ദ്വിമുഖം
Story written by Ammu Santhosh
“ചേട്ടാ ഒന്ന് ആ വളവിന്റെ അപ്പുറത്ത് കൊണ്ടാക്കുമോ? നിറച്ചും പട്ടികൾ ആണെന്നെ. പേടിയായിട്ട “
നിള അപേക്ഷ നിറഞ്ഞ മുഖത്തോടെ ജംഗ്ഷനിൽ നിൽക്കുന്ന ആളോട് ചോദിച്ചു
അയാൾ ഒന്ന് പകച്ചു
കൂടെ നിൽക്കുന്നവരും
“വാ ചേട്ടാ പ്ലീസ്.. പേടിയായിട്ടല്ലേ?”
അയാൾ ഒപ്പം ചെന്നു
“പേരെന്താ?”
“നിള “
“ഹോസ്റ്റലിൽ ആണോ?”
“അതെ “
“ഏതാ നാട്”
“ഗുരുവായൂർ “
“ജോലി ആണോ?”
“ആ ഇപ്പോൾ ജോയിൻ ചെയ്തേയുള്ളു ഫസ്റ്റ് അപ്പോയ്ന്റ്മെന്റ് ആണ് “
“എവിടെയാ?””
“കൃഷി വകുപ്പിൽ “
പട്ടികൾ അയാളെ പരിചയം ഉള്ളത് കൊണ്ടാണോ എന്തോ വന്നില്ല
പിന്നെ പിന്നെ പറയാതെ അയാൾ പിന്നാലെ വരും
ഒരു ദിവസം അയാളെ കണ്ടില്ല
പക്ഷെ പതിവ് പട്ടികൾ ഒന്നും ഒരു ശല്യവും ചെയ്തില്ല
പിന്നെയും രണ്ടു മൂന്ന് ദിവസം കഴിഞ്ഞു പോയി
അന്നത്തെ പത്രത്തിൽ ഒരു വാർത്ത ഉണ്ടായിരുന്നു അവൾ അത് നോക്കി പകച്ചിരുന്നു
കുപ്രസിദ്ധ ഗുണ്ടയും കൊടും ക്രിമിനലുമായ വഞ്ചിയൂർ ഷാജി അറസ്റ്റിൽ
താഴെ അയാളുടെ ഫോട്ടോ
അവളുടെ ഉമിനീര് വറ്റിപ്പോയി
കരുണ നിറഞ്ഞ കണ്ണുകൾ ഉള്ള ആ മനുഷ്യൻ ഒരു ഗുണ്ടയോ
എത്ര മുഖങ്ങളാണ് മനുഷ്യന്
അയാൾ പിന്നെ എന്താണ് തന്നോട് മോശമായി പെരുമാറാഞ്ഞത്?
പിന്നെയും വർഷങ്ങൾ കഴിഞ്ഞു പോയി
നിള വിവാഹിതയായി
ഒരു മകൾ ജനിച്ചു
സ്കൂളിൽ ചേർത്ത് വരുമ്പോൾ കുറെ അധികം കാര്യങ്ങൾ പറഞ്ഞു കൊടുത്തു നിള
മോളന്നു വരുമ്പോൾ ഒരു വിശേഷം ഉണ്ടാരുന്നു
“ഇന്ന് ഉണ്ടല്ലോ അമ്മേ.. ഹൂ ഒരു വണ്ടി എന്നേ ഇടിച്ചേനെ. ഒരു അങ്കിൾ ആണ് രക്ഷിച്ചേ. എന്നേ ഡൈവ് ചെയ്തു എടുത്തു മാറ്റി. വീൽ ചെയറിൽ ആണ് ട്ടോ ആ ആള്. എന്നിട്ടും “
ഈശ്വര എന്ന് വിളിച്ചു പോയി നിള
പിന്നെയും ദിവസങ്ങൾ കഴിയുമ്പോ മോള് സ്ഥിരമായി ആ ആളുടെ കാര്യം പറയുന്നത് കേട്ട് നിള ഒരു ദിവസം അയാളെ കണ്ടു
മോളുടെ സ്കൂളിന് മുന്നിലെ ചെറിയ പെട്ടിക്കടയിൽ അയാൾ
അതെ അയാൾ..
നിളയ്ക്ക് എന്തോ പേടി ഒന്നും തോന്നിയില്ല
ഓടി അടുത്ത് ചെന്നു
“എന്നേ ഓർമ്മയുണ്ടോ?”
അയാൾ ചിരിച്ചു
“എന്റെ മോളാ”
“അറിയാം.. മോളുടെ അച്ഛൻ പോലീസിൽ അല്ലേ.. എന്നേ അറിയാം. ഇങ്ങനെ വന്നു മിണ്ടണ്ട “
നിള ചിരിച്ചു
“ഇപ്പോൾ ഇതാണോ ജോലി?”
“ആ എനിക്കും ഉണ്ട് ഒരു മോള്.. കല്യാണം ആണ്..”
“ആണോ? എന്നാ?”
“ഉടനെ “
“എന്നേ വിളിക്കുമോ?”
എന്തിനെന്നോ അപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു
വീൽ ചെയറിൽ മുന്നിൽ വന്ന അയാളുടെ കയ്യിൽ ഒരു ക്ഷണക്കത്തുണ്ടായിരുന്നു
അതിൽ അവളുടെ പേരും അഡ്രസ്സും എഴുതി സ്റ്റാമ്പ് ഒട്ടിച്ചിരുന്നു
“അയയ്ക്കാൻ വെച്ചതാ ഇതിനി കയ്യിൽ തരാം. വന്നാൽ സന്തോഷം ആകും “
“കാലിന്?”
“ചെയ്തതിന് തിരിച്ചടി ഇങ്ങനെ ഒക്കെയാ. അത് പോട്ടെ. എന്റെ മോൾക്ക് നിളയെ അറിയാം. പറഞ്ഞു പറഞ്ഞു അറിയാം.. വരണം “
അപ്പോൾ നിളയുടെ കണ്ണുകൾ ആണ് നിറഞ്ഞത്
അവൾ തലയാട്ടി
പിന്നെ മോളെയും ചേർത്ത് പിടിച്ചു തിരിഞ്ഞു നടന്നു
“അമ്മയ്ക്ക് അറിയാരിന്നോ?”
“പണ്ടേ അമ്മയെ കുറെ നാൾ ഹെല്പ് ചെയ്ത ഒരാളാണ് “
“പാവം കാലില്ല “
മോള് പറയുന്നു
നിള അയാളുടെ കരുണ നിറഞ്ഞ കണ്ണുകൾ വീണ്ടും ഓർത്തു
മനുഷ്യൻ..
ദ്വിമുഖമുള്ള മനുഷ്യൻ

