ഞാൻ സെ,ക്സിനു വേണ്ടിയുള്ള ഒരുപകരണം മാത്രമാണ് അയാൾക്ക്…..

Boyfriend and girlfriend silhouettes kissing in dark, affection, love feeling

Story written by Divyakashyap

“”””ഞാൻ സെ,ക്സിനു വേണ്ടിയുള്ള ഒരുപകരണം മാത്രമാണ് അയാൾക്ക്.. “””””!!

ഉച്ച തിരിഞ്ഞ നേരം വെറുതെ തൊടിയിലൂടെ കറങ്ങി തിരിഞ്ഞു നടക്കുമ്പോഴാണ് അപ്പുറത്തു ചേട്ടന്റെ വീടിന്റെ വരാന്തയിൽ കാലും നീട്ടി റോഡിലേക്ക് നോക്കിയിരിക്കുന്ന ഏട്ടത്തിയെ കണ്ടു ഞാൻ അങ്ങോട്ട് ചെന്നത്..

എപ്പോഴും ചിരിച്ച മുഖം മാത്രമായി നടക്കുന്ന ഏട്ടത്തിയുടെ ഈ മുഖം എനിക്ക് പുതിയതായിരുന്നു… എന്തു പറ്റിയെന്നുള്ള എന്റെ ചോദ്യത്തിനാണ് എന്നെ ഞെട്ടിച്ച ഉത്തരം ഏട്ടത്തി നൽകിയത്…

ബാലുവെട്ടന്റെ ഭാര്യയായി ഈ വീട്ടിലേക്ക് കയറി വന്നപ്പോൾ എന്റെ കൂടെ എന്തിനും ഏതിനും ഒരു കൂട്ടായി താങ്ങായി തണലായി നിന്നത് ഏട്ടത്തിയായിരുന്നു… ഒരു പുതിയ വീട്ടിലേക്കെത്തിയതിന്റെ ഒരു ബുദ്ധിമുട്ടും എന്നെ അറിയിക്കാതെ കൊണ്ട് നടന്നതും ഏട്ടത്തിയായിരുന്നു…

എന്റെ പ്രസവസമയത്ത് എന്നോടൊപ്പം നിൽക്കാൻ സാധിക്കാതിരുന്ന എന്റെ അമ്മക്ക് പകരം അന്ന് എന്റെ അമ്മയായി നിന്നതും ഏട്ടത്തി ആയിരുന്നു…ആ ഏട്ടത്തിയാണ് ഇങ്ങനെ കണ്ണും നിറച്ചിരിക്കുന്നത്….

ഒന്നും പറയാൻ തോന്നിയില്ല.. മുഖത്തേക്ക് കണ്ണും നട്ട് ആ കൈകൾ എന്റെ ഉള്ളം കയ്യിലേക്ക് കോർത്തു വെച്ചു ഞാനിരുന്നു… ആയിരം വാക്കുകളെക്കാൾ ആശ്വാസമാണല്ലോ ചിലപ്പോഴൊക്കെ ഒരു നനുത്ത സ്പർശം ……

അത് കൊണ്ടാണെന്ന് തോന്നുന്നു ഏട്ടത്തി എന്റെ മുന്നിൽ സങ്കടങ്ങളുടെ ഭാണ്ഡക്കെട്ട് അഴിച്ചു വെച്ചത്.. ഞാൻ അറിയാത്ത… ഇതുവരെ അവരുടെ ജീവിതത്തിൽ പുറമെ നിന്നു നോക്കി കണ്ടിട്ടില്ലാത്ത ചില കാര്യങ്ങളായിരുന്നു പിന്നെ അറിഞ്ഞത്…

“ദേവൂട്ടിക്കറിയോ… എന്നെയൊന്നു നല്ല പോലെ നോക്കിയിട്ടില്ല അയാൾ… ഞാൻ ചോദിക്കുന്നതിനു ഒരു മറുപടി പറയില്ല…. എന്തെങ്കിലും കഴിക്കാൻ വാങ്ങി കൊണ്ടുവന്നാൽ എന്റെ നേരെ ഒന്ന് വെച്ചു നീട്ടില്ല…

ഒരു ആഹാരം ഉണ്ടാക്കിയാൽ നല്ലതാണെങ്കിൽ പോലും നന്നായിട്ടുണ്ട് എന്നൊരു വാക്ക് പറയില്ല… ആണ്ടില് ഓണത്തിന് മാത്രമാണ് എനിക്കൊരു സാരി വാങ്ങി തരുന്നത്… അതും എല്ലാവർക്കും എടുത്തു കഴിഞ്ഞു കാശുണ്ടെങ്കിൽ മാത്രം… കൂട്ടത്തിൽ ഏറ്റവും കുറഞ്ഞത്…. എന്തെങ്കിലും വയ്യായ്ക വന്നാൽ നിനക്കെന്ത് പറ്റി എന്ന് എന്നോടീ പതിനാല് വർഷത്തിനുള്ളിലൊന്നു ചോദിച്ചിട്ടില്ല….

ഒന്ന് വീട്ടിൽ പൊയ്ക്കോട്ടെന്ന് ചോദിക്കുമ്പോൾ മറുപടിയായി ഒരു മൂളൽ കിട്ടാത്തത് കൊണ്ട് എത്ര തവണ ഞാൻ പോകാതിരുന്നിട്ടുണ്ട് എന്നറിയോ…. അഥവാ മൂളിയാലോ ഒറ്റക്ക് ഇവിടുന്നു നടന്നു ബസ് സ്റ്റോപ്പിൽ ചെന്നു അവിടുന്ന് ബസ് കയറി പോകണം…. തിരിച്ചും അത് പോലെ തന്നെ… ഒരു ദിവസം തിരിച്ചിങ്ങോട്ട് ബസ് കിട്ടാൻ താമസിച്ചത് കൊണ്ട് രാത്രിയായി എത്താൻ… അപ്പോഴൊന്നു കവല വരെ വരുവോന്നു വിളിച്ചു ചോദിച്ചിട്ട് ഒരു മറുപടിയും പറഞ്ഞില്ല… വരുമെന്ന് കരുതി ഇരുപതു മിനിറ്റോളം ഞാനവിടെ നിന്നു… വന്നില്ല… ആ രാത്രി എന്ത് പേടിച്ചാന്നോ….. ഞാനിവിടെ വരെ ഇരുട്ടത്ത് വന്നത്….

പക്ഷെ എന്നും രാത്രിയിൽ കിടക്കും നേരം ഞാൻ വേണം… അപ്പോഴും അയാളുടെ മാത്രം ഇഷ്ടം… എനിക്കൊരു പരിഗണന നൽകില്ല.. കാര്യം കഴിഞ്ഞു തിരിഞ്ഞു കിടന്നുറങ്ങും… കാര്യം കാണാൻ കാണിക്കുന്ന സ്നേഹത്തിന്റെ കാൽ ഭാഗം അല്ലാത്തപ്പോൾ എന്നോട് കാണിച്ചൂടെ…. ഒരു പെണ്ണല്ലേ ഞാൻ… അയാളുടെ ഭാര്യയായ…അയാളുടെ രണ്ട് മക്കളുടെ അമ്മയായ ഞാനത് അർഹിക്കുന്നില്ലേ…

“””ഞാനെന്താ സെ,ക്സിനു മാത്രമുള്ള വല്ല ഉപകരണവുമാണോ.. “”””!!!!!

ഒന്നും വേണ്ടാ ദേവൂട്ടി…. ഒരുപാട് സങ്കടപ്പെടുമ്പോൾ.. “പോട്ടെ… സാരമില്ല… എന്ന് മാത്രം ഒന്ന് പറഞ്ഞാൽ മതിയാരുന്നു…. വല്ലപ്പോഴുമെങ്കിലും സ്നേഹത്തോടെ നോക്കി ഒന്ന് ചിരിച്ചാൽ മതിയാരുന്നു…

☆☆☆☆☆☆☆☆☆☆☆

ആണാണെങ്കിലും പെണ്ണാണെങ്കിലും ആശ്വാസം വാക്കുകൾ ആഗ്രഹിക്കാത്തവരായി ആരുമില്ല… ഒരു കരുതൽ സ്പർശം… ഒരു തലോടൽ… ഒരു ചുംബനം… അത് മതി…. ഒരു സങ്കടക്കടലിൽ നിന്നും നമുക്ക് കര കയറാൻ… അത് നമ്മുടെ പ്രിയപ്പെട്ടവന്റെ /പ്രിയപ്പെട്ടവളുടെ അടുത്ത് നിന്നാണെങ്കിലോ അതിനു മാറ്റ് കൂടും ❣️

✍️ദിവ്യകശ്യപ്😊

Leave a Reply

Your email address will not be published. Required fields are marked *