നമ്മുടെ ചെറുപ്പത്തിൽ ഉപ്പ പോയത് മുതൽ എന്റെ കാലിൽ ഒരു മുള്ള് പോലും കൊള്ളിക്കാതെയല്ലേ എന്നെ നോക്കിയത് എന്റെ ഇക്ക…

എഴുത്ത്:-നൗഫു

“മാളോ..…

ആരോ വരുന്നുണ്ടല്ലോ ഇങ്ങോട്ട്…..

ഗേറ്റ് തുറക്കുന്നത് പോലെ തോന്നുന്നു ഇമ്മാക്ക്.

ഇങ്ങോട്ട് തന്നെ ആണോ വരുന്നേ “

മഗ്‌രിബ് നിസ്കാരം കഴിഞ്ഞു സിറ്റൗട്ടിൽ ഇരുന്നു ഖുർആൻ ഓതി കൊണ്ടിരുന്ന ഉമ്മ അകത്തേക് നോക്കി പറഞ്ഞപ്പോൾ ആയിരുന്നു മദ്രസയിലെ പാഠം പഠിപ്പിക്കുന്ന മോനോട് ഉറക്കെ വായിക്കാൻ പറഞ്ഞു ആരാണ് ഇങ്ങോട്ട് വരുന്നതെന്ന് അറിയാനായി ഞാൻ രണ്ടാമത്തെ കൂട്ടിയേ ഒക്കത് വെച്ച് ഉമ്മാന്റെ അടുത്തേക്ക് ചെന്നത്..

ഒരു ബൈക്കിൽ ആരോ വരുന്നുണ്ട് മുറ്റത്തേക്…

അടുത്തേക് എത്തിയതും എനിക്ക് മനസിലായി അതെന്റെ സ്വന്തം ചോരയിലെ ഇക്കയാണെന്ന്..

“അള്ളാഹ്..

ഇക്കയാണോ…

എന്താ ഇക്കാ പെട്ടന്ന്..…”

പെട്ടന്ന് ഇക്കയെ രാത്രി കണ്ട എക്സയിട്മെന്റിൽ ഞാൻ ഇക്കയോട് അടുത്തേക് ഓടി ചെന്ന് കൊണ്ട് ചോദിച്ചു..

ആകെയുള്ള കൂടപ്പിറപ്പാണ്.. എനിക്ക് ഓനും ഓന്ക്ക് ഞാനും…

രണ്ടാളും തമ്മിൽ ആറു വയസ്സിന്റെ വ്യത്യാസം…

അവൻ അങ്ങാടിയിൽ ഒരു ഫ്രൂട്സ് കട ഇട്ട് കുടുംബം പോറ്റുന്നു…

ഇക്ക ബൈക്ക് നിർത്തി തലയിലെ ഹെൽമെറ്റ്‌ മാറ്റി എന്നെ നോക്കി ചിരിച്ചു..

കയ്യിൽ ഉണ്ടായിരുന്ന മിഠായി മോൾക്ക് കീശയിൽ നിന്നും എടുത്തു കൊടുത്തു..

മാമനെ കണ്ടതും പഠിച്ചു കൊണ്ടുരുന്നവനും ഓടി അരികിലേക് വന്നു..

മാമ എന്ന് വിളിച്ചു കൊണ്ട്…

അവന് മിഠായി കിട്ടിയപ്പോൾ ഞാൻ പഠിക്കാൻ പറഞ്ഞു ഓടിച്ചു വിട്ടു…

“വാ പറയാം എന്ന് പറഞ്ഞു ഇക്ക സിറ്റൗട്ടിലേക് കയറി..”

“റാഫി ആയിരുന്നോ..

ഞാൻ കരുതി ആരാണാവോ ന്ന്..”

മോൻ ഇരിക്ക് ഉമ്മ ചായ എടുക്കാം..

ഉമ്മ അതും പറഞ്ഞു വീടിനുള്ളിലേക് കയറി അടുക്കളയിലേക്ക് പോയി..

“എന്താ ഇക്കാ ഒരു വാക് പോലും പറയാതെ “

വരുന്നുണ്ടേൽ എപ്പോഴും വിളിച്ചിട്ട് വരുന്ന ഇക്കയോട് ഞാൻ ചോദിച്ചു..

അതും ഇക്കാന്റെ കൂടെ ഉമ്മയോ നാത്തൂനോ മക്കളോ ഉണ്ടാവാറുണ്ട്…

“ഒന്നുമില്ലെടി..

എനിക്ക് ടൌൺ വരെ വരേണ്ട ആവശ്യം ഉണ്ടായിരുന്ന…ഇവിടെ വരെ വന്നതല്ലേ നിന്നെ കണ്ടിട്ട് പോകാമെന്നു കരുതി.. “

ഇക്ക എന്നോട് പറഞ്ഞു..

“എന്തിനാണിക്ക നുണ പറയുന്നേ… എനിക്കറിയാം അതെല്ല കാര്യമെന്ന്..

ഇക്ക കാര്യം പറ എന്തിനാ വന്നേ…”

ഇക്ക പറഞ്ഞത് വിശ്വാസമില്ലാത്തത് കൊണ്ട് തന്നെ ഞാൻ ചോദിച്ചു..

“അത് മോളെ….

ഞാൻ…”

ഇക്ക എങ്ങനെ പറയുമെന്ന് അറിയാതെ വിഷമിച്ചു നിന്നതും ഞാൻ വീണ്ടും ഇക്കയെ നിർബന്ധിച്ചു..

“നമ്മുടെ മാനുവില്ലേ..

ഓന്റെ പെങ്ങളെ കല്യാണമാണ് രണ്ട് ദിവസത്തിനുള്ളിൽ …

നിന്നെ അവൻ ഇന്ന് വിളിച്ചിരുന്നില്ലേ…”

ഇക്ക ചോദിച്ചതും ഞാൻ അതെ എന്ന പോലെ തലയാട്ടി…

“എല്ലാം പെട്ടന്നായിരുന്നു.. ചെക്കന് ഈ ആഴ്ച തന്നെ യൂറോപ്പിൽ പോവാണെന്നു പറഞ്ഞാണ് എല്ലാം പെട്ടന്ന് നടത്തുന്നെ…

നിന്റെ കല്യാണത്തിന് കുറച്ചു പൈസ തന്നു അവനെന്നെ സാഹായിച്ചിരുന്നു.. ഒരു ലക്ഷം രൂപയോളം..

ഇന്ന് വൈകുന്നേരം പെട്ടന്നാണ് അവൻ എന്നോട് ആ പൈസ ചോദിച്ചത്…

കുറച്ചു സാവകാശം പോലും കിട്ടാതെ ആയിപോയി..

അവൻ എന്നെ സഹായിച്ചതെല്ലേ.. എന്റെ കൈയിൽ ഇല്ലെന്ന് ഞാൻ പറയാൻ പാടില്ലല്ലോ…

ഞാൻ കുറെ ശ്രെമിച്ചു…

മഴ ആയതോണ്ട് കടയിൽ ആണേൽ കച്ചവടവും കുറവാണ്..

എന്നാലും ഏഴുപത്തി അയ്യായിരം രൂപയോളം ഞാൻ ഉണ്ടാക്കിയിട്ടുണ്ട്..

ഇനി ഒരു ഇരുപത്തി അയ്യായിരം രൂപ കൂടെ വേണം…

മോളെ കയ്യിൽ ഉണ്ടാവോ.. “

ഇക്ക എന്നോട് പ്രതീക്ഷയെന്നോണം ചോദിച്ചു..

“ഇതിനാണോ ഈ രാത്രി ഇക്ക ഇത്രയും ദൂരം ബൈക്ക് ഓടിച്ചു വന്നേ..

ഒരു ഫോൺ കാൾ ചെയ്താൽ പോരായിരുന്നോ…

ഞാൻ അയച്ചു തരൂലേ…”

ഞാൻ ഇക്കയോട് ചിരിച്ചു കൊണ്ട് പറഞ്ഞു..

“അതല്ല മോളെ..

നിന്നോട് പൈസ വാങ്ങിക്കുമ്പോൾ ഇവിടെ പറയണ്ടേ..

അതല്ലേ അതിന്റെ ശരി…”

“എന്തിന്..

നസീക്ക മസാമാസം പൈസ അയക്കുമ്പോൾ എനിക്കായ് കുറച്ചു പൈസ അയക്കാറുണ്ട്..

എനിക്ക് ഇവിടെ വല്യ ചിലവൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ അതെന്റെ അക്കൗണ്ടിൽ ഭദ്രമായി ഉണ്ടാവും…

നസീക്ക വരുമ്പോൾ അതീന്നു കൊടുക്കാറാണ് പതിവ്…

ഒരാവശ്യത്തിനല്ലേ…

ഇക്കാക് ഞാൻ അയച്ചു തരാം…”

ഞാൻ പറഞ്ഞതും ഇക്ക ഒരു ആശ്വാസത്തോടെ എന്നെ നോക്കി..

“ഞാൻ പെട്ടന്ന് തന്നെ ആ പൈസ ശരിയാക്കിയിട്ട് നിന്റെ അക്കൗണ്ടിൽ ഇട്ടോളാ ട്ടോ…

എനിക്കറിയാം ഞാൻ നിനക്ക് ആയിരവും രണ്ടായിരവുമായി നിന്റെ കയ്യിൽ നിന്ന് തോണ്ടിയ കുറച്ചു പൈസ കൂടെ തരാനുണ്ടെന്ന്…”

ഇക്ക തല താഴ്ത്തി എന്നോണം എന്നോട് പറഞ്ഞു..

“അയ്യേ…

ഇങ്ങോട്ട് നോക്കിയേ…

ഞാൻ ഇക്കാന്റെ താടിയിൽ പിടിച്ചു ഉയർത്തി..

എന്തിനാ എന്നോട് പൈസയുടെ കണക് പറയുന്നേ..

എന്റെ ഈ ജീവിതം എനിക്ക് എന്റെ ഇക്ക രാവേറെ നയിച്ച് ഉണ്ടാക്കി തന്നതല്ലേ..

നമ്മുടെ ചെറുപ്പത്തിൽ ഉപ്പ പോയത് മുതൽ എന്റെ കാലിൽ ഒരു മുള്ള് പോലും കൊള്ളിക്കാതെയല്ലേ എന്നെ നോക്കിയത് എന്റെ ഇക്ക…

എനിക്ക് ഇഷ്ടപെട്ട ഒരാളെ കാണിച്ചു തന്നപ്പോൾ ഇക്ക തന്നെ അതും നടത്തി തന്നു ഏതൊരു പെൺ കുട്ടിയുടെയും സ്വപ്നം പോലെ…

ആ എന്റെ ഇക്കാനോട് ഞാൻ പൈസ ചോദിക്കേ..

എന്റെ ഇക്കാക് അല്ലെ ഞാൻ തരുന്നേ…അതെനിക്ക് നഷ്ടപ്പെടൂലെന്ന് എനിക്കറിയാം..

പക്ഷെ ആരുടെ മുന്നിലും എന്റെ ഇക്കാന്റെ തല കുനിയരുത് അതെനിക്ക് ഇഷ്ടമല്ല..

ഇതേ എന്റെ ഇക്കയാണ്…

എന്റെ മാത്രം.. “

ഇക്കാനോട് ചേർന്ന് ഇരുന്നു കൊണ്ട് പറഞ്ഞതും എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു..

അത് കേട്ട് എന്റെ ഇക്കയുടെയും…

ബൈ

💔

Leave a Reply

Your email address will not be published. Required fields are marked *