തന്റെ രണ്ടാം ഭാര്യയെ രഹസ്യമായി താമസിപ്പിക്കാൻ അച്ഛൻ പണിത ആ വീട്. അതങ്ങ് ദൂരെയാണ് കേട്ടോ… കൃത്യമായി പറഞ്ഞാൽ, ഞാൻ നിലവിൽ താമസിക്കുന്ന…..

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ

‘വാടക കൃത്യമായിട്ട് തന്നാൽ പോര.. വീടിന്റെ അകമൊക്കെ വൃത്തിയാക്കണം.. നീ താമസിക്കുന്നില്ലെങ്കിൽ പിന്നെയെന്തിനാടോ എന്നെയിങ്ങനെ ബുദ്ധിമുട്ടിക്കുന്നത്…?’

മറുതലത്തിൽ ചെമ്പൻ വരുമെന്ന് പറഞ്ഞ് പതിവുപോലെ അയാൾ ഫോൺ കട്ട്‌ ചെയ്തു. എന്റെ കാര്യങ്ങളുമായി ഞാൻ ചലിക്കുകയും ചെയ്തു.

സംഗതി സെക്യൂരിറ്റി ജോലികൊണ്ടൊന്നും എന്റെ നാലoഗ കുടുംബം പുലരില്ലായിരുന്നു. പിന്നെ ആകെയുള്ളയൊരു വരുമാന മാർഗ്ഗമാണ് തന്റെ രണ്ടാം ഭാര്യയെ രഹസ്യമായി താമസിപ്പിക്കാൻ അച്ഛൻ പണിത ആ വീട്. അതങ്ങ് ദൂരെയാണ് കേട്ടോ… കൃത്യമായി പറഞ്ഞാൽ, ഞാൻ നിലവിൽ താമസിക്കുന്ന സ്ഥലത്ത് നിന്ന് മുന്നൂറ് കിലോമീറ്റർ അകലെ.

കമിഴ്ന്ന് കിടന്ന് ഇരന്നാൽ പോലും ലീവ് തരാത്തയൊരു കമ്പനിയിലാണ് ഞാൻ ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ തീർത്തും ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന ആ വീട്ടിലേക്ക് എനിക്ക് പോകാൻ കഴിയാറില്ല. അച്ഛന്റെ കാല ശേഷം ആ സ്ത്രീ മാത്രമായിരുന്നു അവിടെ താമസിക്കുന്നുണ്ടായിരുന്നത്. അങ്ങനെയൊരു ഇടത്ത് തനിച്ച് താമസിക്കാനുള്ള ഭയംകൊണ്ട് ആയിരിക്കണം, ഏതോ ഒരു ബന്ധുവിന്റെ കൂടെ ആ സ്ത്രീ പോയത്.

അവർക്ക് മക്കളില്ല. അച്ഛനെ അമ്മയിൽ നിന്ന് പിരിച്ചത് കൊണ്ട് ആ സ്ത്രീ തട്ടിപ്പോയത് അറിഞ്ഞിട്ട് പോലും ഞാൻ പോയി കണ്ടില്ല. ഭർത്താവിന്റെ രഹസ്യക്കാരിയുടെ മണമുള്ള ആ വീടിനോട് അമ്മയ്ക്ക് വലിയ താല്പര്യവുമില്ല. ആയിടക്കാണ് കാട് പിടിച്ച് നശിക്കാൻ തുടങ്ങിയ ആ കെട്ടിടത്തിന്റെ ഉടമയായ എന്നെ തേടി ഒരാൾ വരുന്നത്…

തവിട്ട് നിറമുള്ള അയാൾക്ക് നല്ല ഉയരമുണ്ട്. എല്ലിച്ച ശരീര പ്രകൃതം. പ്രാന്തനാണെന്ന് തോന്നും വിധമുള്ള മുടിയും താടിയും. അയാൾക്ക് ആ വീട് വാടകയ്ക്ക് വേണം പോലും. അത്തരമൊരു ഇടമാണ് പോലും അയാൾ അന്വേഷിക്കുന്നത്.. വെറുതേ നശിച്ച് പോകണ്ടല്ലോയെന്ന് കരുതി ഞാൻ സമ്മതിക്കുകയായിരുന്നു.

വലുതല്ലാത്തയൊരു തുക അഡ്വാൻസായി തന്ന് താക്കോലും വാങ്ങി അയാൾ പോയി. പിന്നീട് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഞാൻ അയാളെ കാണുന്നത്. ഒരു ഒഴിവ് ദിവസം അങ്ങോട്ടേക്ക് പോയ എനിക്ക് വളരേയധികം സന്തോഷം തോന്നി. മുൾക്കാടൊക്കെ വെട്ടി വൃത്തിയാക്കി വീട് മനോഹരമായി വെച്ചിരിക്കുന്നു. പറഞ്ഞത് പോലെ അയാളും ചെമ്പനെന്ന് പേരുള്ളയൊരു ഗമണ്ടൻ നായയും മാത്രമായിരുന്നു താമസം. അതിന് വിശാലമായി സഞ്ചരിക്കാനാണ് പോലും അങ്ങനെയൊരു ഇടം. അപ്പോഴും അയാൾ ആരായെന്നോ എന്തായെന്നോ എനിക്ക് അറിയില്ലായിരുന്നു…

സുമുഖമായി വർഷങ്ങൾ രണ്ടെണ്ണം കൊഴിഞ്ഞപ്പോഴാണ് പിന്നീട് ഞാൻ ആ വീട്ടിലേക്ക് പോകുന്നത്. അന്ന് അവിടെ അതീവ സന്തോഷത്തിൽ ആണ്ടുപോയ ഒരു നാടോടി കുടുംബമായിരുന്നു ഉണ്ടായിരുന്നത്. ആരാണെന്ന് ചോദിച്ചപ്പോൾ അവർക്ക് പോലും അറിയില്ല അവരൊക്കെ ആരാണെന്ന്… അവരുടെ ഭാഷയൊട്ട് എനിക്ക് വ്യക്തമാകുന്നുമില്ല. അയാളെ വിളിച്ചിട്ടൊട്ട് കിട്ടുന്നുമില്ല. ചെമ്പൻ വരും ചെമ്പൻ വരുമെന്ന് മാത്രം അതിലൊരു കുസൃതി കുട്ടി പറയുന്നുണ്ടായിരുന്നു…

അരിശം ചുരുട്ടി പിടിച്ചാണ് അന്ന് ഞാൻ അവിടെ നിന്ന് തിരിച്ചത്. രണ്ട് നാളുകൾക്ക് ശേഷം അയാളെ എനിക്ക് ഫോണിൽ കിട്ടി. ആരോട് ചോദിച്ചിട്ടാണ് കണ്ട തെരുവ് തെണ്ടികളെയൊക്കെ പിടിച്ച് വീട്ടിൽ താമസിപ്പിച്ചതെന്ന് ഞാൻ കയർത്തു. താനും തെരുവ് തെണ്ടിയാണെന്ന വാചകം കൊണ്ട് അയാൾ എന്റെ ദേഷ്യത്തെ മുറിച്ചു. തനിക്ക് വാടക കിട്ടിയാൽ പോരേയെന്ന് പറയുകയും ചെയ്തു.

‘നിങ്ങളുടെ കുടുംബമാണോ അത്…?’

‘അല്ല…’

തുടർന്നുള്ള സംസാരത്തിൽ ആ തെരുവിന്റെ ഏതോ നിഴലിൽ ടെന്റ് കെട്ടി താമസിച്ചിരുന്നവരായിരുന്നു അവരെന്ന് എനിക്ക് മനസ്സിലായി. എന്തിനാണ് അവരെ അങ്ങോട്ട് പാർപ്പിച്ചതെന്ന് ചോദിച്ചപ്പോൾ ചെമ്പൻ വരുമെന്ന് പറഞ്ഞ് അയാൾ ഫോൺ കട്ട്‌ ചെയ്തു. ആര് ആരുടെ വാടകക്കാരനാണെന്ന് ആ നേരം ഞാൻ സംശയിച്ചുപോയി..

മാസങ്ങൾ പിന്നേയും കടന്നുപോയി. അവർ ആ വീട് വൃത്തിയായി സൂക്ഷിക്കുന്നില്ലേയെന്ന വേവലാതി വേണ്ടുവോളം എന്റെ തലയിൽ നിറഞ്ഞു. അങ്ങനെയാണ് ഇടക്കിടക്ക് ഞാൻ അയാളെ വിളിച്ച് ഇങ്ങനെ ശകാരിക്കുന്നത്. ചെമ്പൻ വരുമെന്ന് പറഞ്ഞ് അയാൾ ഫോൺ കട്ട്‌ ചെയ്യുകയും ചെയ്യും.

എനിക്ക് അയാളെ മനസ്സിലാകുന്നതേയില്ല… ഏതോ ഒരു സാഹചര്യത്തിൽ വഴി തെറ്റിയെങ്ങോ പോയ ഒരു നായ്ക്ക് വേണ്ടിയാണ് അയാൾ ആ വീട് സംരക്ഷിക്കുന്നത്. അതെങ്ങാനും തിരിച്ച് വന്നാൽ അറിയിക്കാനാണ് ആ തെരുവ് കുടുംബത്തെ അവിടെ പാർപ്പിച്ചിരിക്കുന്നത്..

പണ്ട് ചന്തിക്കൊരു കടി കിട്ടി നാഭിക്കൊരു സൂചി വെച്ചതിൽ പിന്നെ എനിക്ക് ആ വർഗ്ഗത്തെ കണ്ണെടുത്താൽ കണ്ടുകൂട.. മനുഷ്യർക്ക് മനുഷ്യരെ പോലും കണ്ണിൽ പിടിക്കാത്ത രാശിയിൽ അയാൾക്ക് ഇത് എന്തിന്റെ കേടാണ്. എല്ലാം കൊണ്ടും അയാളൊരു നിഗൂഢ പശ്ചാത്തലമായി എന്റെ തലയുടെ ചുറ്റുപാടുകളിൽ ഇന്നും അങ്ങനെ നിൽക്കുകയാണ്…

കൂടുതൽ ചിന്തിച്ചാൽ മഴയും വെയിലും കൊള്ളാതെ പാർക്കാൻ ഇടം കിട്ടിയ ആ നാടോടി കുടുംബത്തിന്റെ സന്തോഷമാണ് എന്റെ മുന്നിൽ തെളിയുക. ഇത്തിരി അരിശമൊക്കെ തോന്നുമെങ്കിലും അന്ന് അവിടെയുണ്ടായിരുന്ന ആ കുസൃതി കുട്ടിയെ ഞാൻ വേർതിരിച്ച് ഓർക്കാറുണ്ട്. എന്നിട്ട് അവന്റെ കൂടെ ചെമ്പൻ വരുമെന്ന് വെറുതേ പറയാറുമുണ്ട്…

ഈ മനുഷ്യരൊക്കെ എന്ത് വിചിത്രരാണല്ലേ… മറ്റുള്ളവർക്ക് നിസ്സാരമാണെന്ന് തോന്നുന്ന ഏതൊക്കെ തലങ്ങളിലാണല്ലേ അവർ ജീവിച്ച് തീർക്കുന്നത്… അങ്ങനെ എത്രയെത്ര പേരുടെ നിസ്സാര കാഴ്ച്ചയായിരിക്കുമല്ലേ എന്റെയൊക്കെ ജീവിതവും…!!

Leave a Reply

Your email address will not be published. Required fields are marked *