Story written by Gayatri Govind
രാവിലെ തന്നെ ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കേട്ടാണ് അപർണ പുറത്തേക്ക് വരുന്നത്.. ഇന്നലെ ഉണ്ടായ സംഭവത്തിന്റെ ബാക്കിപത്രമാണ് അയാൽക്കാരുടെ വരവ് എന്നു ഊഹിക്കാൻ അവൾക്ക് പെട്ടെന്നു തന്നെ കഴിഞ്ഞു…
♡♡♡♡♡♡♡♡♡♡♡
“അപർണ.. ഒരാഴ്ച്ച ആയതേയുള്ളു അവൾ ആ വീട്ടിലേക്ക് വന്നിട്ട്.. ഒരുമാസം മുൻപാണ് കിരണുമായുള്ള അവളുടെ വിവാഹ ബന്ധം വേർപ്പെടുത്തിയത്..ഒരു വർഷത്തോളം നീണ്ട കോടതി സന്ദർശനങ്ങൾക്ക് ഒടുവിലാണ് വിവാഹമോചനം ലഭിച്ചത്.. ഡിവോഴ്സ് ലഭിച്ചു രണ്ടാമത്തെ ദിവസം വീട്ടിലുള്ളവർ പുതിയ കല്യാണ ആലോചനയുമായി സമീപിച്ചു.. വര്ഷങ്ങളോളം പ്രണയിച്ചു വിവാഹം ചെയ്ത കിരണിന് വേറൊരു ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോൾ തന്റെ മനസാക്ഷിയെ വഞ്ചിച്ചു അവനൊപ്പം ജീവിക്കേണ്ട എന്നു തീരുമാനം എടുത്തത് അവൾ തന്നെയാണ്.. പക്ഷേ അവനുമായി പിരിഞ്ഞ രണ്ടാം ദിവസം വേറൊരു വിവാഹത്തിന് സമ്മതിക്കാനുള്ള മനസ്സ് ഒന്നും അവൾക്കില്ലായിരുന്നു.. വീട്ടുകാരുടെ നിർബന്ധം സഹിക്കാൻ കഴിയാതെയാണ് ഏക മകനെയും കൂട്ടി ജോലി സ്ഥലത്തോട് ചേർന്നുള്ള ഒരു വീട്ടിലേക്ക് വാടകയക്ക് മാറാൻ തീരുമാനം എടുത്തത്..
പക്ഷേ രണ്ടു മൂന്നു ദിവസം മാത്രമേ അവൾക്ക് അവിടെയും സമാധാനം ഉണ്ടായിരുന്നുള്ളൂ.. അടുത്തടുത്തു വീടുകൾ ഉണ്ടായിരുന്ന പ്രദേശമായിരിന്നിട്ടു കൂടി.. തനിയെ താമസിക്കുന്ന പെണ്ണാണെന്ന് അറിഞ്ഞാകും രാത്രിയിൽ മiദ്യപിച്ചു ചില ചെറുപ്പക്കാർ വീടിനു മുൻപിൽ വന്നു ഹോൺ അiടിക്കുകയയും ഒച്ച ഉണ്ടാക്കുകയും ഒക്കെ ചെയ്യുന്നത്.. ഇറങ്ങി ചെന്നു പ്രതികരിക്കാൻ ഭയമായത്തിനാൽ തന്നെ വീട്ടിൽ മകനെയും ചേർത്തു പിടിച്ചു അനങ്ങാതെ ഇരിക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളു.. അതിന്റെ ചോദ്യം ചെയ്യലിനുള്ള സഭയാകും പുറത്തു കൂടി നിൽക്കുന്നത്..
♡♡♡♡♡♡♡♡♡♡♡♡♡
പുറത്തേക്ക് ചെന്ന അപർണ എല്ലാവർക്കുമായി പുഞ്ചിരി നൽകി.. പക്ഷേ അവരുടെ മുഖത്തു അത്ര പ്രസാദമില്ലായിരുന്നു..
“ഇന്നലെയും വീടിനു മുൻപിൽ ഒച്ചയും ബഹളവും ആയിരുന്നല്ലോ മോളെ.. ” കൂട്ടത്തിൽ മുതിർന്ന അങ്കിൾ അവളോടായി പറഞ്ഞു
മറുപടി പറയാതെ തലകുനിച്ചു നിന്നതേയുളളു അവൾ..
“മോളെ ഈ തനിച്ചുള്ള താമസം ഒന്നും ശരിയാകില്ല… ഒന്നുകിൽ അച്ഛനെയോ അമ്മയെയോ കൂട്ടി വരിക.. അല്ലെങ്കിൽ വീട്ടുകാർ പറഞ്ഞത് പോലെ വേറൊരു ബന്ധത്തിന് സമ്മതിക്കുക..” പരിചയ പ്പെടാൻ വന്ന ദിവസം തന്നെ അവൾ എല്ലാം തുറന്നു പറഞ്ഞ ആന്റിയാണ് അത് അവളോട് പറഞ്ഞത്..
“എന്റെ കുട്ടി തനിച്ചു ജീവിക്കാനുള്ള തന്റേടം ഉണ്ട് ആരുടേയും സഹായം വേണ്ട എന്നൊക്കെ ഇപ്പോൾ തോന്നും.. ഇത് പുറം നാടൊന്നുമല്ല നമ്മുടെ നാട്ടിലെ കാര്യങ്ങൾ ഒക്കെ അറിയില്ലേ.. നാളെ നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ പോലും സമൂഹം നിന്നെയെ കുറ്റപ്പെടുത്തുള്ളൂ.. നീ മോശക്കാരി ആണെന്നെ പറയുള്ളു.. സിiഗരറ്റ് വച്ചു കുiത്തി നോവിക്കു മായിരുന്നു എന്റെ ഭർത്താവ്, ലiഹരി ചെന്നു കഴിഞ്ഞാൽ.. എന്നിട്ടും അദ്ദേഹത്തിന്റെ മരണം വരെ ഞാൻ പൊന്നുപോലെയാ നോക്കിയത്.. നീ നിന്റെ ഭർത്താവിനെ ഉപേക്ഷിച്ചു വന്നതേ തെറ്റായിപോയി കൂടാതെ തനിച്ചുള്ള ഈ ജീവിതവും അതും ഇത്രെയും ചെറുപ്രായത്തിൽ..” ബാങ്ക് ഉദ്യോഗസ്ഥയായ അവരുടെ വാക്കുകൾ കേട്ടവൾക്ക് പുച്ഛം തോന്നി..
“നാളെ മുതൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകാൻ പാടില്ല ഇവിടെ.. ഞങ്ങൾ അയൽവക്കകാർക്ക് മനഃസമാധാനം വേണം” ഒരു താകീത് പോലെ ഒരാൾ പറഞ്ഞു നിർത്തി..
അത്രെയും നേരം സംസാരിക്കാതെ നിന്ന അവൾ അവരോടായി പറഞ്ഞു
“കഴിഞ്ഞോ നിങ്ങളുടെ പരാതി അങ്കിളെ.. അച്ഛന്റെയും അമ്മയുടെയും പ്രായത്തിൽ ഉള്ളവരായതിനാലാണ് മറുത്തൊന്നും പറയാതെ നിന്നത്.. ശരിയാണ് ഒറ്റയ്ക്ക് കുഞ്ഞിനോടൊപ്പം താമസിക്കുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാകാം.. ഇങ്ങനെ ശല്യങ്ങൾ ഉണ്ടായെന്നു വരാം.. വിവാഹ ബന്ധം വേർപ്പെടുത്താൻ എനിക്ക് എന്റേതായ കാരണങ്ങൾ ഉണ്ടായിരുന്നു.. ആന്റി പറഞ്ഞത് പോലെ സർവ്വം സഹയായി ജീവിക്കാൻ എനിക്ക് കഴിയില്ലായിരുന്നു..എന്നു കരുതി ഉടനെ മറ്റൊരാളെ കല്യാണം കഴിച്ചു ജീവിക്കാനുള്ള മനസ്സിന് ഉടമയും അല്ല ഞാൻ.. പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് അറിഞ്ഞു തന്നെയാണ് ഇവിടെ വന്നു താമസിക്കാൻ തീരുമാനം എടുത്തത്.. പക്ഷേ ഇന്നലെ അവര് ശല്യപ്പെടുത്താൻ വന്നപ്പോൾ നിങ്ങൾ ആരെങ്കിലുമൊക്കെ എനിക്ക് സപ്പോർട്ട് ആയി വന്നിരുന്നുവെങ്കിൽ അവരുടെ മുഖത്ത് നോക്കി ഞാൻ സംസാരിച്ചേനെ.. നിങ്ങൾ ഒപ്പം ഉണ്ടായിരുന്നുവെങ്കിൽ ഒരുപക്ഷേ അവർ പിന്നീട് ഒരു ശല്യത്തിനും വരില്ലായിരുന്നു.. മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങളിലെ തെറ്റുകൾ ചൂഴ്ന്നെടുക്കാൻ ശ്രെമിക്കാതെ അതിൽ എന്തെങ്കിലും ശരി ഉണ്ടാകും എന്ന് ആലോചിച്ചുകൂടെ.. നിങ്ങളെ കുറ്റപ്പെടുത്തിയതല്ല.. സ്വന്തം അച്ഛനും അമ്മയ്ക്കും മനസിലാക്കാൻ കഴിയുന്നില്ല അവരുടെ മകളെ.. പിന്നെ നിങ്ങൾ എങ്ങനെയാ എന്റെ ഭാഗത്തു നിന്നും ചിന്തിക്കുക.. വിഷമിക്കേണ്ട ഇനിയും നിങ്ങൾക്ക് ആർക്കും ഒരു ശല്യവും ഉണ്ടാവില്ല.. ഇന്ന് തന്നെ ഞാൻ ഒരു പോലീസ് കംപ്ലയിന്റ് നൽകിക്കോളാം.. ” അമ്മ എന്താണ് പറയുന്നത് മനസിലാക്കാൻ കഴിയാതെ അവളെ നോക്കി നിൽക്കുന്ന മൂന്ന് വയസ്സുകാരനെ കൂട്ടി അവൾ അകത്തേക്ക് പോയി.. അവളുടെ വാക്കുകൾ അവിടെ കൂടിയ ചിലരുടെയെങ്കിലും ഉള്ളിൽ തറച്ചു..
“കഴിയുന്ന എന്ത് സഹായത്തിനും ഒപ്പം ഉണ്ടാകും മോളെ..” എന്നു പറയാനും മറന്നില്ല കുറ്റപ്പെടുത്തി സംസാരിച്ച ചിലർ .. ഉണ്ടാവാട്ടെ.. തനിച്ചു ജീവിക്കുന്നവർക്ക് വലിയ ധൈര്യം കൊടുക്കാൻ കഴിയും അങ്ങനെയുള്ള ചില വാക്കുകൾക്ക്.. അതിന് സ്വന്തമോ ബന്ധമോ ഉള്ളവർ ആകണമെന്നില്ല..
അവസാനിച്ചു…