എഴുത്ത്:- ശ്യാം കല്ല്കുഴിയിൽ
” നീ വേഗം കയ്യും കാലും കഴുകി വീട്ടിൽ പോകാൻ നോക്കിയേ….”
അത് പറഞ്ഞാണ് മേശിരി കയ്യും കാലും കഴുകാൻ തുടങ്ങിയത്…
” വീട്ടിലേക്ക് പോകാൻ തന്നെയല്ലേ കഴുകുന്നേ…. “
കൈ വെള്ളയിൽ പൊങ്ങി നിൽക്കുന്ന തൊലി കടിച്ചു തുപ്പി നീറ്റലിലേക്ക് ഊതി പിന്നെയും കൈകൾ പൈപ്പിൻ ചുവട്ടിൽ നീട്ടി പിടിച്ച് ഹരി കഴുകാൻ തുടങ്ങി …
മുഷിഞ്ഞ കുപ്പായം തുണിക്കടയിലെ കവറിലിട്ട് മടക്കി കക്ഷത്തിലേക്ക് വയ്ക്കുമ്പോൾ മേശിരി ചുരുട്ടി പിടിച്ച പൈസ അയാളുടെ കയ്യിലേക്ക് വച്ച് കൊടുത്തു …
” ഇതെന്തുപറ്റി ഇങ്ങക്ക് ലോട്ടറി അടിച്ചോ… ഒരാഴ്ചത്തേ പൈസ ഒരുമിച്ച് കിട്ടിയല്ലോ…. “
അത് പറഞ്ഞ് ഹരി പൈസ പോക്കറ്റിൽ തിരുകി കക്ഷത്തിലിരുന്ന കവർ ഒരു കയ്യിൽ മടക്കി പിടിച്ച് നടക്കുമ്പോൾ നാളെ വരാൻ മേശിരി അയാളെ ഓർമിപ്പിച്ചിരുന്നില്ല…
” ആഹാ ഇന്ന് ഇലയട ഉണ്ടല്ലോ.. ഒരഞ്ചേണ്ണം പൊതിഞ്ഞെടുത്തെ ഇത്താ… “
പതിവുപോലെ വഴി വക്കിൽ ചായ കട നടത്തുന്ന ഇത്തയുടെ കടയിൽ എത്തുമ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു….
” പിള്ളേർക്കിത് വല്യ ഇഷ്ടമാ, അവളിപ്പോ ജോലിക്ക് പോയി തുടങ്ങിയത് കൊണ്ട് ഒന്നിനും സമയമില്ല, ഞായറാഴ്ച ആയിട്ട് ഇന്നലേം അവൾക്ക് പോകേണ്ടി വന്നു, മീറ്റിങ്ങോ എന്തൊക്കെയോ ഉണ്ട് ഇന്നിപ്പോ എത്തി കാണും മിക്കവാറും… അല്ല അവള് പോകുന്നത് ഇത്ത കണ്ടോ…. “
ഇത്ത പലഹാരം പൊതിഞ്ഞെടുക്കുമ്പോൾ പതിവുപോലെ തന്റെ വർത്താനം തുടർന്നെങ്കിലും ഇത്ത ഒന്നും മിണ്ടാതെ പൊതി കയ്യിലേക്ക് വച്ച് തരുമ്പോൾ ഇടയ്ക്കവർ കണ്ണ് തുടയ്ക്കുന്നത് വിറകടുപ്പിന്റെ പുക അടിച്ചിട്ടാകുമെന്നാണ് ഹരി കരുതിയത്….
വീടിനോട് അടുക്കുമ്പോൾ രമേശേട്ടന്റെ വീടിന്റെ മുന്നിൽ നിൽക്കുന്ന ആൾക്കൂട്ടം തന്റെ വീട്ടിലേക്കും മാറി മാറി പോയി വരുന്നത് കണ്ടപ്പോൾ നെഞ്ചോന്ന് പിടഞ്ഞുകൊണ്ടാണ് കയ്യിലെ കവർ മുറുക്കെ പിടിച്ചു നടത്തതിന്റെ വേഗത അയാൾ കൂട്ടിയത് …
” എന്താ എന്തുപറ്റി…. “
കൂട്ടത്തിൽ ആദ്യം കണ്ട ഗിരീഷിനോട് ചോദിക്കുമ്പോൾ, അവൻ ഒന്നും മിണ്ടാതെ ഹരിയേയും കൂട്ടി വീട്ടിലേക്കാണ് നടന്നത്, മുറ്റത്ത് നിൽക്കുന്ന പിള്ളേരെ കണ്ടപ്പോൾ ഹരിയുടെ മനസ്സിനൊരു ആശ്വാസം തോന്നിയെന്നാലും സംശയത്തോടെ ഹരി ഗിരീഷിന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു …
” എടാ ബിന്ദുവിനൊരു ആക്‌സിഡന്റ് പറ്റി, നമുക്ക് ആശുപത്രി വരെ പോയി വരാം… “
അത് പറഞ്ഞ് ഗിരീഷ് തന്നെയാണ് ഹരിയുടെ കയ്യിലിരുന്ന കവർ വാങ്ങി മോളുടെ കയ്യിലേക്ക് കൊടുത്തത്….
” അവൾക്ക് എന്താ പറ്റിയെ… “
ഗിരീഷിന്റെ ഓട്ടോയുടെ പിന്നിൽ ഇരിപ്പ് ഉറയ്ക്കാതെയാണ് അയാൾ ചോദിച്ചത് കൊണ്ടിരുന്നതെങ്കിലും ഗിരീഷൊന്നും മിണ്ടിയിരുന്നില്ല….
ആശുപത്രിവളപ്പിലെ ആൾക്കൂട്ടത്തിൽ കരഞ്ഞു കലങ്ങിയ കണ്ണുമായി രമേശേട്ടന്റെ ഭാര്യ നിൽക്കുന്നെങ്കിലും ഗിരീഷ് അയാളെ അവർക്കരികിൽ നിന്ന് മാറ്റി നിർത്തുമ്പോൾ താനറിയത്ത ഒരുപാട് കഥകൾ ഇതിനോടകം നടന്നു കഴിഞ്ഞിരുന്നെന്ന് അയാൾ അറിഞ്ഞില്ല….
അറ്റൻഡർ കൊണ്ടുവന്ന കടലാസ് പേപ്പർ വാങ്ങി ഹരിയെകൊണ്ട് ഒപ്പിടീപ്പിച്ചത് ഗിരീഷായിരുന്നു, അപ്പോഴും കാര്യമൊന്നും അറിയാതേ ഭിത്തിയും ചാരി നിന്ന അയാളുടെ മുന്നിലൂടെ രണ്ട് ആംബുലൻസ് മോർച്ചറിയുടെ ഭാഗത്തേക് നീങ്ങിപ്പോയിരുന്നു ….
നടക്കുമ്പോൾ കയ്യും കാലും തളർന്ന് താഴേക്ക് വീണുപോകുമായിരുന്ന അയാളെ ചേർത്ത് പിടിച്ചാണ് ഗിരീഷ് മോർച്ചറിക്ക് മുന്നിലേക്ക് നടന്നത് ….
വെള്ള പുതച്ച രണ്ട് രണ്ട് രൂപങ്ങൾ മോർച്ചറിയുടെ വാതിൽക്കൽ എത്തുന്നത് വരെ പുറത്തേക്ക് വരാതെയിരിക്കാൻ ശ്രമിച്ചിരുന്ന കണ്ണുനീർ അയാളുടെ കവിളിൽ കൂടി ഒഴുകി തുടങ്ങിയിരുന്നു….
അറ്റൻഡർ തന്നെയാണ് വെള്ളതുണി മാറ്റി മുഖം കാണിച്ചത്, രമേശേട്ടന്റെ മുഖം കണ്ടപ്പോൾ ഹരിയാദ്യം അയാളുടെ ഭാര്യയുടെ മുഖത്തേക്കാണ് നോക്കിയത്, സാരി തുമ്പ് കടിച്ചു പിടിച്ച് നിൽക്കുന്നവരെ നോക്കിനിൽകാനുള്ള ശക്തി അയാൾക്കില്ലായിരുന്നു, മൃതദേഹത്തിനൊപ്പം അവരെയും ആരൊക്കെയോ ആംബുലൻസിലേക്ക് കയറ്റി….
ബിന്ദുവിന്റെ മുഖം കണ്ടിട്ട് കരയാൻ പോലും കഴിയാതെ ഹരി ഒരുനിമിഷം ആ മുഖത്തേക്ക് തന്നെ നോക്കിനിന്നു. മരിച്ചു മരവിച്ചു കിടക്കുന്ന അവൾക്കരികിൽ, അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അയാളും ആംബുലൻസിൽ കയറിയിരുന്നു…..
” ആത്മഹത്യയായിരുന്നു,…. രണ്ടുപേരും തമ്മിൽ എന്തൊക്കെയോ ബന്ധങ്ങൾ….. ലോഡ്ജിൽ നിന്നാണ്…… “
പാതി മുറിഞ്ഞ വാക്കുകൾ ഗിരീഷ് പറയുന്നത് കേട്ടയാളുടെ നെഞ്ചു പൊട്ടുന്നുണ്ടായിരുന്നു …
രമേശേട്ടൻ, സ്വന്തം ചേട്ടനെ പോലെ കരുതിയിരുന്ന മനുഷ്യൻ, അയാൾ വീട്ടിൽ വരുന്നതും പോകുന്നതും, സംസാരിക്കുന്നതുമൊക്കെ ഹരിയുടെ മനസ്സിൽ തെളിഞ്ഞു വന്നു കൊണ്ടിരുന്നു, അയാൾ തന്നെയാണ് അവൾക്ക് ജോലി ശരിയാക്കി കൊടുത്തതും… പാവം ആ ചേച്ചി…. ചിന്തകൾ മാറി മറിഞ്ഞു വന്നുകൊണ്ടിരിക്കുമ്പോൾ വീടെത്തിയിരുന്നു…
ആരൊക്കെയോ ചേർന്നാണ് അവളുടെ മൃതദേഹം പുറത്തേക്ക് ഇറക്കി ഉമ്മറത്തേക്ക് കിടത്തിയത്, ആരെയും നോക്കാൻ കഴിയാതെ മക്കളെ ചേർത്ത് പിടിച്ച് തല കുമ്പിട്ട് ഉമ്മറത്തെ ഭിത്തിയും ചാരി ഇരിക്കുമ്പോൾ, സ്വന്തം ഭാര്യയുടെ കഥകൾ അവിടെക്കൂടി നിന്നവർ അടക്കം പറയുന്നത് മക്കൾ കേൾക്കാതെയിരിക്കാൻ അവരുടെ ചെവി പൊത്തി പിടിച്ച് നെഞ്ചുപൊട്ടി ഹരിയിരുന്നു….
പെട്ടെന്നാണ് ജോലി കഴിഞ്ഞു കൊണ്ടുവന്ന കവർ ഉമ്മറത്തെ അരഭിത്തിയിൽ ഇരിക്കുന്നത് കണ്ടത്, മക്കളെയും കൊണ്ട് എണീറ്റ് ആ കവറുമായി ഹരി ഉള്ളിലേക്ക് നടക്കുന്നത് നോക്കി ചുറ്റും കൂടി നിന്നവർ നിന്നു….
” എന്താടാ ഇത് നി അവിടെ പോയിയിരുന്നേ…. “
ഗ്യാസ് അടുപ്പിൽ ചായ പാത്രത്തിൽ വെള്ളമെടുത്ത് വയ്ക്കുന്നത് കണ്ടാണ്, അടുത്ത വീട്ടിലെ അംബിക ചേച്ചി ഹരിയെ പിടിച്ചു മാറ്റിയത്..
” പിള്ളേർക്ക് ചായ കൊടുക്കട്ടെ ചേച്ചി, അവർ സ്കൂളിൽ നിന്ന് വന്നിട്ട് ഒന്നും കഴിച്ചില്ല…. “
കരഞ്ഞു കലങ്ങിയ കണ്ണുമായി അയാളുടെ ഇടംവലം ചേർന്ന് നിൽക്കുന്ന മക്കളെ ചേർത്ത് പിടിച്ചയാൾ അതും പറഞ്ഞ് കൊണ്ടുവന്ന കവറിൽ നിന്ന് ഇലയട എടുത്ത് മക്കൾക്ക് നേരെ നീട്ടി….
” ചായ ഞാൻ ഇട്ടു കൊടുക്കാം നി അങ്ങോട്ട് ചെന്നേ…. “
” ചേച്ചി എന്തായി പറയുന്നേ, ഇനി ഇവർക്ക് ഞാനല്ലേ ഉള്ളു ഇതൊക്കെ ചെയ്തു കൊടുക്കാൻ, പോയവർ പോയി… പോട്ടെ… അതിനിപ്പോ എന്താ… എനിക്ക് മക്കൾ ഉണ്ടല്ലോ….. “
മുണ്ടിന്റെ തുമ്പുകൊണ്ട് ഇടയ്ക്ക് ഇടയ്ക്ക് കണ്ണും മുഖവും തുടചയാൾ പറയുന്നത് അവിടെ കൂടി നിന്നവരെ കൂടി കരയിപ്പിക്കുന്നുണ്ടായിരുന്നു….
” നി അങ്ങോട്ട് വന്നേ കാര്യങ്ങൾ ഒക്കെ നടത്തണ്ടേ…. “
മക്കൾക്ക് ചായ തണുപ്പിച്ചു കൊടുക്കുന്ന ഹരിക്കരികിൽ ചെന്നാണ് ഗിരീഷ് പറഞ്ഞത്….
” ഇനി എന്ത് കാര്യം, കാര്യങ്ങളൊക്കെ അവൾ ചെയ്തു വച്ചിട്ടുണ്ടാല്ലോ.. എനിക്ക് ആ മുഖം ഇനി കാണണ്ട… “
അത് പറഞ്ഞു മുണ്ടിന്റെ തുമ്പുകൊണ്ട് അയാൾ മുഖം പൊത്തി പിടിച്ചു….
” മക്കൾ ചെല്ല് അമ്മയ്ക്ക് ഉമ്മ കൊടുത്ത് പറഞ്ഞ് വിട്ടോ…. എനിക്ക്…. എനിക്ക്… അവളെ കാണണ്ട ഗിരി…. “
അത് പറഞ്ഞയാൾ ഗിരീഷിന്റെ നെഞ്ചിലേക്ക് വീണ് പൊട്ടികരയുമ്പോൾ, എന്ത് പറയണമെന്നറിയാതെ ഗിരീഷ് അയാളെ ചേർത്ത് പിടിച്ചു….
” അച്ഛാ നമുക്ക് എങ്ങോട്ടേലും പോകാം… സ്കൂളിൽ കുട്ടികളൊക്കെ കളിയാക്കുന്നു, ഇനി ഞങ്ങൾ സ്കൂളിൽ പോകില്ല…. “
സ്കൂൾ കഴിഞ്ഞു വന്ന മക്കൾ അത് പറഞ്ഞയാളെ കെട്ടിപ്പിടിച്ചു കരഞ്ഞ അന്നുമുതൽ അയാൾ മക്കളെ ചേർത്ത് പിടിച്ചു വീട്ടിലിരുന്നു…
പിന്നെ അയാളുടെ പെരുമാറ്റം ഭ്രാന്തനെ പോലെയായിരുന്നു, വീട്ടിലേക്ക് വരുന്നവരുടെ മുന്നിൽ മക്കളെയും ചേർത്ത് പിടിച്ചയാൾ അലറി കരയുകയും, പൊട്ടി ചിരിക്കുകയും ചെയ്തു കൊണ്ടിരുന്നു…
മക്കളുടെ നിലവിളി ഉച്ചത്തിൽ കെട്ട ദിവസമാണ് രമേശേട്ടന്റെ ഭാര്യ ആ വീട്ടിലേക്ക് കയറി ചെന്നത്, മക്കളെ ചേർത്ത് പിടിച്ച് ചുറ്റും നോക്കി അലറുന്ന അയാൾക്ക് മുന്നിൽ ആ സ്ത്രീ ചെന്ന് നിൽക്കുമ്പോൾ പെട്ടെന്നയാൾ നിശബ്ദനായി…
“എന്താ ഹരിയിത് കുട്ടികൾ പേടിക്കില്ലേ….”
അവരത് പറയുമ്പോൾ അയാൾ ഒന്നും മിണ്ടാതെ കുട്ടികളെ വിട്ട് തലയിൽ കൈ വച്ച് കുമ്പിട്ടിരുന്നു….
” മക്കൾ വാ… “
അവരത് വിളിച്ചതും കുട്ടികൾ അവർക്ക് വട്ടം പിടിച്ച് നിന്നു…
” ഹരി കുട്ടികളെ ഞാൻ വീട്ടിലേക്ക് കൊണ്ട് പോകുവാ…. “
അത് പറഞ്ഞവർ ഇറങ്ങുന്നതും നോക്കി അയാൾ ഒന്നും മിണ്ടാതെ ഇരിക്കുമ്പോൾ കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു….
” മക്കൾ പേടിക്കേണ്ട, അമ്മ പോയതിന്റെ സങ്കടത്തിൽ അച്ഛൻ ഓരോന്ന് കാട്ടി കൂട്ടുന്നതാണ്, നാളെ അച്ഛനെ നമുക്ക് ആശുപത്രിയിൽ കാണിക്കാം കേട്ടോ… “
അന്ന് രാത്രി ആ കുട്ടികൾ അവർക്കിരു വശവും ചേർന്ന് കിടന്നിരുന്നു, രാത്രി എപ്പോഴൊക്കെയോ ഉയർന്നു വന്ന അയാളുടെ ഉച്ചത്തിലുള്ള അലർച്ച കുട്ടികൾ കേൾക്കാത്ത വിധം അവർ അവരെ ചേർത്ത് കിടത്തി ഉറക്കി