Story written by Saji Thaiparambu
രാവിലെ ധൃതിയിൽ ഓഫീസിലേക്കിറങ്ങിയത് കൊണ്ട് ഒരു പോലെ ചാർജ്ജ് ചെയ്യാനിട്ടിരുന്ന ഭാര്യയുടെ മൊബൈൽ ഫോൺ മാറിയാണ് ഞാൻ എടുത്തോണ്ട് പോയത്
ഓഫീസിലെത്തി കൂട്ടുകാരനെ വിളിക്കാൻ പോക്കറ്റിൽ നിന്നെടുക്കു മ്പോഴാണ് അബദ്ധം മനസ്സിലായത്
ഓഫീസും വീടുമായി പത്തറുപത് കിലോമീറ്റർ ദൂരമുള്ളത് കൊണ്ട് തിരിച്ച് പോയി ഫോൺ മാറ്റിയെടുക്കാൻ കഴിയുകയുമില്ല
അത് കൊണ്ട് ഓഫീസിലെ ലാൻറ് ഫോണിൽ നിന്നും ഭാര്യയെ വിളിച്ചിട്ട് പാസ്വേഡ് ചോദിച്ചറിഞ്ഞിട്ടാണ് ഫോൺ അൺലോക്ക് ചെയ്തത്
തിരിച്ചവൾ എൻ്റെ ഫോണിൻ്റെ പാസ്വേഡ് ചോദിക്കാതിരുന്നത് എന്നിൽ അമ്പരപ്പുളവാക്കി
തിങ്കളാഴ്ച ദിവസമായത് കൊണ്ട് ജോലി, കൂടുതലുണ്ടായിരുന്നു, പ്യൂൺ രമേശൻ, മേശപ്പുറത്ത് കൊണ്ട് വച്ച ഫയലുകൾ ഓരോന്നായി എടുത്ത് ഞാൻ, ജോലിയിൽ വ്യാപൃതനായി
അല്പം കഴിഞ്ഞപ്പോൾ അവളുടെ ഫോണിൽ ആദ്യ കോള് വന്നു
അത് അവളുടെ അമ്മയായിരുന്നു
മോളേ,, എന്തുണ്ട് വിശേഷം ? രാജീവൻ ഓഫീസിൽ പോയോ ?
ഞാൻ ഹലോ വയ്ക്കുന്നതിന് മുമ്പ് അമ്മ ഇങ്ങോട്ട് ചോദിച്ചു
അയ്യോ അമ്മേ ,, ഞാൻ രാജീവനാണ് ,ഞാനിന്ന് ഫോൺ മാറിയാണ് കൊണ്ട് വന്നത്,,
അമ്മയോട് ഞാൻ നടന്ന കാര്യങ്ങൾ പറഞ്ഞു
ഞാൻ സുജാതയെ വിളിച്ചിട്ട് അമ്മയെ വിളിക്കാൻ പറയാം,,
ങ്ഹാ ശരി മോനേ,, എന്നാൽ വയ്ക്കട്ടെ,,
ശരിയമ്മേ ,, അച്ഛനെ തിരക്കിയെന്ന് പറയ് ,,
അമ്മ ഫോൺ വച്ച് കഴിഞ്ഞപ്പോൾ ഞാൻ വീട്ടിൽ വച്ച് മറന്ന എൻ്റെ സ്വന്തം ഫോണിലേക്ക് നമ്പർ ഡയൽ ചെയ്തു,സുജാത എൻ്റെ നമ്പര് സേവ് ചെയ്തിരിക്കുന്നത് എങ്ങനെയാണെന്ന് എനിക്കറിയില്ലായിരുന്നു
നമ്പർ ഡയൽ ചെയ്ത് തീർന്നപ്പോൾ തെളിഞ്ഞ് വന്ന പേര് കണ്ട് എനിക്ക് വല്ലായ്മ തോന്നി
അവളുടെ ഫോണിൽ, എൻ്റെ നമ്പർ,my heartnഎന്നായിരുന്നു അവൾ സേവ് ചെയ്തിരുന്നത്
പക്ഷേ ഞാനവളുടെ നമ്പർ സേവ് ചെയ്തിരുന്നത് wife എന്ന പേരിലായിരുന്നു
എനിക്കവളോട് തീരെ സ്നേഹമില്ല എന്നവൾ എന്നും പരാതി പറയുന്നത് സത്യമാണെന്ന് എനിക്കപ്പോൾ തോന്നി ,ഒരു ദൃഡനിശ്ചയമെടുത്ത് കൊണ്ടാണ്, ഞാനന്ന് വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയത്
വന്നയുടനെ എൻ്റെ ഫോൺ വാങ്ങിച്ചിട്ട്, അവളുടെ മുന്നിൽ വച്ച് തന്നെ ഞാൻ പേര് എഡിറ്റ് ചെയ്തു.
wife മാറ്റി My Life എന്നാക്കി
അത് കണ്ട് അവളുടെ കണ്ണുകൾ ഈറനായപ്പോൾ ഞാനവളെ ചേർത്ത് പിടിച്ച് നെറുകയിൽ ചുംബിച്ചു.സജി തൈപ്പറമ്പ്.
NB :- നിസ്സാരമെന്ന് തോന്നുമെങ്കിലും ചില അടയാളപ്പെടുത്തലുകൾക്ക് ദാമ്പത്യ ജീവിതത്തിൽ വലിയ പ്രാധാന്യമാണുള്ളത്