ഊന്നുവടികൾ
എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്
ഓട്ടോറിക്ഷയിൽ നിന്നുമിറങ്ങി വീട്ടുപടിയ്ക്കലേക്കു നടക്കുമ്പോൾ കൃഷ്ണനുണ്ണി വേച്ചു വീഴാനാഞ്ഞു. ചേർത്തുപിടിച്ചു കൂടെ നടന്നിരുന്ന ഉമയുടെ തോളുകളിൽ അയാളുടെ ശരീരഭാരം മുഴുവനും വന്നുചേർന്നു. അവളുടെ പാദങ്ങളും തെല്ലിടറി. കൃഷ്ണനുണ്ണി, ഭാര്യയോട് പാതി കളിയും പാതി കാര്യവുമായി ചോദിച്ചു.
“വീഴാൻ പോയല്ലോടോ താൻ; ഊന്നുവടികളില്ലാതെ ചുവടുവയ്ക്കാൻ ശ്രമിക്കുമ്പോൾ വേച്ചുപോകുന്നു. സ്വയമേവ സഞ്ചരിക്കാൻ മറന്നിട്ട് നാലഞ്ചു മാസങ്ങൾ കഴിഞ്ഞിരിക്കുന്നു ഇനിയൊന്നീന്നു നടക്കാൻ പഠിക്കണം. കുഞ്ഞുപിള്ളാരേ പോലെ. ഒറ്റയടിവച്ച്, വേച്ചും വിയർത്തും നടത്തം പുനരാരംഭിക്കണം.”
ഉമയുടെ ചൊടികളിൽ നേർത്തൊരു ചിരി വിടർന്നു. തോളുകളിലൂടെ പടർന്ന മെലിഞ്ഞ കയ്യിൽ കവിളുരസിക്കൊണ്ട്, പതിയേ പറഞ്ഞു.
“എല്ലാം ശരിയാകും. എല്ലാം, തീരെ മേലനക്കാൻ സാധിക്കാതിരുന്ന അവസ്ഥയിൽ നിന്നും ഇത്രടം വരേയെത്തിയല്ലോ. കുറച്ചുനാൾ കൂടി കാത്താൽ ഉറച്ച ചുവടുകളോടെ ഏട്ടന് നടക്കാനാവും തീർച്ച”
കുഞ്ഞുവീടിൻ്റെ അകത്തളത്തിലൂടെ പതിയേ നടന്നവർ കിടപ്പുമുറിയിലേക്കെത്തി. കൃഷ്ണ നുണ്ണിയേ കട്ടിലിലേക്കിരുത്തുമ്പോൾ ഉമ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.
“ഏട്ടൻ ഇവിടേയിരിക്ക്, ഞാൻ കിഴക്കേക്കാരോടെ പോയിട്ട് മോളേ കൂട്ടീട്ടു വരട്ടേ. എന്നിട്ടു ചായ വച്ചുതരാം. കാലത്തു പോയതല്ലേ നമ്മള്; അവള് ഭക്ഷണമൊക്കെ കഴിച്ചോ ആവോ? കിഴക്കേലെ ഗായത്രിക്കു മോളെ വല്യ കാര്യമായത് നന്നായി. അവളുടെ കുട്ടികൾക്കൊപ്പം മോളും ഭക്ഷണം കഴിച്ചുകാണും. ഇപ്പോ അവിടുത്തേ കുട്ടികളുടെ കൂടെ കളികളുടെ തകൃതിയിലായിരിക്കും. സ്കൂള് നേരത്തേയടച്ചത് രക്ഷിതാക്കൾക്ക് ബാധ്യതയായി. കുറുമ്പൻമാരേയും കുറുമ്പത്തികളേയും മൂന്നുമാസത്തോളം മേക്കാന്നു വച്ചാ കഷ്ടം തന്നെയാണേ..ദാ വരണു, ഏട്ടാ”
ഉമ പോയപ്പോൾ, കൃഷ്ണനുണ്ണിയവിടേ തനിച്ചായി. മുറിയിലെ സിമൻ്റലമാരിക്ക് വാതിലുകളില്ലായിരുന്നു. ഓരോ കള്ളികളിലും എക്സ്റേയുടെയും വിവിധയിനം സ്കാനിംഗുകളുടേയും റിസൽട്ടുകൾ നിറഞ്ഞുകിടന്നു. മുറിയിലാകമാനം ഒരു മടുപ്പിക്കുന്ന മരുന്നുമണം തങ്ങിനിന്നു. മാസങ്ങളായി ഒരാൾ തളർന്നുകിടന്ന മുറിയുടെ ഗന്ധം..കൃഷ്ണനുണ്ണി മോളെക്കുറിച്ചോർത്തു. ഇപ്പോൾ കുതിച്ചുവരും, ഒരു പത്തുവയസ്സുകാരി; മഹാ വികൃതി.
ഉമയേ വിവാഹം കഴിച്ചുകൊണ്ടുവന്നതീ വാടകവീട്ടിലേക്കായിരുന്നു..തറവാടു, വിധിപ്രകാരം ഇളയ സഹോദരങ്ങൾക്കായി നീക്കിവയ്ക്കപ്പെട്ടു. അന്നത്തേ ഭാഗിക്കലിൽ ലഭിച്ച അഞ്ചുലക്ഷം രൂപയായിരുന്നു ആദ്യത്തെ ബാങ്ക് ഡിപ്പോസിറ്റ്..പൊതുമേഖലാ സ്ഥാപനത്തിലെ കരാർ തൊഴിലാളിയുടെ വാടകപ്പുരയിലേക്കു വരാനുള്ള യോഗമായിരുന്നിരിക്കണം ഉമയുടേത്.
നാട്ടുകാരെല്ലാവരും നല്ലവനെന്നു വിധിച്ചൊരാളെ അവളുടെ വീട്ടുകാർ തിരസ്ക്കരിച്ചില്ല. ഈ ചെറിയ വീട്ടിലേക്കവൾ വലംകാൽ വച്ചു കയറുമ്പോൾ അവളുടെയുടലിൽ ഇരുപതുപവനോളം സ്വർണ്ണാഭരണങ്ങളുണ്ടായിരുന്നു.
അന്നു തുടങ്ങിയ പ്രയത്നമാണ് സ്വന്തമായൊരിത്തിരി മണ്ണിനു വേണ്ടി. എണ്ണിച്ചുട്ട വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചു വച്ച പത്തുലക്ഷം രൂപയുടെ നൂറുമാസച്ചിട്ടി ആറുമാസം മുൻപാണ് ലഭിച്ചത്. ഇത്തിരി നല്ലൊരിടം വാങ്ങണമെന്നത് നിർബ്ബന്ധമായിരുന്നു. സെൻ്റിനു മൂന്നര ലക്ഷം രൂപാ വീതം വിലയുള്ള അഞ്ചുസെൻ്റ് സ്ഥലം ഒരിടനിലക്കാരൻ വഴി കണ്ടെത്തി. എട്ടര വർഷത്തേ സമ്പാദ്യം, കുറിപ്പണമടക്കം പന്ത്രണ്ടു ലക്ഷം രൂപാ അക്കൗണ്ടിലുണ്ട്. ഉമയുടെ താലിമാലയൊഴികേയുള്ള സ്വർണ്ണം പതിനഞ്ചു പവനോളം വരും. ഇപ്പോൾ സ്വർണ്ണത്തിനു വിലയുള്ള കാലമാണ്..ആറു ലക്ഷത്തോളം അതിനു മൂല്യമുണ്ട്. ഇടനിലക്കാരൻ്റെ കമ്മീഷനും രജിസ്ട്രേഷൻ ഫീസും രണ്ടുലക്ഷത്തോളം വരും. ഇരുപതു ലക്ഷത്തോളം രൂപയുണ്ടെങ്കിൽ സംഗതി നടക്കും.
കാര്യങ്ങളെല്ലാം ഒരുവിധം ഭംഗിയായി നടന്നു. ഒരുലക്ഷം രൂപാ അഡ്വാൻസ് കൊടുത്ത്, പതിനൊന്നു മാസത്തേക്ക് കരാറെഴുതി. അത്രയും നാളുകൊണ്ട് ബാക്കി തുകയൊപ്പിക്കണം. ജോലി കഴിഞ്ഞു വന്നശേഷം, രാത്രി എട്ടുമണി മുതൽ ടൗണിലേ രാത്രിത്തട്ടുകടയിൽ ജോലിക്കു പോയിത്തുടങ്ങിയത് അക്കാലത്താണ്. തനിച്ചാണ്, ഭയമാകുമെന്നും, തുടർച്ചയായുള്ള ഉറക്കമിളയ്ക്കൽ ജോലിയേയും ആരോഗ്യത്തേയും ബാധിക്കുമെന്നും ഉമ പലതവണ പറഞ്ഞതാണ്. പത്തുവയസ്സുകാരി കുറുമ്പിയും പറഞ്ഞു, അച്ഛൻ പോകേണ്ടെന്ന്. സ്നേഹപൂർവ്വം അവഗണിച്ച് രാത്രിജോലിക്ക് പോയിത്തുടങ്ങി.
ദിനവും അഞ്ഞൂറു രൂപാ ലഭിക്കും. വീട്ടുകാര്യങ്ങൾ തൽക്കാലം അതിനാൽ കഴിഞ്ഞു പോകട്ടേ. ബാക്കിയാവുന്നത് സ്ഥലത്തിൻ്റെ ബാധ്യതകളിലേക്കു ചേർത്തുവയ്ക്കാം.
രാത്രിജോലി, തുടക്കത്തിൽ ഏറെ ക്ലേശകരമായിരുന്നു. പലപ്പോഴും ഉറക്കം ബലമായി കീഴ്പ്പെടുത്താൻ ശ്രമിച്ചു. പൊരുതി നിന്നു.nഏതെങ്കിലും കോളേജ് വിദ്യാർത്ഥികളുടെ ടൂർ സംഘം വലിയ ബസ്സുകളിലെത്താൻ പ്രാർത്ഥിച്ചു. അത്തരം ദിവസങ്ങളിൽ, അതിവേഗം കച്ചവടം പൂർത്തിയാകും. വേഗം വീട്ടിലെത്തും. ഉറക്കത്തിനു കീഴ്പ്പെടും. രാ പ്രണയവും മൈഥുനങ്ങളും വിരലിലെണ്ണാവുന്നതായി ശോഷിച്ചു.
രജിസ്ട്രേഷന് ഒരാഴ്ച്ച ശേഷിക്കേയാണതു സംഭവിച്ചത്..പുലർച്ചേ, സൈക്കിളിൽ വീട്ടിലേക്കു മടങ്ങുമ്പോൾ എതിരേ വന്നൊരു ഓട്ടോയുമായി കൂട്ടിയിടിച്ചു വീണത്. ഓർമ്മകൾ തിരികേയെത്തുമ്പോൾ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലായിരുന്നു. ഒരു മാസത്തോളം അവിടേത്തന്നേ കിടന്നു. ഒടിഞ്ഞ കൈകാലുകളും നട്ടെല്ലും പൂർവ്വസ്ഥിതിയിലെത്താൻ ഏറെ സമയമെടുത്തു. ഫിസിയോ തെറാപ്പികൾ ഇനിയുമുണ്ട് ബാക്കി. ഹോസ്പ്പിറ്റൽ ബില്ലു തന്നേ ആറുലക്ഷത്തോളമായി. ജീവനും ജീവിതവും തിരിച്ചു കിട്ടിയതു ഭാഗ്യം.
“അച്ഛാ”
അകത്തളത്തിലൂടെയൊരു പാദസരക്കിലുക്കം അരികെയരികേ യെത്തിക്കൊണ്ടിരുന്നു. മോൾ ഓടി വന്നു, കൃഷ്ണനുണ്ണിയേ പുണർന്നു.
” അച്ഛൻ്റെ ഊന്നുവടികൾ കളഞ്ഞോ? നടക്കാറായോ അച്ഛന്?”
അവൾ, പായാരം തുടർന്നു. ഉമ അകത്തേക്കു വന്നു..അവളുടെ കയ്യിൽ ചുടുചായയുണ്ടായിരുന്നു.
“മോളേ, ഇനി മുതൽ, നമ്മളാണ് അച്ഛൻ്റെ ഊന്നുവടികൾ..അച്ഛൻ സ്വയം നടക്കുംവരേ നമുക്കച്ഛനോടു ചേർന്നുനടക്കാം”
മോൾ തലയാട്ടി. തെല്ലുനേരം മുറിയകത്ത് ചുറ്റിത്തിരിഞ്ഞ ശേഷം,.അവൾ അകത്തളത്തിലേക്കു നടന്നുമറഞ്ഞു. ഉമ പറഞ്ഞു..
” ആ സ്ഥലത്തിൻ്റെ ഉടമസ്ഥൻ നല്ലവനായിരുന്നു. അഡ്വാൻസ് തുക തിരിച്ചുതന്നൂലോ,.അതു ഭാഗ്യായി”
അവൾ, കട്ടിൽത്തലയ്ക്കലിരുന്നു. അവളേയും ചേർത്തുപിടിച്ചയാൾ പറഞ്ഞു.
“നമ്മളിനിയും ശ്രമിക്കും. ഇത്തിരി വൈകിയാലും ഈശ്വരൻ അതു സാധിച്ചുതരാതിരിക്കില്ല. ജീവൻ തിരിച്ചുകിട്ടിയല്ലോ; കൊറോണയും കോവിഡുമെല്ലാം എത്ര സമ്പന്നരേയോണ് ഇല്ലാതാക്കിയത്. പതിയേ ജോലിക്കു പോകാൻ എനിക്കു സാധിക്കും. നമ്മളിനിയുമൊരു ചിട്ടി ചേരും..ചിലപ്പോൾ, ഇൻഷൂറൻസ് തുക ലഭിക്കും. നമ്മുടെ മോളുടെ കല്യാണം, നമ്മുടെ സ്വന്തം വീട്ടിൽ വച്ചു നടത്തണം. അവളുടെ മോഹം പോലെ, ഉമ്മറത്തു പൂന്തോട്ടമുള്ളൊരു കൊച്ചുവീട്ടിൽ വച്ച്,.നമുക്ക് സാധിക്കും; തീർച്ച”
അയാളുടെ കൈത്തണ്ടയിൽ മുഖം ചായ്ച്ച് അവൾ മന്ത്രിച്ചു.
“നമുക്ക് സാധിക്കും ഏട്ടാ, ഇനിയെനിക്കും, എന്തെങ്കിലും ചെറിയ ജോലി നോക്കാമല്ലോ..മോൾക്ക് തിരിച്ചറിവായി വരികയല്ലേ. നമുക്ക് സാധിക്കും”
അവൾ, അയാളിലേക്കു ചാഞ്ഞു. സന്ധ്യയിൽ, ആ കുഞ്ഞു വീടും തൊടിയും ചുവന്നു തുടുത്തു. അവളുടെ കവിൾത്തടങ്ങൾ പോലെ.

