പ്രണയ പര്‍വങ്ങൾ ~~ ഭാഗം 22 ~ എഴുത്ത്:- അമ്മു സന്തോഷ്

സാറ പാല് കൊടുത്തു തിരിച്ചു ഇറങ്ങുമ്പോ ചാർലി മുറ്റത്ത് ഉണ്ട്. അവൻ അവൾക്ക് നേരെ എന്തോ നീട്ടി. നാലായി മടക്കിയ ഒരു കടലാസ്.

സാറ വിളർച്ചയോടെ ചുറ്റും നോക്കി

അവൻ മുന്നോട്ടാഞ്ഞ് സൈക്കിൾന്റെ കാരിയർലേക്ക് അത് വെച്ചു കൊടുത്തു

“വീട്ടിൽ ചെന്നിട്ട് നോക്കിയാൽ മതി “സാറ തലകുലുക്കി

“പള്ളിൽ വരുമോ”

“ഉം?”

“ഇന്ന് തൊട്ട് കരോൾനിറങ്ങും. വരുന്നോ.?”

“എനിക്കു പാടാനറിയില്ല “

അവൻ ചിരിച്ചു

“വെറുതെ കൂടെ വന്ന മതി ഒരു സെക്യൂരിറ്റി “

അവൾ കണ്ണ് ചിമ്മി

“പോടീ “

അവൾ ആ ശുണ്ഠി കണ്ടു പൊട്ടിച്ചിരിച്ചു

“വൈകുന്നേരം പള്ളിയിൽ വാ.. പ്ലീസ് “

“ഇന്ന് ഷെല്ലി ചേട്ടനും ഫാമിലിയും. പിന്നെ ജെറി ചേച്ചി ചേട്ടൻ അങ്ങനെ എല്ലാരും വരുന്നുണ്ട്നീ അവരെ കണ്ടിട്ടില്ലല്ലോ..”

“ഇല്ല “

“പിന്നെ ഷെറി ചേച്ചിയും കുടുംബവും നാളെ വരും “

“അതാണല്ലേ പാല് കൂടുതൽ വേണമെന്ന് പറഞ്ഞത്?,

അവൾ മനസിലായി എന്നുള്ള മട്ടിൽ തല കുലുക്കി

“യെസ് “

“അപ്പൊ ഇച്ചായനു തിരക്കാവും അല്ലെ?”

പറഞ്ഞതും അവൾ നാക്ക് കടിച്ചു

അവൻ അത് ശരിക്കു കേട്ടതുമില്ല

“എന്താ വിളിച്ചത്?”

“ഒന്നുല്ല ഇവിടെ തിരക്ക് ആയിരിക്കുംല്ലേ എന്ന് ചോദിച്ചതാ “

“നീ അതിനിടയിൽ എന്താ പറഞ്ഞത്?”

“ഒന്നുല്ല.”

അവൾ സൈക്കിൾ ഉന്തി നടക്കാൻ തുടങ്ങി

“എടീ “

അവൻ സൈക്കിൾ പിടിച്ചു നിർത്തി

“ദേ ആരെങ്കിലും കാണും “

“നീ പറഞ്ഞിട്ട് പോയ മതി “

“ശെടാ എന്തെങ്കിലും ഉണ്ടെങ്കിൽ അല്ലെ പറയാൻ പറ്റു “

അവൻ കുറച്ചു നേരം ഒന്ന് നോക്കി

“എന്നാ മോള് തന്നെ കരോളിന് പോയ മതി ഞാൻ വരികേല “

പിണങ്ങി തിരിച്ചു ഒരു പോക്ക്വി ളിക്കാൻ ഭാവിച്ചതാണ് സാറ

സിന്ധു മുറ്റത്തേക്ക് വരുന്നത് കണ്ടു അവൾ വേഗം പോരുന്നു

സാറ കുറച്ചു കഴിഞ്ഞു ആ കടലാസ് എടുത്തു നോക്കി

അവളുടെ ചിത്രം

താഴെ ചാർലി എന്ന് സൈൻ

അവളുടെ കണ്ണ് നിറഞ്ഞു

അവളത് നെഞ്ചോട് ചേർത്ത് പിടിച്ചു

ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഇതൊക്കെ..

വീട്ടിൽ ചെന്നപ്പോ അവൾ അത് ഭദ്രമായി ഡയറിക്കുള്ളിൽ വെച്ച് അലമാരയിൽ വെച്ചു

വൈകുന്നേരം പള്ളിയിൽ പോയി സാറ

വരില്ലന്ന് പറഞ്ഞെങ്കിലും വരും എന്ന് അവൾ ചിന്തിച്ചു

പക്ഷെചാർലി സന്ധ്യ ആയിട്ടും വന്നില്ല.

അവൾ പതിയെ മൊബൈൽ എടുത്തു ഒതുങ്ങി  നിന്നു വിളിച്ചു

കാൾ എടുക്കുന്നില്ല

ചാർലി ഷെല്ലിക്ക് ഒപ്പം. ആയിരുന്നു

കാൾ വരുന്നത് അവൻ കാണുന്നുണ്ടായിരുന്നു

പക്ഷെ മാറാൻ പറ്റുകേല

ചേട്ടൻ പിടിക്കും

ഇടയ്ക്ക് ഒരു ഗ്യാപ് കിട്ടിയപ്പോ അവൻ തിരിച്ചു വിളിച്ചു

“ഞാൻ വരുന്നില്ല സാറ. വീട് മുഴുവൻ ആളാണ് ഇറങ്ങാൻ പറ്റില്ല “

“ശരി “

അവൾ കട്ട്‌ ചെയ്തു മനസ്സിടിഞ്ഞു പോയ പോലെ..

“സാറ…”

വിളിയോച്ച കേട്ട് അവൾ അങ്ങോട്ടേക്ക് ചെന്നു

“ഇറങ്ങാം “

അവൾ തലയാട്ടി

അവർ പതിനാലു പേരുണ്ട്

ആൺകുട്ടികൾ പത്തും പെൺകുട്ടികൾ നാലും ഒരു ക്രിസ്മസ് പപ്പയും

അച്ചൻ പ്രാർത്ഥന കഴിഞ്ഞവരെ യാത്ര ആക്കി

കരോൾ സംഘങ്ങൾ വീടുകളിൽ കയറിയിറങ്ങി തുടങ്ങി

രാത്രി ഒരു മണി ആയപ്പോ ബാക്കി നാളെ എന്ന് പറഞ്ഞവർ പിരിഞ്ഞു

തോമസ് പള്ളിയിൽ കാത്തു നിന്ന് അവളെ കൂട്ടിക്കൊണ്ട് പോയി

“ക്ഷീണം ഉണ്ടോ മോളെ?”

അയാളുടെ കയ്യിൽ പിടിച്ചു പതിയെ നടന്നവൾ

“ഉം ദാഹം ഉണ്ട്.നല്ല വിശപ്പും. ഇടക്ക് ഒരു വീട്ടിൽ നിന്ന് കേക്ക് കിട്ടി കേട്ടോ പപ്പാ അതാ നിധി എടുത്തു തിന്നു. ദുഷ്ട “

തോമസ് ചിരിച്ചു

“മമ്മി ചപ്പാത്തി ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഞങ്ങളും കഴിച്ചില്ല “

“ആണോ?”

അങ്ങനെ സംസാരിച്ച് വീടെത്തി

“ചേച്ചി ഉറങ്ങിയോ?”

അവൾ മമ്മിയോട്‌ ചോദിച്ചു

“എപ്പോഴേ “

മേരി ചിരി യോടെ പറഞ്ഞു

ചപ്പാത്തിയും ഉരുളകിഴങ്ങു കറിയും ഒരു കട്ടൻ കാപ്പിയും കുടിച്ചിട്ട് കിടക്കയിലേക്ക് വീണു അവൾ

നല്ല ക്ഷീണം ഉണ്ടായിരുന്നു അവൾക്ക്

കണ്ണുകൾ അടഞ്ഞു പോയി

നേരം ഉച്ച ആയപ്പോഴാണ് എഴുന്നേറ്റത്

ഉണർന്നപ്പോൾ അവൾ അമ്പരന്ന് പോയി

“അയ്യോ പതിനൊന്നു മണിയോ? മമ്മി എന്താ എന്നെ വിളിക്കാഞ്ഞേ?”

മേരി വാത്സല്യത്തോടെ അവളെ നോക്കി

“മോള് ക്ഷീണിച്ചല്ലേ വന്നേ.. ഇന്നും പോകണ്ടേ.. പപ്പയാ പറഞ്ഞത് വിളിക്കണ്ടാന്ന് “

അവൾ എഴുന്നേറ്റു

പല്ല് തേച്ചു കുളിച്ചു വന്നു

“എന്നാ കാപ്പിക്ക്?”

“ദോശ “

അവൾ പ്ലേറ്റിൽ രണ്ടു ദോശ എടുത്തു ചട്ണി ഒഴിച്ച് കഴിച്ചു തുടങ്ങിയപ്പോ. അന്ന വന്നു മുന്നിൽ ഇരുന്നു

“ചേച്ചിയെ കാണാൻ കൂടി കിട്ടുന്നില്ല “

“അതിന് നീ വീട്ടിൽ ഇല്ലല്ലോ. നിനക്ക് വേറെ പണിയില്ലേ മോളെ? രാത്രി ഊര് തെണ്ടല് “

“എന്റെ ചേച്ചി വർഷത്തിൽ ഒരിക്കൽ അല്ലെ. എന്ത് രസാണെന്നോ കരോൾ. ഒരു ദിവസം വാ “

“ഓ എനിക്ക് മടുപ്പാ നോക്കിക്കെ മുഖം. ക്ഷീണിച്ചു.. ഇന്നുമുണ്ടോ?”

“ആ ഇന്നും നാളെയും ഉണ്ട് മറ്റെന്നാൾ ക്രിസ്മസ് അല്ലെ. ഇന്നും നാളേം കൊണ്ട് തീർക്കാൻ നോക്കും. ക്രിസ്മസിന് പാലായിൽ പോകുന്നുണ്ടോ മമ്മി?”

മേരിയുടെ ആങ്ങളയും കുടുംബവും പാലയിലാണ്

വലിയ സ്നേഹം ഉള്ള ആളാണ് മേരിയുടെ ആങ്ങള ബൈജു

ഒരു ആക്‌സിഡന്റ് വന്നു

ആൾക്ക് യാത്ര ചെയ്യാൻ വയ്യ

അത് കൊണ്ട് ഇക്കുറി അങ്ങോട്ട് പോകാൻ ഇരിക്കുകയാണ്

“ആം ക്രിസ്മസ്ന്റെ അന്ന് രാവിലെ പോകണം.. നിനക്ക് കോളേജിൽ പോകാറാവുമ്പോ വന്ന മതിയല്ലോ “

“ഞാൻ ഇല്ല അത്രേം ദിവസം ഒന്നും “

അന്ന പിറുപിറുത്തു

“എടി കൊച്ചേ നിന്റെ കല്യാണത്തിന് അഞ്ചു ലക്ഷം രൂപ തരാമെന്ന് പറഞ്ഞ മനുഷ്യൻ ആണത്.. ആങ്ങളയാ ശരിയാ. പക്ഷെ തരാൻ മനസ്സ് വേണ്ടേ.. നല്ല മനസ്സുള്ളവനാ. നന്ദി വേണം “

“ഓ ശരി “

അവൾ എഴുന്നേറ്റു മുറിയിൽ പോയി

“ഇത്രയും സ്നേഹം ഇല്ലാത്ത ഒരു സാധനം “

മേരി ആ പോക്ക് നോക്കി പറഞ്ഞു

സാറായൊന്നും മിണ്ടാൻ പോയില്ല

“ഞാൻ പള്ളിലോട്ട് പോവാണേ “

“അപ്പൊ ചോറോ?”

“പള്ളിൽ നിന്നു കിട്ടും മമ്മി “

അവൾ  യാത്ര പറഞ്ഞു പോയി

മൊബൈൽ ഓഫ്‌ ആയി കിടക്കയിൽ കിടപ്പുണ്ടായിരുന്നു

സത്യത്തിൽ മൊബൈലിന്റെ കാര്യമേ അവൾ മറന്നു പോയി

മേരി കിടക്ക വിരിക്കാൻ വന്നപ്പോൾ മൊബൈൽ കിടക്കുന്നത് കണ്ട് അലമാരയിൽ എടുത്തു വെച്ചു

“ദേ കൊച്ച് മൊബൈൽ കൊണ്ട് പോയിട്ടില്ല കേട്ടോ. “

അവർ ഭർത്താവിനോട് പറയുകയും ചെയ്തു

ചാർലി ഒന്നുടെ വിളിച്ചു നോക്കി

ഇന്നലെ വൈകുന്നേരം ഏഴരക്ക് ഓൺലൈൻ വന്നതാണ് പിന്നെ വന്നിട്ടില്ല

സ്വിച്ച് ഓഫ്‌

മെസ്സേജ് ഒന്നും നോക്കിട്ടില്ല

Carol കഴിഞ്ഞു വൈകി കാണും.. പക്ഷെ.. ഒരിക്കൽ പോലും നോക്കാൻ സമയം കിട്ടിയില്ലേ അവൾക്ക്?

അവനു ദേഷ്യം വരുന്നുണ്ടായിരുന്നു

“എടാ നീ താഴെ വാ ഷെറിയൊക്കെ വന്നു.,”

ഷെല്ലി അവനെ കൂട്ടിക്കൊണ്ട് പോയി

മൂന്ന് വർഷം കൂടിയാണ് ഷെറിയും ഭർത്താവ് എബിയും മക്കളും വരുന്നത്. അതിന്റെ ഒരു ആഹ്ലാദതിമിർപ്പിലാണ് എല്ലാവരും. എബിയുടെ വീട്ടുകാർ ഉച്ചക്കെ വന്നു

ഷെറി ചാർളിയെ കെട്ടിപ്പുണർന്നു

“സുഖമാണോ മോനെ?”

ചാർലി ഒന്നു പുഞ്ചിരിച്ചു

കുപ്പികൾ പൊട്ടി തുടങ്ങി

അന്തരീക്ഷം നിറഞ്ഞ് കോഴിയും ആടും താറാവുമെല്ലാം എണ്ണയിൽ കിടന്നു തിളയ്ക്കുന്ന മണം..

ചാർളി ഇടയ്ക്ക് മൊബൈൽ നോക്കുന്നുണ്ടാരുന്നു

പിന്നെ വിളിച്ചു നോക്കിയപ്പോഴും സ്വിച്ച് ഓഫ്‌

ഇവൾ ഇത് എന്തിനാ ഓഫ്‌ ചെയ്തു വെച്ചേക്കുന്നേ

അവനു കലി വരിന്നുണ്ടായിരുന്നു

രാത്രി ആയി

അവളെ കാണാതെ മിണ്ടാത് കടന്നു പോയ ഒരു ദിവസം കഴിഞ്ഞു

“നിനക്ക് എന്താ ഒരു വല്ലായ്‌മ സുഖമില്ലേ?”വിജയ് ചോദിച്ചു

“ഹേയ് ഒന്നുമില്ലല്ലോ “

അവൻ മറുപടി പറഞ്ഞു

സ്റ്റാൻലി അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു

ഒരു പരവേശം പിടിച്ച പോലെ

“ദേ കരോൾ വന്നു..”

വെളിയിൽ ആർപ്പും വിളിയും ഉണർന്നപ്പോൾ പിള്ളേർ ഓടി പോയി

കൂടെ മുതിർന്നവരും

സാറ

കടും പച്ചയിൽ മഞ്ഞ നിറത്തിലുള്ള പൂക്കൾ തുന്നിയ നീളൻ പാവാടയും മഞ്ഞ ബ്ലൗസുമാണ് വേഷം മുടി രണ്ടായി മെടഞ്ഞ് മാiറിലിട്ടിരിക്കുന്നു

കണ്ണെഴുതി പൊട്ട് വെച്ചിട്ടുണ്ട്

ആ ഇരുട്ടിലും ഒരു വിളക്ക് കത്തിച്ചു വെച്ചത് പോലെ

പാട്ട് തീർന്നപ്പോൾ കുട്ടികൾ ഒന്നുടെ എന്ന് ഇരമ്പിയാർത്തു

കരോൾ. സംഘം ഒന്നുടെ പാടി കൊടുത്തു

എല്ലാവർക്കും കാപ്പിയും കേക്കും ഉണ്ടായിരുന്നു

സാറ ചാർലി നിന്നിടത്തേക്ക് നോക്കിയില്ല

ഷേർലി അവളെ വിളിച്ചു കൊണ്ട് പോയി എല്ലാർക്കും പരിചയപ്പെടുത്തി കൊടുക്കുന്നതവൻ കണ്ടു

അവൾ എല്ലാവരോടും ചിരിച്ചു സംസാരിക്കുന്നതവൻ നോക്കി നിന്നു

പിന്നെ കരോൾ സംഘം അകന്നു പോകുമ്പോൾഒരു തവണ എങ്കിലും അവൾ തിരിഞ്ഞു നോക്കുമെന്ന് അവൻ കരുതി

ഉണ്ടായില്ല

മുറ്റത്തു നിന്ന് എല്ലാവരും വീട്ടിനുള്ളിലേക്ക് കയറി പോയിട്ടും അവൻ അവിടെ തന്നെ നിന്നു

ഹൃദയത്തിൽ ഒരു വിളക്ക് കെട്ടത് പോലെ

തുടരും….

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *