എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
അവളുടെ പേര് വിലാസിനി എന്നായിരുന്നു. വിലാസം അറിയുന്നത് കൊണ്ട് അന്ന് ഞാൻ അവൾക്കൊരു കത്ത് എഴുതി.
‘പ്രിയപ്പെട്ടവളേ….
രഘുവാണ്. അന്ന്, തെറ്റ് പറ്റിപ്പോയി. എന്നോട് ക്ഷമിക്കൂ… ഈ കത്തിന് ജീവിച്ചിരിക്കുന്നുവെന്ന് മറുപടിയായി എഴുതൂ…’
അത്ര മാത്രമേ എനിക്ക് അവളോട് പറയാൻ ഉണ്ടായിരുന്നുള്ളൂ. പറഞ്ഞത് പോലെ മറുപടി വന്നെങ്കിൽ ഇപ്പോഴും അവൾ കാത്തിരിക്കുന്നുവെന്ന് എനിക്കതിൽ നിന്ന് വായിക്കാൻ പറ്റുമായിരുന്നു. വിലാസിനിയുടെ ശ്വാസത്തിൽ നിന്നും രഘുവിനെ മാറ്റി നിർത്താൻ മരണത്തിനല്ലാതെ മറ്റൊന്നിനും സാധിക്കില്ല.
കാഴ്ച്ചയിൽ ഭംഗിയില്ലായെന്ന് പറഞ്ഞ് പതിയേ അവളിൽ നിന്ന് അകന്ന് പോയതാണ് അവളുടെ ഭർത്താവ്. ഒക്കത്ത് ഒരു കൊച്ചുണ്ടായിരുന്നത് കൊണ്ട് ഒച്ചത്തിൽ നിലവിളിക്കുകയോ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുകയോ അവൾ ചെയ്തില്ല. വിലാസിനി നാട്ടിൽ തിരിച്ചെത്തുമ്പോഴേക്കും സമാന കാരണത്തിൽ ഞാനും ഇണയിൽ നിന്ന് വേർപെട്ടിരുന്നു.
നിർമ്മലയ്ക്ക് എന്നെ ഒഴിവാക്കാൻ പിന്നേയും കാരണങ്ങൾ ഉണ്ടായിരുന്നു. സൗന്ദര്യമില്ലായ്മയുടെ കൂടെ എന്റെ വിദ്യാഭ്യാസവും അവൾക്ക് പ്രശ്നമായിരുന്നു. സംഗതി രണ്ടുപേരും തോറ്റുപോയവർ ആയിരുന്നു. ഞാൻ എട്ടിലും അവൾ പ്രീഡിഗ്രീയിലും വെച്ചാണെന്ന് മാത്രം. പക്ഷേ, എത്രയൊക്കെ അധിക്ഷേപിച്ച് സംസാരിച്ചാലും അവളോട് എനിക്ക് വലിയ സ്നേഹമായിരുന്നു. ചെറുതായിട്ട് പോലും എനിക്കത് പ്രകടിപ്പിക്കാൻ കഴിയാത്തത് കൊണ്ടായിരിക്കണം മൂക്കള ഒലിപ്പിച്ച് നടക്കുന്ന എന്റെ കുഞ്ഞിനേം തൂക്കി അവൾ ഒരിക്കൽ ഇറങ്ങിപ്പോയത്…
സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ അറിയാവുന്നത് കൊണ്ട് വർഷങ്ങൾക്ക് ശേഷം വിലാസിനിയെ കണ്ടപ്പോഴും ഞങ്ങൾക്ക് യാതൊരു അപരിചിതത്വവും പരസ്പരം തോന്നിയില്ല. തുണയില്ലാതെ ഒറ്റപ്പെട്ട് പോയതിന്റെ വിഷമങ്ങൾ ചിരിച്ചുകൊണ്ട് തന്നെ ഞങ്ങൾ പങ്കുവെച്ചു. പതിയേ ആ പങ്കുവെക്കലുകൾ നാളുകൾക്കുള്ളിൽ മറ്റൊരു തലത്തിലേക്ക് പോകുകയായിരുന്നു. ആരുടെയൊക്കെയോ കണ്ണുകളിലെ രണ്ട് വിരൂപീകൾ വേർപിരിയാൻ പറ്റാത്ത വിധം തമ്മിൽ അടുത്തു.
ഞങ്ങൾക്ക് കലഹിക്കാൻ കാരണങ്ങൾ ഉണ്ടായിരുന്നില്ല. സ്നേഹിക്കാൻ കാരണങ്ങൾ വേണ്ടിയും വന്നില്ല. പരസ്പരം പൊതിഞ്ഞ അപ്പൂപ്പൻ താടികളായി കൗതുകത്തിന്റെ മാനത്തേക്ക് ഞങ്ങൾ പാറി. എന്റെ കുഞ്ഞ് അടുത്തില്ലല്ലോയെന്ന സങ്കടത്തിൽ മാത്രമേ അത് തട്ടാറുള്ളൂ.. തട്ടിയാലും വീഴാതെ ചേർക്കാൻ വിലാസിനിയുടെ സ്നേഹരോമങ്ങൾക്ക് കെൽപ്പുണ്ടായിരുന്നു.
അങ്ങനെ ഞാനും, വിലാസിനിയും, അവളുടെ കുഞ്ഞും, ഒരുമിച്ച് ജീവിക്കാൻ ഒരുങ്ങുമ്പോഴാണ് നിർമ്മല വീണ്ടും വന്നത്. തന്റെ തെറ്റുകൾ പൂർണ്ണമായും തനിക്ക് ബോധ്യമായെന്നും, കുഞ്ഞിനെ ഓർത്തെങ്കിലും നിങ്ങൾ കൂടെ വരണമെന്നും അവൾ അപേക്ഷിച്ചു. എനിക്ക് പോകാതിരിക്കാൻ സാധിച്ചില്ല. വിലാസിനിയുടെ വിലാപങ്ങൾക്കും അപ്പുറം നിർമ്മലയുടേയും കുഞ്ഞിന്റേയും വശം എന്നെ അവരോടൊപ്പം പോകാൻ വല്ലാതെ നിർബന്ധിച്ചു.
പക്ഷേ, നാളുകൾക്കുള്ളിൽ ചെറുതല്ലാത്തയൊരു കുറ്റബോധം എന്നെ വേiട്ടയാടി. രക്ഷയെന്നോണം ക്ഷമ പറയണമെന്ന തീരുമാനത്തിൽ ഞാൻ വിലാസിനിയെ വീണ്ടും കാണാൻ ചെന്നു.
‘സാരമില്ല. രഘുവെങ്കിലും സുഖായി ജീവിക്കൂ..’
ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും അവളുടെ ദേഹം വിറക്കുന്നത് ഞാൻ അറിഞ്ഞു. എല്ലാം മറന്ന് പരസ്പരം ആiലിംഗനം ചെയ്യുമോയെന്ന അവസ്ഥയിലേക്ക് രണ്ടുപേരുടേയും കണ്ണുകൾ മാറിയപ്പോൾ അവൾ കതകടച്ചു. തിരിഞ്ഞുപോലും നോക്കാതെ ഞാൻ നടക്കുമ്പോൾ എന്റെയും കണ്ണുകൾ കവിഞ്ഞിരുന്നു..
വിലാസിനിയുടെ വീട്ടിലേക്ക് വീണ്ടും പോയെന്ന് അറിഞ്ഞ നിർമ്മല അന്ന് തന്നെ കുഞ്ഞിനേയും കൂട്ടി തന്റെ വീട്ടിലേക്ക് വീണ്ടും ഇറങ്ങി പ്പോയി. എല്ലാം വിശദീകരിച്ച് തിരിച്ച് വിളിക്കാൻ എനിക്ക് തോന്നിയില്ല. തോന്നിയത് എങ്ങോട്ടേക്കെങ്കിലും പോകണമെന്ന് മാത്രമായിരുന്നു. പിന്നെ ഞാൻ നിന്നില്ല. വർഷങ്ങളോളം സഞ്ചരിച്ചു. അതിൽ മുക്കാലും സന്യാസ മാർഗ്ഗമായിരുന്നു. അങ്ങനെ പത്തോളം വർഷത്തെ സഞ്ചാരത്തിന്റെ ഒടുവിലാണ് വിലാസിനിക്ക് ഇങ്ങനെയൊരു കത്ത് എഴുതണമെന്ന തോന്നൽ എനിക്ക് ഉണ്ടായത്.
വിട്ടുപോയ പ്രിയ സ്വന്തങ്ങൾ വീണ്ടും മുന്നിൽ തെളിയുമ്പോൾ മനസ്സൊരു ചാഞ്ചാട്ടക്കാരനാകുമെന്നത് സ്വാഭാവികമാണ്. വീണ്ടും കൂടാൻ അവർക്കായി അവസരങ്ങൾ ഉണ്ടാകുമ്പോൾ ആശ്വാസമെന്നോണം ചേക്കേറുന്ന മറ്റെല്ലാ ബന്ധങ്ങളും താനേ ആ നേരങ്ങളിൽ മാഞ്ഞുപോകും. അതിൽ നിലതെറ്റി ആരെങ്കിലും വീഴുന്നുണ്ടോ ഇല്ലയോ എന്നൊന്നും നമ്മൾ ശ്രദ്ധിക്കാറില്ല. വിലാസിനി ഏത് കയത്തിലേക്കായിരിക്കും വീണിരിക്കുകയെന്ന് ഓർക്കാൻ പോലും എനിക്ക് പറ്റുന്നില്ല.
‘ഹരേ.. രഘുസാബ്…!!’
കതക് തുറന്നപ്പോൾ തപാൽക്കാരൻ മറാത്തി പയ്യനായിരുന്നു. വിലാസിനിയുടേതാണെന്ന് മനസിലായപ്പോൾ അവൻ നീട്ടിയ കത്തും വാങ്ങി ധൃതിയിൽ ഞാൻ അകത്തേക്ക് കയറി. തുറക്കുമ്പോൾ എന്റെ ഹൃദയം പട പടാന്ന് അടിച്ചു. കൈകകൾ വിറച്ചു. അക്ഷരങ്ങൾ കണ്ണുകളിൽ നിന്ന് അനങ്ങിക്കൊണ്ടേയിരുന്നിട്ടും ഞാനത് കൃത്യമായി വായിച്ചു.
‘ജീവിച്ചിരിക്കുന്നൂ…!!!’