താലി കെട്ടുന്ന പുരുഷന് ദീർഘ ആയുസ്സ് കുറവാണത്രേ! അപമൃത്യു സംഭവിക്കാൻ ഒട്ടും കാല താമസം വരില്ലെന്നാണ് ജാതകം നോക്കിയ പലരും ഒരു പോലെ പറയുന്നത്!…….

സീത

എഴുത്ത്:-ഷെർബിൻ ആൻ്റണി

താലി കെട്ടുന്ന പുരുഷന് ദീർഘ ആയുസ്സ് കുറവാണത്രേ! അപമൃത്യു സംഭവിക്കാൻ ഒട്ടും കാല താമസം വരില്ലെന്നാണ് ജാതകം നോക്കിയ പലരും ഒരു പോലെ പറയുന്നത്!

അത്തരത്തിലുള്ള അപൂർവ്വ ജാതകദോഷത്തിന് ഉടമയായിരുന്നു സീതയും. അതീവ സുന്ദരിയും സത്സ്വഭാവിയുമായ അവളുടെ ജീവിതം മാറ്റിമറിച്ചതും ഈ ജാതകം തന്നെയാണ്.

ആനന്ദിൻ്റേയും സീതയുടേയും പ്രണയം പൂത്തുലഞ്ഞത് നാട്ടിലെങ്ങും പാട്ടായിരുന്നു. പക്വത വരും മുന്നേ മൊട്ടിട്ട് തുടങ്ങിയതായിരുന്നു അവരുടെ ഇഷ്ട്ടങ്ങളൊക്കെയും.

ഒരേ ജാതിയും മതവും മാത്രമല്ല രണ്ട് കൂട്ടരും സാമ്പത്തിക ഭദ്രതയിലും മുന്നിട്ട് നിന്നതിനാൽ ഇരു വീട്ടുകാർക്കും എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല താനും. അവരുടെ വീടുകൾ തമ്മിൽ അധികം അന്തരവുമില്ല, ദൂരത്ത് സ്വന്തവുമായിരുന്നു ഇരു കൂട്ടരും.

പക്ഷേ അവര് തമ്മിലുള്ള വിവാഹത്തിന് വില്ലനായത് സീതയുടെ ജാതകമായിരുന്നു. സീതയെ വിവാഹം കഴിക്കുന്നയാൾക്ക് ദീർഘ ആയുസ്സ് കുറവാണത്രേ!

അച്ഛനായ ഗംഗാധരമേനോനും, അമ്മ സാവിത്രിക്കും ആണായിട്ടും പെണ്ണായിട്ടും സീത മാത്രമേ ഉള്ളൂ, അതവരെ ഏറേ സങ്കടപ്പെടുത്തി.

നിരവധി ജ്യോത്സ്യന്മാരെ സമീപിച്ചെങ്കിലും ജാതക ദോഷം മാറിയില്ല.

എന്താണിതിനൊരു പ്രതിവിധി?

ഒറ്റ വഴിയേ ഉള്ളൂ. ആരെങ്കിലും റിസ്ക്ക് എടുക്കാൻ തയ്യാറാവണം.

അറിഞ്ഞ് കൊണ്ട് ആരെങ്കിലും ഇതിന് തയ്യാറാകുമോ?

പഴയ കാലമൊന്നുമല്ല, ഇപ്പോഴത്തെ പിള്ളേർക്ക് ഇതിലൊന്നും വല്യ വിശ്വാസമൊന്നും കാണില്ല.

പ്രശസ്തനായ ജ്യോത്സ്യൻ്റെ വാക്കുകളായിരുന്നു.

എന്നാലും സ്വന്തം ജീവിതം വെച്ച് കളിക്കുവാൻ ആരെങ്കിലും ധൈര്യപ്പെടുമോ ഇന്നത്തെ കാലത്ത്?

അതിന് മൂപ്പര് പറഞ്ഞ മറുപടി ഇപ്രകാരം ആയിരുന്നു. മാർഗ്ഗമല്ല, ലക്ഷ്യമാണ് പ്രധാനം. ആദ്യത്തെയാൾ മാത്രമേ മരണപ്പെടൂ. രണ്ടാമതൊരു വിവാഹം കഴിഞ്ഞാൽ അവർ സസന്തോഷം വാഴും ദീർഘ നാൾ!

എനിക്കൊരു കുറുക്ക് വഴി തോന്നുന്നുണ്ട്…. അങ്ങുന്നിൻ്റെ അഭിപ്രായം ആരായാൻ കൂടിയാണ് ഈ വരവ്.

ജ്യോത്സ്യൻ ആകാംക്ഷയോടേ മേനോനേ ശ്രദ്ധിച്ചു

ആദ്യം ഒരാളെ കൊണ്ട് വിവാഹം കഴിപ്പിക്കാം ശേഷം ബന്ധം വേർപെടുത്തി മറ്റൊരു വിവാഹം ചെയ്യുന്നതിലൂടെ ദോഷം മാറില്ലേ?

ഇത് കുറുക്ക് വഴിയല്ല ഗംഗാധരാ, അതിബുദ്ധിയാണ്. ജാതകത്തെ വെല്ലുവിളിക്കുക തന്നെയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.

മേനോൻ്റെ മുഖത്ത് നിരാശ പടർന്നു.

ജാതക പ്രകാരം ആദ്യ വിവാഹത്തിലിരിക്കെ വരന് മൃത്യു എന്നാണ്. അത് നിങ്ങൾ എങ്ങനെയൊക്കെ വളച്ച് ഒടിച്ചാലും നടന്നിരിക്കും! അതിന് ഏറേ നാൾ കാക്കുകയും വേണ്ട, ഏറി വന്നാൽ ഒരു വർഷത്തിനുള്ളിൽ വരനായിട്ടിരിക്കുന്നത് ആരോ അയാൾക്ക് അപമൃത്യു സംഭവിച്ചിരിക്കും!

ആദർശ ധീരനായ ആനന്ദ് ആദ്യമൊന്നും കുലുങ്ങിയില്ലെങ്കിലും പിന്നീട് അയാളുടേയും മനസ്സ് മാറി. ആനന്ദിൻ്റെ ഈ മാറ്റം സീതയ്ക്ക് ആദ്യമൊക്കെ ഒട്ടും തന്നെ താങ്ങാനായില്ല!

മോഹന വാഗ്ദാനങ്ങളും, തേനിൽ ചാലിച്ച സംഭാഷണവുമൊക്കെ താനേ നിലച്ചു. സ്വന്തം ജീവന് ഭീഷണി ആവുമെന്ന് കണ്ടാൽ ആത്മാർത്ഥ പ്രണയത്തിനൊന്നും യാതൊരു സ്ഥാനവുമില്ലെന്ന തിരിച്ചറിവ് കൈവരാൻ സീത ഏറേ വൈകി.

കാലങ്ങൾ കടന്ന് പോകവേ ആനന്ദിൻ്റെ വിവാഹവും നടന്നു. ആർഭാടത്തോടേ നടന്ന ആ കല്യാണത്തിൽ പങ്കെടുക്കുവാനും, ഒരിക്കൽ തൻ്റേത് മാത്രമായിരുന്ന ആൾ, ഇനിയൊരിക്കലും അവകാശവാദം ഉന്നയിക്കാൻ പോലും പറ്റാത്ത അത്ര ദൂരത്തിലേക്ക് നീങ്ങിയെന്ന യാഥാർത്ഥ്യം സ്വന്തം കണ്ണുകൾ കൊണ്ട് ഹൃദയത്തേയും മനസ്സിനേയും കാണിക്കാൻ സീത യാതൊരു മടിയും കാണിച്ചില്ല. താൻ കേൾക്കേ ആളുകളുടെ അടക്കം പറച്ചിലൊക്കെ അവളും ഗൗനിച്ചില്ല. ആനന്ദിൻ്റെ വധുവിനെ കൺ നിറയെ കാണുമ്പോൾ പഴയതെല്ലാം ഒരു കടങ്കഥയായ് മാറിയിരുന്നു. എങ്കിലും ഉള്ളിലെ നോവ് മറക്കാൻ ആ വിവാഹം നേരിട്ട് കാണാൻ അവൾ ആഗ്രഹിച്ചിരുന്നു.

സീതയ്ക്ക് പലയിടത്ത് നിന്നും ആലോചനകൾ വന്നെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ മിക്കവരും കളം വിടുകയാണ് പതിവ്.

ആനന്ദിൻ്റെ ഭാര്യയുടെ ആദ്യ പ്രസവത്തിൽ കുട്ടിയെ സുരക്ഷിതമായ് കിട്ടിയെങ്കിലും കലശലായ ബ്ലീiഡിംഗിനെ തുടർന്ന് അമ്മയെ രക്ഷിക്കാനാവാതേ ഡോക്ടർമാരും കൈയ്യൊഴിഞ്ഞു.

ജാതകപ്പൊരുത്തം നോക്കി കെട്ടിയിട്ടും ആനന്ദിൻ്റെ അവസ്ഥയോർത്ത് ഗംഗാധരനടക്കം എല്ലാവരും വിധിയെ പഴിചാരി.

കുട്ടിയെ തന്ന് ഭാര്യ മരിച്ച സങ്കടത്തിൽ ആനന്ദ് കുറഞ്ഞ കാലയളവിനുള്ളിൽ മiദ്യത്തിന് അടിമയായ് തീർന്നു. ആനന്ദ് ഇല്ലാത്ത തക്കം നോക്കി കുഞ്ഞിനെ കുളിപ്പിക്കുന്നതും ഒരുക്കുന്നതുമൊക്കെ സീത തന്നെ ആയിരുന്നു. വയ്യാതായ അച്ഛനും അമ്മയും മാത്രമേ ആ തറവാട്ടിൽ ഉണ്ടായിരുന്നുള്ളൂ.

രണ്ട് വീടിന് അപ്പുറമായത് കൊണ്ട് ഒരു കരച്ചിൽ കേട്ടാൽ പോലും സീത ഓടി എത്തുമായിരുന്നു. കിങ്ങിണി മോളേന്നുള്ള അവളുടെ ഒരു വിളിയിൽ ആ കുഞ്ഞും എല്ലാം മറന്ന് പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുമായിരുന്നു.

ഒരിക്കൽ കുട്ടിയെ തോളിലിട്ട് വീടിന് പിൻവശത്തുള്ള മാവിൻ തണലിരുന്ന് ഉറക്കുകയായിരുന്നു സീത. കാൽ പെരുമാറ്റം കേട്ട് തിരിഞ്ഞ് നോക്കിയ അവളാദ്യം പേടിച്ച് പോയി

നിലത്ത് ഉറക്കാത്ത കാലുകളും, ചുവന്ന കണ്ണുകളുമായ് അവളെ തന്നെ നോക്കി നില്ക്കുവായിരുന്നു ആനന്ദ്.

സീതേ…. എനിക്ക് ഇപ്പോൾ തീരേ ഭയമില്ല നിന്നെ കെട്ടാൻ ഞാനിപ്പോഴും തയ്യാറാണ്.

ആ മുഖത്ത് നോക്കി കാർക്കിച്ച് തുiപ്പാനാണ് അവൾക്ക് അന്നേരം തോന്നിയത്.

ഒരക്ഷരം പോലും പറയാതേ കടുപ്പിച്ചൊന്ന് നോക്കിയവൾ കുട്ടിയേം കൊണ്ട് അകത്തേക്ക് പോയി. അന്ന് ഇറങ്ങിയതാണ് ആ വീട്ടിൽ നിന്നും, പിന്നീട് ആ പടി ചവിട്ടാൻ അവൾ മുതിർന്നില്ല.

ആനന്ദിന് കരണത്ത് അടിച്ചതിന് തുല്യമായിരുന്നു അവളുടെ പ്രതികരണം!

സീത അങ്ങോട്ട് പോവാതായെങ്കിലും അമ്മയില്ലാത്ത ആ മിടുക്കി പെൺകുട്ടിയെ അവൾക്ക് ജീവനായിരുന്നു. ആനന്ദിൻ്റെ അമ്മ പറ്റും പോലൊക്കെ കിങ്ങിണിയേം കൊണ്ട് അവരുടെ വീട്ടിലേക്ക് ചെല്ലുന്നതും പതിവായി. ഗംഗാധരനും കുടുംബത്തിനും അക്കാര്യത്തിനൊന്നും ഒരു പരാതിയും ഉണ്ടായിരുന്നില്ല

ഒരിക്കൽ ബ്രോക്കറ് വാസുഅണ്ണൻ ഗംഗാധര മേനോനെ കാണാൻ വീട്ടിലെത്തി. കുശുകുശുക്കുന്നത് കേട്ടപ്പോൾ സീതയുടെ ശ്രദ്ധ അവരിലേക്കായി.

ജാതിയിൽ അല്പം കുറഞ്ഞവനാണെങ്കിൽ മേനോന് എതിർപ്പുണ്ടോ?

ജാതി മാത്രമല്ല മതം മാറിയാലും പ്രശ്നമല്ല പക്ഷേ ജാതകക്കാര്യം മറച്ച് വെക്കരുത്. പിന്നീട് വരനും കൂട്ടരും ഇക്കാര്യം അറിഞ്ഞാൽ ബന്ധം ഉപേക്ഷിക്കാൻ മടിക്കില്ലെന്ന് അയാൾ കണക്ക് കൂട്ടിയിരുന്നു.

അക്കാര്യം ഞാനേറ്റു, അക്കരപ്പാടത്തെ അമ്മിണി വഴിയാണ് ഈ ചെറുക്കനെ പറ്റി അറിഞ്ഞത്. മൂപ്പർക്ക് ഇമ്മാതിരി കാര്യങ്ങളിലൊക്കെ വിശ്വാസം കുറവാ….

വിവാഹം കഴിയുന്നതോടേ തനിയേ വിശ്വാസം വന്നോളും. അതോടൊപ്പം വാസു വേറൊരു കാര്യം കൂടി ഏർപ്പാടാക്കണം. അധികം വൈകാതേ തന്നെ നമ്മുടെ ജാതിയിലുള്ള നല്ലൊരു ചെക്കനെ കണ്ടെത്തണം. ഏറിയാൽ ഒരു വർഷം അതിനപ്പുറം പോകില്ലെന്നാണ് ജ്യോത്സ്യൻ തറപ്പിച്ച് പറഞ്ഞിരിക്കുന്നത്!

അക്കാര്യം ഞാനേറ്റു, സാമ്പത്തികം അല്പം കുറവായിരിക്കും എങ്കിലല്ലേ രണ്ടാം കെട്ടിന് തയ്യാറാവൂ.

എല്ലാം ഒളിച്ച് നിന്ന് കേട്ട സീതയ്ക്ക് സത്യത്തിൽ ചിരിയാണ് വന്നത്. ഇനി എന്തെല്ലാം കാണണം ഈശ്വരന്മാരേ… അവളിൽ നിന്നും അറിയാതൊരു നെടുവീർപ്പ് ഉയർന്നു.

പിറ്റത്തെ ഞായറാഴ്ച ബ്രോക്കറ് വാസു ചെറുക്കനുമായ് സീതയുടെ വീട്ടിലെത്തി. നല്ല എണ്ണ കറുപ്പ് കളറ് ആണെങ്കിലും ദൃഢഗാത്ര നായിരുന്നു. വാതിലിൻ്റെ മറവിൽ നിന്ന് സീത ഒരു നോക്കേ കണ്ടുള്ളൂ. പക്ഷേ ഇതിന് മുന്നേ തന്നെ കാണാൻ വന്നവരിൽ നിന്നൊക്കെ എന്തോ ഒരു പ്രത്യേകത അയാളിൽ ഉണ്ടെന്ന് അവളിലും തോന്നി.

ഇതിന് മുന്നേ വന്നവരൊക്കെ ചിരിച്ച് കാണിച്ച് പോയിട്ടുള്ളവരായിരുന്നു. ഇയാളുടെ മുഖത്ത് സദാ ഗൗരവം തളം കെട്ടി നിന്നു.

അവരുടെ സംസാരം തൊട്ടടുത്ത് മുറിയിലിരുന്ന് തന്നെ സീത കേട്ടിരുന്നു.

സ്ത്രീധനത്തിൻ്റെ കാര്യം കൂടി ഉറപ്പിക്കുകയാണെങ്കിൽ അധികം പോക്ക് വരവ് ഇല്ലാതേ നല്ലൊരു മുഹൂർത്തം നോക്കി നമ്മുക്കിതങ്ങ് നടത്താം. എങ്ങനെയും പെട്ടെന്ന് തന്നെ വിവാഹം നടത്താമെന്നുള്ള തിടുക്കത്തിൽ ഗംഗാധരൻ, ബ്രോക്കറ് വാസൂനോട് ഒതുക്കത്തിൽ പറഞ്ഞു.

ഞാൻ സതീശൻ്റെ വീട്ടുകാരോടും കൂടി ആലോചിച്ചിട്ട് മറുപടി പറയാം.

വീട്ടുകാരെന്ന് എടുത്ത് പറയാൻ ആരുമില്ല, അമ്മ മാത്രമേയുള്ളൂ എൻ്റെ സമ്മതം അമ്മയ്ക്കും സമ്മതമാണ് സതീശൻ കാര്യങ്ങൾ ചുരുക്കി പറഞ്ഞു.

അമ്മയ്ക്ക് അറിയാമോ വിവരങ്ങളൊക്കെയും… ഗംഗാധരൻ സംശയിച്ചാണ് ചോദിച്ചത്

വിവാഹ ശേഷം വരന് അപകട മരണം സംഭവിക്കുമെന്ന് അറിഞ്ഞ് കൊണ്ട് ഏതെങ്കിലും തള്ളമാര് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ?
അത് ചോദിക്കുമ്പോൾ അയാളൊന്ന് ഉറക്കെ ചിരിച്ച് പോയി.

ആ ചിരി ഗംഗാധരനെ പുച്ഛിച്ചതാണോ അതോ ജാതകത്തിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടാണോ എന്ന് തിരിച്ചറിയാനാവാതേ ബ്രോക്കറും ചിരിച്ച് പോയി.

കല്യാണത്തിന് അധികം ആളൊന്നും ഉണ്ടായിരുന്നില്ല. ചെറുക്കൻ്റെ വീട്ടിൽ നിന്ന് നാലഞ്ച് പേരും, പെണ്ണ് വീട്ടുകാരും മാത്രം.

വീട്ടുകാരുടെ മുഖത്ത് വിഷാദ ഭാവം ആയിരുന്നെങ്കിലും സീത സുന്ദരിയായ് അണിഞ്ഞൊരുങ്ങി പതിവിലും സന്തോഷവതി ആയിരുന്നു.

പേരിന് ആദർശം പറഞ്ഞ് നടക്കുന്ന ആണുങ്ങളേക്കാൾ എണ്ണക്കറുപ്പുള്ള സതീശനെ അവൾക്കും ഏറേ ഇഷ്ടമായി.

സീത അയാളോട് ഒന്നും മറച്ച് വെക്കാൻ പോയില്ല. താനൊരിക്കൽ ഒരാളെ ജീവന് തുല്യം സ്നേഹിച്ചതാണെന്നും, ജീവനിൽ കൊതിയുള്ള ആൾ പാതി വഴിയിൽ ഇട്ടിട്ട് പോയെന്നുമൊക്കെ ഒരു ഒഴുക്കൽ മട്ടിൽ അയാളോട് പറഞ്ഞു.

ദൈവ വിശ്വാസം ഉണ്ടെങ്കിലും അന്ത:വിശ്വാസത്തെ തനിക്ക് പേടിയില്ലെന്ന് സതീശനും അവളോട് പറഞ്ഞു.

എന്നെങ്കിലും ഒരിക്കൽ മരിക്കും, എൻ്റെ മരണത്തിന് ഒരിക്കലും സീതയുടെ ജാതകം കാരണം ആവില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.

ആ ഉറച്ച വാക്കുകൾ അവളിൽ ഒരിളം തെന്നലായ് മാറി. ആ മാറിൽ തല ചായ്ച്ച് കൊണ്ട് കിടന്നവളെ നോക്കി അയാൾ ഒരു കാര്യം കൂടി പറഞ്ഞു.

ചാവും മുന്നേ ഒരു സുന്ദരിയെ ഇത്രയും അടുത്ത് കിട്ടുന്നത് തന്നെ ഒരു ഭാഗ്യമല്ലേ…

അത് കേട്ട് സീതയും, ഒപ്പം സതീശനും ചിരിച്ച് പോയി.

സന്തോഷത്തിൻ്റെ നാളുകളായിരുന്നു സീതയ്ക്ക് പിന്നീട് അങ്ങോട്ട്. ആള് അധികം സംസാര പ്രീയൻ അല്ലെങ്കിലും കുറിക്ക് കൊള്ളുന്നതേ പറയൂ. അവൾക്കും അതായിരുന്നു ഇഷ്ട്ടം.അവൾ പറയാതേ ആണെങ്കിൽ പോലും സതീശൻ പല കാര്യങ്ങളും നാളിത് വരെ ചെയ്തു പോന്നിരുന്നു. അവൾക്ക് വേണ്ടുന്നതൊക്കെ ആഗ്രഹിക്കുന്ന സമയത്ത് എത്തിച്ച് നല്കാനും, അപ്രതീക്ഷിതമായ് അത് ലഭിക്കുമ്പോൾ അവളിലുണ്ടാവുന്ന സന്തോഷം കാണാനും അയാളും ഒത്തിരി കൊതിച്ചിരുന്നു.

ഗംഗാധരൻ മേനോൻ നാളുകൾ എണ്ണി കാത്തിരിക്കാൻ തുടങ്ങി.

സതീശനേയും കൂട്ടി വീട്ടിൽ ചെല്ലുന്നത് അവർക്ക് ആർക്കും തന്നെ അത്ര സുഖിച്ചിരുന്നില്ല. അതറിഞ്ഞിരുന്നെങ്കിലും അവൾ അവിടെ ചെന്നിരുന്നത് കിങ്ങിണിയെ കാണാനും, അവളെ കൊഞ്ചിക്കാനും കൂടി ആയിരുന്നു. സതീശനും അതിലൊക്കെ മൗനാനുവാദം കൊടുത്തിരുന്നു.

സീത പറഞ്ഞില്ലെങ്കിൽ കൂടിയും അയാൾ മാസത്തിൽ രണ്ടോ മൂന്നോ തവണ അവളെയും കൂട്ടി പോകുമായിരുന്നു.

ഒരിക്കൽ അവൾ ഒട്ടും പ്രതീക്ഷിക്കാത്തത് സംഭവിച്ചു, ആ സംഭവത്തിൽ അവളാകേ ആടി ഉലഞ്ഞ് പോയി.

വേണമെങ്കിൽ നീ തനിച്ച് വന്നാൽ മതി, എത്ര വന്നാലും അവനൊരു കീഴ് ജാതിക്കാരനാണ്. ഏറിയാൽ ഒരു വർഷം അതിനപ്പുറം നീ അവിടെ നില്ക്കേണ്ടി വരില്ല.

ആ വാക്കുകൾ അവളുടെ നെഞ്ചിലാണ് തറച്ചത്. ഇത്രയും നാൾ മറുത്തൊന്നും പറയാതിരുന്ന സീത, ഉഗ്രരൂപിണിയായ് മാറാൻ ഒട്ടും തന്നെ അമാന്തിച്ചില്ല.

ഈ ജന്മത്ത് എനിക്ക് പുരുഷനായി ഒരാൾ മാത്രം മതി. നിങ്ങളൊക്കെ കരുതും പോലേ എൻ്റെ പാതി എന്നിൽ നിന്ന് പോയാലും, എനിക്ക് ജീവിതം തന്നയാളുടെ ജാതിയാണ് എനിക്ക് വലുത്. എൻ്റെ കഴുത്തിൽ താലി കെട്ടിയ അന്ന് മുതൽ ഞാനും ആ ജാതി തന്നെയാണ്. ഇനി ഒരിക്കൽ കൂടി ഞാനീ പടി ചവിട്ടില്ല.

അന്ന് തിരികെ വീട്ടിലെത്തിയപ്പോൾ സീതയാകേ മാറിയിരുന്നു. അവളുടെ പെരുമാറ്റത്തിൽ നിന്നും സതീശന് എന്തോ പൊരുത്ത ക്കേടുകൾ തോന്നിയിരുന്നു. വീട്ടിൽ നടന്ന സംഭവങ്ങൾ ഒന്നും തന്നെയും അയാൾ അറിഞ്ഞിരുന്നില്ല, അവളൊട്ട് പറഞ്ഞിരുന്നുമില്ല

പതിവ് പോലേ ആ എണ്ണ കറുപ്പുള്ള നെഞ്ചത്ത് തല ചായ്ച്ച് കിടക്കുന്ന നേരം അവൾ പറഞ്ഞു ഇനിയൊരിക്കലും നമ്മുക്ക് ആ വീട്ടിലേക്ക് പോവണ്ടാട്ടോ… ജാതിയും മതവും തരം തിരിച്ച് കാണുന്നവരെ നമ്മുക്കും വേണ്ട. എല്ലാം കേട്ട് മൂളുകയല്ലാതേ സതീശനും മറുത്തൊന്നും പറഞ്ഞില്ല.

കിങ്ങിണിയുടെ കാര്യത്തിൽ മാത്രമേ അവൾക്ക് സങ്കടം ഉണ്ടായിരുന്നുള്ളൂ. ഇതിലും വലിയ വേദനകൾ ആരോടും പറയാതേ കുഴിച്ച് മൂടിയ അവൾക്ക് ഇതും സാധിക്കാതിരിക്കില്ലല്ലോ!

ഏറേ നാൾക്ക് ശേഷം ഒരു വൈകുന്നേരം സതീശൻ ജോലിയും കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തുമ്പോൾ അയാളോടൊപ്പം ഒരു കുഞ്ഞ് അതിഥിയും കൂടേ ഉണ്ടായിരുന്നു.

ഇന്ന് മുതൽ ഇവളും നമ്മളോടൊപ്പം ഇവിടെ തന്നെ ഉണ്ടാവും നമ്മുടെ മോളായിട്ട്

കിങ്ങിണിയെ വാരി എടുത്ത് ആ കുഞ്ഞ് മുഖത്ത് തെരുതെരേ ഉമ്മകൾ വെക്കുന്ന സതിയെ കണ്ടപ്പോൾ അയാളുടെ ഉള്ളം നിറഞ്ഞു.

കുറച്ച് നാളായ് ഞാനിതിൻ്റെ പിന്നാലെ ആയിരുന്നു. നിന്നോടൊപ്പം വിട്ട് നല്കാൻ ആനന്ദിനും പൂർണ്ണ സമ്മതമായിരുന്നു, ചില പേപ്പർ വർക്കുകൾ തീർക്കാനുണ്ടായിരുന്നു, അതാണിത്ര കാലതാമസം വന്നത്.

റൂമിലെത്തി ഷർട്ട് മാറുന്നതിനിടയിൽ അവൾ പിന്നാലെയെത്തി അയാളെ മുറുകെ ഒന്ന് പുണർന്നു.

നിങ്ങളെന്നെ വീണ്ടും വീണ്ടും തോൽപ്പിക്കുകയാണല്ലോ മനുഷ്യാ…. സീതയുടെ കണ്ണുകൾ സജലമായിരുന്നു അന്നേരം

നിനക്ക് വേണ്ടി ഞാനല്ലാതേ വേറേ ആരാ ഇതൊക്കെ ചെയ്ത് തരാനുള്ളത്!

കാലങ്ങൾ എണ്ണി തിട്ടപ്പെടുത്തിയ ഗംഗാധര മേനോൻ ഒടുവിൽ അതും അവസാനിപ്പിച്ചു. അതിന് കാരണം അമിത മiദ്യാസക്തിയെ തുടർന്ന് ഒരിക്കൽ ആനന്ദ് രക്തം ഛർദ്ദിച്ച് കുഴഞ്ഞ് വീണ് മരണപ്പെട്ടു.

ജാതകത്തിൽ വിശ്വസിച്ചിരുന്ന ഗംഗാധരൻ മനസ്സിൽ കുറിച്ചിട്ടത് ഇങ്ങനെയാണ്സീ ത മനസ്സാലേ വരിച്ചത് ആനന്ദിനെയാവും അതുകൊണ്ടാവണം അല്പ ആയുസിൽ തന്നെ മരണം അയാളെ തേടി എത്തിയത്!

സീതയും സതീശനും അവരോടൊപ്പം അവരുടെ മൂന്ന് പിള്ളേരും കൂടേ സസന്തോഷം ജീവിച്ച് പോന്നു. കുട്ടികൾ ഉണ്ടാവാൻ അല്പം കാല താമസം വന്നതൊഴിച്ചാൽ അവര് യാതൊരു അല്ലലും ഇല്ലാതെയാണ് കഴിഞ്ഞത്.
മൂത്ത മകളായ കിങ്ങിണിയാണ് ഇളയത്തുങ്ങളെ രണ്ടിനേം കുഞ്ഞിലേ മുതൽ നോക്കിയത്. അതൊക്കെ കണ്ടും രസിച്ചും സീതാ-സതീശൻ ദമ്പതികൾ ജീവിതം ആസ്വദിച്ച് തന്നെയാണ് മുന്നോട്ട് പോയത്.

ശുഭം

Leave a Reply

Your email address will not be published. Required fields are marked *