ധൃതിയിലുള്ള നടത്തത്തിനിടയിലാണ് ഞാൻ അയാളെ കാണുന്നത്. ഒരുവശത്തേക്ക്  ചെരിച്ച് വെച്ച തല കയ്യിൽ താങ്ങിക്കൊണ്ട് അയാൾ കരയുന്നത് ശ്രദ്ധിച്ചപ്പോൾ……

_upscale

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ

ബസ്സ് സ്റ്റാന്റിന്റെ ശൗചാലയത്തിൽ നിന്നും മാറിയുള്ള കസേരകളിൽ ആളില്ലാത്ത വരിയിലെ ഏറ്റവും അറ്റത്തായാണ് അയാൾ ഇരിക്കുന്നുണ്ടായിരുന്നത്.

ഇന്നലെ രാത്രിയിലൊരു കടയിൽ നിന്ന് ബിരിയാണിയെന്ന് പറഞ്ഞ് തന്ന നെയ്‌ച്ചോറും ചിക്കൻകറിയും കഴിച്ചതിൽ പിന്നെയാണ് വയറിനുള്ളിൽ ആകെയൊരു കോളിളക്കം അനുഭവപ്പെട്ടത്. സംഭവം അതൊരു ഉഗ്രൻ കൂട്ടുകെട്ട് ആയിരുന്നുവെങ്കിലും എന്നിലത് പാളിയെന്നാണ് തോന്നുന്നത്.  എല്ലാം എല്ലാവർക്കും ചേരില്ലല്ലോ…

അങ്ങനെ കക്കൂസിലേക്കുള്ള ധൃതിയിലുള്ള നടത്തത്തിനിടയിലാണ് ഞാൻ അയാളെ കാണുന്നത്. ഒരുവശത്തേക്ക്  ചെരിച്ച് വെച്ച തല കയ്യിൽ താങ്ങിക്കൊണ്ട് അയാൾ കരയുന്നത് ശ്രദ്ധിച്ചപ്പോൾ ഞാൻ അറിയാതെ നിന്നുപോയി. അങ്ങനെയൊരു മനുഷ്യസ്നേഹിയായ പരോപകാരിയുടെ ബാധ ചെറുപ്പം തൊട്ടേ എന്നിലുണ്ട്.

പലപ്പോഴും ആണിയടിച്ച് അതെന്നെ കുരിശിൽ തറച്ചിട്ടുള്ള അനുഭവം ഓർത്തപ്പോൾ അങ്ങോട്ടേക്ക് പോകാൻ എനിക്ക് ആദ്യം തോന്നിയില്ല. കഴിഞ്ഞ വർഷം ഇതുപോലെ വിഷാദത്തിൽ ഇരുന്നയൊരു സുഹൃത്തിനെ കേട്ടതിന്റെ വിഷമം ഇപ്പോഴും എന്നിൽ നിന്ന് മാറിയിട്ടില്ല.

ഒരിക്കൽ വീട് കൂട്ടിക്കെട്ടണമെന്ന് പറഞ്ഞുകൊണ്ട് അവൻ എന്നോട് കൈനീട്ടിയപ്പോൾ എനിക്ക് കൈമലർത്തേണ്ടി വന്നു. അന്ന് രാത്രി  അവനും കുടുംബവും താമസിക്കുന്ന ആ ഒറ്റമുറി വീട്ടിനുള്ളിലെ തിക്കും തിരക്കും ചൂടുമോർത്ത് എനിക്ക് ഉറങ്ങാൻ സാധിച്ചില്ല.

പിറ്റേന്ന് എന്റെ ശമ്പള കടലാസ്സിന്റെ മേലെയൊരു വായ്പയ്ക്ക് ഞാൻ അപേക്ഷിച്ചു. മര്യാദക്ക് അടവുകൾ അടച്ചേക്കണമെന്ന് പറഞ്ഞപ്പോൾ ഉറപ്പായുമെടായെന്ന് പറഞ്ഞ അവനെ ഏഴാം മാസം തൊട്ട് ഞാൻ പിന്നെ കണ്ടിട്ടില്ല. ഫോണിൽ  വിളിച്ചാൽ എടുക്കുകയുമില്ല. തിരഞ്ഞ് പോയപ്പോൾ ഒറ്റമുറി വീട്ടിൽ നിന്ന് രണ്ട് നിലകളിലേക്ക് കുടുംബത്തെ അവൻ ഭദ്രമായി പാർപ്പിച്ചിരിക്കുന്നു. ശേഷം  മദ്രാസ്സിലേക്ക്  ചേക്കേറിയിട്ട് മാസം രണ്ടായത്രെ..! അതിൽ പിന്നെ എല്ലാ മാസവും കുറഞ്ഞ് കിട്ടുന്ന ശമ്പളം കാണുമ്പോൾ ഞാൻ അവനെ ഓർക്കാറുണ്ട്.

പക്ഷേ, എത്രകിട്ടിയാലും പഠിക്കാത്തയൊരു മനുഷ്യസ്നേഹിയുടേതാണ് ഞാൻ തുടക്കത്തിൽ പറഞ്ഞ ആ ബാധയെന്ന് നിസംശയം പറയാം. കക്കൂസിലേക്ക് പോയ എന്നെ അയാളുടെ അടുത്തേക്ക് തിരിക്കാൻ പരോപകാരി ബാധക്ക് നിഷ്പ്രയാസം സാധിച്ചു. അല്ലെങ്കിൽ പിന്നെ അകത്ത് പോയി കാര്യം സാധിക്കാൻ ഇരിക്കുമ്പോൾ ഒരു മനസമാധാനവും ഉണ്ടാകില്ലെന്ന് കൂടി ആ ബാധ പറഞ്ഞപ്പോൾ ഞാൻ അക്ഷരം പ്രതിയനുസരിച്ചു.

എന്തിനാണ് നിങ്ങൾ ഇങ്ങനെ കരയുന്നതെന്ന് ചോദിച്ച എന്നെ അയാൾ തലയുയർത്തി നോക്കി.  മൂക്ക് ചീന്തിയ വിരലുകൾ നീല നിറത്തിൽ നരച്ച തന്റെ പാന്റിന്റെ തുടയിൽ ഉരക്കുകയും  ഷർട്ടിന്റെ കോളർ വലിച്ച് മൂക്കും തുടക്കുകയും ചെയ്തു. അയാളുടെ കണ്ണുകളിൽ നിന്ന് വീണ്ടും നീർചാല് കീറിയെന്ന് പറഞ്ഞാൽ മതിയല്ലോ…

ഒന്ന് കൂടി ചീന്തികളയൂയെന്ന് പറയുന്നത് പോലെ മൂക്കും പഴുക്കാൻ തുടങ്ങി. ഇതൊക്കെ കണ്ട എനിക്ക് അയാളോട് ഒന്നും പറയാൻ തോന്നിയില്ല. പകരം ഞാൻ എന്റെ വെളുത്ത തൂവാല  അയാൾക്ക് നേരെ നീട്ടി. അയാളത് വാങ്ങിയിട്ട്  മുഖം തുടക്കാൻ തുടങ്ങുന്നതിന് തൊട്ട് മുമ്പ് നിങ്ങൾ ഇതുകൊണ്ട് മൂക്ക് പിഴിഞ്ഞിട്ടുണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞത് കൊണ്ട് മാത്രം അയാളത് ഉപയോഗിച്ചു.

എന്തുപറ്റിയെന്ന് ഞാൻ വീണ്ടും ചോദിച്ചു. വീണ്ടും അയാൾ കരയുമെന്ന് കണ്ടപ്പോൾ വേണ്ട പറയേണ്ടായെന്ന് ഞാൻ പറഞ്ഞു. എന്റെ വയറെന്നോട് അപ്പോഴേക്കും തനിക്ക് വിസ്സർജ്ജിക്കണമേയെന്ന് കേണ് പറയാൻ തുടങ്ങിയിരുന്നു…

കാര്യം എന്തായാലും നമുക്ക് പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞ് ഞാൻ അയാൾക്ക് ധൈര്യം കൊടുത്തു. അയാളുടെ കണ്ണുകളിൽ നേരിയയൊരു പ്രകാശം തെളിഞ്ഞു. അത് മതിയായിരുന്നു എനിക്കെന്റെ ബാഗും നീളൻ കുടയും അയാളെ ഏൽപ്പിച്ച്, മര്യാദയ്ക്കൊന്ന് കക്കൂസിൽ പോയിട്ട് തിരിച്ച് വരാൻ.

അൽപ്പം സമയമെടുത്തിട്ടാണെങ്കിലും തൃപ്തിയോടെയാണ് ഞാൻ കാര്യം സാധിച്ചിട്ട് പുറത്തേക്കിറങ്ങിയത്. അയാളുടെ പ്രശ്നങ്ങൾക്ക് തന്നാലാകുന്ന സഹായങ്ങളൊക്കെ ചെയ്യണമെന്ന് കരുതി ഞാൻ അങ്ങോട്ടേക്ക് നടന്നു. എന്തായിരിക്കും അയാൾക്ക് സംഭവിച്ചിട്ടുണ്ടാകുകയെന്ന് ചിന്തിച്ച് അങ്ങനെ നടക്കുമ്പോഴാണ് അയാളോ എന്റെ ബാഗോ കുടയോ അവിടെ ഇല്ലല്ലോയെന്ന് ഞാൻ ശ്രദ്ധിച്ചത്…

തത്സമയം എന്റെ ഉള്ളിലെ ആ പരോപകാരി ബാധ ഇറങ്ങി ഓടിയിട്ട് തിരിഞ്ഞ് നിന്നു. എന്നിട്ട് അയാൾക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നുവെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. നിറഞ്ഞ കണ്ണുകളോടെ കൂടെ ചിരിക്കാതിരിക്കാൻ എനിക്ക് സാധിച്ചില്ല….!!!

Leave a Reply

Your email address will not be published. Required fields are marked *