Story written by Sowmya Sahadevan
അനു!! അനു അല്ലേ അത്..
ജില്ലാ ഹോസ്പിറ്റലിലേക്ക് ഒരു ഓട്ടം വന്നതായിരുന്നു. ലാബിനരികിൽ നിന്നും കുഞ്ഞിനെ എടുത്തു നടക്കുന്ന അവളെ കണ്ടപ്പോൾ മനസു അറിയാതെ മന്ത്രിച്ചു അനു അല്ലേ അത്. അവളിലേക്ക് മാത്രം മിഴികളൂന്നി കൊണ്ടിരുന്നപ്പോഴേക്കും കാലിൽ പ്ലാസ്റ്ററിട്ടൊരു രോഗിയെ ഓട്ടോയിലേക്ക് കയറ്റിയിരുന്നു.
ഓട്ടം കുറച്ചു ദൂരത്തേക്കായിരുന്നു, തണൽ വിരിച്ചു നിൽക്കുന്ന ആ വഴിയിൽ എന്റെ മനസ്സ് മുഴുവൻ അനുവിന്റെ ചിത്രങ്ങൾ മാറി മറിഞ്ഞു വന്നു.
അനുവിന്റെ കല്യാണം കഴിഞ്ഞ കൊല്ലത്തിലായിരുന്നു ഞാൻ ഗൾഫിൽ പോയത്. ദൃതിപിടിച്ചു, വാശി പിടിച്ചു പോയതായിരുന്നു.പോയത് കൊണ്ട് ഗുണമൊക്ക ഉണ്ടായി. വീടൊക്കെ പുതുക്കി പണിതു. അമ്മക്കു വീട്ടിൽ പുതിയ സൗകര്യങ്ങൾ എല്ലാം ഉണ്ടാക്കികൊടുത്തു. എല്ലാ പ്രവാസികളെയും പോലെ എല്ലാവർക്കും എല്ലാതും ഉണ്ടാക്കി കൊടുത്തു.
അനു മാത്രം മനസ്സിൽ തന്നെ നിന്നു. അവളെ കാണാതിരിക്കാൻ വേലയും പൂരവും ആഘോഷങ്ങളും ഒന്നുമില്ലാത്ത എപ്പോളെങ്കിലും വന്നുപോവൽ ആണു പതിവ്.
ഉച്ചക്ക് ഉണ്ണാൻ വീട്ടിൽ പോയി. അമ്മക്ക് ചോറു വാരികൊടുതു കൊണ്ടിരിക്കുമ്പോൾ ഞാൻ അമ്മയോട് പറഞ്ഞു,
അമ്മാ ഞാൻ അനുവിനെ കണ്ടു.
ഏത് അനു?
അമ്മയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു.അമ്മയും കൂടെ ആയിരുന്നു അനുവിനെ എന്നിൽ നിന്നും അകത്തിയത്.
ഗൾഫിലെ ജോലി കളഞ്ഞു ഞാൻ വന്നത് അമ്മയെ നോക്കാനായിരുന്നു.അമ്മ ഒരു വശം തളർന്നു കിടപ്പിലായി. പ്രവാസം നിർത്തിവന്ന ഞാനും, കിടപ്പിലായ അമ്മയും കറവ വറ്റിയ പശു കണക്കെ ആണു പെങ്ങന്മാർക്ക് അനുഭവപ്പെട്ടത്. കടമില്ലാത്തതുകൊണ്ടും, ചെലവില്ലാത്തത് കൊണ്ടും ഞാൻ അമ്മക്കു ആവശ്യം വരുമ്പോഴൊക്കെ തിരിച്ചു ഓടിയെത്താൻ കഴിയുന്നൊരു ഓട്ടോകാരനായി.
പിന്നെയും കുറച്ചു ദിവസങ്ങൾ കഴിഞ്ഞു അനു എന്റെ വണ്ടിയിൽ ഒന്നു കയറാൻ, കുഞ്ഞിന്റെ കാലിൽ പൊiള്ളൽ ഏറ്റത് ഡ്രെസ് ചെയ്യാൻ വന്നതാര്ന്നു. എന്നും ഡ്രസ്സ് ചെയ്യാൻ പോവണം. അഡ്മിറ്റ് ആയിരുന്നു കുഞ്ഞ്. അവളുടെ അമ്മ നിർബന്ധിച്ചു ഡിസ്ചാർജ് ആക്കിയതാണ്.എന്നെ ഓട്ടം ഏല്പിച്ചു. രാവിലെ കൊണ്ടുപോവാൻ, ഉച്ചക്കും ഞാൻ തന്നെ പോയി വിളിച്ചു.അനു വരണില്ല എന്ന് കൊറേ പറഞ്ഞു, ഞാനും വീട്ടിലേക്കാണ്, അനുകുട്ടി കയറു എന്നു പറഞ്ഞപ്പോൾ അവൾ ചിരിച്ചു.ആ ചിരി അവളിൽ കുറച്ചു ദൂരം നിക്കണത് കണ്ടപ്പോൾ ഞാൻ ചോദിച്ചു
എന്താ അനുകുട്ടി ഇങ്ങനെ ചിരിക്കണേ?
ഒന്നുല്ല ഹരിയേട്ടാ! അനുകുട്ടി എന്നുള്ള വിളി അങ്ങനെ കേൾക്കാറില്ല… ആരും വിളിക്കാറുമില്ല….
ആ ചിരി മെല്ലെ മാഞ്ഞു….
ഹോസ്പിറ്റലിൽ പോവുന്നത് പതിവായി.
ഒരു ദിവസം അവൾ കരഞ്ഞു കലങ്ങിയ കണ്ണും കൊണ്ടായിരുന്നു വണ്ടിയിൽ കയറിയത്. കുത്തുവാക്കുകളും, കുറ്റപ്പെടുത്തലുകളും ചിലപ്പോൾ എന്റെ വീട് വരെയും കേൾക്കാറുണ്ടായിരുന്നു.
അനു വണ്ടിയിൽ കയറിയിട്ട് എന്നോട് പറഞ്ഞു ദൂരെ എങ്ങോട്ടെങ്കിലും എന്നെ ഒന്നു കൊണ്ടുപോവോ കുറച്ചു നേരം എന്നോടൊന്നു മിണ്ടോ…..
കുറേ ദൂരം വണ്ടി പോയപ്പോൾ തണൽ വിരിച്ചു നിൽക്കുന്ന വാക മരങ്ങൾ നിറഞ്ഞ വഴിയിൽ വണ്ടി നിർത്തി ഞാൻ..,
വര്ഷങ്ങളോളം കുഞ്ഞുങ്ങൾ ഇല്ലാത്ത വിഷമത്തിൽ ആയിരുന്നു എന്റെ ജീവിതം,അവസാനം പത്തു വർഷം നീണ്ട ദാമ്പത്യം മതിയാക്കാൻ മുൻകൈ എടുത്തതും ആളായിരുന്നു, ഒന്നിച്ചു ഒപ്പിട്ടു കൊടുത്ത ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്തിട്ടായിരുന്നു നാട്ടിലേക്ക് അയാളെന്നെ അയച്ചത്.നാട്ടിൽ വന്നിട്ടാണ് പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞത്. ശർദിച്ചത് വീണ്ടും തിന്നാൻ പറഞ്ഞാൽ പറ്റോ!! കൃത്യമായി ഒരു തുക എല്ലാ മാസവും അക്കൗണ്ടിലേക്ക് അയക്കും, അതു തന്നെ വല്യേ കാര്യം.
പതിനെട്ടു വയസ്സിൽ പഠിപ്പുമുടക്കി കെട്ടിച്ചയച്ചതായിരുന്നു അവളെ, പാവം കുട്ടി!
അനു കുട്ടി, മതി സങ്കടപെട്ടത്. സാരമില്ല പോട്ടെ…
ആഹ്! അപ്പോൾ ഹരിയേട്ടനും ഇതൊക്കെ സാരമില്ല അല്ലെ.
എന്റെ പൊന്നുമോളെ! പെട്ടെന്ന് പറഞ്ഞു പോയതാണ് ക്ഷമിക്ക്.
അനു ചിരിച്ചു.
മെല്ലെ മെല്ലെ അവൾ എന്റെ മനസ്സിൽ ഒരു കൂടുകൂട്ടി തുടങ്ങി.ഒരിക്കൽ കാറിലും, കോളിലും പെട്ട് നശിച്ചു പോയൊരു കൂട് ആണത് . അവളുടെ ചിരിയിൽ അതു വീണ്ടും നിർമ്മിക്കപെടുകയായിരുന്നു.
അവളുടെ വീട്ടിലെ ബഹളങ്ങൾ എന്റെ വീട് വരെയും കേൾകാം. ആങ്ങളമാർ പോലും മാറിപോയിരുന്നു.അവളുടെ അമ്മ പിന്നെ പണ്ടേ ഇങ്ങനെയാണ്, അവൾ കരഞ്ഞാലും ആ മനസ്സ് ഒന്നു അനങ്ങില്ല.വഴക്കുകളും കുത്തുവാക്കുകളും കഴിഞ്ഞാൽ അവളുടെ കുഞ്ഞ് കരഞ്ഞു തുടങ്ങും അതിനൊപ്പം അനുവും, അവൾ ദേഷ്യം തീർത്തിട്ടാണ് അവൻ കരയുന്നത്.
ഞായറാഴ്ച രാവിലെ ഇതുപോലെ ഒരു ബഹളം കേട്ടുകൊണ്ട് ഞാൻ അമ്മക്ക് കഞ്ഞി കോരി കൊടുക്കുകയായിരുന്നു.
കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ പിന്നെ കൂട്ടകരച്ചിൽ പോലെ ആയി ഓടി ചെന്നു ഹോസ്പിറ്റലിൽ കൊണ്ടു പോയി.കരച്ചിലിൽ ശ്വാസമുട്ട് വന്നതായിരുന്നു.
തിരിച്ചു വരുമ്പോൾ കരഞ്ഞു തടിച്ച കണ്ണുകളുമായി അനു ഇരുന്നിരുന്നു. വണ്ടി റോഡരികിൽ നിർത്തി.
അനുകുട്ടി, എന്റെ വീട്ടിലേക്കു പോരുന്നോ? മോനെ ഇങ്ങനെ കരയിക്കേണ്ട!
സഹതാപം കൊണ്ടൊന്നും അല്ല. ഇഷ്ടം കൊണ്ടാണ്. പണ്ടത്തെ അതേ ഇഷ്ടം കൊണ്ട്.അനുവിന് ഇഷ്ടം ഇല്ലെങ്കിൽ പറഞ്ഞോളു, എനിക്ക് പരിഭവം ഇല്ല.
അനുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… പക്ഷെ കവിളിൽ ഒരു ചിരി വിടർന്നിരുന്നു. എന്നിലേക്ക് നീളുന്നൊരു നേർത്ത പുഞ്ചിരി….
വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്തു. ഞങ്ങൾ യാത്ര തുടർന്നു. പണ്ടെന്നോ സ്വപ്നം കണ്ട ഞങ്ങളുടെ ജീവിതത്തിലേക്ക്….