പടച്ചോനെ എന്റെ ഭാര്യ പറഞ്ഞത് പോലെ ആണേൽ ഞാൻ എന്ത് തീരുമാനം ആണ് എടുക്കുക എന്നറിയാതെ ഞാൻ ആ നിസ്ക്കാര പായയിൽ തന്നെ കുറച്ചു നേരം ഇരുന്നു…….

എഴുത്ത്:- നൗഫു ചാലിയം

“നിങ്ങളെ ഇക്കാന്റെ പുതിയ ബിസിനസും പൊട്ടി എന്നാണ് കേൾക്കുന്നത്…

അതെങ്ങനെ എല്ലാവരെയും വിശ്വാസമല്ലേ…

ഇതിപ്പോ ഏറ്റവും അടുത്ത കൂട്ടുകാരനാണ് പറ്റിച്ചു പോയത്….

എത്ര ലക്ഷം രൂപയാണെന്നോ കളഞ്ഞത്

ഇക്ക ഇത് വരെ ഉണ്ടാക്കിയത്…പിന്നെ.. താത്തന്റെ സ്വർണ്ണം മൊത്തം ബാങ്കിൽ പണയം വെച്ചിട്ടാണ് പുതിയ ബിസിനസ് തുടങ്ങിയത്…”

അതാണിപ്പോ മുഴുവൻ ഉരുൾ പൊട്ടൽ വന്ന പോലെ ഒലിച്ചു പോയത്…

സാഹിന അതും പറഞ്ഞു എന്നെ ഒന്ന് നോക്കി…

ഓള് പറഞ്ഞു വരുന്നതിന്റെ ഉദ്ദേശം എനിക്ക് മനസ്സിലാവുന്നുണ്ട്…

വീട്ടിലെ എല്ലാവരും ഇന്നൊരു കല്യാണത്തിന് പോയിരിക്കയാണ്‌ ഞാനും സാഹിനയും മാത്രമേ വീട്ടിൽ ഉള്ളു…

ചോറ് കുഴച് കൊണ്ട് ഞാൻ അവളെ വീണ്ടും നോക്കി…

“ഇക്ക ഇനിയെന്തായാലും ഇക്കാക്ക തറവാടിന്റെ ഓഹരി ചോദിക്കാനായിരിക്കും വരിക അല്ലെങ്കിൽ ഇക്കാക്ക് തറവാട് തന്നെ വേണ്ടി വരും

ചിലപ്പോൾ മൂത്ത മോനോടുള്ള സ്‌നേഹം കാരണം ഉമ്മ അത് കൊടുത്തെന്നും വരും…

നിങ്ങൾ ഇങ്ങനെ മണകുണാഞ്ചനെ പോലെ നിന്നാൽ ഈ കാണുന്ന വീടും പുരയിടവും നമുക്ക് നഷ്ടപ്പെടും…

ഇക്ക എന്ത് പറഞ്ഞാലും നിങ്ങൾ അനുവദിച്ചു കൊടുക്കരുത്… നമ്മുടെ മക്കൾക്കു കയറി കിടക്കാൻ വീട് ഇല്ലാതെ ആവും…”

അവൾ പറയുന്നതിനൊന്നും മറുപടി കൊടുക്കാൻ കഴിയാതെ ഞാൻ ചോറിൽ കൈ കൊണ്ട് കളം വരക്കുന്നത് പോലെ ഇരുന്നു…

അല്ലങ്കിലും അവൾ പറയുന്നതിന് ഞാൻ എന്ത് മറുപടിയാണ് കൊടുക്കുക…ഞങ്ങൾക്ക് നല്ലത് വരുന്നത് മാത്രമല്ലെ അവൾ ചിന്തിക്കൂ…

ഞാൻ സുലൈമാൻ… പപ്പു ചേട്ടൻ പറഞ്ഞത് പോലെ…ഇയ്യ് സുലൈമാൻ അല്ല ഹനുമാൻ ആണേന്ന് പറയരുതേ..

കോഴിക്കോട് ജില്ലയിൽ മങ്കാവിന് അടുത്താണ് എന്റെ വീട്…

വീടെന്ന് പറഞ്ഞാൽ ഞങ്ങളുടെ തറവാട്…

അവിടെ ഞാനും ഭാര്യയും ഒരു കുട്ടിയും.. എനിക്ക് മൂത്തത് രണ്ട് ഇക്കമാരാണ്…

ഒരാൾ എന്റെ അതെ പ്രായമാണെങ്കിൽ ഒരു മിനിറ്റിന്റെ വ്യത്യാസം വന്നത് കൊണ്ട് മാത്രം അവൻ എന്റെ ഇക്കയായി.

അവനും ഭാര്യയും ഇരട്ട കളായ രണ്ട് കുട്ടികളും…

മൂത്ത ഇക്ക ഞങ്ങളെക്കാൾ എട്ടു വയസ് കൂടുതൽ…

ഇക്കയും ഭാര്യയും മൂന്നു കുട്ടികളും അടുത്തുള്ള ഒരു ലോഡ്ജിൽ വാടകക്ക് നിൽക്കുന്നു…

വീട്ടിൽ സ്ഥലം കുറവാണെ…

ഞാനും കൂടി വിവാഹം കഴിച്ചപ്പോൾ ഇക്ക മക്കളെയും കൂട്ടി ഇറങ്ങിയതാ…

ഇന്ന് വൈകുന്നേരം ഉമ്മ എല്ലാവരെയും ഓർമിച്ചു കാണണം എന്ന് പറഞ്ഞതിന്റെ പുകിലാണ് നേരത്തെ കഴിഞ്ഞത് വീട്ടിൽ…

ചോറ് കഴിച്ചു ഒന്ന് മയങ്ങി…

കുട്ടികളുടെ കരച്ചിലും ബഹളവും കേട്ടിട്ടാണ് പിന്നെ എഴുന്നേൽക്കുന്നത്…

സമയം നാലു മണി കഴിഞ്ഞിട്ടുണ്ട്…ഉറങ്ങിയത് കൊണ്ട് തന്നെ പള്ളിയിലേക്കു പോകാൻ കഴിഞ്ഞിട്ടില്ല നിസ്‌കരിക്കാൻ ഞാൻ പെട്ടന്ന് തന്നെ എഴുന്നേറ്റു നിസ്കരിച്ചു..

പടച്ചോനെ എന്റെ ഭാര്യ പറഞ്ഞത് പോലെ ആണേൽ ഞാൻ എന്ത് തീരുമാനം ആണ് എടുക്കുക എന്നറിയാതെ ഞാൻ ആ നിസ്ക്കാര പായയിൽ തന്നെ കുറച്ചു നേരം ഇരുന്നു..

“ആപ്പാപ്പാ…”

ഇക്കാടെ രണ്ടാമത്തവൻ വന്നു വിളിച്ചപ്പോൾ ആയിരുന്നു ഞാൻ പിന്നെ അവിടെ നിന്നും എഴുന്നേറ്റത്…

“എന്താടാ…???”

ഇക്കയുടെ മോൻ വന്നു വിളിച്ചപ്പോൾ ഞാൻ അവനോട് ചോദിച്ചു…

“ഉമ്മാമ്മ വിളിക്കുന്നുണ്ട്…”

അവൻ അതും പറഞ്ഞു അവിടെ നിന്നും പോയി…

ഞാൻ വേഗം എഴുന്നേറ്റു കോലായിലേക് നടന്നു…

അവിടെ എല്ലാവരും ഉണ്ടായിരുന്നു..

രണ്ട് ഇക്കാക്ക മാരും അവരുടെ പെണ്ണുങ്ങളും സാഹിനയും..

എല്ലാവർക്കും നടുവിൽ എന്ന പോലെ ഉമ്മയും…

“ഉമ്മാ…”

ഞാൻ വന്നതും ഉമ്മയെ വിളിച്ചു…

“ആ സുലോ…

നീ വന്നോ…

ഞാൻ എല്ലാവരെയും വിളിപ്പിച്ചത് എന്തിനാണെന്ന് മനസിലായിട്ടുണ്ടാവും എന്ന് കരുതുന്നു .

ഇനി മനസിലായിട്ടില്ലേൽ ഞാൻ തന്നെ പറയാം… ഈ പത്തു സെന്റ് വീടും പറമ്പിന്റെയും കാര്യത്തിൽ ഒരു തീരുമാനം എടുക്കണം…

നിങ്ങൾക് അറിയാമല്ലോ…നിങ്ങളുടെ ഇക്ക ഒരു ബിസിനസ് തുടങ്ങി ആകെ നഷ്ടം വന്നു നിൽക്കാണ്…

അവന് ഇനി ഒരു സ്ഥലം കണ്ടെത്തി വീടൊക്കെ എടുക്കാമെന്ന് പറഞ്ഞാൽ കുറെ ഏറെ കാലം വേണ്ടി വരും.. അപ്പോയെക്കും ഓന്റെ മൂത്ത രണ്ട് പെൺകുട്ടികളും വിവാഹ പ്രായം ആവും..

അത് കൊണ്ട് ഈ വീടും പറമ്പും അവനു കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു…”

ഉമ്മ അതും പറഞ്ഞു ഞങ്ങളെ രണ്ടു ആൺ മക്കളെ നോക്കി…

ഞങ്ങൾ ഒന്നും പറയാതെ ഉമ്മയെ തന്നെ നോക്കി നിൽക്കുകയാണ്..

“നിങ്ങളെ രണ്ടു പേരെയും ഉമ്മാക് ഇഷ്ടം അല്ലാഞ്ഞിട്ടൊന്നും അല്ലാട്ടോ..

നിങ്ങൾക് അറിയാമല്ലേ.. നിങ്ങളുടെ രണ്ടാം വയസിൽ നിങ്ങളുടെ ഉപ്പ പോയത് മുതൽ… ഒരു പത്തു വയസു കാരനാണ് നിങ്ങളെ നോക്കിയത്…

കടപ്പുറത്തു അന്നന്നു വരുന്ന മീൻ…

കൊട്ടയിൽ നിറച്ചു കൊണ്ട് പോകുമ്പോൾ അതിൽ നിന്നും വീഴുന്ന ഓരോ മീനും പൊറുക്കി അത് വിറ്റ് കിട്ടുന്ന പൈസ കൊണ്ടായിരുന്നു എന്റെയും നിങ്ങളുടെയും വയർ നിങ്ങളുടെ ഇക്ക നിറച്ചിരുന്നത്…

പുലർച്ചെ സുബിഹി ബാങ്ക് കൊടുക്കുമ്പോൾ അവൻ നിങ്ങളെ ഉണർത്താതെ ശബ്ദം ഉണ്ടാക്കാതെ എഴുന്നേറ്റു പോകും…

നിങ്ങൾ കണ്ടാൽ ഇക്കയുടെ കൂടെ പോകാൻ വാശി പിടിക്കില്ലേ…അതാവും…

നീട്ടി നടക്കും മൂന്നാല് കിലോമീറ്റർ അപ്പുറത്തുള്ള കടപ്പുറത്തേക്..

ഇടക് വരുമ്പോൾ പറയുന്നത് കേൾക്കാം എന്നെ നായ ഓടിച്ചു ഉമ്മിച്ചി… ആരും ഇല്ലാത്തത് കൊണ്ട് എനിക്ക് പേടിയായെന്നൊക്കെ..

അത് കേൾക്കുമ്പോൾ ഞാൻ പറയും ഉമ്മാന്റെ മോൻ ഇത്ര രാവിലെ പോകണ്ട…നേരം വെളുത്തിട്ട് പോയാൽ മതിയെന്ന്…

ഞാൻ പറയുന്ന എല്ലാത്തിനും തലയാട്ടി സമ്മതിക്കുമെങ്കിലും പിറ്റേന്ന് ഞാൻ എഴുന്നേൽക്കുന്നതിന് മുമ്പേ പോയിട്ടുണ്ടാവും അവൻ..

അവന് നിങ്ങൾ എന്ന് പറഞ്ഞാൽ ജീവൻ ആയിരുന്നെടാ…. “

ഉമ്മ അതും പറഞ്ഞു കണ്ണുകൾ തലയിൽ ഉണ്ടായിരുന്ന ഷാൾ കൊണ്ട് തുടച്ചു…

മുന്നിൽ ഇരിക്കുന്ന ഉമ്മയെ കാണാൻ പറ്റാത്ത ആയപ്പോൾ ആയിരുന്നു ഉമ്മ പറയുന്ന കഥ കേട്ടു ഞാൻ കരയുകയാണെന്ന് മനസിലായത്..

ഞാൻ മാത്രമല്ല…എന്റെ ചുറ്റിലും ഉള്ള എല്ലാവരും കരഞ്ഞു.. ഞങ്ങളുടെ ഭാര്യമാർ കുട്ടികൾ എല്ലാവരും…ഒരാൾ മാത്രം ഒഴിച്…

ഇക്ക…

ഇക്ക മാത്രം കരഞ്ഞില്ല… അന്ന് കരയാത്ത ഇക്ക ഇന്നെങ്ങനെ കരയും അല്ലെ…”

“ഉമ്മാ… ഇക്കാക് കൊടുത്തോ…

ഈ വീടും പറമ്പും എല്ലാം കൊടുത്തേ..

ഞങ്ങൾക് ഒന്നും വേണ്ടാ…”

എന്റെ മൂത്തവൻ പറയുന്നത് കേട്ടപ്പോൾ ഞാനും പറഞ്ഞു ഉമ്മയോട്..

ഇക്കാക്ക് കൊടുക്കാൻ..

“നിങ്ങൾക് പൂർണ്ണ സമ്മതം ആയിരിക്കുമെന്ന് എനിക്കറിയാം… എന്നാലും ചോദിച്ചു എന്നെ ഉള്ളു…

ഇതിന് മുമ്പിലുള്ള രണ്ടു സ്ഥലവും കൊടുക്കാൻ ഉള്ളതാണ്…

അത് രണ്ടും നിങ്ങൾ തന്നെ എടുക്കണം..

അവിടെ നിങ്ങൾക് വീട് ഉയരുമ്പോൾ തീർച്ചയായും നിങ്ങളുടെ ഇക്ക നിങ്ങളെ സഹായിക്കും…”

ഉമ്മ പറഞ്ഞില്ലെങ്കിലും ഞങ്ങൾക് അറിയാം ഞങ്ങളെ ഇക്കാനെ..

ഞാൻ ഇക്കയെ നോക്കിയപ്പോൾ ആ സമയം മാത്രം ഇക്കയുടെ കണ്ണിൽ നിന്നും ഒരു കുഞ്ഞു കണ്ണ്നീർ കണിക ഉരുണ്ട് പുറത്തേക് ചാടി….

ഇഷ്ടപെട്ടാൽ…👍👍👍

ബൈ….

…😍

Leave a Reply

Your email address will not be published. Required fields are marked *