പിന്നീടുള്ള നാളുകളിൽ രാധാകൃഷണനും രമണിയും കയറ് കമ്പിനിയുടെ സാക്ഷ്യത്തിൽ പരസ്പരം ഏറെയടുത്തു. വിയർത്ത ചകിരിയുടെ മണമുള്ള എത്രയോ ചുംiബനങ്ങൾ മതിയാകാത്ത അളവിൽ അവർ പങ്കുവെച്ചു…….

_upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

പഞ്ചായത്ത് മെമ്പറെ രമണിക്ക് വിശ്വസമാണ്. അതുകൊണ്ട് തന്നെയാണ് കൂടെ പോയതും. എന്നിരുന്നാലും, പോകുന്ന ഇടത്തെ ആള് പ്രശ്നക്കാരനൊന്നും അല്ലല്ലോയെന്ന് തനിക്ക് മുന്നിൽ ധൃതിയിൽ നടക്കുന്ന മെമ്പറിനോട് രമണി ചോദിച്ചിരുന്നു.

‘എന്നെ നിനക്ക് വിശ്വാസമില്ലേ…?’

ആ മറുചോദ്യത്തിൽ രമണി നിശബ്ദയായി. വിശ്വാസങ്ങൾ അങ്ങനെയാണ്. ഇല്ലേയെന്ന് തറപ്പിച്ച് ചോദിച്ചാൽ അറിയാതെ ഉണ്ടെന്ന് പറഞ്ഞുപോകും. നിലവിലെ സാഹചര്യത്തിൽ അവൾക്ക് മെമ്പറിനെ വിശ്വസിച്ചേ മതിയാകുമായിരുന്നുള്ളു…

താൻ ജോലി ചെയ്തിരുന്ന കയറ് കമ്പിനിയിലെ ഉണക്കാനിട്ട ചകിരി പോലെയാണ് തന്റെ ജീവിതമെന്ന് രമണിക്ക് തോന്നാറുണ്ട്. തiല്ലിപ്പൊളിച്ച് കയറായി പിരിഞ്ഞ് അവൾ ആയുസ്സിന്റെ ദീർഘമെന്ന പോലെ നീണ്ട് പോയി. ആനന്ദത്തിന്റെ അതിപ്രസരത്തിൽ തട്ടി ഇടക്ക് ആ നീളം മുറിഞ്ഞപ്പോൾ കൂട്ടിക്കെട്ടാൻ വന്നതായിരുന്നു രഘു.

രമണി ജനിച്ചതും ഒരു ഘട്ടം വരെ വളർന്നതും എവിടെയാണെന്ന് അവൾക്ക് പോലും അറിയില്ല. ഓർമ്മ തെളിയുമ്പോൾ സദാസമയം മുറുക്കുന്ന ചുണ്ടുകളുമായി തന്നെ കൊഞ്ചിക്കുന്ന അമ്മൂമ്മയുടെ കൂടെയായിരുന്നു.

അന്നൊക്കെ, പറമ്പായ തെങ്ങിൻ പറമ്പെല്ലാം നടന്ന് അമ്മൂമ്മയുടെ കൂടെ തൊണ്ട് പെറുക്കാൻ രമണിയും പോകും. അവളുടെ പതിനേഴാമത്തെ പ്രായത്തിൽ ആകെയുണ്ടായിരുന്ന ആ വൃദ്ധ മരിച്ച് പോയി. വിഷാദത്തിന്റെ അണ്ണാൻ ചുരണ്ടി തിന്ന ചെറു ഇളനീർ തൊണ്ട് പോലെ ഏകയായി രമണി ഭൂമിയിലേക്ക് വീണു.

പിന്നീടാണ് ആരുടെയൊക്കെയോ സഹായത്തോടെ കയറ് കമ്പിനിയിൽ ജോലിക്ക് പ്രവേശിക്കുന്നതും ജീവിതം താൻ പിരിച്ച് കൂട്ടുന്ന കയറുപോലെ നീളുകയാണെന്ന് അവൾക്ക് തോന്നിയതും.

അമ്മൂമ്മയില്ലാത്ത ആ വീട്ടിൽ തനിച്ച് അണയുന്ന ഓരോ രാത്രിയിലും രമണിക്ക് ഒറ്റപ്പെടലിന്റെ പുതപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ… പലരും അവളെ സ്വന്തമാക്കാൻ ആഗ്രഹിച്ചു. പഞ്ചാര വർത്തമാനം പറഞ്ഞ് ആരൊക്കെയോ അവളെ പ്രേമം കൊണ്ട് പിടിക്കാൻ ശ്രമിച്ചു. എല്ലായിടത്ത് നിന്നും അവൾ വഴുതിമാറിക്കൊണ്ടേയിരുന്നു..

ആയിടക്കാണ് രമണിയുടെ കമ്പിനിയിൽ ആരോടും കൂടുതലൊന്നും അടുക്കാത്ത ചെറുപ്പക്കാരനായ ഒരു കണക്കെഴുത്തുകാരൻ വരുന്നത്. അയാളുടെ പേര് രാധാകൃഷ്ണൻ എന്നായിരുന്നു. അയാളോട് അവൾക്ക് വല്ലാത്തയൊരു അടുപ്പം തോന്നി.

പ്രായത്തിന്റെ കുസൃതിപോലെ തന്റെ ഇഷ്ടം അറിയിക്കാൻ രമണി ആകും പോലെയൊക്കെ പാടുപെട്ടു. ഒരുനാൾ വൈകുന്നേരം കൂലി വാങ്ങിക്കുമ്പോൾ രാധാകൃഷ്ണൻ മാത്രം കേൾക്കാൻ പാകം അവൾ അയാളെ രാധേയെന്ന് വിളിച്ചു. എല്ലാം കൂട്ടിവായിച്ചപ്പോൾ രമണിയുടെ ഉള്ളിലിരുപ്പ് അയാൾക്ക് മനസ്സിലാകുകയായിരുന്നു…

പിറ്റേന്ന് വൈകുന്നേരം കൂലിയും വാങ്ങി പോകാൻ നേരം രമണീയെന്ന് വിളിച്ച് അവളെ അയാൾ നിർത്തി. ഒരു കോരിത്തരിപ്പോടെ അവൾ നിന്നു. തന്നെ കുറിച്ച് എന്തറിഞ്ഞിട്ടാണ് ഇങ്ങനെയൊക്കെയെന്ന് ചോദിച്ചപ്പോൾ അവൾക്ക് ഉത്തരം ഉണ്ടായിരുന്നില്ല..

‘ഇഷ്ടമാണ്… അത്ര തന്നെ…’

എന്നും പറഞ്ഞ് ചിണുങ്ങിക്കൊണ്ട് അവൾ ഓടി മറയുകയായിരുന്നു…

പിന്നീടുള്ള നാളുകളിൽ രാധാകൃഷണനും രമണിയും കയറ് കമ്പിനിയുടെ സാക്ഷ്യത്തിൽ പരസ്പരം ഏറെയടുത്തു. വിയർത്ത ചകിരിയുടെ മണമുള്ള എത്രയോ ചുംiബനങ്ങൾ മതിയാകാത്ത അളവിൽ അവർ പങ്കുവെച്ചു.

‘ഞാൻ ഒറ്റമകനാണ്. അച്ഛനും അമ്മയ്ക്കും തീർച്ചയായിട്ടും നിന്നെ ഇഷ്ടപ്പെടും…’

എന്നും പറഞ്ഞ് സമ്മതം വാങ്ങാൻ രാധാകൃഷ്ണൻ ഒരുനാൾ തന്റെ നാട്ടിലേക്ക് പോയി. പിന്നീട് അയാൾ തിരിച്ച് വന്നില്ല. ഉണ്ടായിരുന്ന ആനന്ദമെല്ലാം അപ്രത്യക്ഷമായപ്പോൾ രമണിയുടെ ഞരമ്പുകൾ വിഷാദം തീണ്ടി നിലിക്കുകയായിരുന്നു….

വർഷങ്ങൾ ആറെണ്ണം കടും നീലനിറത്തിൽ കടന്ന് പോയി. കാത്തിരിപ്പിന്റെ തളർച്ചയിൽ തന്നെയാണ് അവൾ ഇഴഞ്ഞത്. അവിടെ നിന്ന് ഉയർത്താനെന്നോണം വന്നതായിരുന്നു കൂടെ ജോലി ചെയ്തിരുന്ന രഘു..

വരണ്ട് പോകുമായിരുന്ന ജീവന്റെ തടത്തിൽ സ്നേഹം കൊണ്ടപ്പോൾ രമണി ഉണർന്നു. തുടർന്ന് അടർന്ന് വീണ അവളെ രഘു കരുതലോടെ താങ്ങി നിർത്തി. അയാളുടെ സാമീപ്യം അവളെ വീണ്ടും സ്വപ്നം കാണാൻ പഠിപ്പിച്ചു. തുടർന്ന് രഘുവിന്റെ വാക്കുകളിൽ വിശ്വസിച്ച് ആകെയുള്ള വീടുൾപ്പടെ തന്നേയും അയാൾക്ക് അവൾ എഴുതി കൊടുക്കുക യായിരുന്നു…

ദാരിദ്ര്യത്തിൽ കൂപ്പ് കുത്തി നിന്ന രഘുവിന്റെ ജീവിതം വളരേയധികം മെച്ചപ്പെട്ടു. വർഷങ്ങൾ രണ്ട് കഴിഞ്ഞപ്പോൾ രമണി ഗർഭിണിയായി. മടുത്ത് തുടങ്ങിയത് കൊണ്ടായിരിക്കണം, അപ്പോഴേക്കും അയാൾക്ക് എന്നും അവളോട് കലഹിക്കണമായിരുന്നു. അങ്ങനെയൊരു കലഹത്തിൽ അവളുടെ ആ ഗർഭം ചോiരപൊiട്ടി അiലസ്സി…

രഘുവുമായുള്ള ജീവിതം കൂട്ടിപ്പിരിക്കാൻ പറ്റാത്ത ചകിരി പോലെ രമണിയിൽ നിന്ന് ഊർന്ന് വീണു. ഇറങ്ങിപ്പോകാൻ മറ്റൊരു ഇടമില്ലാത്തത് കൊണ്ട് വർഷങ്ങൾ പിന്നേയും രണ്ടെണ്ണം എല്ലാം സഹിച്ച് അവൾ ജീവിച്ചു. ഒടുവിൽ, ശബ്ദിച്ചാൽ ഇറക്കിവിടുമെന്ന സ്ഥിതി വന്നപ്പോൾ എങ്ങോട്ടേക്കെന്ന് ഇല്ലാതെ തന്റേതായിരുന്ന ആ വീട്ടിൽ നിന്ന് അവൾ ഇറങ്ങിപ്പോയി.

തുടർന്നാണ് സഹായിക്കണമെന്ന ചിന്തയോടുള്ള മെമ്പറുടെ വാക്കും വിശ്വസിച്ച് രമണി അയാളുടെ പിറകിലൂടെ ലക്ഷ്യത്തിലേക്ക് നടക്കുന്നത്. ഒരു വട്ടന്റെ വീട്ട് ജോലിക്കാരിയുടെ വേഷമെങ്കിൽ അതെന്ന തീരുമാനം എടുക്കാൻ അവൾക്ക് ഏറെ ആലോചിക്കേണ്ടിയിരുന്നില്ല…

‘രഘുവിനെതിരെ പരാതി കൊടുത്തൂടെ….’

തീർത്തും ഒറ്റപ്പെട്ട് കിടക്കുന്ന ആ വീടിന്റെ ഗേറ്റ് തുറക്കുമ്പോൾ മെമ്പറ് ചോദിച്ചതാണ്.

“എന്തിന്… ഞാൻ ചതിക്കപ്പെട്ടെന്ന് കോടതിക്ക് അച്ചടിച്ച് തരാനോ.. ഒന്നും വേണ്ട… ഇതെന്റെ വിധിയാണ്….”

കാളിംഗ് ബെല്ലടിച്ച് മെമ്പർ അക്ഷമനായി കാത്തുനിന്നു.

‘ആള് പ്രശ്നക്കാരനൊന്നുമല്ലല്ലോ…!’

താൻ ജോലി ചെയ്യേണ്ട വീടും പരിസരവും ഇതാണല്ലോയെന്ന കണ്ണുകളോടെ രമണി വീണ്ടും ചോദിച്ചു..

“എന്ത് പ്രശ്നം…ആള് പാവാന്ന്… കുഞ്ഞിനെ പോലെ കരുതിയാൽ മതി… പണ്ടൊരു അപകടത്തിൽ അയാളുടെ ആകെയുണ്ടായിരുന്ന അച്ഛനും അമ്മയും മരിച്ചുപോയി…. അതിൽ പിന്നെയാണ് ആളുടെ ഓർമ്മകളൊക്കെ പോയി ഇങ്ങനെയായത്……. ആളെ നിനക്ക് അറിയായിരിക്കും… പണ്ട് നമ്മടെ കയറുകമ്പിനിയില്…..”

മെമ്പറ് പറയുന്നതൊന്നും രമണി കേൾക്കുന്നുണ്ടായിരുന്നില്ല. അവൾ ശ്രദ്ധിക്കുകയാണ്. കാളിംഗ് ബെല്ലടി കേട്ട് കതക് തുറന്ന് നിൽക്കുന്ന ആ ആളുടെ മിഴിച്ച കണ്ണുകളിലേക്ക് ചിമ്മാതെ നോക്കുകയാണ്.

വർഷങ്ങൾ പത്ത് കഴിഞ്ഞെങ്കിലും രമണി അയാളെ വ്യക്തമായി തിരിച്ചറിഞ്ഞു. കഥയെന്താണെന്ന് മനസിലാകാത്ത മെമ്പർ, അനങ്ങാതെ നിൽക്കുന്ന അവളെ അന്തംവിട്ട് നോക്കുന്നുണ്ട്. യാദൃശ്ചികതയുടെ എല്ലാ അമ്പരപ്പും രമണിയുടെ നിറഞ്ഞ കണ്ണുകളിൽ ഉണ്ടായിരുന്നു. രാധേയെന്ന് ശബ്‌ദിച്ച് പതിയേ അവളുടെ ചുണ്ടുകൾ വിറക്കുകയാണ്. രാധാകൃഷ്ണന്റെ കണ്ണുകളിൽ രമണി ഒളിയുകയാണ്…!!!

Leave a Reply

Your email address will not be published. Required fields are marked *