ഒരു പണിയും ഇല്ലേൽ വഴിയെ പോവുന്ന ആരേലുമൊക്കെ നോക്കി പോടേ പോടേ ന്നുള്ള മട്ടിൽ ചുമ്മാ മുരളുക. ആർക്കും ഉപദ്രവമില്ലാതെ….

Story written by Adam John

വീട്ടിലൊരു നായയുണ്ടാരുന്നു. ഉണ്ടെന്നല്ലാതെ കാര്യമായി ഉപയോഗവൊന്നും അതിനെ കൊണ്ട് ഉണ്ടാരുന്നില്ല താനും. അതിപ്പോ വീട്ടിലുള്ളോരും അങ്ങനെ തന്നെയല്ലേ അവരെ കണ്ടല്ലായോ നായയും പഠിക്കുന്നെ എന്നൊക്കെയാ വല്യപ്പച്ചൻ പറയുവ. അതിൽ സത്യവുണ്ട് താനും.

വല്യപ്പച്ചന് ഇടക്കിടെ ചുമക്കുന്ന സ്വഭാവം ഉണ്ടാരുന്നല്ലോ. എന്താന്നറിയത്തില്ല രാത്രിയാവുമ്പൊ ചുമ കൂടും. പകലുറങ്ങിയും രാത്രി ഉറക്കമൊഴിഞ്ഞും വീട് കാക്കുന്ന നായയാണ് വല്യപ്പച്ചന്റെ ചുമയുടെ ഏറ്റവും വല്യ ഇര.

വല്യമ്മച്ചി ചുമ വന്നേപ്പിന്നെ അകത്തെ മുറിയിലോട്ട് മാറിക്കിടപ്പാ. അല്ലേലും ഒരു പ്രായം കഴിഞ്ഞാൽ പിന്നേ ഭർത്താവിനോപ്പം കിടക്കുന്നത് നാണക്കേടാണത്രെ.
ആര് പറഞ്ഞുണ്ടാക്കിയതാന്നോ ആവോ..

പക്ഷെ വല്യമ്മച്ചിയോട് ചോദിച്ചാൽ പറയാ അങ്ങേരുടെ ചുമ സഹിക്കാൻ മേലാത്തോണ്ടാന്നാ. നായയാണെൽ ചുമ കേട്ട് കേട്ട് അതുപോലെ ചുമച്ചോണ്ട് കുരക്കാൻ പഠിച്ചത് മിച്ചം.

അതോണ്ടുള്ള ഗുണം എന്താന്ന് വെച്ചാ നായ കുരക്കുമ്പോ വല്യപ്പച്ചനാന്നോ വല്യപ്പച്ചൻ ചുമക്കുമ്പോ നായയാന്നോന്ന് തിരിച്ചറിയാൻ വയ്യാതായി. വീട്ടിൽ വെച്ചുണ്ടാക്കുന്നതിന്റെ ബാക്കിയൊക്കെ ആണ് കൊടുക്കുന്നതെലും നായ അത് ബിരിയാണി ആണെന്നും സദ്യ ആണെന്നുമൊക്കെ സങ്കൽപ്പിച്ചോണ്ട് കഴിക്കുന്നതോണ്ട് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ നായയും ഞങ്ങളും ഒരു മ്യൂച്ചൽ അണ്ടർസ്റ്റാന്റിങ്ങിൽ കഴിഞ്ഞു പോന്നു.

ആയിടക്കാണ് അയല്പക്കത്തെ വാടക വീട്ടിലോട്ട് പുതിയൊരു താമസക്കാരി വരുന്നേ. കാരണവന്മാർ ചെയ്ത പുണ്യവാന്നോ എന്താന്നറിയത്തില്ല വഴിയിക്കൂടെ പോവുന്ന എല്ലാ കുരിശുകളും ഞങ്ങടെ വീട്ടിലോട്ടോ അയല്പക്കത്തോട്ടോ ആരിക്കും മിക്കപ്പോഴും വരാറുള്ളത്. പുതുതായി വന്ന ചേച്ചി വല്യ കുഴപ്പവൊന്നും ഇല്ലാരുന്നേലും ഞങ്ങടെ മേയറേ പോലെ ആളൊരു മൃഗസ്‌നേഹി ആരുന്നു.

പുതുതായി വന്നവരെ പരിചയപ്പെടുന്നൊരു ചടങ്ങില്ലായോ. കഷ്ട കാലത്തിന് ഞങ്ങള് പോവുന്നേന് മുന്നേ ചേച്ചിതന്നെ മുൻകൈ എടുത്ത് ഞങ്ങടെ വീട്ടിലോട്ട് വന്നു.

വരുന്ന വഴിക്ക് തന്നെ നായയുടെ കൂടിനടുത്തൊട്ട് ചെല്ലുന്നത് കണ്ടാരുന്നു. പെട്ടെന്നുണ്ട് ചില ഇംഗ്ലീഷ് സിനിമകളിലൊക്കെ കേക്കുന്ന പോലൊരു അയ്യോ സൗണ്ട് കേക്കുന്നെ.

കൂടിനടുത്തോട്ട് ചെന്ന ചേച്ചിയെ വല്ല പാമ്പേങ്ങാനും കേറികടിച്ചൊന്ന് കരുതി ഞങ്ങളപ്പോ തന്നെ ഓടി ചെന്നാരുന്നു. ഇവന്മാർക്കെന്താ എന്റെ വീടിനടുത്ത് കാര്യമെന്ന മട്ടിൽ നായയും പിറകെ കൂടി. പുറത്തെ ഷെഡിനരികിലായി കാടുമൂടി കിടക്കുന്നതിന്റെ ഒരു വശത്ത് കൂടെന്നൊന്നും പറയാൻ പറ്റുകേല. എന്തൊക്കെയോ വളച്ചു കെട്ടി കൂടിന്റെ ഒരു ഫോട്ടോ സ്റ്റാറ്റ് പണിതു വെച്ചേക്കുവാരുന്നു. അത് കണ്ടോണ്ട് നിലവിളിച്ചതാരുന്നു ചേച്ചി. ചുമ്മാ മനുഷ്യരെ മെനക്കെടുത്താനായിട്ട്.

നായയെ ചൂണ്ടിക്കാണിച്ച് ഇതിലാന്നോ ഈ പാവം കൊച്ച് താമസിക്കുന്നെന്ന് ചോദിച്ചോണ്ട് മൂക്കത്ത് വിരൽ വെക്കുവാരുന്ന ചേച്ചിയെ കണ്ട് ഞങ്ങള് പരസ്പരം നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.

നായ ആന്നേൽ ഇതേവരെ കൊടുത്ത ഫുഡിനും സ്നേഹത്തിനും യാതൊരു നന്ദിയും കാണിക്കാതെ വാലാട്ടിക്കൊണ്ട് ചേച്ചിയുടെ അരികിലോട്ട് നീങ്ങി നിക്കുവാ. നന്ദിയില്ലാത്ത പ ട്ടി.

ഇങ്ങനുള്ള കൂടുകളിൽ നായയെ പൂട്ടിയിടുന്നത് തെറ്റാണെന്നും അതിന് നല്ലൊരു കൂട് പണിയണമെന്നും നിർദ്ദേശിച്ചോണ്ട് ചേച്ചി അകത്തോട്ട് കേറി. സത്യം പറയാലോ ഞങ്ങളാരും അതിനെ പൂട്ടിയിടാറില്ലെന്നെ. കൊറേ നടന്ന് അതിന് പുറം കാഴ്ചകൾ കണ്ട് ബോറടിക്കുന്നതോണ്ടാവോ എന്തോ ഇടക്ക് കേറിക്കിടക്കുന്നത് കാണാം. അതിന് പ്രത്യേകിച്ചൊരു കൂടൊക്കെ വേണോ. അവിടം കൊണ്ടും തീർന്നീല..

കൊടുക്കുന്ന ഫുഡ് ഒട്ടും ഹൈജീനിക്കല്ലെന്നും കൊടുക്കേണ്ടുന്ന വിധവുമൊക്കെ പറഞ്ഞോണ്ട് ചേച്ചി തിരികെ പോയി. ഒരു പെരുമഴ പെയ്തു തോർന്ന പോലായി വീട്.

ഗേറ്റ് വരെ ചേച്ചിയുടെ പിറകെ മണപ്പിച്ചോണ്ട് പോവുന്ന നായയെ കണ്ടപ്പോ ഒരൊറ്റ ഏറു വെച്ചു കൊടുക്കാനാ തോന്നിയെ. ഇനി അതിനും വല്ല കേസോ ഗുലുമാലോ ഉണ്ടാവേണ്ടെന്ന് കരുതി ക്ഷമിച്ചതാരുന്നു.

വൈന്നേരായപ്പോ പ ട്ടിക്ക് കൊടുക്കാനാണെന്നും പറഞ്ഞോണ്ട് കൊറച്ചു ബിസ്ക്കറ്റും മറ്റെന്തൊക്കെയോ സാധനങ്ങളും ചേച്ചി കൊണ്ടത്തന്നാരുന്നു. കൊണ്ടന്നപാടെ അമ്മാവനതൊക്കെ എടുത്തോണ്ട് തിരിച്ചും മറിച്ചും നോക്കുന്നത് കണ്ടു. പറ്റുവാണേൽ അകത്താക്കാൻ വേണ്ടിയാവും. എലിയെ കൊ ല്ലാൻ വേണ്ടി ബ്രെഡിനൊപ്പം വി ഷം വെച്ചത് മുഴുവനായി എടുത്ത് വിഴുങ്ങിയ ഭീകരനാണ്. വിശ്വസിക്കാൻ പറ്റുകേല.

ഒരു പണിയും ഇല്ലേൽ വഴിയെ പോവുന്ന ആരേലുമൊക്കെ നോക്കി പോടേ പോടേ ന്നുള്ള മട്ടിൽ ചുമ്മാ മുരളുക. ആർക്കും ഉപദ്രവമില്ലാതെ ഒരു വശത്തൂടെ പോവുന്ന പൂച്ചയെ പേടിപ്പിക്കുക തുടങ്ങി എന്തൊക്കെയോ ഹോബികളുണ്ടാരുന്നു നായ സാറിന്. അങ്ങനെന്തേലും ശബ്ദം കേട്ടാൽ ബസ്സ് കണ്ടക്ടർമാര് ആരേലും കേറാനുണ്ടോ ന്നുള്ള കൂട്ട് തല ബസ്സിന് വെളിയിലെക്കിട്ടോണ്ട് ചോദിക്കത്തില്ലായോ. അതുക്കൂട്ട് ചേച്ചി ജനാല വഴി തല പുറത്തേക്കിട്ടോണ്ട് കൊച്ചിനെന്നാ പറ്റി വയ്യായ്ക എന്തേലുമുണ്ടോന്ന് ചോദിക്കുക പതിവായി. ഇല്ലെന്ന് പറഞ്ഞാലും ശബ്ദം കേട്ടിട്ട് കഫക്കെട്ട് ഉള്ളത് പോലൊക്കെ തോന്നുവാന്നൊക്കെ പറഞ് ഇല്ലാത്ത അസുഖവുണ്ടാക്കുകേം ചെയ്യും.

ചേച്ചിയുടെ വരവോടെ നായയുടെ സ്വഭാവത്തിലും നല്ല മാറ്റമുണ്ടായി. കിട്ടുന്ന തെന്തേലും മിണ്ടാതെ കഴിച്ചോണ്ടിരുന്ന അവൻ എല്ലാ ഫുഡും കഴിക്കാതായി. ഇഷ്ടപ്പെടാത്ത എന്തേലും കൊണ്ട് വെച്ചാലും ഹും എന്റെ പ ട്ടി തിന്നും ഇതൊക്കെന്നുള്ള മട്ടിൽ അവിടുന്നെഴുന്നേറ്റ് പോവും. അവന് വേണ്ടേൽ പിന്നേ എന്തിനാ അവിടെ വെച്ചേക്കുന്നെ. അത് ഞാൻ കഴിച്ചോട്ടെ അമ്മച്ചീന്നും പറഞ്ഞോണ്ട് പൂച്ച കേറി വരുന്നത് കാണുമ്പൊ ഈ മിണ്ടാപ്രാണിയെ ആന്നല്ലോ ഇത്രേം കാലം മാറ്റി നിർത്തിയെന്നോർത്ത് സങ്കടം തോന്നിപ്പോയിട്ടുണ്ട്.

ഒരു ദിവസം വല്യപ്പച്ചന് ചുമ കലശലായി. ആശുപത്രീല് പോവാമെന്ന് പറഞ്ഞപ്പോ വല്യപ്പച്ചൻ സമ്മതിച്ചീല. ഇത്തിരി ചൂടുവെള്ളം അനത്തി തന്നാൽ മതി. ഇതൊക്കെ മാറിക്കോളും എന്ന് പറഞ്ഞോണ്ട് ആശുപത്രിക്കാർക്ക് കിട്ടേണ്ടിയിരുന്ന ഒരു തുക ചൂടുവെള്ളത്തിൽ ലയിപ്പിച്ചു കുടിച്ചോണ്ടിരി ക്കുമ്പോഴാണ് ചേച്ചി ഓടിക്കിതച്ചോണ്ട് വരുന്നേ. ചുമക്കുന്ന കേട്ടോണ്ടുള്ള വരവാരുന്നു. ഓടുന്നതിനിടയിൽ കൊച്ചിനെന്നാ പറ്റിയെന്ന് ചോദിക്കുന്നുമുണ്ട്.
ഓടിയതോണ്ടുള്ള കിതപ്പ് കൊണ്ടാന്നോ എന്നറിയത്തില്ല ഞങ്ങള് കേട്ടത്അ പ്പച്ചന് എന്നാ പറ്റിന്നാ. കുഴപ്പല്ല ചൂട് വെള്ളം കൊടുത്തിട്ടുണ്ട് മാറിക്കോളും എന്ന് പറഞ്ഞപ്പോ ചേച്ചിയാകെ വയലന്റായി. ചേച്ചി കരുതിയത് നായക്ക് ചൂടുവെള്ളം കൊടുത്ത കാര്യവാ ഇവരീ പറയുന്നെന്നാ.

ചുരുക്കിപ്പറയാലോ ചേച്ചിയെ കൊണ്ടുള്ള ഉപദ്രവം സഹിക്ക വയ്യാതെയാന്നോ അതൊ വല്യപ്പച്ചന്റെ ചുമയുള്ളപ്പോ ഇനിയൊരു നായയുടെ ആവശ്യമുണ്ടോ എന്ന് തോന്നിയിട്ടാന്നോന്നറിയത്തില്ല വല്യമ്മച്ചി നായയെ ആർക്കോ കൊടുത്താരുന്നു. യാത്ര അയക്കാൻ നേരം ചേച്ചിയും വന്നാരുന്നു. അടുത്തി ബന്ധുക്കളാരോ മരിച്ച കൂട്ട് കണ്ണ് നിറക്കേം മൂക്ക് പിഴിയേം ഒക്കെ ചെയ്യുന്നത് കണ്ടു.

എന്നാത്തിനാന്നറിയത്തില്ല വാഴ നനയുമ്പോ ചീരയും നനയുന്ന കൂട്ട് അമ്മാവനും സങ്കടപ്പെടുന്നുണ്ട്. ഒക്കെ കഴിഞ് ചേച്ചി മടങ്ങാൻ നേരം അമ്മാവൻ ചേച്ചിയുടെ അരികിലോട്ട് ചെന്നൊണ്ട് പറയാ. അവനില്ലെന്ന് കരുതി ബിസ്കറ്റ് കൊടുത്തു വിടുന്നത് മുടക്കണ്ട. ഞാൻ കഴിച്ചോളാന്ന്.

Leave a Reply

Your email address will not be published. Required fields are marked *