എഴുത്ത്:-നൗഫു
“ഇക്കാ…
ഒരു നൂറു രൂപ ഉണ്ടാവുമോ ഗൂഗിൾ പേ യിൽ…”
ഫോണിൽ കളിച്ചു കൊണ്ടിരിക്കെ ആയിരുന്നു അറിയാത്തോരു നമ്പറിൽ നിന്നും ഒരു വാട്ട്സാപ് മെസ്സേജ് നോട്ടിഫിക്കേഷൻ വന്നതായി ഫോണിന്റെ ഡിസ്പ്ലേയിൽ കണ്ടത്…
വാട്സ്ആപ്പ് തുറന്നു നോക്കാതെ തന്നെ നോട്ടിഫിക്കേഷൻ ബാർ താഴ്ത്തി മെസ്സേജ് എന്താണെന്ന് നോക്കിയപ്പോൾ ആയിരുന്നു നേരത്തെ പറഞ്ഞത് കണ്ടത്..
“ഇക്കാ…
ഒരു നൂറു രൂപ ഉണ്ടാവുമോ ഗൂഗിൾ പേ യിൽ…”
“ആരാ..? “
നമ്പർ ഇല്ലാത്തത് കൊണ്ട് തന്നെ ആദ്യം ആരാണ് മെസ്സേജ് അയക്കുന്നതെന്ന് അറിയണ്ടേ..
“എന്നെ മറന്നോ…
ഞാൻ വിക്കി..
നമ്പർ വരെ കളഞ്ഞല്ലേ…”
അവൻ ഒരു പരിഭവം പോലെ പറഞ്ഞു..
“ആള് കണ്ണൂർ ഉള്ളതാണ്..
ഡിഗ്രിക്കോ മറ്റോ പഠിക്കാണ്.. ഒത്തിരി കഷ്ട്ടപെട്ടിട്ട്…
എന്നാലും ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മെസ്സേജ്..
അതും പൈസ ചോദിച്ചിട്ട്..…”
“എടാ സോറി…
ഫോൺ ഒന്ന് മാറ്റി…
അതിലിരുന്ന പല നമ്പറും കയ്യിലില്ല… അതാ..
അല്ല…നിനക്കിപ്പോ എന്തിനാ നൂറു രൂപ?😁…”
അവനെ കളിയാക്കി ചിരിക്കുന്ന പോലെ ഒരു സ്മൈലി കൂടെ ഇട്ടു കൊണ്ട് അവനോട് ചോദിച്ചു..
അല്ലേൽ തന്നെ ഈ കാലത്ത് ഒരു ദിവസം മുന്നോട്ട് പോകാൻ ഒരു അഞ്ഞൂറ് രൂപയേങ്കിലും വേണമല്ലോ..…
“ഫുഡിങ് “.
ഒരൊറ്റ വാക്കിൽ ആയിരുന്നു അവന്റെ ഉത്തരം…
“ഫുഡിങ്.. “ അവന്റെ മെസ്സേജ് ഞാൻ ഒരിക്കൽ കൂടെ വായിച്ചു…
“വിശപ്പ്…”
എന്റെ ഉള്ളിലൂടെ ആ സമയം ഒരു കൊള്ളിമീൻ പോലെ എന്തോ കടന്നു പോയി.. അതെന്റെ മനസ്സിനെ അത്രക്ക് വേദനിപ്പിച്ചു കൊണ്ടായിരുന്നു കടന്നു പോയത്..
വിശപ് അതനുഭവിച്ചതാണ് പല വട്ടം.. പൈസ ഉണ്ടായിട്ടും.. ഇല്ലാതെയും…
അവന്റെ ആ ഒറ്റ വാക്കിലുള്ള മെസ്സേജ് കാണും തോറും എന്റെ കണ്ണുകളിലേക്ക് ഇരുട്ട് കയറിയത് പോലെ കണ്ണുനീർ തുള്ളികൾ ഉരുണ്ട് തുടങ്ങിയിരുന്നു…
“ഈ നമ്പറിൽ ആണോ നിനക്ക് പൈസ അയക്കേണ്ടത്..”
വിറക്കുന്ന കൈകളോടെ ഞാൻ അവന് മെസ്സേജ് അയച്ചു…
“അല്ല ഇക്കാ..
ഞാൻ ഇക്കാന്റെ ഗൂഗിൾ പേ നമ്പറിലേക്ക് മെസ്സേജ് അയക്കാം അതിലേക്ക് ഇട്ടാൽ മതി..
ഈ പൈസ ഞാൻ തരും…
ഉറപ്പായും തരും….”
അവന്റെ മെസ്സേജ് കണ്ടതും ഞാൻ ഒന്നും പറഞ്ഞില്ല…
അതിൽ തികഞ്ഞ ഒരു അഭിമാനി ഉണ്ടായിരുന്നു…
ചിലപ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞാൽ അവൻ എനിക്ക് പൈസ വേണ്ടാ എന്ന് പറഞ്ഞാലോ…
രണ്ട് മിനിറ്റിന് ശേഷം അവൻ ചോദിച്ചതിലും കുറച്ചു പൈസ അതികം ഇട്ടു കൊടുത്തിട്ട് മെസ്സേജ് വിട്ടു…
“ഇട്ടിട്ടുണ്ട്.. “
“കിട്ടി..
ഇക്കാ ഇത് കൂടുതൽ ഉണ്ടല്ലോ.. “
അവൻ പൈസ കിട്ടിയ ഉടനെ ചോദിച്ചു..
“കയ്യിൽ വെച്ചോ…”
ഞാൻ അത്രമാത്രം അവനോട് പറഞ്ഞു..
“താങ്ക്സ് ഇക്കാ..
ഈ പൈസ ഞാൻ ഇങ്ങക്ക് തിരികെ തരും..
പക്ഷെ എപ്പോഴാണെന്ന് മാത്രം ചോദിക്കരുത്…”
അവൻ വീണ്ടും മെസ്സേജ് വിട്ടു..
“പത്തും പതിനായിരവും കടം കൊടുത്തിട്ടും കിട്ടാത്തവനാണ് ഞാൻ…
എന്തിന് തരാമെന്ന് പോലും ചിലർ പറയാറില്ല…ചിലപ്പോൾ മാറി നടക്കും…
കടം കൊടുത്ത നമ്മൾ കുറ്റക്കാരൻ എന്ന പോലെ..
മെസ്സേജ് പോലും സീൻ ചെയ്യാറില്ല പലരും.. കടം വാങ്ങിച്ചത് തിരികെ ചോദിക്കാണോ എന്ന് കരുതിയാവാം
“കുഴപ്പം ഇല്ലെടാ..
നീ കൈയിൽ വെച്ചോ..”
ഞാൻ അവനോട് പറഞ്ഞു…
ഒരാഴ്ചക്ക് ശേഷം അവന്റെ നമ്പറിൽ നിന്നും എനിക്കൊരു മെസ്സേജ് കൂടി വന്നു..
“ഇക്കാ..
ഇങ്ങളെ നമ്പറിൽ ഞാൻ പൈസ ഇട്ടിട്ടുണ്ട്.. “..
“ഇത്ര പെട്ടന്നോ..”
ഞാൻ അവനോട് ചോദിച്ചു..
“ഒരു പാർടൈം ജോലി സെറ്റ് ആയി ഇക്കാ..
ആദ്യത്തെ ശമ്പളമാണ് ഞാൻ നിങ്ങക്ക് ഇട്ടു തന്നത്..
ഞാൻ അത്രയും കുടുങ്ങി കിടന്നപ്പോൾ പലരോടും ചോദിച്ചിരുന്നു ഒരു നൂറു രൂപ..
എല്ലാരും കളിയായിട്ടായിരുന്നു എടുത്തിരുന്നത്..
ഇക്ക മാത്രം എന്റെ അവസ്ഥ മനസിലാക്കി.. എനിക്ക് അതിലും കൂടുതൽ തന്നു..
എന്റെ ആദ്യത്തെ ശമ്പളം ഇക്കാക് ഇരിക്കട്ടെ..
എന്റെ ഒരു സന്തോഷത്തിന്…”
അവൻ അതും പറഞ്ഞു ജോലിയിൽ ആണെന്ന് പറഞ്ഞു ഓൺലൈനിൽ നിന്നും പോയി..
എന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിടരുന്നത് അറിയാതെ….
ഇഷ്ടപെട്ടാൽ 👍👍👍
❤️🥰