എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
വായനശാലയിലേക്ക് കയറുമ്പോൾ പതിവില്ലാത്തയൊരു
സംസാരവും ബഹളവുമൊക്കെ കേൾക്കാമായിരുന്നു. കാര്യം തിരക്കിയപ്പോൾ സുകുവിനെ കാണാനില്ലായെന്നായിരുന്നു കാരണം. സുകു! എവിടെയോ കേട്ടത് പോലെയൊരു പേര്! ഒന്നുകൂടി ഇരുത്തി ഓർത്തപ്പോഴാണ് ആളെ പിടികിട്ടുന്നത്…
‘ഓൻ ഇന്നലെ ടൗണിലേക്ക് പോകുന്നത് കണ്ടതാണല്ലോ…!’
ഉറക്കെ പറയാതിരുന്നത് കൊണ്ടാകും ആരും കേൾക്കാതിരുന്നത്. അവരെല്ലാം സുകുവിന്റെ ഭാര്യയുടേയും പിള്ളേരുടേയും കരച്ചിലിനെ കുറിച്ചായിരുന്നു സംസാരിക്കുന്നുണ്ടായിരുന്നത്. ഒപ്പം ഉണ്ടാകേണ്ടവരെ രണ്ടു ദിവസമായിട്ടും കാണാതിരിക്കുമ്പോഴുള്ള ആധി മറ്റാരേക്കാളും എനിക്കു മനസ്സിലാകും. ഞാനും അതേ അവസ്ഥയിൽ ആണല്ലോ…
മിക്കവാറും വൈകുന്നേരങ്ങളിൽ പശുവിനെ തൊഴുത്തിൽ കെട്ടിയതിനു ശേഷമാണ് വായനശാലയിലേക്ക് ഞാൻ വരാറുള്ളത്. പുസ്തകങ്ങളൊന്നും വായിക്കാനല്ല. പത്രത്തിന്റെ ആദ്യവും മരണ കോളവും മാത്രം നോക്കി മടക്കി വെക്കും. മരിച്ചവരിൽ എന്റെ പ്രായമുള്ള എത്ര പേരുണ്ടെന്ന് പ്രത്യേകം ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു…
കാണാതായി പോയ സുകുമാരനെ കുറിച്ച് സംസാരിച്ചതിന് ശേഷം എല്ലാവരുമൊരു തീരുമാനത്തിലെത്തി. പരാതി കൊടുത്ത് രണ്ടു നാളായിട്ടും യാതൊരു നടപടിയുമെടുക്കാത്ത പോലീസ് സ്റ്റേഷനിലേക്ക് മാർച്ചു നടത്തുക എന്നതായിരുന്നുവത്. ജനകീയ മാർച്ച് സിന്ദാബാദ് എന്ന് ആരോ വിളിച്ചു പറയുകയും ചെയ്തു. വായന ശാലയിൽ ഉള്ള എല്ലാവരും പങ്കെടുക്കണമെന്ന് പറഞ്ഞപ്പോൾ എനിക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. ഞാൻ ആകെ ക്ഷീണത്തിലായിരുന്നു. സ്വന്തമെന്ന് പറയാൻ വിരലിൽ എണ്ണാവുന്ന ചിന്തകളേയുള്ളൂ തലയിൽ. അതുമായി സുകുവിനെ തേടാനുള്ള മാനസികാവസ്ഥ എനിക്ക് ഉണ്ടായിരുന്നില്ല.
വൈകാതെ അവരെല്ലാം ആവേശത്തോടെ ഒരുമിച്ച് പുറത്തേക്ക് ഇറങ്ങി. എന്റെ ഭാഗ്യത്തിന് ഷെൽഫിന്റെ അരികിലേക്ക് ഒതുങ്ങിയിരുന്ന എന്നെ ആരും കണ്ടില്ല. കയറ്റത്തിനു ഇറക്കമുണ്ടെന്ന് പറയുന്നതു പോലെ നിർഭാഗ്യവും ഉണ്ടായി. വായന ശാല പുറത്തു നിന്ന് അടക്കപ്പെട്ടു…
ഈ നാട്ടുകാരുടെയൊരു കാര്യം… ഇതൊക്കെ പൂട്ടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിട്ട് എന്തെങ്കിലും പ്രയോജനമുണ്ടോ! ഉണ്ടാകുമായിരിക്കും! എന്തായാലും ആരെങ്കിലും വരുന്നതു വരെ ഇതിനകത്ത് ഇരിക്കുക തന്നെ. കഴിഞ്ഞ മണിക്കൂറുകളിലെല്ലാം അതുതന്നെ ആയിരുന്നുവല്ലോ ഞാൻ ചെയ്തിരുന്നത്…
സത്യം പറഞ്ഞാൽ വായന ശാല കണ്ടപ്പോഴാണ് ആശ്വാസമായത്. ഓർമ്മ വെച്ച കാലം തൊട്ടേയുള്ള പരിചയമായതു കൊണ്ട് എത്ര നേരം വേണമെങ്കിലും ഇവിടെ ഇരിക്കാം. നിന്നു പോയെന്ന് തോന്നിയാൽ ഇരിക്കുക തന്നെയാണ് ഉചിതം. ഞാൻ ഇരുന്നു. ശ്വാസത്തിനൊരു പ്രത്യേക താളം അനുഭവപ്പെടുന്നുണ്ട്. കണ്ണുകൾ വരെ ശ്വസിക്കുന്നതു പോലെ…
അൽപ്പ നേരങ്ങൾക്ക് ശേഷം ഷെൽഫിന്റെ മുകളിൽ നിന്ന് രണ്ടു ഡസൺ പത്രങ്ങൾ എടുത്തു ഞാൻ മുന്നിലേക്കിട്ടു. ഇരുത്തി വായിക്കാൻ തുടങ്ങിയപ്പോൾ തന്നെയൊരു സുഖം. ഒരിക്കൽ വായിച്ചതാണെങ്കിലും കഴിഞ്ഞ കാലത്തെ വർത്തകളെയെല്ലാം വീണ്ടും ഞാൻ വായിച്ചു. എവിടെ നോക്കിയാലാണ് എന്റെ ജീവിതം ഇങ്ങനെ പുതുക്കാൻ പറ്റുകയെന്ന് ആ നേരം ഞാൻ ചിന്തിച്ചിരുന്നു…
അപ്പോഴാണ് അരികിലെ കണ്ണാടിയിൽ തെളിഞ്ഞ എന്റെ മുഖത്തിലേക്ക് എന്റെ ശ്രദ്ധ തിരയുന്നത്. ആദ്യമായി കാണുന്നതു പോലെ ഞാൻ അതിലേക്ക് നോക്കി. സ്വന്തം മുഖത്തോട് മുഖം നോക്കി ഇരിക്കേണ്ടി വരുന്നയൊരു മനുഷ്യനെ സങ്കൽപ്പിക്കാൻ പറ്റുന്നുണ്ടോ! എവിടെയോ കണ്ടു മറന്ന മുഖമെന്നു കൂടി അയാൾ പറഞ്ഞാൽ എന്തായിരിക്കും സ്ഥിതി! വട്ടു തന്നെയെന്ന് പറഞ്ഞ് നാട്ടുകാർ ചങ്ങലയ്ക്ക് ഇടുമായിരിക്കും. അതുകൊണ്ട് തന്നെ പോയ നേരങ്ങളിലൊന്നും ഞാൻ ആരോടും സംസാരിച്ചിരുന്നില്ല.
സുകുവിനെ കാണാതായതു പോലെ ഈ നാട്ടിൽ നിന്ന് ഞാനും മറഞ്ഞു പോയിരുന്നുവെങ്കിൽ എത്ര നന്നാകുമായിരുന്നു. അങ്ങനെ നിരന്തര മായി മായണമെങ്കിൽ മരിക്കുക തന്നെ വേണം. അങ്ങനെ ചിന്തിച്ചപ്പോൾ സുകു മരിച്ചു പോയോയെന്ന് ഞാൻ സംശയിച്ചു പോയി..!
കാണാതെ പോയവർ ഒരിക്കലും തെളിയില്ലെന്നു കൂടി അറിയുമ്പോൾ ആരായാലും തകർന്നു പോകും. സുകുവിന്റെ പെണ്ണിന്റെയും കുഞ്ഞുങ്ങളുടേയും അവസ്ഥ വലിയ കഷ്ടത്തിലാകുമെന്നത് തീർച്ചയാണ്. ഞാൻ സംശയിച്ചതു പോലെയൊന്നും സംഭവിക്കാതിരിക്കട്ടെ.
ചില വേർപാടുകളിൽ പെട്ടുപോയാൽ എന്താണ് തേടുന്നതെന്നു പോലും മനുഷ്യർ മറന്നു പോകും! അത്രത്തോളം യാന്ത്രീകമായി മാറുമ്പോൾ ജീവിച്ചിരിക്കുന്നുണ്ടോയെന്ന് പോലും ചില നേരങ്ങളിൽ സംശയ മായിരിക്കും. ഒന്നുകൂടി സ്വയം ചികഞ്ഞ് തുടങ്ങിയപ്പോൾ എനിക്കും ഒരു ഭാര്യയുണ്ടായിരുന്നുവെന്ന് തോന്നുന്നു! അല്ലെങ്കിൽ കുഞ്ഞുങ്ങളുടെ ശബ്ദം ഇടവളകളിൽ ഞാൻ കേട്ടു കൊണ്ടേയിരിക്കില്ലല്ലോ…
യഥാർത്ഥത്തിൽ എനിക്ക് എന്താണ് സംഭവിച്ചത്! എല്ലാം നൊടിയിടയിൽ മാറിയതു പോലെ! ഞാൻ നടക്കുകയായിരുന്നു. മിന്നൽ ഏറ്റതു പോലെ നെഞ്ചിൽ പിടുത്തം വന്ന് നിന്നുപോയത് ഓർമ്മയുണ്ട്. കണ്ണുകൾ തുറന്നപ്പോൾ കൂടെ ഉണ്ടായിരുന്ന ആരെയും കാണുന്നില്ല. തീരേ പരിചയമില്ലാത്ത സ്ഥലം! പുറമേ കാണാനില്ലെങ്കിലും തലയ്ക്ക് സാരമായ പരിക്കും പറ്റിയിട്ടുണ്ട്. അതു കൊണ്ടായിരിക്കണം കാര്യമായ ഓർമ്മക്കുറവ് എനിക്ക് ഇപ്പോൾ അനുഭവിക്കേണ്ടി വരുന്നത്.
കഴിഞ്ഞുപോയ വാർത്തകൾക്ക് ഇടയിൽ ജീവിതത്തെ തിരയുന്ന ആ നിശബ്ദതയിലേക്കാണ് വായനശാലയുടെ പ്രധാന കതക് പുറത്തു നിന്ന് തുറക്കുന്ന ശബ്ദം ഉയർന്നത്. അതോടെ അകത്തേക്ക് വെളിച്ചം വീണു. എന്റെ കണ്ണുകളിൽ തട്ടിയ പ്രകാശത്തിൽ എല്ലാം വ്യക്തമായിരുന്നു…
പോലീസ് സ്റ്റേഷനിലേക്ക് മാർച്ചു നടത്താൻ പോയവർ ബഹളമില്ലാതെയാണ് തിരിച്ചു വന്നിരിക്കുന്നത്. മുന്നിൽ കണ്ടിട്ടും താൻ എങ്ങനെയാണ് അകത്തായതെന്ന് ആരും എന്നോടു ചോദിച്ചില്ല.
‘ഇവിടെ പോരെ…?’
പുറത്തു നിന്നായിരുന്നു ശബ്ദം. അവിടുത്തെ സംസാരങ്ങളെല്ലാം ശ്രദ്ധിച്ച് ഞാൻ പുറത്തേക്ക് നടക്കുമ്പോൾ എനിക്കൊരു കാര്യം മനസ്സിലായി. കുഴഞ്ഞു വീണതാണത്രെ! ടൗണിലെ പാലത്തിനടിയിൽ നിന്ന് സുകുവിന്റെ ജീവനില്ലാത്ത ശരീരം പോലീസുകാർ കണ്ടുപിടിച്ചിരിക്കുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ അനുശോചന ചടങ്ങ് സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലേക്ക് കടന്നിരിരിക്കുകയാണ് ആ വായനശാലക്കാർ.
‘ഇവിടെ പോരെ…?’
വീണ്ടും ഞാനത് കേട്ടൂ. ചടങ്ങിന്റെ ബാനറ് കെട്ടാൻ കയറിയവന്റെ ശബ്ദമായിരുന്നുവത് . ഏറെ സംശയത്തോടെ ഞാൻ അങ്ങോട്ടേക്ക് നടക്കുകയായിരുന്നു. ശ്രദ്ധിച്ചപ്പോൾ, കൊള്ളാമെന്ന് തോന്നി. സുകുവിന്റെ ചിത്രമൊക്കെ നന്നായിട്ടുണ്ട്. ഓർത്ത് വരുമ്പോൾ എന്റെ പ്രായമേയുള്ളൂ അവന്. അങ്ങനെ പലതും ചിന്തിക്കുന്നതിന് ഇടയിൽ കണ്ണുകൾ സുകുവിന്റെ നോട്ടത്തിൽ കുടുങ്ങിപ്പോയി. പ്രായം മാത്രമല്ല; കാഴ്ച്ചയിലും സമാനതയുള്ളത് പോലെ! അത് അതിശയമായിരിക്കുന്നു! സ്ഥിരതയില്ലാത്ത ഓർമ്മകളുമായി കഴിഞ്ഞ മണിക്കൂറുകളിലെല്ലാം അലഞ്ഞ് തിരിഞ്ഞ എന്റെ അതേ മുഖം…
‘ഭാർഗ്ഗവേട്ടാ… ഇവിടെ പോരേയെന്ന്…?’
ഏണിയിൽ നിന്ന് താഴേക്ക് നോക്കിക്കൊണ്ടാണ് ബാനറ് കെട്ടാൻ കയറിയവൻ വീണ്ടുമത് ചോദിച്ചത്. ഇനി ആർക്കും എന്നെ കേൾക്കാൻ പറ്റില്ലായെന്ന് ബോധ്യമായിട്ടും അതിനുള്ള മറുപടി ഞാൻ പറയുകയായിരുന്നു…
‘മതി. അവിടെ മതി…!!!’