പൊയ്മുഖങ്ങൾ
എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്
ഉറക്കത്തിൽ നിന്നും, ഉണ്ണികൃഷ്ണൻ പതിയെ ഉണർന്നു. വിരികൾ നീങ്ങിയകന്ന ജാലകത്തിലൂടെ പ്രഭാതവെയിൽ വന്നെത്തിനോക്കുന്നുണ്ടായിരുന്നു. ഉണരാൻ ഏറെ വൈകിയിരിക്കുന്നു..അയാൾ മനസ്സിലോർത്തു. വീടിന്റെ മുകൾനിലയിലെ എഴുത്തുമുറിയിലെ കിടക്കയിൽ അയാൾ എഴുന്നേറ്റിരുന്നു. എതിർച്ചുവരിലെ ഷെൽഫുകളിലിരുന്ന അനേകം ഗ്രന്ഥങ്ങൾ മൗനമായി പ്രഭാതമംഗളങ്ങളരുളി.
വല്ലാത്ത ദാഹവും പരവേശവും തോന്നി. കയ്യെത്തിച്ച്, തലയ്ക്കൽ ഭാഗത്തെ മേശമേലിരുന്ന മഗ് എടുത്തു. അതു ശൂന്യമായിരുന്നു..ജലം, ഇന്നലെയെപ്പഴൊ കുടിച്ചുവറ്റിച്ചിട്ടുണ്ട്..മേശമേൽ അനേകം വെള്ളക്കടലാസുതാളുകൾ ചിതറിക്കിടന്നു. അടപ്പു വേറിട്ട പേനയുമുണ്ട്. പങ്കയുടെ പങ്കപ്പാടിൽ, മേശമേലെ കടലാസുകൾ ഇളകിയുലയുന്നു. തീരാത്ത ക്ഷീണം ശേഷിക്കുന്നു.
തലേ രാത്രിയിൽ അമിതമായി മ ദ്യപിച്ചിരുന്നു..അങ്ങനെയൊരു ശീലം, പതിവുള്ളതായിരുന്നില്ല. പക്ഷേ, ഇന്നലെ സൗഹൃദസദസ്സിൽ അകപ്പെട്ടു പോയതാണ്. സാധാരാണ, എന്തെങ്കിലും എഴുതാനിരുന്നാലും നേരമേറെ വൈകുമ്പോൾ താഴെയിറങ്ങി ശയനമുറിയിലെത്താറുണ്ട്..നല്ല പാതിയെ പുണർന്നേ ഉറങ്ങാറുള്ളു..ഇന്നലെ അതിനും സാധിക്കാതെ പോയിരിക്കുന്നു. താഴെ നിന്നും, ശ്രീമതിയുടെയും കുട്ടികളുടെയും ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. ഇന്നലെ ഇവിടെയുറങ്ങിയതിന്റെ പരിഭവം തീർച്ചയായുമുണ്ടായിരിക്കാം.. അല്ലെങ്കിൽ, ചുടുചായയുമായി അവൾ എത്തിയേനെ.
ഉണ്ണികൃഷ്ണൻ, കയ്യെത്തിച്ച് അലക്ഷ്യമായിക്കിടന്ന മൊബൈൽഫോണെടുത്തു..ഓരോ പുലരിയിലും, പതിവായി ശുഭദിനം അറിയിക്കുകയും, തിരികേ ആശംസകൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന ഏതാനും പേരുണ്ട്. സോഷ്യൽ മീഡിയായിലെ.എഴുത്തുലോകത്തു നിന്നും പരിചയപ്പെട്ട, ഇതുവരെ കാണാത്ത ചിലർ. അതിൽ, മൂന്നോ നാലോ യുവതികളുമുണ്ട്.. അതിൽത്തന്നെ, ശരണ്യയുടെ സ്ഥാനം തെല്ലുയർന്നു നിൽക്കുന്നു..കഴിഞ്ഞ ഒരു വർഷമായി ശരണ്യയുടെ ആശംസയില്ലാതെ ഒരു ദിനം പോലും വന്നുദിയ്ക്കാറില്ല.
ഒരിക്കൽ, മുഖപുസ്തകത്തിലെ മെസേഞ്ചറിലാണ് ശരണ്യയുടെ സന്ദേശം ആദ്യമായി വന്നത്.
“പ്രിയമുള്ള എഴുത്തുകാരാ, നിങ്ങൾക്കെങ്ങനെയാണ് എന്റെ ജീവിതകഥ അറിയാൻ കഴിഞ്ഞത്? ആ കഥയിൽ,.കഥാപാത്രങ്ങളുടെ പേരുകളിൽ മാത്രമേ വൈവിധ്യമുള്ളു. ബാക്കിയെല്ലാം എന്റെതു മാത്രമാണ്..ഞാൻ അനുഭവിച്ച പ്രണയവും,mപ്രണയം പരിണയത്തിലെത്തിയതും,.പിന്നീട്, ഭർത്താവിന്റെ അ വിഹിതങ്ങൾക്കു നേർസാക്ഷിയാകേണ്ടി വന്നതും നിങ്ങളെങ്ങനെയറിഞ്ഞു.
ഒത്തിരിയിഷ്ടമാണ് നിങ്ങളുടെ കഥകൾ..നമുക്ക് നല്ല സുഹൃത്തുക്കളാകാം;. ഒത്തിരി സ്നേഹത്തോടെ ശരണ്യ”
അതൊരു നല്ല ബന്ധത്തിന്റെ തുടക്കമായിരുന്നു..സന്ദേശങ്ങളിൽ, ജീവിത കഥകൾ അനേകം ഭാഗം വയ്ക്കപ്പെട്ടു..ഫോൺ നമ്പറുകൾ കൈമാറി..മുഖപുസ്തകത്തിലൂടെയും, വാട്സ്ആപ്പ് മെസ്സജുകളിലൂടെയും സൗഹൃദം പൂത്തുലഞ്ഞു. ഓരോ സന്ദേശവും, വായിച്ച ശേഷം മനപ്പൂർവ്വം മായ്ച്ചുകളഞ്ഞു. ഭാര്യ, എടുത്തു വായിക്കില്ലെന്നു തീർച്ചയുണ്ടായിട്ടും.
ഉണ്ണികൃഷ്ണൻ ഫോൺ തുറന്നു, ചാറ്റ് ബോക്സിലേക്കു സഞ്ചരിച്ചു..ഇന്നലെ രാത്രിയിൽ, ശരണ്യയ്ക്കു സന്ദേശമയച്ചിരുന്നോ?.അയാൾ, ഉദ്വേഗത്തോടെ അതു വായിച്ചു.
“ശരണ്യാ, നിന്നെയെനിക്കു ഒത്തിരിയിഷ്ടമാണ്. നിന്നെയെനിക്കു മതി വരേ ചും ബിക്കണം. നിന്റെയുടലിൽ പടരണം..ഒരേ പുതപ്പിനു കീഴെ നീയും ഞാനും പരസ്പരം വ സ്ത്രങ്ങളാകണം”
എഴുത്തിനൊപ്പം അസംഖ്യം ഉമ്മകളുടെ ഇമോജികൾ..അതിനു താഴെ, പുലരിയിലെപ്പോഴൊ വന്ന അവളുടെ മറുപടി.
“നിങ്ങളിൽ നിന്നും ഞാനിതു കരുതിയില്ല. പക്ഷേ, തെറ്റ് എന്റെ മാത്രമാണ്. ഏതൊരാളിലും, അവസരങ്ങളിൽ മാത്രം പുറത്തേക്കു നീളുന്ന മാംസ ദാ ഹത്തിന്റെ പൂച്ചനഖങ്ങൾ ഉണ്ടെന്നു ഞാൻ മനസ്സിലാക്കേണ്ടതായിരുന്നു. ഞാനൊരു അത്താഴപ്പട്ടിണിക്കാരിയല്ല..മറ്റു പെണ്ണുങ്ങൾക്കൊപ്പം, എന്നെയും ഭോ ഗിക്കുന്ന എന്റെ ഭർത്താവിനും നിങ്ങൾക്കും എന്തു മാറ്റമാണുള്ളത്..വലിയ എഴുത്തുകാരനെന്ന നെറ്റിപ്പട്ടത്തിന്റെ മാത്രം വ്യത്യാസമുണ്ട്. ക്ഷമിക്കുക, ഞാൻ നിങ്ങളുദ്ദേശിക്കുന്ന തരക്കാരിയല്ല”
അയാൾ ഒന്നു പിടഞ്ഞു. അതേ സന്ദേശം വേറെ മൂന്നിടങ്ങളിലും കൊടുത്തിട്ടുണ്ട്..രണ്ടുപേർ മറുപടിയായി “ഹഗ് ” ഇമോജി അയച്ചിരിക്കുന്നു..ഒരുത്തി പ്രതികരിച്ചിട്ടുമില്ല..അവളതു കണ്ടിട്ടില്ലെന്നു തീർച്ചയാണ്. ഉണ്ണികൃഷ്ണൻ, ശരണ്യയുടെ ചാറ്റ് ബോക്സ് തുറന്നു മറുപടി കുറിച്ചു.
“ശരണ്യാ, ക്ഷമിയ്ക്കണം. ഇന്നലെ ഞാൻ മ ദ്യല ഹരിയിൽ എഴുതിപ്പോയതാണ്. മനപ്പൂർവ്വമല്ല; മാപ്പു തരണം”
ഉടൻ തന്നെ മറുപടി വന്നു.
“നിങ്ങളോടു ഇനിയൊരു സൗഹൃദമില്ല..മിന്നുന്നതെല്ലാം പൊന്നല്ലെന്നു, കാലം വീണ്ടുമെന്നെ ഓർമ്മിപ്പിക്കുന്നു. പോകട്ടെ ഞാൻ, എന്റെ തെറ്റാണ്, നിങ്ങളിലെ മാന്യതയെ മാനിച്ചത്. സാരമില്ല,.നിങ്ങൾ തുടരുക..ഞാനെന്റെ കൈവഴി പിരിയട്ടേ”
അതിനു മറുപടി നൽകാൻ, അയാൾക്കു കഴിഞ്ഞില്ല..സകല മാധ്യമങ്ങളിൽ നിന്നും, അവളയാളെ ബ്ലോക്ക് ചെയ്തു കഴിഞ്ഞിരുന്നു..ആലോചനകളിൽ മുഴുകി, അയാൾ ഗോവണിപ്പടവുകളിറങ്ങി. ഭാര്യയുടെ പിണക്കങ്ങളെ അതിജീവിക്കാനൊരു മാർഗ്ഗം തിരയുമ്പോളും, അയാളുടെ ഉൾക്കണ്ണിൽ തെളിഞ്ഞുനിന്നത്,.മറ്റു രണ്ടു പെണ്ണുങ്ങളുടെ ‘ഹഗ്’ ഇമോജികളായിരുന്നു.
മാന്യതയുടേയും, വിഷാദത്തിന്റെയും മുഖം മൂടിയണിഞ്ഞ്,.ഉണ്ണികൃഷ്ണൻ അകത്തളത്തിലേക്കു പ്രവേശിച്ചു..പ്രിയതമ അയാളെയും കാത്തുനിൽ പ്പുണ്ടായിരുന്നു..കയ്യിലെ കപ്പിൽ, ആവി പറക്കുന്ന ചായയുമായി. കുട്ടികളുടെ കലപില അകമുറിയിൽ തുടരുന്നുണ്ടായിരുന്നു. അയാൾക്കൊഴികെ, മറ്റുള്ളോർക്കെല്ലാം അതൊരു സാധാരണ ദിനം മാത്രമായിരുന്നു.

