Story written by Sajitha Thottanchery
കോളേജ് കഴിഞ്ഞു കയറി വരുമ്പോഴാണ് പോർച്ചിൽ മുത്തച്ഛന്റെ വണ്ടി കിടക്കുന്നത്സൗരവിന്റെ ശ്രദ്ധയിൽ പെട്ടത്.?ഇടക്കിടെ അവനെ കാണാൻ ഉള്ള വരവുണ്ട്.അകത്തു ചെന്നപ്പോൾ അമ്മുമ്മയും മുത്തച്ചനും അവനെ കാത്തിരിക്കുകയായിരുന്നെന്ന്മ നസ്സിലായി.
“നീ വൈകിയോ. ഞങ്ങൾ കുറച്ചു നേരമായി കാത്തിരിക്കുകയായിരുന്നു “. മുത്തച്ഛൻ അവനെ അടുത്ത്പി ടിച്ചിരുത്തി പറഞ്ഞു.
“നീ ഞങ്ങടെ കൂടെ അവിടെ നിൽക്കാൻ വരുന്നോ രണ്ടു ദിവസം”. കുറച്ചു നേരത്തെ സ്നേഹപ്രകടനങ്ങൾക്ക് ശേഷം അമ്മുമ്മ അവനോട് ചോദിച്ചു.
“ഇല്ല അമ്മുമ്മേ…. എനിക്ക് പഠിക്കാനുണ്ട്. എക്സാം തുടങ്ങാൻ പോകല്ലേ. പിന്നെ ട്യൂഷനും ബാക്കി കാര്യങ്ങളും ഒക്കെ ഇല്ലേ.” ഒഴിവാക്കാൻ എന്ന വണ്ണം സൗരവ് പറഞ്ഞു.
വില്ലേജ് ഓഫീസറായ ദേവന്റെ മകനാണ് സൗരവ്. അവന്റെ അമ്മ ആര്യ അവനെയും അച്ഛനെയും ഉപേക്ഷിച്ചു അവനു രണ്ടര വയസുള്ളപ്പോൾ?മറ്റൊരാളോടൊപ്പം ഇറങ്ങി പോയതാണ്. കോടീശ്വരനായ ഇലഞ്ഞിക്കൽ രാഘവമേനോന്റെയും പ്രഭാവതി രാഘവമേനോന്റെയും മകളാണ് ആര്യ. ജീവിത സൗകര്യങ്ങൾ കൂടിപ്പോയതിനാലാകാം അച്ഛന്റെ ഓഫീസിൽ പുതിയതായി ജോലിക്ക് കയറിയ ഒരുത്തനുമായി അവൾ ബന്ധം സ്ഥാപിച്ചത്.
ഒരു സുപ്രഭാതത്തിൽ ആ ചെറിയ കുഞ്ഞിനെ സ്വന്തം അമ്മയെ ഏല്പിച്ചു പുറത്ത് പോയി വരാം എന്ന് പറഞ്ഞു ഇറങ്ങി പോയതാണ് അവൾ. കാണാനില്ലെന്ന ദേവന്റെ പരാതിയിൽ അവളെ മറ്റൊരുത്തനോടൊപ്പം കൊണ്ട്വ ന്നു പോലീസ് സ്റ്റേഷനിൽ നിറുത്തിയപ്പോൾ സ്വന്തം മകനെ പോലും നോക്കാതെ മറ്റൊരുത്തന്റെ കൂടെ പോയാൽ മതിയെന്ന് ഒരു ഭാവഭേതവും ഇല്ലാതെ പറഞ്ഞവൾ ആണ് ആര്യ.
നീണ്ട പതിനാറു വർഷങ്ങൾക്ക്ശേ ഷം അവൾ തിരിച്ചു വന്നു. അവളുടെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക്. അവൾ തന്നിഷ്ടം കാണിച്ച തിനാൽ തന്റെ മരണം വരെ സ്വത്തിൽ നിന്നും ഒന്നും കൊടുക്കില്ലെന്നു അച്ഛൻ ഉറപ്പിച്ചു പറഞ്ഞപ്പോഴേ പുതിയതായി അവൾ കണ്ടു പിടിച്ചവൻ അവളെ ഉപേക്ഷിച്ചിരുന്നു. പിന്നെയും ഒരുപാട് പേർ അവളുടെ
ജീവിതത്തിൽ മാറിമാറി വന്നു.
താത്കാലിക താല്പര്യങ്ങൾക്ക് ശേഷം എല്ലാവരും അവളിൽ നിന്നും അകന്നു. അങ്ങനെ ഇരിക്കുമ്പോഴാണ്മൂ ക്കിൽ നിന്നും ബ്ലഡ് വന്നു അവൾ ഹോസ്പിറ്റലിൽ പോകുന്നത്. അതുമായി ബന്ധപ്പെട്ട് ഒരുപാട്ടെ സ്റ്റുകൾക്ക് ഒടുവിൽ അവൾക്ക്കാ ൻസർ ആണെന്ന് തിരിച്ചറിഞ്ഞു. അവളുടെ ഇപ്പോഴത്തെ അവസ്ഥ ഒരു സുഹൃത്ത് വഴി അറിയാൻ ഇടവന്ന അച്ഛനും അമ്മയും അവളെ കൂട്ടിക്കൊണ്ട് വന്നതാണ്.
“എത്ര ആയാലും മകളല്ലേ ദേവാ…. എങ്ങനാ ഞാൻ ഉപേക്ഷിക്കുന്നെ?” നിസ്സഹായനായി അയാൾ പറഞ്ഞു.
ദേവൻ അച്ഛനോട് അതിനു മറുപടി ഒന്നും പറഞ്ഞില്ല. അതിന്റെ ആവശ്യമില്ലെന്ന് അയാൾക്ക് തോന്നി. ഒരുപാട് ആഗ്രഹങ്ങളോടെ ആണ് ഒരു വിവാഹ ജീവിതത്തിലേക്ക് വർഷങ്ങൾക്ക് മുൻപ് കാലെടുത്തു വച്ചത്. പണം കൊണ്ടും കുടുംബപാരമ്പര്യം കൊണ്ടും ഒട്ടും പിന്നിൽ അല്ലായിരുന്നു ദേവനും. ഒരുമിച്ചു ജീവിച്ച നാളുകളിൽ വഴക്കുകൾ പോലും ഉണ്ടായിട്ടില്ല. പോകുന്ന ദിവസം വരെ അത്രയും സ്നേഹത്തോടെ ആയിരുന്നു അവൾ ദേവനോട് പെരുമാറിയത്. അത് തന്നെ ആണ് അവനെ അത്രമേൽ ഇല്ലാതാക്കിയതും.. ചiതി…..
പരസ്പരം വഴക്കടിക്കുന്ന ദമ്പതികൾക്കിടയിൽ ആണെങ്കിൽ അങ്ങനെ എങ്കിലും സമാധാനിക്കാം. ഇത്….
വർഷങ്ങൾ എടുത്തു അവൻ ആ നാണക്കേടിൽ നിന്നും മോചിതനാവാൻ. പിന്നേ മകൻ ഉണ്ടായിരുന്നത് കൊണ്ട് ജീവിതം മുന്നോട്ട് പോയി. മറ്റൊരു വിവാഹത്തെ കുറിച്ചു അച്ഛനും അമ്മയും പറഞ്ഞെങ്കിലും അവനു വിശ്വാസം നഷ്ടപ്പെട്ടിരുന്നു.
“എന്തിനാ ഇനി വെറുതെ. വരുന്നത് നല്ല കുട്ടി ആണെങ്കിൽ വരെ എനിക്ക് സംശയം ആയിപ്പോകും. ഇനിയൊരാൾ വേണ്ട. എനിക്ക് ആരേം വിശ്വാസം ഇല്ലാതായിരിക്കുന്നു.”അച്ഛനും അമ്മയ്ക്കും തിരിച്ചു മറുപടികൾ ഉണ്ടായില്ല.
സൗരവ് അമ്മ എന്ന് വിളിച്ചു ശീലിച്ചത് ദേവന്റെ അമ്മയെ ആയിരുന്നു. ദേവന്റെ അച്ഛൻ രണ്ടു വർഷം മുൻപ് മരിച്ചു.
ദേവനും അമ്മയും സൗരവും കൂടി സമാധാനത്തോടെ സന്തോഷത്തോടെ ജീവിച്ചു വരികയാണ്. ആര്യയുടെ അമ്മയ്ക്കും അച്ഛനും ഇടക്കിടെ മകനെ വന്നു കാണാനും കൂടെ കൊണ്ട് പോയി നിറുത്താനും ദേവൻ അനുവാദം നൽകിയിരുന്നു.
“ഇന്നെന്താ വരാൻ മടി. അല്ലെങ്കിൽ അമ്മുമ്മ വിളിച്ചാൽ വരാറുണ്ടല്ലോ ” ചേർന്നിരുന്നു പ്രഭാവതി ചോദിച്ചു.
“അത് ഞാൻ പറയാതെ തന്നെ അമ്മുമ്മയ്ക്ക് മനസ്സിലായിക്കാണുമല്ലോ”. മുഖവുര ഇല്ലാതെ അവൻ പറഞ്ഞു.
“മോനേ…. എത്രയായാലും മോന്റെ അമ്മ അല്ലേ. ഈ അവസ്ഥയിൽ അവളോട് അങ്ങനെ കാണിക്കണോ. നിന്നെ ഞങ്ങൾ കുറ്റം പറയില്ല. എന്നാലും അമ്മ എന്ന അവകാശം അവൾക്കില്ലേ. അത് നിഷേധിക്കാൻ നിനക്ക് പറ്റോ. ചെയ്തതിനു ഒക്കെ അനുഭവിച്ചു തീർത്തിട്ടല്ലേ അവൾ തിരിച്ചു വന്നിരിക്കുന്നെ. മോൻ ഒന്ന് കൂടി ആലോചിച്ചു നോക്ക്.” ഉപദേശം പോലെ മുത്തച്ഛൻ അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്ന് പറഞ്ഞു.
“എന്റെ മുത്തച്ഛാ…. ഞാൻ ഒരു ചെറിയ കുട്ടി അല്ല ഈ വാക്കുകളിൽ വീഴാൻ. ഇപ്പൊ ഞാൻ കോളേജിൽ പഠിക്കുന്ന കുട്ടി ആണ്. നടന്ന കാര്യങ്ങൾ എന്റെ ഓർമയിൽ ഇല്ലെങ്കിലും എനിക്ക് എല്ലാം മനസ്സിലാകും. അച്ഛൻ ഒരിക്കൽ പോലും അമ്മയെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല. അത് അച്ഛന്റെ വലിയ മനസ്സ്. അച്ഛന്റെ സ്ഥാനത്തു ഞാൻ എങ്ങാനും ആയിരുന്നെങ്കിൽ….”അവന്റെ കണ്ണിലെ കനലുകൾ കണ്ടപ്പോൾ അവിടം കുറച്ചു നേരത്തേക്ക് നിശബ്ദമായി.
“അമ്മ എന്ന അവകാശം ഞാൻ കൊടുത്തിരിക്കുന്നത് ദേ ഇവിടെ ആണ്. ഞാൻ അങ്ങനെ വിളിച്ചു ശീലിച്ചത് ഇവിടെയാണ്. നിങ്ങളോട് എനിക്ക് സ്നേഹം മാത്രേ ഉള്ളു. അത് കൂടി ഇല്ലാതാക്കരുത്. എന്റെ അപേക്ഷയാണ്.” ദേവന്റെ അടുത്ത് ഇരുന്നിരുന്ന അച്ഛമ്മയെ ചെന്നു കെട്ടിപ്പിടിച്ചു അവൻ പറഞ്ഞു.
പിന്നെ അവിടെ സംസാരങ്ങൾ ഒന്നും ഉണ്ടായില്ല.അവർ യാത്ര പറഞ്ഞു ഇറങ്ങി.എന്ത് കൊണ്ടോ കുറച്ചു സമയത്തേക്ക് ആ വീട് നിശബ്ദമായിരുന്നു.
“ഇവിടെന്താ എല്ലാരും ഉറങ്ങാണോ”. കുറച്ചു സമയങ്ങൾക്ക് ശേഷം റൂമിൽ നിന്നും പുറത്ത് വന്ന സൗരവ് ഉറക്കെ ചോദിച്ചു.
“ഉറങ്ങിയില്ലെടാ, അമ്മ ഇവിടെ വെറുതെ കിടന്നതാ. മോൻ പോയി മുകളിൽ നിന്നും അച്ഛനെ വിളിച്ചിട്ട് വാ. കഴിക്കാൻ എടുത്ത് വയ്ക്കാം.” അച്ഛമ്മ വന്നു പറഞ്ഞു.
അവൻ ചെന്നപ്പോൾ മുകളിലെ റൂമിനോട് ചേർന്നുള്ള ബാൽക്കണിയിൽ അച്ഛൻ എന്തൊക്കെയോ ആലോചിച്ചു നിൽക്കുകയായിരുന്നു.
“Mr. ദേവൻ കഴിക്കാൻ വരുന്നില്ലേ ആവോ. എനിക്ക് വിശന്നിട്ടു വയ്യ.” കുറുമ്പോടെ അവൻ ചോദിച്ചു.
ഒരു എടാപോടാ ബന്ധമാണ് അവർക്കിടയിൽ. പരസ്പരം ഏറ്റവും നല്ല സുഹൃത്തുക്കൾ. മനഃപൂർവം അവർ തമ്മിൽ സംസാരിക്കാത്ത ഒരു വിഷയം മാത്രമേ ഉള്ളു. ആര്യ….. പുറത്ത് പോകുമ്പോൾ തന്നെ ആരെങ്കിലും സഹതാപം നിറഞ്ഞ വാക്കുകളുമായി വന്നാൽ അവർ അതിൽ നിന്നും ഒഴിഞ്ഞു മാറുകയെ ഉള്ളു.
“അച്ഛൻ ഇതുവരെ ചോദിക്കാത്ത ഒരു കാര്യം ചോദിച്ചോട്ടെ നിന്നോട്”. മുഖവുര പോലെ ദേവൻ പറഞ്ഞു.
“അച്ഛന് എന്നോട് എന്തും ചോദിക്കാലോ. അതിനു എന്തിനാ ഈ അനുവാദം ചോദിക്കൽ.” അച്ഛന് അഭിമുഖമായി ഇരുന്ന് അവൻ പറഞ്ഞു.
“നിനക്ക് നിന്റെ ജീവിതത്തിൽ അമ്മയെ മിസ്സ് ചെയ്തിട്ടുണ്ടോ. അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടോ ” അവന്റെ മുഖത്ത് നോക്കാതെ ആണ് ദേവൻ അത് ചോദിച്ചത്.
“ഇല്ല എന്ന് പറഞ്ഞാൽ അത് നുണയാകും അച്ഛാ. സ്നേഹം കൊണ്ട് ഞാൻ ആ കുറവ് അറിഞ്ഞിട്ടില്ല. പക്ഷേ പലരും ഒളിഞ്ഞും തെളിഞ്ഞും അത് പറയുമ്പോൾ, ചെറുപ്പത്തിലൊക്കെ സങ്കടം തോന്നിയിട്ടുണ്ട്. എന്റെ ചില സുഹൃത്തുക്കളോടൊക്കെ അമ്മ മരിച്ചു പോയിന്നു ഞാൻ പറഞ്ഞിട്ടുണ്ട്. ഒരുപക്ഷെ ഇപ്പൊ ഉള്ളതിനേക്കാൾ നല്ലത് അതായിരുന്നു എന്ന് ആഗ്രഹിച്ചിട്ടുണ്ട്. കൂട്ടുകാർ അവരുടെ അമ്മയെ പറ്റി പറയുന്ന കേൾക്കുമ്പോൾ ചില സമയങ്ങളിൽ പുച്ഛം പോലും തോന്നിയിട്ടുണ്ട്. എല്ലാ സ്ത്രീകളും ഒരുപോലെ അല്ലായിരിക്കും. അച്ഛമ്മയും അമ്മുമ്മയും ഒക്കെ സ്ത്രീകൾ തന്നെ അല്ലേ. എന്നാലും എനിക്ക് അവരോട്, എനിക്ക് ജന്മം തന്ന ആ സ്ത്രീയോട് ക്ഷമിക്കാൻ ആവില്ല അച്ഛാ”. അത്രയും പറയുമ്പോൾ ഒരുപാട് അനുഭവങ്ങൾ അവന്റെ കണ്ണിലൂടെ മിന്നിമയുന്നതായി ദേവനു തോന്നി.
“അച്ഛൻ ഒരു കാര്യം പറഞ്ഞാൽ നീ അനുസരിക്കോ?” സംശയത്തോടെ അയാൾ ചോദിച്ചു.
“അച്ഛൻ എന്ത് പറഞ്ഞാലും ഞാൻ കേൾക്കും. അതിപ്പോ അവരെ പോയി കാണാൻ ആയാലും അച്ഛന് വേണ്ടി ഞാൻ ചെയ്യും.”അവന്റെ വാക്കുകളിൽ ഉള്ള താല്പര്യക്കുറവ് ദേവനു മനസ്സിലായി.
“ഒന്നിനും വേണ്ടി അല്ല മോനേ. മരണത്തെ കാത്തിരിക്കുന്ന ഒരാളോട് നമുക്ക് പക വേണ്ട. പത്തുമാസം ചുമന്ന കണക്ക് പറയാൻ അവൾക്ക് അവകാശം ഇല്ലായിരിക്കും. പക്ഷേ ആ കണക്ക് നിനക്ക് നിഷേധിക്കാൻ പറ്റില്ല. ഒന്ന് പോയി കണ്ടേക്കു. നിന്നോട് അവൾ ചെയ്ത അതെ കാര്യം നീ തിരിച്ചു ചെയ്യണ്ട. ക്ഷമിക്കാനോ പൊറുക്കാനോ ഞാൻ പറയില്ല. എന്നാലും ഒന്ന് പോയി കണ്ടേക്കു. നിന്നെ ഞാൻ നിർബന്ധിക്കില്ല.നിന്റെതായ കാര്യങ്ങളിൽ തീരുമാനം എടുക്കാൻ മാത്രം നീ വളർന്നിട്ടുണ്ട്. മോൻ ആലോചിച്ചു തീരുമാനിക്ക്.”ദേവൻ പറഞ്ഞു നിറുത്തി.
“കഴിക്കാൻ വാ മക്കളെ. കഴിച്ചിട്ടാവാം കഥ പറച്ചിൽ.”താഴെ നിന്നും വിളി വന്നു.
ഭക്ഷണം കഴിഞ്ഞു കിടന്നിട്ടും സൗരവിന് ഉറക്കം വന്നില്ല. എന്ത് തീരുമാനം എടുക്കണമെന്ന് എത്ര ആലോചിച്ചിട്ടും അവനു ഉത്തരമുണ്ടായില്ല.
“ഒന്ന് പോയി കണ്ടേക്കാം അല്ലേ അച്ഛാ. അച്ഛൻ എന്റെ ഉള്ളിൽ പക വളർത്തി എന്ന് ആരും പറയണ്ടല്ലോ “. കാലത്തു എഴുന്നേറ്റ് വന്ന സൗരവ് പത്രം വായിച്ചു കൊണ്ടിരിക്കുന്ന ദേവനോട് പറഞ്ഞു.
“അങ്ങനെ ആരേം ബോധിപ്പിക്കാൻ നീ പോകരുത്. മറ്റുള്ളവരെ പേടിച്ചു ഒരു കാര്യത്തിലും തീരുമാനം എടുക്കരുത്. ചെയ്യുന്നത് നല്ല മനസ്സോടെ മാത്രം ആയിരിക്കണം.”പത്രത്തിൽ നിന്നും കണ്ണെടുക്കാതെ അയാൾ പറഞ്ഞു.
കോളേജ് കഴിഞ്ഞു തിരിച്ചു വരുന്നതിനിടയിൽ അവൻ അവിടെ കയറി. അച്ഛന്റെ പണ്ടത്തെ ആൽബത്തിൽ കണ്ടിട്ടുള്ള ആളേ അല്ല മുന്നിൽ ഇരിക്കുന്നത് എന്ന് അവനു തോന്നി.തന്നെ പ്രസവിച്ച ആ സ്ത്രീ…. എന്നെങ്കിലും നേരിൽ കണ്ടാൽ ചോദിക്കാൻ കൂട്ടി വച്ച ചോദ്യങ്ങൾ എല്ലാം അവൻ ആ കാഴ്ച്ചയിൽ മറന്നു പോയി. പക്ഷേ അവരോട് സ്നേഹം മാത്രം അവനു തോന്നിയില്ല. തോന്നിയത് സഹതാപം മാത്രം ആയിരുന്നു. വികാരമില്ലാത്ത ഒരു ജീവിയായി ആര്യയുടെ സ്നേഹപ്രകടനങ്ങൾക്ക് അവൻ ഇരുന്നു കൊടുത്തു.
“അമ്മയോട് മോനു വെറുപ്പാണോ “. തിരിച്ചു ഒന്നും പറയാതെ പോകാൻ ഇറങ്ങിയ അവനോട് ആര്യ ചോദിച്ചു.
“വെറുത്തിരുന്നു. ഒരുപാട്…. പക്ഷേ ഉള്ളിൽ തോന്നിയിരുന്ന ദേഷ്യമെല്ലാം ഈ നിമിഷത്തിൽ ഇല്ലാതായി. പക്ഷേ സ്നേഹം തോന്നുന്നില്ല. എനിക്ക് നിങ്ങൾ തരാത്തത് എങ്ങനെ തിരിച്ചു നൽകാൻ എനിക്ക് കഴിയും. ഞാൻ അത് ചെയ്താൽ തന്നെ അഭിനയം ആയിപ്പോയില്ലേ. ജീവിതത്തിൽ അഭിനയിക്കാൻ എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചിട്ടില്ല.”ഇത്രയും പറഞ്ഞു അവൻ ഇറങ്ങിപ്പോയി.
ആര്യയുടെ കണ്ണുകൾ നിറഞ്ഞില്ല. കരയാൻ പോലും തനിക്ക് അവകാശമില്ലെന്ന് അവൾ ഒരുപക്ഷെ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കാം….