എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
പരീക്ഷയ്ക്ക് പോകാൻ ഇറങ്ങിയതായിരുന്നു. യാതൊരു ദാക്ഷിണ്യവുമില്ലാതെ അച്ഛൻ എന്നെ തടയുകയും, കൈയ്യോടെ പിടിച്ച് മുറിയിൽ പൂട്ടിയിടുകയും ചെയ്തു. ആഗ്രഹം പോലെ പഠിക്കാനും, മെച്ചപ്പെട്ടയൊരു ഉദ്യോഗത്തിലേക്ക് എത്താനും വെമ്പിയ തല പൊട്ടിപ്പോയ നാളായിരുന്നുവത്.
പത്തേ പത്ത് നിമിഷത്തിനുള്ളിൽ മുറിയിലുണ്ടായിരുന്ന സകല സാധനങ്ങളും ഞാൻ വലിച്ചുവാരി എറിഞ്ഞു. പരീക്ഷയ്ക്ക് പോകണമെന്ന് വിളിച്ച് കൂവിയിട്ടും ആരും കതക് തുറന്നില്ല. സ്ഥലകാല ബോധം വരുമ്പോൾ ഞാനൊരു മാറാല പോലെ മുറിയുടെ മൂലയിൽ പറ്റി നിൽക്കുകയാണ്. അടരാൻ എനിക്ക് തോന്നിയില്ല. മുറിയുടെ കോലം കണ്ടപ്പോൾ ഞാൻ വായ പൊത്തി കരഞ്ഞു. നോട്ടം മുഴുവൻ, പൊട്ടിയ ഫ്രെയിമിനുള്ളിലെ എന്റെയൊരു പഴയകാല മുഖത്തിലേക്കായിരുന്നു….
‘എന്റെ മോള് പഠിച്ച് വലിയ ആളാകണം… നമുക്ക് ആകെയുള്ളത് നീയാ…’
സ്കൂൾ പ്രായം തൊട്ടേ അച്ഛനിൽ നിന്നും ഞാനിത് കേൾക്കുന്നുണ്ട്. അമ്മയും മോശമായിരുന്നില്ല. വിദ്യാഭ്യാസമില്ലാതെ സമൂഹത്തിലേക്ക് ഇറങ്ങേണ്ടി വരുന്ന മനുഷ്യരുടെ നില അതീവ ഗുരുതരമാണെന്ന് അവർ എപ്പോഴും എന്നെ ഓർമിപ്പിച്ചു. എവിടെയും ഒന്നാമത് എത്താനുള്ള എല്ലാ സാഹചര്യങ്ങളും എനിക്കായി ഒരുക്കി. എന്നിട്ടും, റിസൾട്ടെന്ന് വരുമ്പോൾ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ പോലും ഞാൻ പെട്ടില്ല. പരീക്ഷാഫലം വരുമ്പോഴൊക്കെ തോൽക്കാതിരുന്നിട്ടും തോറ്റുപോയ മുഖവുമായാണ് ഞാൻ വീട്ടിലേക്ക് വരാറുള്ളത്.
എന്തുകൊണ്ടാണ് മകൾക്ക് ഒന്നാമത് എത്താൻ പറ്റാത്തതെന്ന് അച്ഛൻ ഗൗരവ്വമായി ആലോചിച്ചു. ട്യൂഷൻ നേരം കൂട്ടുകയും, കൂടുതൽ പുസ്തകങ്ങൾ വാങ്ങുകയും ചെയ്തു. പഠിക്കാനായി ഇനിയും എന്തെങ്കിലും വേണമെങ്കിൽ പറയണേ മോളെയെന്നും അച്ഛൻ മൊഴിഞ്ഞു. അപ്പോഴൊക്കെ എനിക്ക് സങ്കടമാണ് വരാറുള്ളത്. മാതാപിതാക്കളുടെ ആഗ്രഹത്തിനൊത്ത് ഉയരാൻ പറ്റാതെ വരുമ്പോഴുള്ള മക്കളുടെ ഉൾക്കനങ്ങൾക്ക് വല്ലാത്ത നോവാണ്.
ഇടം വലം നിന്ന് സ്നേഹിക്കുന്നവരുടെ പ്രതീക്ഷകൾ തെറ്റിക്കേണ്ടി വരുന്ന അവസ്ഥയുടെ വേദന അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാകുകയുള്ളൂ. അച്ഛന്റെ ആഗ്രഹം എങ്ങനേയും സഫലീകരിക്കണമെന്ന് അങ്ങനെയാണ് ഞാൻ തീരുമാനിക്കുന്നത്.
അന്ന്, ഞാൻ നേരിട്ടയൊരു പൊതുപരീക്ഷയുടെ ആദ്യ നാളായിരുന്നു. എനിക്ക് മേലെയുള്ള അച്ഛന്റെ പ്രതീക്ഷകൾ തെറ്റുമോയെന്ന് തുടക്കത്തിൽ തന്നെ ഞാൻ വല്ലാതെ ഭയന്നുപോയി. ഉണ്ടായിരുന്നവരിൽ ആരുമത് മറക്കാൻ സാധ്യതയില്ല. ചോദ്യക്കടലാസ് കിട്ടും മുമ്പേ പരീക്ഷാഹാളിൽ ഞാൻ തലചുറ്റി വീണു. ആശുപത്രിയായ ആശുപത്രികളെല്ലാം സഞ്ചരിച്ചിട്ടും ആ തലയുടെ കറക്കം നിന്നില്ല. ഓരോ ഇടവേളകളിലും അതെന്നെ ഇതുപോലെ ചുറ്റിച്ച് കൊണ്ടേയിരുന്നു…
‘മോളേ…’
അച്ഛൻ പൂട്ടിപ്പോയ കതക് തുറന്നുകൊണ്ട് അമ്മ വിളിച്ചതാണ്. ഞങ്ങൾ പരസ്പരം യാതൊന്നും സംസാരിച്ചില്ല. ഉമ്മറത്ത് ചാരിയിരിക്കുന്ന അച്ഛന്റെ അടുത്തേക്ക് ഞാൻ പോയതുമില്ല. മൗനം വിഴുങ്ങി പൊട്ടാറായ വീടിനുള്ളിലാണ് ഏറ്റവും കൂടുതൽ ബഹളം തങ്ങി നിൽക്കുന്നതെന്ന് ആ നേരം എനിക്ക് തോന്നിപ്പോയി.
കഴിഞ്ഞ വട്ടം കിടത്തി ചികിത്സിച്ച ആശുപത്രിയിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഇതിപ്പോൾ മൂന്നാമത്തെ തവണയാണ് ഇങ്ങനെ. ഹാൾട്ടിക്കറ്റ് കണ്ടോയെന്ന് ചോദിച്ച് അടുക്കളയിൽ ചെല്ലുന്ന എന്നെ മൗനിയായാണ് അമ്മ നോക്കാറുള്ളത്. എന്റെ തലയ്ക്ക് പിന്നേയും ഇളകിയെന്ന് അച്ഛനോട് പറയുന്നത് വരെ അമ്മയ്ക്ക് പിന്നെ വല്ലാത്ത വെപ്രാളമായിരിക്കും.
ആ നേരം മറ്റൊന്നിനെക്കുറിച്ചും ഞാൻ ആലോചിക്കാറില്ല. അച്ഛന്റെ ആഗ്രഹം പോലെ സഞ്ചരിക്കാനുള്ളതാണ് എന്റെ ജീവിതം. ചെറുപ്പം തൊട്ടേ അങ്ങനെ തന്നെയാണ് ശീലിച്ചതും. എന്തുതന്നെ സംഭവിച്ചാലും അച്ഛന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരണം.
ഹാൾട്ടിക്കറ്റ് ഇല്ലെങ്കിലും സാരമില്ലായെന്ന് കരുതി പരീക്ഷയ്ക്കായി ഇറങ്ങുമ്പോഴെല്ലാം അച്ഛൻ എന്നെ ബലമായി ഏതെങ്കിലും മുറിയിൽ അടക്കും. മുന്നിൽ കാണുന്നതെല്ലാം വലിച്ചെറിയുന്ന അവസ്ഥയിലേക്ക് ഈയിടെയായാണ് മനസ്സ് എത്തിപ്പെടുന്നത്. പഠിച്ച് വലിയ ആളാകാൻ ഏത് നേരത്താണ് മകളെ നിരന്തരമായി ഉപദേശിക്കാൻ തോന്നിയതെന്ന് അച്ഛൻ ആലോചിക്കുന്നുണ്ടാകും.
ഒന്നോർത്താൽ, അച്ഛൻ വല്ലാതെ മാറിയിരിക്കുന്നു. എല്ലാത്തിനും നിർബന്ധിക്കാതെ ഇടയ്ക്കൊക്കെ കുട്ടികളുടെ ഇഷ്ടം കൂടി നോക്കണമെന്ന് ഇന്നാള് ആരോടോ ഫോണിലൂടെ പറയുന്നതൊക്കെ ഞാൻ കേട്ടിരുന്നു. മാറാൻ കഴിയാത്തത് എനിക്ക് മാത്രമാണ്.
‘അമ്മേ… എന്റെ ഹാൾട്ടിക്കറ്റ് കണ്ടായിരുന്നോ…?’
പിറ്റേന്ന് കാലത്ത് കുളിയൊക്കെ കഴിഞ്ഞതിന് ശേഷം ഞാൻ അമ്മയോട് ചോദിച്ചു. അച്ഛന്റെ ആഗ്രഹം പോലെ പഠിച്ച് വലിയ ആളാകാൻ പരീക്ഷയ്ക്കായി തയ്യാറായി നിൽക്കുന്ന എന്നോട് അമ്മ യാതൊന്നും മിണ്ടിയില്ല. ഏത് ചോദ്യം വന്നാലും എഴുതാൻ പാകം ഞാൻ പഠിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അമ്മയ്ക്ക് ഞാനൊരു ഉമ്മ കൊടുത്തു. ശേഷം പുസ്തകങ്ങൾ അടങ്ങുന്ന ബാഗുമായി പുറത്തേക്കിറങ്ങി.
‘മോളേ…’
അച്ഛനാണ്. അധികമൊന്നും നടക്കേണ്ടി വന്നില്ല. കൈയ്യോടെ പിടിച്ച് മുറിയിൽ കൊണ്ടുപോയി ഇരുത്തി. എന്തോ, പതിവുപോലെ വെപ്രാളപ്പെട്ടില്ല. ഇത്തവണ എന്തായാലും ക്ലാസ്സിൽ ഒന്നാമതാകുമെന്ന് അച്ഛനോട് ഞാൻ പറഞ്ഞു. ആ ഇമകൾ ചോരുന്നുണ്ടായിരുന്നു…
തെറ്റിയ തല ആയിരുന്നിട്ടും ശാന്തമാണെന്ന് കണ്ടത് കൊണ്ടായിരിക്കണം അച്ഛൻ കതക് അടക്കാതിരുന്നത്. എന്റെ പ്രവർത്തികളുടെ അപാകത എന്താണെന്ന് മനസിലാക്കാൻ ഞാൻ പാടുപെടുകയാണ്. പലതും ഓർത്തെടുക്കാൻ സാധിച്ചപ്പോൾ വെറുതേയെന്നോണം ഞാനെന്റെ ഇടം കാല് കുലുക്കി. ചങ്ങല ഇല്ലാതിരുന്നിട്ടും മണിക്കിലുക്കങ്ങൾ കേൾക്കുകയാണ്. കതക് അടക്കാത്ത ആ മുറിയിൽ നിന്ന് അതൊരു സംഗീതം പോലെ വീടാകെ പടരുകയാണ്. കൂടെ, കാതുകളിൽ മുഴങ്ങാൻ പാകം, നിന്റെ ഹാൾട്ടിക്കറ്റ് എവിടെയാണെന്ന് ആരോ ചോദിക്കുകയാണ്…!!!