എഴുത്ത്:-സജി തൈപ്പറമ്പ്
ഡീ ബ്രേക്ക് ഫാസ്റ്റ് റെഡിയായില്ലേ?
ഡൈനിങ് ടേബിളിൽ ഇരുന്ന് ഞാൻ വിളിച്ച് ചോദിച്ചു
എനിക്ക് രണ്ട് കൈയ്യേ ഉള്ളു ഞാൻ റോബോട്ടൊന്നുമല്ല
എഡീ എനിക്ക് ഓഫീസിൽ പോകാൻ സമയമായി,,
അവളുടെ ക്ളീഷേ മറുപടി മൈൻഡ് ചെയ്യാതെ ഞാൻ വീണ്ടും പറഞ്ഞു
ഓഹ് നിങ്ങൾക്ക് ഓഫീസിൽ പോകണം നിങ്ങൾക്ക് കഴിക്കണം നിങ്ങൾക്ക് ഉറങ്ങണം ,, ബാക്കിയുള്ളവർക്ക് പിന്നെ ഇതൊന്നും വേണ്ടല്ലോ?
ങ്ഹേ,ഇവളെന്താ, വെറുതെ ഒരു ഭാര്യയിലെ ഗോപികയുടെ ഡയലോഗ് പറയുന്നത്? ഇവൾക്കിതെന്ത് പറ്റി?
ഇനി എന്തെങ്കിലും ചോദിച്ചാൽ ചിലപ്പോൾ ബാക്കി കൂടെ കേൾക്കേണ്ടി വരും,വേണ്ട, ക്ഷമയോടെ കാത്തിരിക്കാം
അമ്മേ എൻ്റെ ടൈ എവിടെ?
ടേബിളിൽ താളം പിടിച്ച് കൊണ്ട് ഞാനിരിക്കുമ്പോൾ മുറിയിൽ നിന്ന് മകളുടെ ചോദ്യം
അത് ഞാൻ രാവിലെ വിശന്നപ്പോൾ പൊരിച്ച് തിന്നു, നീയിനി ടൈ കെട്ടാതെ പോയാൽ മതി
ശ്ശെടാ ഇവൾ രാവിലെ തന്നെ കലിപ്പാണല്ലോ?
സ്കൂളിൽ പോകാൻ തയ്യാറായി മകനും മകളും എൻ്റെയൊപ്പം ടേബിളിൽ വന്നിരുന്നപ്പോഴേയ്ക്കും അവൾ ദോശയും ചമ്മന്തിയും കൊണ്ട് വച്ചു
ഇതെന്താമ്മേ,, ദോശയും ചമ്മന്തിയുമോ ? ഇന്ന് കോഴിക്കറി വയ്ക്കാമെന്ന് പറഞ്ഞതല്ലേ? കോഴി വാങ്ങിയില്ലേ?
മോൻ നിരാശയോടെ അവളോട് ചോദിച്ചു
എന്തിനാ വാങ്ങുന്നത് ? ഇവിടെത്തന്നെയുണ്ടല്ലോ ?എന്നെങ്കിലും തiല്ലിക്കൊiന്ന് ഞാൻ വച്ച് തരാം,,
മറുപടി പറഞ്ഞിട്ട് എന്നെയവൾ രൂക്ഷമായി നോക്കിയപ്പോൾ എൻ്റെ നെഞ്ചൊന്ന് പിടഞ്ഞു
ദൈവമേ ഇവളെൻ്റെ വാട്സ് ചാറ്റെങ്ങാനും കണ്ടോ? അവള് പറഞ്ഞത് പോലെ ഞാനൊരു കോഴിയൊന്നുമല്ല ,പക്ഷേ ഇന്നലെ ഓഫീസിൽ കൂടെ വർക്ക് ചെയ്യുന്ന രമ്യാ രവീന്ദ്രൻ സെറ്റ് സാരി ഉടുത്ത ഒരു ഫോട്ടോ, സ്റ്റാറ്റസ് ഇട്ടിരിക്കുന്നത് കണ്ടു ,ഞാനത് സൂപ്പർ എന്ന് കമൻ്റ് ചെയ്തു ,തൊട്ട് പിറകെ അവൾ ഹായ് പറഞ്ഞ് കൊണ്ട്, ചാറ്റ് ചെയ്യാൻ വന്നു അപ്പോൾ ഞാനവളെ ഒന്ന് കൂടെ പുകഴ്ത്തി പറഞ്ഞു പിന്നെ കുറച്ച് കാഷ്വൽ ചാറ്റ് മാത്രമായിരുന്നു
പക്ഷേ ഇപ്പോൾ തോന്നുന്നു ആ പുകഴ്ത്തല് വേണ്ടായിരുന്നു എന്ന്
ഇന്ന് വൈകുന്നേരം ഓഫീസിൽ നിന്ന് വരുമ്പോൾ ഇതിലും വലുത് പ്രതീക്ഷിച്ച് വേണം വരാൻ ,പിന്നെ എനിക്ക് അവളുടെ മുഖത്ത് നോക്കാൻ ധൈര്യം വന്നില്ല വേഗം കഴിച്ചെഴുന്നേറ്റ് യാത്ര പോലും പറയാതെ ഞാൻ ഓഫീസിലേയ്ക്ക് പോയി
വൈകുന്നേരം അവളുടെ അരിശം ഒന്ന് കുറയ്ക്കാൻ വേണ്ടി ഞാനൊരു
അൽഫാം മന്തി ഫുള്ള് വാങ്ങിച്ചോണ്ടാണ് വീട്ടിലേക്ക് ചെന്നത്
ചെല്ലുമ്പോൾ അവൾ കട്ടിലിൽ ചരിഞ്ഞ് കിടക്കുകയാണ്
ദേ ,നീയിന്ന് അത്താഴത്തിന്വേ ണ്ടി അടുക്കളയിൽ കയറി കഷ്ടപ്പെടേണ്ട, ഞാൻ നല്ല അൽഫാം മന്തി വാങ്ങിക്കോണ്ട് വന്നിട്ടുണ്ട്
അവളുടെ പ്രതികരണം എന്ത് തന്നെയായാലും അത് നേരിടാൻ തയ്യാറായിട്ടാണ് ഞാൻ നിന്നത്.
ങ്ഹാ നിങ്ങള് വന്നോ ? കഴിക്കാൻ വാങ്ങിയത് നന്നായി , ഉച്ചകഴിഞ്ഞപ്പോൾ എനിക്ക്പി iരീഡ്സായി, അത് കൊണ്ട് ഞാനാകെ ടയേഡായിരുന്നു , നിങ്ങള് ഫ്രഷാകുമ്പോഴേക്കും ഞാൻ ചായ എടുത്തിട്ട് വരാം
അവളുടെ മറുപടി കേട്ട് എനിക്ക് സമാധാനമായി
അല്ല വയ്യെങ്കിൽ നീ കിടന്നോ ചായ ,ഞാനിട്ട് കുടിച്ചോളാം
ഇല്ല, ഇപ്പോൾ കുഴപ്പമില്ല, പിന്നെ സോറി കെട്ടോ ,രാവിലെ ഞാൻ നിങ്ങളോട് കുറെ ചൂടായി
ങ്ഹേ, അപ്പോൾ ഒരു കാരണവുമില്ലാതെയാണോ നീയെന്നോട് ചൂടായി സംസാരിച്ചത്
അത് പിന്നെ എനിക്ക് മൂഡ് സ്വിങ്സ് ആയിരുന്നു
ങ്ഹേ, അതെന്തോന്ന്?
അത് പിന്നെ ഞങ്ങള് പെണ്ണുങ്ങൾക്ക് ചില സമയത്തുണ്ടാകുന്ന ഒരു മാനസിക സംഘർഷമാണത്ആ സമയത്ത് ഭയങ്കര ദേഷ്യമായിരിക്കും ,എല്ലാരോടും അകാരണമായി ദേഷ്യപ്പെടും
ഓഹ് അത്രേയുളളായിരുന്നോ? നീ രാവിലെ എന്നെ കോഴിയെ ന്നൊക്കെ പറഞ്ഞപ്പോൾ ഞാനാകെ പേടിച്ച് പോയി,ശ്ശെ, വെറുതെ ആയിരുന്നല്ലേ?
അത് വെറുതെ ഒന്നുമായിരുന്നില്ല നിങ്ങളാ രമ്യയുമായി ചാറ്റ് ചെയ്തതൊക്കെ ഞാൻ കണ്ടിരുന്നു നിങ്ങൾക്ക് എന്നെ പുകഴ്ത്തി പറയാനേ പിശുക്കുള്ളു അല്ലേ? കണ്ട പെണ്ണുങ്ങളെ എത്ര വേണേലും പൊക്കിപ്പിടിച്ചോളും ,അപ്പോ പിന്നെ നിങ്ങളെ കോഴിയെന്നല്ലാതെ വേറെന്ത് വിളിക്കാനാ ,ഞാനത് മറന്നിരിക്കുവായിരുന്നു ,ചായ
വേണമെങ്കിൽ തനിയെ ഇട്ട് കുടിക്ക്
അതും പറഞ്ഞവൾ ,വീണ്ടും കട്ടിലിൽ കയറി കിടന്നു
വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് വേണ്ടാത്തിടത്ത് വച്ചത് പോലെയായി എൻ്റെ അവസ്ഥ