ടീച്ചറെ… ഹാജരില്ലെന്ന് പറഞ്ഞ് സുമേഷിന് ഹാൾട്ടിക്കറ്റ് കൊടുക്കണ്ട. ബാക്കി ഞാൻ നോക്കിക്കൊള്ളാം…മോഡൽ പരീക്ഷ കഴിഞ്ഞപ്പോൾ സുമേഷിന്റെ ക്ലാസ്സ്‌ ടീച്ചറോട് ഞാൻ പറഞ്ഞതാണ്. ആ ടീച്ചർക്ക് അവനോടൊരു താൽപ്പര്യക്കൂടുതൽ പോലെ…

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

പത്ത് ബീയിലെ സുമേഷ് എന്തായാലും തോൽക്കുമെന്ന് വനജ ടീച്ചർ പറഞ്ഞപ്പോൾ ഞാൻ അസ്വസ്ത്ഥനായി. കഴിഞ്ഞ പ്രാവശ്യത്തെ പോലെ നൂറ് ശതമാനം വിജയത്തിലേക്ക് ഇത്തവണയും സ്കൂൾ എത്തിയില്ലെങ്കിൽ എന്റെ പരാജയമായേ എല്ലാവരും കാണുകയുള്ളൂ. കാരണം, ഞാൻ ഹെഡ്മാഷ് ആയതിന് ശേഷമുള്ള ആദ്യ പൊതുപരീക്ഷ ആയിരുന്നുവത്…

‘എന്ത് പറയാനാണ് മാഷേ,… ചെക്കന് ആരാന്റെ വളപ്പിലെ മാവിൽ കല്ലെറിയാനേ നേരമുള്ളൂ… എറിഞ്ഞിട്ട് പിടിച്ചതാണെന്നൊക്കെ പറഞ്ഞ് ഇടയ്ക്ക് കിളികളെയൊക്കെ കൊണ്ട് വരും. പഠിക്കാനായി, പറഞ്ഞും തiല്ലിയുമൊക്കെ നോക്കിയതാണ്… അച്ഛനും മോനും തമ്മിലിപ്പോൾ മിണ്ടാറേയില്ല…’

അന്ന് സുമേഷിന്റെ വീട്ടിൽ ചെന്നപ്പോൾ അവന്റെ അമ്മ പറഞ്ഞതാണ്. ആ പാവത്തിന് നല്ല വിഷമമുണ്ട്. അവർക്ക് രണ്ട് മക്കളായിരുന്നു. ഇളയവൾ പഠിക്കാനൊക്കെ മിടുക്കിയാണ്. പക്ഷെ, മൂത്തവൻ തല തിരിഞ്ഞ് പോയി. എന്റെ വിധിയെന്നല്ലാതെ മറ്റെന്ത് പറയാനാണ്! നൂറ് ശതമാനം വിജയമില്ലാത്ത തുടക്കത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാനേ പറ്റുന്നില്ല…

‘ടീച്ചറെ… ഹാജരില്ലെന്ന് പറഞ്ഞ് സുമേഷിന് ഹാൾട്ടിക്കറ്റ് കൊടുക്കണ്ട. ബാക്കി ഞാൻ നോക്കിക്കൊള്ളാം…’

മോഡൽ പരീക്ഷ കഴിഞ്ഞപ്പോൾ സുമേഷിന്റെ ക്ലാസ്സ്‌ ടീച്ചറോട് ഞാൻ പറഞ്ഞതാണ്. ആ ടീച്ചർക്ക് അവനോടൊരു താൽപ്പര്യക്കൂടുതൽ പോലെ… അത് ശരിയാണോ മാഷേയെന്ന ചോദ്യവും… എനിക്ക് ദേഷ്യം തോന്നി. പറയുന്നത് അങ്ങോട്ട് കേട്ടാൽ മതിയെന്നും പറഞ്ഞ് എന്റെ മീശ വിറച്ചു. നൂറ് ശതമാനം വിജയമെന്നതിന് ഉപരിയായി മറ്റൊന്നിലും എനിക്ക് താൽപ്പര്യമില്ലെന്ന് കൂടി ചേർത്തപ്പോൾ ആ ടീച്ചറും തലയാട്ടുകയായിരുന്നു…

പ്രതീക്ഷിച്ചത് പോലെ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. പത്താം തര പൊതുപരീക്ഷയുടെ ഒരാഴ്ച്ച മുമ്പേ ആരോടും പറയാതെ സുമേഷ് നാട് വിട്ടു. സ്കൂൾഗേറ്റിന് പരിസരത്തുണ്ടായിരുന്ന വെളിച്ചമൊക്കെ എറിഞ്ഞ് പൊട്ടിച്ചായിരുന്നു അവന്റെ പോക്ക്. ചെറുക്കനെ കാണാനില്ലായെന്ന പരാതിയൊക്കെ കൊടുത്ത് ആ മാതാപിതാക്കൾ ഏറെ അലഞ്ഞു…. ഹാ.. എന്തെങ്കിലുമാകട്ടെ… നൂറ് ശതമാനം വിജയം സ്കൂളിൽ ആവർത്തിച്ചല്ലോ… എനിക്കത് മതി….

വർഷങ്ങൾ പതിമൂന്നെണ്ണം കഴിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസ രീതിയും, നയവുമൊക്കെ പാടേ മാറി. എന്തൊക്കെ ആയാലും ഞാൻ ഹെഡ് ആയതിൽ പിന്നെ സ്കൂളിലെ വിജയം നൂറ് ശതമാനം തന്നെയാണ്. പരീക്ഷയിൽ തോൽക്കുമെന്ന് ഉറപ്പുള്ളവരെ മോഡൽ എക്സാം കഴിയുമ്പോൾ നുള്ളി കളയുന്ന രീതി അപ്പോഴും ഞാൻ തുടരുന്നുണ്ടായിരുന്നു.

അല്ലെങ്കിലും, ആ കഴിവില്ലാത്ത വിദ്യാർത്ഥിളെ കൊണ്ട് നാടിനെന്ത് ഉപകാരമാണുള്ളത്! പഠിക്കാൻ പറ്റാത്ത പിള്ളേരെയൊന്നും സ്കൂളിലേക്ക് അയക്കാതിരിക്കുന്നതാണ് മാതാപിതാക്കൾക്ക് നല്ലത്.

അങ്ങനെയൊരു സമൂഹ പരിഷ്‌കർത്താവെന്ന മേന്മയിൽ തുടർന്ന് പോകുമ്പോഴാണ് സ്കൂളിൽ വലിയയൊരു പരിപാടി നടക്കുന്നത്. പുതിയ ബ്ലോക്ക് അനുവദിച്ചിരിക്കുന്നു. വിദ്യാഭ്യാസ മന്ത്രിയോടൊപ്പം, ആദരിക്കപ്പെടേണ്ട പലരും എത്തിച്ചേരുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഉന്മേഷനായ പി.ടി.എ പ്രസിഡന്റ് ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് കാര്യമായ പണിയൊന്നും ഉണ്ടായില്ല. അച്ചടിച്ച് വന്ന നോട്ടീസും വായിച്ച് സ്വാഗത പ്രസംഗത്തിന് വേണ്ടി ഞാൻ തയ്യാറായി.

‘ഇതോടെ, എന്റെ സ്വാഗത പ്രസംഗം ഞാൻ നിർത്തുകയാണ്. ഇനി, വിദ്യാഭ്യാസ മന്ത്രി നിങ്ങളോട് സംസാരിക്കുന്നതായിരിക്കും…’

മന്ത്രി സംസാരിച്ച് തുടങ്ങി. നൂറ് ശതമാനം വിജയത്തിൽ ജൈത്രയാത്ര നടത്തുന്ന എന്റെ സ്കൂളിനെ അദ്ദേഹം വാനോളം പുകഴ്ത്തി. സർക്കാർ അനുവദിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വളരെ നന്നായി തന്നെ നടന്നു. തുടർന്ന് കല, കായിക, സാംസ്കാരിക രംഗത്ത് മികവ് പുലർത്തിയവരെ മന്ത്രി പൊന്നാട അണിയിച്ച് ആദരിക്കുന്ന രംഗമായിരുന്നു.

ആദരിക്കപ്പെട്ടവർ ഓരോരുത്തരും സംസാരിക്കുന്നത് വേദിയിൽ ഇരുന്ന് ഞാൻ കേൾക്കുകയാണ്. മൂന്നാമതായി വന്ന ചെറുപ്പക്കാരന്റെ ശബ്ദമാണ് എന്നെ കൂടുതൽ ആകർഷിച്ചത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന് വേണ്ടി പിസ്റ്റൾ ഷൂട്ടിൽ സ്വർണ്ണം നേടിയ അവന്റെ പേര് അഖിലേഷ് എന്നായിരുന്നു. അവസാന നിമിഷമാണ് ചടങ്ങിലേക്ക് ഈ പേര് തിരുകിയതെന്നൊക്കെ പീടിഎ പ്രസിഡന്റ് എന്നോട് പറഞ്ഞിരുന്നു.

‘നമസ്കാരം. ഇന്ന് ഞാൻ ഇങ്ങനെ ഇവിടെ നിൽക്കുന്നുണ്ടെങ്കിൽ അതിനുള്ള കാരണം, എന്റെ വീട്ടുകാരും, പഠിച്ച സ്കൂളിലെ ഹെഡ്മാഷുമാണ്…’

അത് കേട്ടപ്പോൾ മാനസികമായൊരു സുഖം എനിക്ക് അനുഭവപ്പെട്ടു. തന്റെ വിദ്യാർത്ഥിയെ ഇത്രത്തോളം ഉയർത്തിയ ആ സ്കൂൾ തലവൻ ഞാൻ ആയിരുന്നുവെങ്കിലെന്ന് അറിയാതെ ആഗ്രഹിച്ച് പോയി. അഖിലേഷ് വ്യക്തമാക്കി. വർഷങ്ങൾക്ക് മുമ്പ് പത്താംതരം പരീക്ഷയെഴുതാൻ അവന് ഹാൾട്ടിക്കറ്റ് കിട്ടിയില്ലായിരുന്നു. അതിന്റെ പേരിൽ അച്ഛന്റെ കൈയ്യിൽ നിന്ന് പൊതിരെ തiല്ല് കിട്ടിയപ്പോൾ നാട് വിടുകയായിരുന്നു പോലും…

ഊരുതെiണ്ടിയായി ജീവിക്കുന്നയൊരു അരിശ നേരത്ത് തെരുവ് വിളക്കുകളിൽ മൂന്നെണ്ണം അഖിലേഷ് എറിഞ്ഞ് പൊട്ടിച്ചു. നാട്ടുകാർ പിടിച്ച് സ്റ്റേഷനിലുമാക്കി. പക്ഷെ, ആ എസ്.ഐ ശ്രദ്ധിച്ചത് അവന്റെ ഉന്നത്തെയായിരുന്നു. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ അത് കൃത്യമായി അയാൾ മനസിലാക്കുകയും ചെയ്തു.

ഏത് ഉയരമുള്ള മാവിലേക്കും കല്ലെറിയുമ്പോൾ അഖിലേഷിനൊരു ഉന്നമുണ്ട്. പറക്കുന്ന കിളികളിൽ പോലും അവന്റെ കണ്ണുകൾ ഉന്നം പിടിക്കുന്നു. ഒരിക്കലും നാട്ടിലേക്ക് തിരിച്ച് പോകില്ലെന്ന് പറഞ്ഞ ആ ചെറുക്കനെ സ്പോൺസർഷിപ്പോട് കൂടി അയാൾ സ്കൂളിൽ ചേർത്തു. പുതിയ സ്കൂൾ… ആരെയും ഉപദ്രവിക്കാതെ, എയർ ഗണ്ണിൽ ഉന്നം പരിശീലിക്കാനുള്ള പുതിയ സാഹചര്യം…

താൻ അച്ഛന്റെ സ്ഥാനത്ത് കാണുന്ന ആ പോലീസുകാരനാണ് അഖിലേഷെന്ന പേര് നൽകിയതെന്ന് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നുണ്ട്. അപ്പോഴാണ്, കാണികളുടെ ഏറ്റവും മുമ്പിൽ അതിലും കണ്ണീരോടെ ഇരിക്കുന്ന രണ്ട് പേരെ ഞാൻ ശ്രദ്ധിക്കുന്നത്. ആ മാതാപിതാക്കളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്… സ്ത്രീയുടെ മുഖമാണ് ഏറെ പരിചിതമായി തോന്നിയത്. അത് വ്യക്തമാക്കും വിധമായിരുന്നു തന്റെ യഥാർത്ഥ പേര് എന്താണെന്ന് അഖിലേഷ് പറയുന്നത്…

‘ഞാൻ ഈ നാട്ടുകാരനാണ്.. ഈ സ്കൂളിൽ പഠിച്ചവൻ… അപ്പോഴെന്റെ പേര് സുമേഷ് എന്നായിരുന്നു…’

ഒരു സായാഹ്ന സ്വപ്നം പോലെ എല്ലാം ഞാൻ കേൾക്കുകയാണ്. തന്റെ മുന്നിലെത്തുന്ന വിദ്യാർത്ഥികളുടെ അഭിരുചികൾ കണ്ടെത്തുന്നതാണ് വിദ്യാഭ്യാസത്തിന്റെ ആദ്യ പടിയെന്ന് അഖിലേഷിലൂടെ ഒരു പോലീസുകാരൻ പറഞ്ഞിരിക്കുന്നു. അതിനായി സർക്കാരും, ഞാൻ ഉൾപ്പെടുന്ന അധ്യാപക സമൂഹവും എത്രത്തോളം പാകപ്പെടണമെന്നും ചേർത്തിരിക്കുന്നു.

വിദ്യാഭ്യാസ മന്ത്രി വന്നപ്പോൾ കേട്ടതിലും കൂടുതൽ ആരവമാണ് ആ ചെറുപ്പക്കാരന് വേണ്ടി നാട്ടിൽ ഉയർന്നത്. അവന്റെ സംസാരം അത്രയ്ക്കും വൈകാരികമായിരുന്നു. ഹെഡ്മാഷായി തുടങ്ങിയ വർഷത്തിൽ ഞാൻ നുള്ളിക്കളഞ്ഞ സുമേഷാണ് അഖിലേഷായി അരികിൽ മിന്നുന്നതെന്ന് വിശ്വസിക്കാൻ തന്നെ വല്ലാതെ പ്രയാസപ്പെട്ടു. ജീവിതത്തിൽ ഒരിക്കലും കൊണ്ടിട്ടില്ലാത്ത മാനസികാവസ്ഥയിൽ ഞാൻ നന്നായി വിയർത്തു. ആ നേരത്ത്, അവന്റെ മാതാപിതാക്കളെക്കാളും കൂടുതൽ എന്റെ തല താഴ്ന്ന് പോയോയെന്നേ ഞാൻ സംശയിച്ചിരുന്നുള്ളൂ…!!!

Leave a Reply

Your email address will not be published. Required fields are marked *