പ്രണയം
എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ
പ്രേമമെന്നത് അനിർവചനീയമായ ഒരനുഭൂതിയാണ്.
മകര മഞ്ഞിന്റെ കുളിരും മീനച്ചൂടിന്റെ സംഭ്രമവും ഒത്തുചേരുന്ന അവസ്ഥ.
ജീവിതത്തിൽ ഒരിക്കലെങ്കിലും മനസിൽ ഏതെങ്കിലുമൊരു പെണ്ണിനോട് പ്രേമം തോന്നാത്ത പുരുഷകേസരികൾ ചുരുക്കമെന്നതാണ് എന്റെ മതം.
പ്രേമമെന്ന വികാരം മനസ്സിൽ താനേ പൊട്ടിമുളക്കുന്നതാണെന്നും അതിന് വളമിട്ടു കൊടുത്താൽ പടർന്നു പന്തലിച്ചോളുമെന്നുമായിരുന്നു വിശ്വാസം.
കൗമാരത്തിലേക്ക് കാലൂന്നിയ കാലം.
ഹൈസ്കൂളിലേക്ക് ചെന്ന നാളുകളിൽ ആദ്യമായി കണ്ടതുമുതൽ എനിക്കവളെ ഇഷ്ടമായിരുന്നു.
ഇഷ്ടം എന്നു പറഞ്ഞാൽ പെരുത്തിഷ്ടം.
മുഖത്തു കുരുവൊക്കെ വന്ന് തുടങ്ങിയ എട്ടാം ക്ളാസ്സുകാരന് ക്ലാസ്സിലെ സുന്ദരിപ്പെണ്ണിനോട് തോന്നിയ ഇഷ്ടം.
അതുകൊണ്ടാണ് അവളുടെ ബർത്ത്ഡേക്ക് എന്തെങ്കിലും സമ്മാനം നൽകി മനസ്സിൽ കയറിപ്പറ്റണമെന്ന് കരുതിയത്.
എന്താണ് നൽകേണ്ടത് എന്ന് ഒരുപാടാലോചിച്ചു.
ആലോചിച്ചാലോചിച്ചു വിവശനായിരി ക്കുമ്പോഴാണ് അവളുടെ തോഴിയും എന്റെ അയൽക്കാരിയുമായ അശ്വതി പറഞ്ഞത്
“എടാ അവൾക്ക് റോസാപ്പൂ ഭയങ്കര ഇഷ്ടാ”ന്ന്
അമ്മ ഓമനിച്ചു വളർത്തുന്ന റോസാ ചെടിയിൽ നിന്ന് പൂവിറുത്തെടുത്ത് അവൾക്കു സമ്മാനിക്കുവാൻ നിശ്ചയിച്ചു.
രാവിലെ എഴുന്നേറ്റ് പരിസരമൊക്കെ വീക്ഷിച്ചു.
“ഭഗവാൻ പറത്താൻ കെട്ടിയ പട്ടം ഭൂമിയിൽ ഞാനായ് അലയുമ്പോൾ
ഞാൻ പറത്താൻ കെട്ടിയ പട്ടം വാനിലുയർന്നു പറക്കുന്നു, വാനിലുയർന്നു പറക്കുന്നു “
പുറത്തെ കുളിമുറിയിൽ നിന്നും പതിവ് പോലെ അച്ഛന്റെ മൂളിപ്പാട്ട് കേൾക്കുന്നുന്നുണ്ട്.
ഇനിയും പതിനഞ്ചു മിനിറ്റെങ്കിലും കഴിഞ്ഞാലേ കുളി പൂർത്തിയാവൂ.
അമ്മ അടുക്കളയിൽ ദോശ ചുടുന്ന തിരക്കിലാണ്. ചട്ണിയരക്കലും ചായ തിളപ്പിക്കലുമൊക്കെയായി ഇപ്പോഴെങ്ങും പുറത്തിറങ്ങുന്ന ലക്ഷണമില്ല.
അനുജത്തി പോത്തു പോലെ കിടന്നുറങ്ങുന്നു.
അച്ചന്റെ ഷേവിങ് സെറ്റിൽ നിന്നും ബ്ലേഡ് ഊരിയെടുത്ത് അമ്മ പുന്നാരിച്ചു നട്ടു വളർത്തുന്ന പനിനീർ റോസായുടെ സമീപത്തേക്ക് ചെന്നു.
ഭരണങ്ങാനത്തുള്ള അമ്മായിയുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന റോസാ ചെടിയാണ്.
അതിൽ നിന്നും ആദ്യമായി വിടരാൻ വെമ്പി നിന്ന മൊട്ട് ഇലകൾ ഉൾപ്പെടെ ഒരു ശസ്ത്രക്രിയ വിദഗ്ധന്റെ കൈ വഴക്കത്തോടെ മുറിച്ചെടുത്തു.
പെട്ടന്നവിടെ പ്രത്യക്ഷപെട്ട് അമ്മേ “ദേ ചേട്ടൻ…..” എന്നു വിളിച്ചു കൂവാൻ ഒരുങ്ങിയ അനുജത്തിയുടെ വായ സ്കൂൾ വിട്ടു വരുമ്പോൾ തേൻ മിഠായി വാങ്ങിത്തരാമെന്ന പ്രലോഭനത്താൽ മൂടിക്കെട്ടി ഞാൻ പൂവ് ‘മോട്ടി’ സോപ്പിന്റെ കവറിലാക്കി ബാഗിൽ പൂഴ്ത്തി.
പ്രാതലിനിരുന്നപ്പോൾ “എന്താടാ നിനക്കൊരു കള്ളലക്ഷണ” മെന്ന അമ്മയുടെ ചോദ്യത്തെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിച്ചുകൊണ്ട്സ്കൂ ളിലേക്ക് യാത്രയായി.
ഗേറ്റ് കടക്കുമ്പോൾ തന്നെ ക്ലാസ്സിന് മുന്നിൽ ജന്മദിനത്തിന്റെ സകലവിധ അഹംഭാവത്തോടും കൂടി പുതിയ ഡ്രസ്സ് ഒക്കെയിട്ട് എല്ലാവർക്കും മിഠായി വിതരണം ചെയ്യുന്ന ഗ്രീഷ്മയെ കണ്ടു.
മനസ്സിൽ അങ്കലാപ്പായി.
റോസാപ്പൂ സമ്മാനമായി നൽകിയാൽ അവൾ കോപിക്കുമോ?
ക്ലാസ് ടീച്ചറോട് ചെന്നു പറയുമോ?
നഷ്ടപ്പെടുമെന്ന് തോന്നിയ ധൈര്യം ഒരു വിധത്തിൽ സംഭരിച്ച് മിടിക്കുന്ന ഹൃദയത്തോടെ അവളുടെ മുന്നിൽ ചെന്ന് ബാഗ് തുറന്ന് മോട്ടി സോപ്പിന്റെ കവറിനുള്ളിൽ ഒളിപ്പിച്ച റോസാപ്പൂ എടുത്തു നീട്ടി.
“ഹാപ്പി ബർത്ത്ഡേ ഗ്രീഷ്മ”
വിറക്കുന്ന ശബ്ദത്തോടെ ഞാൻ മൊഴിഞ്ഞു.
ഒരു നിമിഷം അവൾ എന്നെയും എന്റെ കയ്യിലുള്ള റോസാപ്പൂവിലേക്കും നോക്കി.
പിന്നെ എന്റെ കയ്യിൽ നിന്നും അതു വാങ്ങിയ ശേഷം മെല്ലെ മൊഴിഞ്ഞു.
“താങ്ക്സ്”
കൂടെ രണ്ടു മിഠായിയും തന്നു.
(ബാക്കിയെല്ലാർക്കും ഓരോന്നേ കൊടത്തുള്ളു എന്നു പിന്നീടറിഞ്ഞു )
കൈകൊണ്ട് തലമുടി കോതിയൊതുക്കി, നെഞ്ച് വിരിച്ചു ക്ലാസ്സിൽ കയറി.
പിൻബഞ്ചിലെ സൗഹൃദങ്ങളായ ശരത്തും, ഷെഫീക്കുമൊക്കെ ഒരു അതിമാനുഷനെയെന്ന പോലെ നോക്കുന്നതറിഞ്ഞു.
ഗ്രീഷ്മയുടെ ഒപ്പം സാറ്റ് കളിക്കുന്നതും, അണ്ണാച്ചിയുടെ കയ്യിൽ നിന്ന് കോലൈസ് വാങ്ങി തിന്നുന്നതുമെല്ലാം സ്വപ്നം കണ്ടു കൊണ്ടിരിക്കുമ്പോൾ “എന്തോന്നാടെ മൊട്ടേൽ നിന്ന് വിരിയുന്നതിനു മുൻപ് പകൽ കിനാവ്” എന്നു ചോദിച്ചു ഗണിതം പഠിപ്പിക്കുന്ന ഗുണശേഖരൻ മാഷ് തലക്കു കിഴുക്കിയത് സാരമില്ലെന്നു നടിച്ചു.
ഉച്ചയൂണും കഴിഞ്ഞു പത്താം ക്ലാസുകാരുടെ കൂടെ കബഡി കളിക്കാൻ ചെന്നപ്പോഴാണ് പത്താം ക്ളാസുകാരുടെ നേതാവും സ്കൂളിലെ ലീഡറുമായ ഉണ്ണികൃഷ്ണൻ എല്ലാവരുടെയും മുന്നിൽ വച്ച് പൊട്ടിച്ചിരിയോടെ പ്രസ്താവിച്ചത്.
“നോക്കടേ പൈതങ്ങളെ നിങ്ങളല്ലേ പറഞ്ഞത് ഗ്രീഷ്മ വളയൂല്ലാന്ന്.
ഇന്നവളുടെ ബർത്ത്ഡേ ആയിട്ട് ഞാനവൾക്ക് ആശംസകൾ നേർന്നപ്പോൾ അവളെനിക്കൊരു സമ്മാനം തന്നു.ഒപ്പം ‘ഐലവ് യൂ’ എന്നൊരു കൊഞ്ചലും “
ഒരു ജേതാവിനെപ്പോലെ ഉണ്ണികൃഷ്ണൻ തന്റെ പോക്കറ്റിൽ നിന്നും പുറത്തെടുത്ത സമ്മാനം കണ്ട് ഞാൻ കണ്ണുകൾ പൊത്തി.
അത് ഞാനവൾക്ക് രാവിലെ നൽകിയ റോസാപ്പൂവായിരുന്നു.
ജീവിതത്തിലെ ആദ്യത്തെ തേപ്പ്!
പ്രണയമുണ്ടെങ്കിലല്ലേ തേപ്പ് ഉള്ളൂ!