പിന്നീടുള്ള നാളുകൾ പഴയത് പോലെ ആയിരുന്നില്ല. അമീറ് പോയപ്പോൾ ഇളയാപ്പ തന്റെ കെട്ട്യോളെയും രണ്ട് കുട്ട്യോളേയും കൂട്ടി ഞാനും ഉമ്മയും മാത്രമുള്ള പുരയിലേക്ക് താമസം മാറി…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

യാത്രക്കാരുമായി പോകുന്ന ബസ്സിന്റെ വളയം പിടിക്കുമ്പോഴാണ് ഉപ്പയ്ക്ക് നെഞ്ചുവേദന വന്നത്. ഉലഞ്ഞെങ്കിലും വണ്ടി ഒതുക്കി, പിടിച്ചിരുന്ന വളയത്തിൽ ഉപ്പ തലവെച്ചു. കണ്ടവരെല്ലാം പരിഭ്രാന്തരായി. ആ ബഹളത്തിന്റെ ഇടയിൽ നിന്നും വേലായുധേട്ടൻ വന്ന് തട്ടി വിളിച്ചിട്ടും ഉപ്പ ഉണർന്നില്ല…

ആശുപത്രിയിൽ നിന്ന് വെള്ള പുതച്ച്, എന്നന്നേക്കുമായി ഉറങ്ങിയെത്തിയ ഉപ്പയെ ഉമ്മറത്ത് കിടത്തിയതേ ഉണ്ടായിരുന്നുള്ളൂ… ഞാനും ഉമ്മയും തറയിൽ തല കുഴഞ്ഞ് ഇരുന്നു. അമീർ ഇളയാപ്പയുടെ കൂടെയാണ്…

‘ഇ‌ന്നാ ലി‌ല്ലാ‌ഹി വ‌ഇ‌ന്നാ ഇ‌ലൈ‌ഹി റാ‌ജി‌ഊൻ..

ഞങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരാണ്. ഞങ്ങളുടെ മടക്കവും അവന്റെ അടുത്തേക്കാണ്…’

കൂടിയവരിൽ ചിലർ ഉരുവിട്ടു. വൈകാതെ, ഉപ്പയെ കിടത്തിയ മയ്യത്ത് കട്ടിൽ ഉയർന്നു. അതിൽ പിടിച്ച് പള്ളിപ്പറമ്പ് വരെ പോകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഞാൻ ഒരു പെണ്ണായിരുന്നത് കൊണ്ടുമാത്രം ആരുമത് സമ്മതിച്ചില്ല.

ഖബ്റ് സ്ഥാനിലേക്ക് മയ്യിത്തിനെ അനുഗമിക്കുന്നത് ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്റെ മേലെയുള്ള ബാധ്യതകളില്‍ പെട്ടതായിട്ടാണ് നബി പഠിപ്പിച്ചിട്ടുള്ളത്. ഞാനും ഖുർആൻ വായിച്ചിട്ടുണ്ട്. എന്നിട്ടും എന്നെ വിലക്കുന്നതിന്റെ ഔചിത്യം എന്താണെന്ന് എനിക്ക് മനസ്സിലായില്ല. മരിച്ച് കിടക്കുന്ന ഉപ്പയെ മുഖം ചേർത്ത് ചുംiബിക്കുമ്പോഴേക്കും ആരൊക്കെയോ എന്നെ പിടിച്ചുമാറ്റിയിരുന്നു…

പിന്നീടുള്ള നാളുകൾ പഴയത് പോലെ ആയിരുന്നില്ല. അമീറ് പോയപ്പോൾ ഇളയാപ്പ തന്റെ കെട്ട്യോളെയും രണ്ട് കുട്ട്യോളേയും കൂട്ടി ഞാനും ഉമ്മയും മാത്രമുള്ള പുരയിലേക്ക് താമസം മാറി. സഹാദരനും കുടുംബവും കൂട്ടിന് വന്നതിൽ ഉമ്മ ഏറെ സന്തോഷിച്ചു. പക്ഷേ, എന്റെ മേലെയുള്ള ഇളയാപ്പയുടെ അനാവശ്യ നിയന്ത്രണങ്ങൾ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

വിവാഹം ചെയ്തവന്റെ വിലക്കുകളിൽ ശ്വാസം മുട്ടിയപ്പോൾ സ്വന്തം പുരയിലേക്ക് തിരിച്ച് വന്നവൾ ആയിരുന്നു ഞാൻ. ഉപ്പയുണ്ടല്ലോയെന്ന ധൈര്യമേ എനിക്കന്ന് ഉണ്ടായിരുന്നുള്ളൂ… ഉപ്പയായിരുന്നു എല്ലാം…

എന്റെ പേരിട്ടിരിക്കുന്ന ബസ്സിന്റെ ഡ്രൈവറും ഉപ്പ തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ വലിയ വാഹനങ്ങൾ ഓടിക്കാനുള്ള ഡ്രൈവിംഗ് ലൈസൻസും എനിക്ക് ഉണ്ടായിരുന്നു. കുടുംബത്തിലെ സ്ത്രീകൾക്കാർക്കും ഇല്ലാത്തയൊരു ഭാഗ്യമായിരിന്നുവത്. അവസരം ഉണ്ടായിരുന്നിട്ടും അമീറിന് അതിനൊന്നും താല്പര്യം ഉണ്ടായിരുന്നില്ല…

എന്റെ കാര്യത്തിൽ ആരെന്ത്‌ പറഞ്ഞാലും ഉപ്പ ചെവി കൊള്ളില്ല. തനിക്ക് അറിയാം തന്റെ മോളേയെന്നും പറഞ്ഞ് ചിരിക്കും. ദൈവം ഉണ്ടായാലും ഇല്ലെങ്കിലും ഉപ്പയാണ് എന്റെ ഭാഗ്യം. ഒപ്പം ഉണ്ടെങ്കിൽ ദുനിയാവിന്റെ ഏതറ്റം വരെ പോകാനുള്ള ധൈര്യമായിരുന്നു ഉപ്പ. ആ ഭാഗ്യം എന്നിൽ വീണതിന് ആരോടോയെന്ന പോലെ ഞാൻ എപ്പോഴും നന്ദി പറയാറുണ്ടായിരുന്നു… പക്ഷെ, ഇപ്പോൾ…

ആദ്യമായും അവസാനമായും യാത്രക്കാരുമായി ഉപ്പയുടെ ബസ്സ് ഞാൻ ഓടിച്ചത് എന്റെ നിക്കാഹിന് മുമ്പായിരുന്നു. എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്ന് സംഭവിച്ച നാൾ… ഉപ്പയിരുന്ന ഇടത്തിൽ നിന്ന് ഉപ്പയുടെ തഴമ്പുകൾ കൊണ്ട വളയം ഞാൻ പിടിച്ചപ്പോൾ വേലായുധേട്ടൻ നീട്ടിയൊരു വിസിലടിച്ചു. മുന്നിൽ ഇരിക്കുന്ന വരെല്ലാം എന്നെ ആശ്ചര്യത്തോടെ നോക്കി… ഇതൊക്കെ അറിഞ്ഞ ബന്ധുക്കൾ ഉൾപ്പട്ട നാട്ടിലെ പലർക്കും കലിപൂണ്ടു. ഉപ്പ അതൊന്നും കാര്യമാക്കിയില്ല. എന്റെ ആഗ്രഹങ്ങൾക്ക് അപ്പുറം ഉപ്പയ്ക്ക് യാതൊന്നും ഇല്ലായിരുന്നു…

വീണ്ടുവിചാരം ഇല്ലാതെ വിവാഹത്തിന് സമ്മതിച്ചതാണ് ഞാൻ ചെയ്ത തെറ്റ്. മഹറ് സ്വീകരിക്കപ്പെട്ടാൽ മറഞ്ഞുനിൽക്കണമെന്ന് ഉമ്മയും ഇളയാപ്പയും പറഞ്ഞു. രണ്ടുപേരേയും പറഞ്ഞ് മനസിലാക്കാനുള്ള പാടുകൊണ്ട് ഞാൻ അതിന് വഴങ്ങി.
എന്നാൽ വിവാഹം കഴിഞ്ഞുള്ള ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോൾ ഒരിക്കലും പുറത്തുവരാൻ പാടില്ലാത്ത വിധം മാഞ്ഞുപോകണമെന്ന് ഞാൻ കരുതിയതേയില്ല…

മതം ഒരിക്കലും ഒരു നിർബന്ധ ഘടകമായി എന്നിൽ കൊള്ളിക്കാൻ ഉപ്പ ശ്രമിച്ചിട്ടില്ല. പരസ്പരം സ്നേഹിക്കാൻ വേണ്ടിയുള്ള വരികളെ മാത്രമേ ആ ഗ്രന്ഥത്തിൽ നിന്ന് എടുക്കാൻ പാടുള്ളൂവെന്നും ഉപ്പ എന്നോട് പറഞ്ഞിരുന്നു. വേഷം മുതൽ, വേണ്ടപ്പെട്ടവരുമായുള്ള സമ്പർക്കം വരെ നിയന്ത്രിക്കാനും മതങ്ങൾക്ക് ആകുമെന്ന് ഭർത്താവിന്റെ പുരയിൽ വെച്ചാണ് എനിക്ക് വ്യക്തമായി മനസ്സിലാകുന്നത്…

സ്വാതന്ത്ര്യമില്ലായ്മയിൽ ജീവിക്കേണ്ടി വരുന്ന ജീവനുകളെല്ലാം നിർഭാഗ്യരാണ്. ഹൃദയം നിന്നുപോയാൽ പോലും അറിയാത്ത വിധം മരവിച്ചുപോയവരാണ്. അങ്ങനെ മാറുടഞ്ഞ് തീരാൻ വയ്യാത്തത് കൊണ്ടാണ് ഭർത്താവിൽ നിന്നും ഇപ്പോൾ സ്വന്തം പുരയിലേക്ക് എത്തിയത്…

ഉപ്പ പോയപ്പോൾ വീടൊരു പൂട്ടിയ കെട്ടിടം മാത്രമായി. പുറം കാറ്റും കാഴ്ച്ചകളും കൊള്ളാൻ അനുവാദം ചോദിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ. ഉമ്മയ്ക്ക് യാതൊരു കുഴപ്പവുമില്ല. അടങ്ങി ഒതുങ്ങി പുരക്കുള്ളിൽ പുരുഷന്റെ കീഴിൽ ജീവിക്കാനാണ് സ്ത്രീകളുടെ ജീവിതമെന്നാണ് ഉമ്മയുടെ വിശ്വാസം. ഇളയാപ്പയുടെ ഭരണം അതിക്രമിച്ചാൽ ഇവിടെ നിന്നും ഇറങ്ങേണ്ടി വരും. അല്ലെങ്കിലും, നമ്മളെ ഉൾക്കൊള്ളാൻ ഇടമില്ലാത്ത ഇടങ്ങളിൽ നിന്നെല്ലാം ഇറങ്ങിപ്പോകുക തന്നെയല്ലേ എന്തുകൊണ്ടും നല്ലത്.

ഉമ്മയ്ക്ക് ഞാൻ നിർബന്ധമായി കൂടെ വേണമെന്നില്ല. വേണമെന്നുള്ള മകൻ അബുദാബിയിൽ പോയതിൽ പിന്നെ തിരിച്ചുവന്നത് ഉപ്പ മരിച്ച നാളിലാണ്. പിറ്റേ ദിവസം അങ്ങോട്ടേക്ക് തന്നെ പോകുകയും ചെയ്തു. നഗരത്തിലെ കോളേജിൽ പഠിക്കുന്ന കാലം വരെ അവന് എല്ലാവരും പ്രിയപ്പെട്ടവരായിരുന്നു…

എനിക്ക് പത്തുവയസ്സുള്ളപ്പോഴാണ് അവൻ ജനിച്ചത്. അമീറെന്ന് പേര് ഇട്ടാൽ മതിയെന്ന് അന്ന് ഞാൻ ഉപ്പയോട് വാശിപിടിച്ചു. എന്റെ കുഞ്ഞ് തന്നെയായിരുന്നു അമീർ… കൗമാരകാലത്തിന് ശേഷം അവന്റെ ലോകം മറ്റുപലതുമായി മാറിപ്പോയി. വീടുമായുള്ള ബന്ധം തീരേ കുറഞ്ഞു. അബുദാബിയിലേക്ക് പോയപ്പോൾ പാടേ മറന്നു. പഴയതുപോലെ സ്നേഹിക്കാനോ, കലഹിക്കാനോ, നിയന്ത്രിക്കാനോ അവൻ എന്നെ ബന്ധപ്പെടാറേയില്ല.

അതിയായ സ്നേഹം പങ്കുവെച്ച ഇടങ്ങളൊന്നും ഉൾപ്പെടുത്താതെ മനുഷ്യർ മറ്റെന്ത് ലോകമാണ് തനിക്ക് ചുറ്റും നിർമ്മിക്കുന്നതെന്ന് അമീറിനെ ഓർക്കുമ്പോഴെല്ലാം എനിക്ക് തോന്നാറുണ്ട്… അത് പങ്കുവെക്കുമ്പോൾ എങ്ങനെ ആയാലും അവൻ സന്തോഷത്തോടെ ജീവിക്കട്ടേയെന്ന് ഉപ്പ പറയും…

അന്ന് ഉപ്പയുടെ ബസ്സ് വിൽക്കാമെന്ന് ഇളയാപ്പ പറഞ്ഞു. ഞാൻ സമ്മതിച്ചില്ല. സമ്മതിച്ചില്ലെന്ന് മാത്രമല്ല, ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കി കൊള്ളാമെന്നും എനിക്ക് പറയേണ്ടി വന്നു.

‘മിണ്ടാതെ ഇരിക്കെടി…’

ഉമ്മ ശബ്ദിച്ചു. ഞാൻ അകത്തേക്ക് കയറിപ്പോയി. തന്റെ സഹോദരനും കുടുംബവും പോയാൽ രണ്ട് പെണ്ണുങ്ങൾ മാത്രമുള്ള വീടാകുമെന്ന് കരുതി ഉമ്മ ഇളയാപ്പയെ സമാധാനിപ്പിച്ചു. അത്യാവശ്യ തുണികളും സാധനങ്ങളുമെടുത്ത് അകത്തേക്ക് പോയ ഞാൻ തിരിച്ചുവന്നു.

‘ഉമ്മ കാൺകെ തന്നെ ഞാൻ ഇണ്ടാകും… ഉപ്പാടെ ബസ് ഞാൻ തരില്ല.. അതന്റെ പേരിലാണ്…!’

എന്നെ കൃത്യമായിട്ട് അറിയുന്നത് കൊണ്ട് ഉമ്മ മിണ്ടിയില്ല. അതുകൊണ്ട് ഇളയാപ്പയും തല ചൊറിഞ്ഞു. പിൻവിളി പ്രതീക്ഷിക്കാതെ ഞാൻ ഇറങ്ങുകയായിരുന്നു…

‘വേലായുധേട്ടനില്ലേ…?’

”ഉണ്ട്… ആരാണ്…?”

‘ഞാൻ മരിച്ചുപോയ അഹമദ് കോയയുടെ…’

അതുകേട്ടപ്പോൾ ആ സ്ത്രീ എന്നെയൊരു മകളെപ്പോലെ സ്വാഗതം ചെയ്തു. താൻ ഭാര്യയാണെന്ന് പറയുമ്പോഴേക്കും വേലായുധേട്ടൻ വന്നു. ഉപ്പയുടെ മരിപ്പിന്റെ അന്നാണ് പരസ്പരം കണ്ടത്. കണ്ടെന്ന് കണ്ടിട്ടും രണ്ടുപേരുടേയും ചങ്കുപൊട്ടിയത് കൊണ്ട് ഒന്നും മിണ്ടിയില്ല. വേലായുധേട്ടൻ ബസ്സിന്റെ ക്ലീനർ മാത്രം ആയിരുന്നില്ല. ഉപ്പയുടെ ഉറ്റസുഹൃത്തും കൂടിയാണ്. അതുകൊണ്ട് തന്നെ പരസ്പരം ആശ്വസിപ്പിക്കാൻ രണ്ടുപേർക്കും കഴിയില്ല… ഉപ്പയുടെ നഷ്ട്ടം ഞങ്ങൾക്ക് വളരേയധികം വലുതാണ്.

‘നാളെ മുതൽ ബസ്സ് ഇറങ്ങണം വേലായുധേട്ടാ… എനിക്കൊരു വാടകവീടും വേണം..’

ഉപ്പ മരിച്ചതിൽ പിന്നെ ബസ് ഷെഡിൽ നിന്ന് ഇറക്കിയിട്ടുണ്ടായിരുന്നില്ല. പെട്ടെന്നൊരു ഡ്രൈവറെ കിട്ടാൻ പാടാണ് മോളേയെന്ന് വേലായുധേട്ടൻ പറഞ്ഞു.

‘ഞാൻ ഇണ്ടാകുമ്പോ.. ഉപ്പ മാത്രം ഇരുന്ന സീറ്റിൽ മറ്റൊരാളെ തിരയണോ…!?

അതുകേട്ടപ്പോൾ വേലായുധേട്ടന്റെ കണ്ണുകൾ നിറഞ്ഞുപോയി. വാടക വീട് കിട്ടുന്നത് വരെ ഇവിടെ താമസിച്ചാൽ മതിയെന്ന് പറഞ്ഞ് വേലായുധേട്ടൻ എന്റെ ബാഗുകൾ അകത്തേക്ക് കൊണ്ടുപോയി വെച്ചു.

‘ഷെഡിലേക്ക് പോകാം.. ബസ്സിന്‌ കുറച്ച് പണിയുണ്ട്…’

അതുകേട്ടതും ഞാൻ സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്തു. ഞങ്ങൾ ചലിച്ചു. അവിടേക്ക് എത്തുന്നത് വരെ ഉപ്പ തന്നെയായിരുന്നു ഉള്ളിൽ. വഴിയിൽ വെച്ച് മെക്കാനിക്കിനെ കണ്ടു. ഷെഡിലേക്ക് വന്നോളാമെന്ന് പറഞ്ഞപ്പോൾ ഒരാളേയും കൂടി കാണണമെന്ന് വേലായുധേട്ടനോട് ഞാൻ പറയുകയായിരുന്നു.

‘ആരെ…?’

അതുകേട്ടപ്പോൾ ബസ്സിന്റെ പേര് മാറ്റണമെന്ന മറുപടി ഞാൻ കൊടുത്തു. എന്റെ പേരിന് എന്താണ് കുഴപ്പമെന്ന് വേലായുധേട്ടൻ സംശയിച്ചു. മാറ്റാൻ ഉദ്ദേശിച്ച പേര് കേട്ടപ്പോഴാണ് സംശയം മാറി ആ മുഖമൊന്ന് തെളിഞ്ഞത്. അപ്പോഴേക്കും ഞങ്ങൾ ഷെഡിൽ എത്തി. രണ്ടുപേരും ചേർന്ന് ബസ്സ് വൃത്തിയായി കഴുകി. കാര്യങ്ങളെല്ലാം വേലായുധേട്ടനെ ഏൽപ്പിച്ച് ഞാൻ ടൗണിലേക്ക് ചലിച്ചു. കുറച്ച് സാധനങ്ങളൊക്കെ വാങ്ങാനുണ്ടായിരുന്നു….

അന്നുരാത്രിയിൽ വേലായുധേട്ടന്റെ കെട്ടിച്ചുവിട്ട മകളുടെ മുറിയിലായിരുന്നു ഞാൻ ഉറങ്ങാൻ കിടന്നത്. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് എപ്പോൾ വേണമെങ്കിലും മറിഞ്ഞുവീഴാൻ സാധ്യതയുള്ളതാണ് ജീവിതമെന്ന് എനിക്ക് തോന്നി. പുതുതായി സഞ്ചരിക്കേണ്ട ആ സാഹചര്യത്തെ തീർത്തും സന്തോഷത്തോടെ സ്വാഗതം ചെയ്യാൻ ഞാൻ സജ്ജമായിരുന്നു…

കണ്ണുകൾ അടച്ചപ്പോൾ ജീവിതം ഉപ്പയിലേക്ക് കുടിയേറുകയാണോ എന്ന ചിന്ത എന്നിൽ കടന്നുവരുന്നു! മറ്റൊരു അർത്ഥത്തിൽ മറിഞ്ഞുവീഴുന്ന വഴികളൊന്നും പുതിയതല്ലല്ലോ… ഉപ്പയുടെ കണ്ണും മനസ്സും പതിഞ്ഞ പാതയിലൂടെ എത്ര സഞ്ചാരിച്ചാലും ഞാൻ തളർന്നുപോകില്ലെന്ന് എനിക്ക് തോന്നി.

പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ ഷെഡിലേക്ക് എത്തി. പറഞ്ഞതുപോലെ ബസ്സിന്റെ നെറ്റിയിൽ പുതിയ പേര് വന്നിരിക്കുന്നു… അതുകണ്ടപ്പോൾ എനിക്ക് വല്ലാത്തയൊരു ഊർജ്ജം അനുഭവപ്പെടുകയായിരുന്നു. അനുഗ്രഹിക്കണമെന്ന് പറഞ്ഞ് ഞാൻ വേലായുധേട്ടന്റെ കാലിൽ തൊട്ടു. എന്റെ കവിളിൽ ആ മനുഷ്യന്റെ കണ്ണീരുവീണു.

ഞാൻ ബസ്സിലേക്ക് കയറി. ഉപ്പയുടെ നെഞ്ച് നിന്നുപോയ ആ സീറ്റിലേക്ക് ഇരുന്നപ്പോൾ അറിയാതെ എന്റെ ഉള്ള് വിങ്ങിപ്പോയി.. ആ വളയത്തിൽ പിടിച്ചപ്പോൾ ഉപ്പ കൂടെയുള്ളത് പോലെ.. മുറുക്കെ പിടിക്കുന്നത് പോലെ… വേലായുധേട്ടൻ നീട്ടിയൊരു വിസിലടിച്ചപ്പോൾ ഞാൻ ബസ്സുമായി ചലിച്ചു.

ടൗണിലേക്കുള്ള ട്രിപ്പ് തുടങ്ങുന്നത് നാട്ടിലെ ക്ഷേത്ര പരിസരത്തുള്ള സ്റ്റോപ്പിൽ വെച്ചാണ്. അവിടേക്ക് എത്തുമ്പോഴേക്കും പതിയേ ബസ്സ് ഞാനുമായി മെരുങ്ങി. ജനങ്ങൾ വന്ന് തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.. കണ്ടവരെല്ലാം ഡ്രൈവിംഗ് സീറ്റിൽ തട്ടമിട്ട് ഇരിക്കുന്ന എന്നെ കണ്ണെടുക്കാതെ നോക്കി നിന്നു. എങ്ങനെ നടന്നാലും എന്റെ തലയിൽ തട്ടമെങ്കിലും ഉണ്ടല്ലോയെന്ന് ചിലരൊക്കെ സമാധാനിച്ചോട്ടെ.. കാറ്റ് കൊള്ളുമ്പോൾ മുടി പാറാതിരിക്കാനാണെന്ന് എനിക്കല്ലേ അറിയൂ…

സ്കൂളിലേക്ക് കയറുന്നതിന് മുമ്പ് ടൗണിൽ ട്യൂഷന് പോകുന്ന ചില കുട്ടികൾ ബസ്സിന്റെ പേര് ശ്രദ്ധിക്കുന്നത് ഞാൻ നിരീക്ഷിച്ചു. വളരേ കൗതുകത്തോടെ ആ പേരും, ചില്ലിലൂടെ എന്നേയും, അവർ നോക്കുകയാണ്. അപ്പോഴാണ് കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടി പാടുപെട്ട് ബസ്സിന്റെ നെറ്റി വായിക്കാൻ ശ്രമിക്കുന്നത് ഞാൻ കണ്ടത്. ആ ചുണ്ടുകളുടെ അനക്കങ്ങളിലേക്ക് ഞാൻ കണ്ണുകൾ കൂർപ്പിച്ചു. അതുകൊണ്ട് മാത്രം ആ ശബ്ദം എന്റെ ഉള്ളിന്റെ കാതുകളിൽ വീണു…

‘ഉപ്പാടെ ആമിന…!!’

Leave a Reply

Your email address will not be published. Required fields are marked *