മാംഗല്യം
എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട്
ഓട്ടോയിൽ നിന്ന് തിരക്കിട്ടിറങ്ങുമ്പോൾ, അരുണ വാച്ചിലേക്ക് നോക്കി.
സമയം, ഒന്നര..നട്ടുച്ചയുടെ ആകാശം പൂർണ്ണമായും നീലിച്ചു നിലകൊണ്ടു. വെയിൽച്ചൂടിൽ കിനിഞ്ഞിറങ്ങിയ വേർപ്പുതുള്ളികൾ ചെന്നിയിലൂടെ വഴിയുന്നു. നെറ്റിയിലെ ചന്ദനക്കുറി പാതിമായ്ച്ച്, മൂക്കിൻതുമ്പിലേക്കരിച്ചിറങ്ങുന്ന സ്വേദബിന്ദു. പൊൻമാൻ നീലനിറമുള്ള ബ്ലൗസിന്റെ കiക്ഷങ്ങൾ വിയർപ്പിറങ്ങി കരിനീലിച്ചിരിക്കുന്നു..വാടക കൊടുത്തു, ഓട്ടോ പറഞ്ഞയച്ചു. നിന്നിടത്തു തന്നേ നിന്നു സാരിയുടെ ചുളിവുകൾ നിവർത്തി ഭംഗിയാക്കി. കൈലേസു കൊണ്ട് മുഖത്തെ വിയർപ്പൊപ്പി മുന്നോട്ടു നടന്നു. സാരിയുടെ സീൽക്കാരതാളം ചുവടുകളിൽ നിറയുന്നു. വേർപ്പു പുരണ്ട കാൽത്തുiടകൾ ഉരയുമ്പോൾ അസ്വസ്ഥത പടരുന്നു.
ഓഡിറ്റോറിയത്തിന്റെ പ്രവേശന കവാടം കമാനാകൃതിയിൽ ബലൂണുകളാൽ അലങ്കരിച്ചിരിന്നു. നീലമഷിയുടെയും പാലിന്റെയും വർണ്ണങ്ങൾ ഇടകലർന്ന ബലൂണുകൾ. കവാടത്തിനിരുപുറത്തും, വധൂവരൻമാരുടെ സുന്ദരച്ചിത്രങ്ങൾ..അതിനു താഴെ, സുഭഗലിഖിതങ്ങൾ.
‘വർഷ വെഡ്സ് രാഹുൽ’
സദ്യയുടെ അന്തിമപാദമെത്തിയതിനാലാകാം, ബലൂൺ ആർച്ചിനെ കുട്ടികൾ പറിച്ചെടുക്കാൻ തുടങ്ങിയിരിക്കുന്നു. കിട്ടിയ ബലൂണുകൾ അവർ പരസ്പരം തട്ടിക്കളിക്കുന്നു. അവരുടെ ആർപ്പും വിളികളും കുതൂഹലങ്ങളും തുടർന്നു കൊണ്ടേയിരുന്നു.
അരുണ, ഹാളിലേക്ക് തിടുക്കത്തിൽ കടന്നുചെന്നു..സദ്യയുടെ തിരക്കുകൾ ഏറെക്കുറെ അവസാനിച്ചിരുന്നു. മണ്ഡപത്തിൽ നിന്നും വർഷയും രാഹുലും താഴെയിറങ്ങി. അതിഥികളുടെയും, അടുത്ത ബന്ധുക്കളുടേയും പരിചയപ്പെടലും കുശലങ്ങളുമൊക്കെ നിറഞ്ഞ മഹാകടമ്പയെ അതിജീവിച്ച് അവർ ഉണ്ണാനിരിക്കാൻ താഴെയെത്തിയതാണ്.
അരുണ, വർഷയ്ക്കരുകിലെത്തി. അവളെ കണ്ടതും, വർഷയുടെ നിബിഢമായ ഇമകൾ ഏറെ തവണ ചിമ്മിയടഞ്ഞു. അരുണയേ ചേർത്തുപിടിച്ചു അവൾ പറഞ്ഞു.
“അരുണാ, നീ വന്നല്ലോ, സന്തോഷമായി..നമ്മുടെ കോളേജ് ബാച്ചിലെ മിക്കവാറും പേർ വന്നിരുന്നു. എല്ലാവരും പോയി. ഞാൻ, അപ്പോഴൊക്കെ നിന്നെ മാത്രം ഓർക്കുകയായിരുന്നു..നിന്നെ മാത്രം തേടുകയായിരുന്നു. നീ വന്നല്ലോ. എനിക്കു സന്തോഷമായി. നമുക്ക്, ഒരുമിച്ച് ഉണ്ണാനിരിക്കാം..ഇതു കഴിഞ്ഞാൽ രാഹുലിന്റെ വീട്ടിലേക്കുള്ള യാത്രയാണ്”
വർഷ, പറഞ്ഞവസാനിപ്പിച്ചു. പിന്നെ, അരുണയെ രാഹുലിന് പരിചയപ്പെടുത്തി.
“രാഹുൽ, ഇത് അരുണ..എന്റെ ക്ലാസ്മേറ്റ്..ഏറ്റവുമടുത്ത കൂട്ടുകാരി.. എന്റെയെല്ലാം”
രാഹുൽ, കൈകൂപ്പി അഭിവാദ്യം ചെയ്തു.. കൈകൾ മടക്കുമ്പോൾ, അവന്റെ കൈകളിലെ പേശികൾ ഉരുണ്ടുകയറി ഷർട്ടിന്റെ കൈകളെ ഇറുകിപ്പിടിപ്പിച്ചു. അരുണ മനസ്സിലോർത്തു..രാഹുലിന് ഒരു തരിമ്പുപോലും അമിതമായ കൊഴുപ്പില്ല..ദൃഢമായ ശiരീരം.. ഒതുങ്ങിയ വiയറും അരക്കെട്ടും. ആരോഗ്യമുള്ളതും, നിരയൊത്തതുമായ ദന്തനിരകൾ.
കട്ടിമീശ. എത്ര സുന്ദരനാണ് രാഹുൽ!! ഉള്ളിൽ അൽപ്പമായാണെങ്കിലും അസൂയകളുടെ ഉമിത്തീ ജ്വലിക്കാൻ തുടങ്ങുന്നുവോ?
ഊണുകഴിക്കാൻ വധുവരൻമാർക്ക് അഭിമുഖമായാണ് അരുണ ഇരുന്നത്. ഹാളിനെയാകെ കാച്ചിയ പപ്പടത്തിന്റെയും സാമ്പാറിന്റെയും, സ്റ്റൂവിന്റെയും ഗന്ധം പൊതിഞ്ഞു നിന്നിരുന്നു. തൂശനിലയിൽ പലതരം കറികൾ വിളമ്പിക്കൊണ്ട് സുന്ദരിപ്പെണ്ണുങ്ങൾ കടന്നുപോയി..പുരുഷൻ മാരുടെ നേത്രങ്ങൾക്ക്, വിളമ്പുകാരിപ്പെണ്ണുങ്ങൾ അതിരുചിയുള്ള ഒരു വിഭവം പോലെ തോന്നിച്ചിട്ടുണ്ടാകാം. പുതുനിറവും, നിറഞ്ഞ മാറിടങ്ങളും, വശ്യസ്മിതവും പേറുന്ന വിളമ്പുകാരികൾ. അരുണ, അവരുടെ ചോദ്യങ്ങളേയെല്ലാം അവഗണിച്ചു.. അവൾക്ക്, വിഭവങ്ങളൊന്നും രണ്ടാമത് വേണ്ടായിരുന്നു. അവളുടെ നോട്ടമെല്ലാം ചെന്നവസാനിച്ചത്, വർഷയിലായിരുന്നു.
പട്ടുസാരിയിൽ വർഷ അതിസുന്ദരിയായിരിക്കുന്നു..അവളുടെ മാiറിടങ്ങൾക്ക് ഇത്ര ഔന്നത്യമുണ്ടായിരുന്നോ? കീഴ്ച്ചുണ്ടുകൾ ഇത്ര തടിച്ചിട്ടായിരുന്നോ? വിപണികളിലിപ്പോൾ, മാiദകത്വം പ്രതിഫലിക്കുന്ന ഉiൾവസ്ത്രങ്ങൾ സുലഭമാണ്. ഒരുപക്ഷേ, അതായിരിക്കും വർഷയുടെ നിറമാറിന്റെ നിർവേദം. വർഷ, രാഹുലിനോടെന്തോ തമാശ പറഞ്ഞു കുലുങ്ങിച്ചിരിക്കുന്നു. ചിരിക്കുമ്പോൾ, അവളുടെ മാങ്ങാമാലയും, നാഗപടവും, ഇളക്കത്താലിയും ഉലഞ്ഞിളകുന്നു.
അവരെത്തന്നെ നോക്കിയിരിക്കെ അരുണയുടെ ചിന്തകളിൽ ഓരോ രംഗങ്ങൾ കടന്നുവന്നു. ഇന്നു രാത്രി, രാഹുൽ വർഷയുടെ വീട്ടിലായിരിക്കും. പാതിരാവിൽ, അവളുടെ ചമയങ്ങളും ആലഭാരങ്ങളും അiഴിച്ചുമാറ്റപ്പെടും. അവർ, ശiരീരങ്ങൾ മാത്രമാകും. അവർക്കു മീതെ, മുറിയിലെ തiമസ്സ് കരിമ്പടം പുതയ്ക്കും.
എന്തിനാണ് ഇത്രയും കടന്നു ചിന്തിക്കുന്നത്?.അരുണ, സ്വയം ശാസിച്ചു. ഏതു വിവാഹത്തിലും, വധൂവരന്മാരെക്കുറിച്ച് മാംസനിബദ്ധമായി ചിന്തിക്കാത്തവർ ആരെങ്കിലുമുണ്ടാകുമോ? വിരളമായിരിക്കും, തീർച്ച.
ഏതാനും മാസങ്ങൾക്കു മുൻപ്, ഇതുപോലൊരു മണ്ഡപത്തിൽ നവവധുവായി താനും ഒരുങ്ങി നിന്നിരുന്നുവല്ലൊ. അന്ന്, ഈ അരുണയുടെ പ്രഥമരാത്രി എത്ര യൗവ്വനങ്ങൾ ഭാവനയിൽ കണ്ടു കാണും. അന്നും ഓഡിറ്റോറിയത്തിന്റെ കവാടത്തിൽ ഇതുപോലുള്ള ബലൂൺ അലങ്കാരങ്ങളുണ്ടായിരുന്നു. വലിയ കളർച്ചിത്രങ്ങൾക്കു താഴെ ലിഖിതങ്ങൾ നിറഞ്ഞു നിന്നു.
“അരുണ വെഡ്സ് പ്രകാശ്”
നാട്ടുനടപ്പനുസരിച്ചുള്ള യഥാസ്തിക മാർഗ്ഗങ്ങളിലൂടെ നടന്ന വിവാഹം.
പ്രകാശ്, ജ്വല്ലറി ജീവനക്കാരനായിരുന്നു..ആഭരണ നിർമ്മാണ ത്തൊഴിലാളി..ബിരുദാനന്തരബിരുദമുണ്ടെങ്കിലും, വിവാഹക്ക മ്പോളത്തിലെ പൊന്നിന്റെ കണക്കെടുപ്പിൽ പിൻതള്ളപ്പെട്ടു പോയവൾക്ക്, പ്രകാശ് ഏറെ പ്രിയപ്പെട്ടവനായിരുന്നു.
എടിപിടീന്നുള്ള കല്യാണം. കല്യാണത്തിനു മുൻപുള്ള തീരെക്കുറച്ചു ദിവസങ്ങളിൽ താൻ പ്രകാശിന്റെ രാത്രിവിളികൾ ഏറെ മോഹിച്ചിരുന്നു.
വെറും ചോദ്യോത്തര പംക്തി പോലായിരുന്നു പ്രകാശിനോടുള്ള ഫോൺഭാഷണങ്ങൾ. ചോദ്യങ്ങൾക്കു മാത്രം മറുപടി..അതും, പരമാവധി ഒറ്റവാക്കിൽ. എത്ര പൊടുന്നനേയാണ്, ആ വിരസവേളകളെ താൻ വെറുക്കാൻ തുടങ്ങിയത്.
വിരസമായ രണ്ടു രാത്രികൾ. അരുണയുടെ വീട്ടിലെ രാത്രികളിൽ പ്രകാശിനു ഒരു കാര്യമേ പറയാനുണ്ടായിരുന്നുള്ളൂ.
“അരുണയ്ക്ക് ക്ഷീണമാണെങ്കിൽ ഉറങ്ങിക്കോളൂ.”
അപരിചിതത്വത്തിന്റെ രൂക്ഷഭാവങ്ങളാകാം, പ്രകാശിന് വിരക്തി പകർന്നെതെന്നു ആശ്വസിക്കാൻ ശ്രമിച്ചു. കൂട്ടുകാരികൾ അവരുടെ ആദ്യരാത്രിയേക്കുറിച്ചു പറഞ്ഞിട്ടുള്ള കഥകൾ കള്ളമായിരിരിക്കുമോ?
ഷർട്ടുപോലും മാറാതെ കട്ടിലിന്നറ്റത്ത് ചുവരരികു ചേർന്നൊരാൾ ഉറങ്ങിയെന്ന് എങ്ങനെ കൂട്ടുകാരികളോടു പറയും.
പ്രകാശിന്റെ വീട്ടിലെത്തിയ ആദ്യത്തെ രാവ്. ഇറുകിയ രാiവiസ്ത്രങ്ങളിൽ താൻ തീർത്തും മോഹിനിയെന്ന ആത്മവിശ്വാസം കൂടെയുണ്ടായിരുന്നു.
വെളിച്ചമണക്കാതെ പ്രകാശ് സ്വന്തം ഷർട്ട് അഴിച്ചുമാറ്റി. അതിനു പുറകേ, മുഴുക്കൈ ബനിയനും.
അയാളുടെ കഴുത്തിനു കീഴേക്ക് ഒന്നേ നോക്കിയുള്ളൂ. പൊiള്ളിയടർന്ന്, മാംiസം ചുരുങ്ങി ഭീiഭത്സമായ മാiറിടം. പെരുമ്പാമ്പിന്റെ ശൽക്കങ്ങൾക്കു സമാനമായി തൊiലി വിണ്ടടർന്നിരിക്കുന്നു. നiഗ്നമായ നെഞ്ചിൽ നിന്നും, ആ കാഴ്ച്ച അരക്കെട്ടിലെ കൈലിയിൽത്തട്ടി നിൽക്കുന്നു.
അവിടെ നിന്നും, അതു തുടരുന്നുണ്ടെന്നു തീർച്ചയാണ്.
എന്താണീ കാണുന്നത്? ഉയർന്ന തോളുകളും, വിടiർന്ന മാiറിടങ്ങളും അതിൽ പടർന്ന രോമരാജികളും സ്വപ്നം കണ്ട കണ്ണുകളിലേക്ക്, പiഴുത്തു ചീiഞ്ഞുണങ്ങിയ ഒiരുടൽ തെളിഞ്ഞു വന്നു.
പ്രകാശ്, അവളെ നെഞ്ചോടടുപ്പിച്ചു..അവൾ, കുതറി മാറി..അയാളുടെ മാiറിൽ നിന്നും, വെന്തടർന്ന മാംiസഗന്ധം വiമിക്കുന്നതു പോലെ അവൾക്കു തോന്നി. അവൾക്കു മനംപുരട്ടി.
“സ്വർണ്ണപ്പണിക്കിടയിൽ നൈട്രിക് ആസിഡ് ഉപയോഗിച്ചു സ്വർണ്ണം തിളപ്പിക്കുമ്പോൾ ഗ്ലാസ് ടംബ്ലർ പൊട്ടിയതാണ്. നെഞ്ചിനു താഴെ, ഗുരുതരമായി പൊiള്ളലേറ്റു..രണ്ടു മാസത്തോളം അന്ന് ആശുപത്രിയിൽ കിടന്നു. മുറിവുകളുണങ്ങി. പക്ഷേ, ശiരീരം ഇങ്ങനെയായിപ്പോയി”
പ്രകാശിന്റെ കുമ്പസാരത്തിൽ, മനസ്സു തെല്ലുപോലും ഇളകിയില്ല.
ചുളിഞ്ഞു കരിഞ്ഞ നെഞ്ചിലെ ശiൽക്കങ്ങളെ ഒരിക്കലും അംഗീകരിക്കാൻ തോന്നിയില്ല.
“നിങ്ങൾ ഒരിക്കലും ഈ ദുരന്തത്തേക്കുറിച്ച് എന്നോടു പറഞ്ഞില്ല.
അങ്ങനെയെങ്കിൽ, ഒരുപക്ഷേ മുൻവിധികളോടെ എനിക്കു പ്രകാശിനു മുന്നിൽ നിൽക്കാമായിരുന്നു..ഇതു ചiതിയല്ലേ? നിങ്ങൾ ഒരു സുന്ദരപുരുഷനായിരുന്നുവെങ്കിൽ, എനിക്കായിരുന്നു ഇതേ അവസ്ഥയെങ്കിൽ എങ്ങനെ നിങ്ങൾ പ്രതികരിക്കുമായിരുന്നു?”
പ്രകാശിനു മറുപടിയില്ലായിരുന്നു. മറുപടി താൻ ആഗ്രഹിച്ചതുമില്ല. ഒരു രാത്രിയ്ക്കപ്പുറം സ്വന്തം വീടിന്റെ അഭയത്തിലേക്കുള്ള മടക്കവും, കേസും, വിവാഹമോചനവും ഇന്നലെയെന്നതു പോലെ തോന്നുന്നു.
വർഷ, യാത്രയാവുകയാണ്..അച്ഛനും അമ്മയും അവളെ ചേർത്തു പിടിച്ചു വിതുമ്പുന്നു. വർഷയുടെ മിഴികൾ കലങ്ങിച്ചുവന്നിരുന്നു. രാഹുൽ, നിർന്നിമേഷനായി അരികിൽ നിൽപ്പുണ്ട്..അവൾ കൈ വീശിക്കാണിച്ചു.
തിരിച്ചും, യാത്രാമംഗളങ്ങൾ നേർന്നു..അവൾ ദീർഘ സുമംഗലി യായിരിക്കട്ടേ.
തിരികേ മടങ്ങുമ്പോൾ ഓട്ടോയിലിരുന്നു അരുണ, പ്രകാശിനേയോർത്തു.
തെറ്റ്, ആരുടെ ഭാഗത്തായിരുന്നു? താനായിരുന്നോ കുറ്റക്കാരി?അറിയില്ല. ഓട്ടോ, നഗരഹൃദയത്തിലൂടെ അതിദ്രുതം മുന്നോട്ടു പാഞ്ഞു.
കാഴ്ച്ചകളേ പിന്തള്ളിക്കൊണ്ട്. മനസ്സ്, അതിലും വേഗത്തിൽ പുറകോട്ടു സഞ്ചരിച്ചു. കഴിഞ്ഞ രംഗങ്ങളെ ഓർമ്മകളിലുണർത്തിക്കൊണ്ട്.
വെയിലിന്റെ തീഷ്ണത പതിയെ കുറയാൻ തുടങ്ങി..സായന്തനം വരവായി.

