ചേച്ചിയെപ്പഴും കെട്യോനെ അങ്ങേര് കേക്കാതെ കാലമാ ടൻ എന്നാ വിളിക്കാ. അന്നൊന്നും കാലമാ ടൻ എന്തുവാന്ന് ഞങ്ങൾക്കറിയത്തില്ലാലോ………

Story written by Adam John

പഴയ സംഭവാണ്. ഞങ്ങടെ വീടിനപ്പുറത്തൊരു ചേച്ചിയുണ്ടാരുന്നു.

ചേച്ചിയെപ്പഴും കെട്യോനെ അങ്ങേര് കേക്കാതെ കാലമാ ടൻ എന്നാ വിളിക്കാ. അന്നൊന്നും കാലമാ ടൻ എന്തുവാന്ന് ഞങ്ങൾക്കറിയത്തില്ലാലോ.

അന്ന് ഞങ്ങടെ വീടിനു പിറകിലൂടെ റോഡിലേക്ക് ഒരെളുപ്പ വഴിയുണ്ട്. അങ്ങേര് അതിലെ പോവുമ്പോ ഞങ്ങള് പിള്ളേര് അടക്കം പറയും ദെ കാലമാ ടൻ പോവുന്നെന്ന്.

ഗ്രേസിയാന്റി ദുബായീന്ന് വന്നപ്പോ ഒന്ന് രണ്ടീസം വീട്ടിലോട്ട് താമസിക്കാൻ വന്നാരുന്നു.

ആന്റി വന്നാൽ പിന്നെ നടക്കുന്ന വഴിയേലൊക്കെ പെർഫ്യൂമിന്റെ സുഗന്ധ വാരിക്കും. വല്യപ്പച്ചന് ആ മണം ഇഷ്ടവല്ലാരുന്നു. എന്നാ വാട്ട മണവാന്നും പറഞ്ഞോണ്ട് മുഖം ചുളിക്കും.

ആന്റിക്കൊരു കൊച്ചുണ്ട്. മഹാ അലമ്പാന്നെ. തൊട്ടതിനും പിടിച്ചതിനുവൊക്കെ വാശിയാണ്.

കാലമാ ടന്റെ കാര്യം പറഞ്ഞു കേട്ടപ്പോ അവൾക്കും ഒരേ വാശി ച്ചും കാലവാദനെ കാണണോന്നും പറഞ്ഞോണ്ട്. കാര്യവറിയാതെ അന്തം വിട്ട് നിന്ന ഗ്രേസിയാന്റിയോട് ഞങ്ങള് കാലമാ ടന്റെ ഹിസ്റ്ററിയും ഭൂമി ശാസ്ത്രവും വിശദവായി തന്നെ പറഞ്ഞു കൊടുത്തു.

ഒരു സന്ധ്യ സമയത്ത് വീടിന് പിറകിലൂടെ പോവാരുന്ന കാലമാ ടൻ ചേട്ടനെ പിറകീന്ന് കൈകൊട്ടി വിളിച്ചോണ്ട് ഗ്രേസിയാന്റി പറയുവാ മിസ്റ്റർ കാലമാ ടൻ.

കൊച്ചിന് നിങ്ങളെയൊന്ന് കാണണവെന്ന് ഭയങ്കര വാശിയാന്ന്. ഞാനവളെയൊന്ന് കാണിച്ചോട്ടെന്നും.

ആന്റിയുടെ പറച്ചിൽ കേട്ടതും കാലമാ ടൻ ചേട്ടന്റെ മുഖവൊന്ന് കാണേണ്ട താരുന്നു. ആന്റിയെ കൊന്നില്ലെന്നേയുള്ളൂ.

പേടിച്ചാന്നോ എന്തോ പിറ്റേന്ന് രാവിലെ തന്നെ ആന്റി തിരികെ പോവേം ചെയ്തു. ആന്റിക്ക് പിറകെ പെർഫ്യൂമിന്റെ ഗന്ധവും വീട് വിട്ട് പോയതോടെ കടുക് താളിച്ചതിന്റേം ഉണക്കമീൻ വറുത്തതിന്റേം കുഴമ്പിന്റെയുവോക്കെ മണം പൂർവാധികം ശക്തിയോടെ വീട് ഭരിക്കാനും തുടങ്ങി.

അമ്മിണി ചേച്ചി കെട്യോനെ വിളിക്കുന്നത് പിള്ളേരുടെ അച്ഛനെന്നാ. ശരിയാണ് താനും. ചേച്ചിയുടെ പിള്ളേരുടെ അച്ഛൻ അങ്ങേര് തന്നല്ലായോ. അതുറപ്പിക്കാൻ വേണ്ടി വിളിക്കുന്നെയാവും.

വല്യമ്മച്ചിയോട് മിണ്ടുമ്പോഴൊക്കെ പിള്ളേരുടെ അച്ഛന്റെ കാര്യം പ്രത്യേകവായി പറയുന്നത് കേട്ട് അങ്ങേരെ ഞങ്ങൾക്കും നന്നായറിയാവാരുന്നു.

ഒരു ദിവസം വല്യപ്പച്ചൻ ഊണൊക്കെ കഴിഞ്ഞേച്ച് കിടന്നുറങ്ങുവാ. വല്യമ്മച്ചി കൈത മുള്ള് കത്തിയോണ്ട് ചിരവി വൃത്തിയാക്കുന്ന കൂട്ട് മുടി ചീകുവാ. അപ്പോഴാ പുറത്താരോ മുരടനക്കുന്ന ശബ്ദം കേക്കുന്നെ. അമ്മാവ നോടിച്ചെന്ന് നോക്കിയപ്പോ അമ്മിണി ചേച്ചിയുടെ കെട്യോനാ. അമ്മച്ചിയെ കണ്ട് ഏതാണ്ട് കാര്യം പറയാൻ വന്നെയാരുന്നു. അങ്ങേരെ കണ്ടപ്പോ തന്നെ അമ്മാവൻ അകത്തോട്ട് കഴുത്ത് നീട്ടിക്കൊണ്ട് വിളിച്ചു കൂവാണ് അമ്മച്ചി ദോണ്ടേ പിള്ളേരുടെ അച്ഛൻ വന്നേക്കുന്നെന്ന്.

അമ്മാവന്റെ ബഹളം കേട്ട് ഞെട്ടിയുണർന്ന് എന്തുവാടാ കാര്യവെന്ന് ചോദിച്ച വല്യപ്പച്ചനോടും അമ്മാവൻ പറഞ്ഞത് അത് തന്നാരുന്നു..അമ്മച്ചിയെ കാണാൻ പിള്ളേരുടെ അച്ഛൻ വന്നേക്കുവാന്ന്. കേട്ട പാതി കേക്കാത്ത പാതി നെഞ്ചും തടവിക്കൊണ്ട് വല്യമ്മച്ചിക്ക് നേരെ പാഞ്ഞു ചെന്നൊണ്ട് വല്യപ്പച്ചൻ ചോദിക്കുവാ പിള്ളേരുടെ അച്ഛൻ അങ്ങേരാന്നേൽ പിന്നേ ഈ വീട്ടിൽ എനിക്കുള്ള സ്ഥാനവെന്താടിന്ന്.

ഒടുവിൽ കാര്യങ്ങളൊക്കേ വിശദവായി പറഞ്ഞു മനസ്സിലാക്കിയപ്പോഴ വല്യപ്പച്ചൻ പൊടിക്കൊന്നടങ്ങിയെ.

Leave a Reply

Your email address will not be published. Required fields are marked *