ലാത്ത ദേഷ്യം തോന്നി. കൊiല്ലാൻ വരെ തോന്നുന്ന ദേഷ്യം. സത്യത്തിൽ അന്ന് എന്താണ് സംഭവിച്ചതെന്ന് അവൻ പൂർണ്ണമായും കണ്ടില്ലായിരുന്നു.’

ആ കുട്ടിയുടെ പേര് അർജുൻ എന്നാണെന്ന് എനിക്ക് മനസിലായി. കഥയുടെ ശേഷം അറിയാനുള്ള ആകാംഷ ഞാൻ പ്രകടിപ്പിക്കും മുമ്പേ അയാൾ വീണ്ടും സംസാരിച്ചു തുടങ്ങിയിരുന്നു.

‘ ആ കുട്ടി കണ്ടത് ശരിയായിരുന്നു. നാലഞ്ചെണ്ണം അമ്മ കൊള്ളുകയും ചെയ്തു. എന്നാൽ, ദേഹം നൊന്ത ആ അമ്മ കൈയ്യിൽ കിട്ടിയ മിൽട്ടൺന്റെ തെർമോഫ്ലാസ്ക്ക് എടുത്ത് അച്ഛന്റെ നടുപ്പുറത്ത് പൊതിരെ തiല്ലുന്നത് അവൻ കണ്ടില്ല. സമാസമം. അന്ന് രാത്രിയിൽ തന്നെ രണ്ടുപേരും പ്രശ്നം പരിഹരിച്ച് കെട്ടിപ്പിടിച്ച് ഉറങ്ങിയതും ആ മകൻ അറിഞ്ഞില്ല.’

എന്നോട് കഥ പറഞ്ഞുകൊണ്ടിരിക്കുന്ന മനുഷ്യനൊരു മനഃശാത്രജ്ഞൻ ആണെന്ന് ഞാൻ ഊഹിച്ചു. അയാൾ എന്നെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് എന്താണെന്നും എനിക്ക് മനസിലായി. നൈറ്റ്മെർ ഡിസോർഡർ എന്താണെന്ന് പറയുന്നതിലൂടെ പരസ്പരം കലഹിക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ടയൊരു കാര്യം കൂടി ചേർത്താണ് ഡോക്റ്റർ ആ കഥ അവസാനിപ്പിച്ചത്.’

‘ഒന്നും ആ കുട്ടിയുടെ കുഴപ്പമായിരുന്നില്ല. ആ മാതാപിതാക്കൾക്ക് കുഞ്ഞിനെ വളർത്താൻ അറിയില്ലായിരുന്നു. പരസ്പരമുള്ള കലഹങ്ങളും, കൈയ്യാങ്കളിയും മകൻ കാണുന്നുണ്ടോയെന്ന് പോലും ശ്രദ്ധിച്ചില്ല. പരസ്പരം ഇണങ്ങുന്നത് അവനെ കാട്ടിയതുമില്ല. പേക്കിനാവായി മുളച്ച് വരാൻ പാകമൊരു യാഥാർഥ്യം തന്നിൽ ഉറച്ചതിൽ അവനെന്ത് പിiഴച്ചുവല്ലേ…!’

കേട്ട് കഴിഞ്ഞപ്പോൾ ഞാൻ കരഞ്ഞുപോയി. അത് തന്നെയായിരുന്നു രോഗമുക്തിയുടെ ലക്ഷണമെന്ന് പറഞ്ഞ് ആ മനുഷ്യൻ മുറിവിട്ട് പോകുകയും ചെയ്തു. ശരിയാണ്. ഞാൻ ഇപ്പോൾ ശാന്തനായിരിക്കുന്നു. ഒരു പുൽക്കൊടിയുടെ തുമ്പിൽ നിന്ന് അടർന്ന് വീഴുന്ന മഞ്ഞ് തുള്ളിയോളം ഉള്ള് ആർദ്രമായിരിക്കുന്നു…

‘മോനെ…!’

വിളിച്ചത് അമ്മയായിരുന്നു.അമ്മ ഓടി വന്ന് എന്നെ വാരിപ്പുണരുമ്പോഴും അച്ഛൻ മുന്നോട്ട് വരാതെ കതകിന് അടുത്തായി തന്നെ നിൽക്കുകയായിരുന്നു. ഞാൻ എഴുന്നേറ്റ് അച്ഛന്റെ അടുത്തേക്ക് നടന്നു. ഒന്ന് ചിമ്മിയാൽ തോർന്ന് പോകാൻ മാത്രം ആ കണ്ണുകൾ കലങ്ങിയിട്ടുണ്ട്. മറ്റൊന്നും ഓർക്കാതെ ഞാൻ ആ കാലുകളിലേക്ക് വീഴുകയായിരുന്നു…

‘സാരില്ലെടാ…’

എന്നും പറഞ്ഞ് ഉടൻ തന്നെ അച്ഛൻ എന്നെ ഉയർത്തി. ശേഷം മാiറോട് ചേർത്ത് മുറുക്കെ കെട്ടി പിടിച്ചു. കുറ്റബോധത്തിൽ കരഞ്ഞും, ജീവിതം തിരിച്ച് കിട്ടിയ സന്തോഷത്തിൽ ചിരിച്ചും അച്ഛന്റെ നെഞ്ചിലേക്ക് ഞാൻ മുഖം പൂഴ്ത്തിയമർന്നു. കെട്ടിപ്പിടിക്കലിന്റെ ഭാഗമായി എന്റെ കൈകൾ അച്ഛന്റെ പുറമാകെ ഇഴയുകയാണ്. അമ്മയുടെ കൈയ്യിൽ നിന്ന് കണക്കിന് കിട്ടിയ പുറമാണല്ലോ ഇതെന്ന് ഓർത്തപ്പോൾ അച്ഛനു മായുള്ള പിടുത്തം വിടാൻ എനിക്ക് തോന്നി. ശേഷം, മൂന്നുപേർക്കും ചിരിക്കാൻ പാകം അമ്മയോട് ഞാനത് ചോദിക്കുകയായിരുന്നു…

‘അമ്മേ… ആ മിൽട്ടൺന്റെ തെർമോഫ്ലാസ്ക്ക് ഇപ്പോഴുമുണ്ടോ…!?’

Leave a Reply

Your email address will not be published. Required fields are marked *