എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
പുനർജനി പോലെയൊരു കഥ പറയാം. ഒഡീഷയിലെ സാമ്പൽപ്പൂരിൽ ജീവിക്കുകയായിരുന്നു. രാജ്യത്തെ ആദ്യകാല സ്വർണ്ണ ഖനനികളിൽ പ്രധാനപ്പെട്ടത് സ്ഥിതി ചെയ്യുന്നത് ഖാലിദിന്റെ നാടിന്റെ കിഴക്കേ മൂലയിലാണ്. പടിഞ്ഞാറേ അതിർത്തിയിൽ വരണ്ടയൊരു പുഴയുമുണ്ട്. തനിയേ ഒരു പൂവ് പോലും മുളക്കാത്ത തരിശ് പോലൊരു നാടായിരുന്നുവത്…
ഖാലിദ് ആരാണെന്ന് പറയും മുമ്പേ മറ്റ് ചിലതൊക്കെ ബോധ്യപ്പെടുത്താം. ഖനനം ചെയ്ത് വേർതിരിക്കുന്ന മഞ്ഞ നിറത്തിലുള്ള ആ മതിഭ്രമ ലോഹത്തിന്റെ ഒരു തരിപോയിട്ട്, മാന്യമായ കൂലിപോലും അവിടുത്തെ തൊഴിലാളികൾ കൂടിയായ നാട്ടുകാർക്ക് കിട്ടാറില്ല. ഖനനം തുടങ്ങി വർഷങ്ങൾക്കുള്ളിൽ തന്നെ നാട് കൊടും വരൾച്ചയിലേക്ക് സഞ്ചരിക്കാനും ആരംഭിച്ചു. അതുകൊണ്ട് തന്നെ ആ നാട് വർഷങ്ങളായി നടുക്കടലിലെ നായയെ പോലെയാണ്! നാക്കുകൊണ്ട് എത്രവട്ടം വേണ്ടായെന്ന് ഇളക്കിയാലും ഉപ്പ് വെള്ളത്തിൽ മുങ്ങുന്നത് പോലെ…
അതേ പ്രതിഭാസം തന്നെയാണ് ഈ സ്വർണ്ണഭൂമിയിലും പ്രകൃതി ഒരുക്കിയിരിക്കുന്നത്. കടലിൽ കൊiല്ലുന്ന വെള്ളമാണെങ്കിൽ ഇവിടെ മണ്ണ് കത്തുന്ന പൊiള്ളലാണ്. സ്വകാര്യ കുത്തകകൾ കുഴിച്ച് പൊട്ടിച്ച പാറകൾ പോലെ നാട് നടുവേ വിണ്ട് കീറിയിരിക്കുന്നു…
ഞാൻ എങ്ങനെയാണ് ഇവിടെ എത്തിച്ചേർന്നതെന്ന് പറയാൻ ശ്രമിക്കാം. അന്ന്, പ്രവാസ ജീവിതം നിർത്തി ജന്മനാട്ടിലേക്ക് തിരിച്ചെത്തിയ നാളുകളുടെ സന്തോഷത്തിലായിരുന്നു. പക്ഷേ, കരുതിയത് പോലെ ആയിരുന്നില്ല തുടർന്ന് സംഭവിച്ചത്. എന്റെ വരവ് വീട്ടിലുള്ള ആർക്കും ഇഷ്ട്ടപ്പെട്ടില്ലായെന്ന് പതിയേ എനിക്ക് മനസ്സിലായി. ചുരത്ത് നിർത്തിയ പശുക്കളോട് കറവക്കാർക്ക് തോന്നുന്ന ഒരുതരം അവജ്ഞത…
ഉറ്റവരെല്ലാം എന്റെ സമ്പാദ്യത്തിലേക്കാണ് ഉറ്റുനോക്കുന്നതെന്ന് അറിഞ്ഞപ്പോൾ ഞാൻ പാടേ തകർന്നുപോയി. ഭാര്യയുടെ തന്നിഷ്ട്ട സഞ്ചാരത്തിനും മക്കളുടെ ധൂർത്തിനും എന്റെ വരവൊരു തടസ്സം തന്നെയായിരുന്നു. എന്ത് കോളിളക്കം സംഭവിച്ചാലും കൊടുക്കുന്നവൻ കൊടുത്തുകൊണ്ടേ ഇരിക്കുന്ന സ്വഭാവമാണ് കുടുംബത്തിനെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ..
വീട്ടുകാർക്ക് ഞാൻ വെറുമൊരു പണനിർമ്മാണ യന്ത്രം ആയിരുന്നു. അത് അറിഞ്ഞപ്പോൾ വരണ്ടുപോയതാണ് എന്റെ ഹൃദയം. ആ വരൾച്ചയിലാണ് ഒരുനാൾ എനിക്ക് വീടുവിട്ട് ഇറങ്ങേണ്ടി വന്നത്. എന്നെക്കാളും വളർന്ന മക്കളോടും, മറ്റൊരു ജീവിതത്തിലേക്ക് എന്നോ നടന്നുതുടങ്ങിയ ഭാര്യയോടും യാത്ര പറയുമ്പോൾ ഞാൻ പുഞ്ചിരിച്ചിരുന്നു..
ഇരുപത് വർഷങ്ങളോളം മണലാരങ്ങളിൽ നിന്ന് വിയർത്ത് പൊള്ളുമ്പോൾ അവരുടെ സുമുഖ ജീവിതം ഞാൻ ഓർക്കാറുണ്ട്. ഒന്നിനും കുറവ് വരുത്താതെ കരുതലോടെ നിർമ്മിച്ച ഒരു കുടുംബമുണ്ടല്ലോ എന്റെ വിശ്രമകാലത്ത് എന്ന ആശ്വാസമുണ്ടായിരുന്നു. എല്ലാം ഓർക്കുന്ന ആ ശ്വാസത്തിൽ ജീവൻ താനേ വിടർത്തിയ പുഞ്ചിരിയായിരുന്നു ആ യാത്രാമൊഴി…
എന്റെ സഞ്ചാരങ്ങളിൽ എപ്പോഴോ ഞാൻ വന്നുപെട്ടതാണ് ഒഡീഷയിലെ സാമ്പൽപ്പൂരിൽ. അവിടെ നിന്നാണ് ഖാലിദ് എന്ന പേരുള്ള വളരേ മെലിഞ്ഞയൊരു ചെറുപ്പക്കാരനെ ഞാൻ കാണുന്നത്. ബസ്റ്റാന്റിന്റെ മൂത്രപ്പുരയിൽ നിന്ന് ബീiഡി കiത്തിക്കാൻ തീപ്പെട്ടി ചോദിച്ചപ്പോൾ തുടങ്ങിയ ബന്ധമായിരുന്നു. സംസാരം തുടർന്നപ്പോൾ സ്വർണ്ണഖനന തൊഴിലാളികളായിരുന്ന ഖാലിദിന്റെ ഉപ്പൂപ്പ വരെയുള്ള തലമുറയെ ഞാൻ പരിചയപെട്ടു. പതിയേ ഖാലിദിനെ എനിക്ക് വല്ലാതെ ഇഷ്ട്ടപ്പെടുകയും ഒരു മകനോടെന്ന പോലെ ഇടപെടുകയും ചെയ്യുകയായിരുന്നു…
ആഡംബരത്തിന് വേണ്ടി മനുഷ്യർ ആർത്തിയുടെ കുഴി തോണ്ടുന്നത് കൊണ്ടാണ് പാവപ്പെട്ടവർ ജീവിതത്തിൽ വീണുപോകുന്നതെന്ന് ഖാലിദ് പറഞ്ഞു. പാറകളിൽ നിന്നും ഭൂമിയുടെ പ്രാണനിലേക്ക് കൊള്ളുന്നത് വരെ മനുഷ്യന്റെ കണ്ണുകൾ മാന്തുന്നു.. ജീവിക്കാൻ അനുയോജ്യ മായിരുന്ന തന്റെ നാടിനെ വരൾച്ചയിലേക്ക് തള്ളിയിട്ടത് സമീപ ഖനനികൾ ആണെന്ന് അവൻ വളരേ അമർഷത്തോടെ പറഞ്ഞു..
ഓർത്താൽ, മറ്റാരുടെയൊക്കെയോ സുഖലോലുപതയ്ക്ക് വേണ്ടി ജീവിതം മുറിഞ്ഞ് പോയ വേദന തന്നെയായിരുന്നു എനിക്കും ഖാലിദിന്റെ നാട്ടിലെ മുഴുവൻ മനുഷ്യർക്കും…
ഞാനുമായി പല അർത്ഥത്തിലും ഏറെ സാമ്യമുണ്ടെന്ന് തോന്നിയ പ്പോൾ ആ പൊള്ളുന്ന മണ്ണിലേക്ക് ഖാലിദിന്റെ കൂടെ ഞാൻ പുറപ്പെട്ടു. എത്തിച്ചേർന്ന എന്നിലും ഉള്ള് കരിയുന്ന വെയിലാണെന്ന് അറിഞ്ഞത് കൊണ്ടായിരിക്കണം ആ ഭൂമി എന്നെ തിരിച്ച് അയച്ചില്ല.
എന്ത് കൊണ്ടാണ് ഖാലിദിന്റെ നാട്ടിൽ ഞാൻ തമ്പടിച്ചതെന്ന് ചോദിച്ചാൽ അത് വളരേ നാടകീയമായ ഒരു സന്ദർഭമാണ്. ആഴ്ച്ചയിൽ ഒരുതവണ മാത്രം വരുന്ന സർക്കാർ വെള്ളവും കൊണ്ട് ജീവിക്കാൻ പറ്റുമെങ്കിൽ താമസിക്കാനുള്ള സൗകര്യങ്ങൾ താൻ ചെയ്ത് തരാമെന്ന് ഖാലിദ് പറയുകയായിരുന്നു. ആ നിമിഷത്തിൽ നിന്ന് ആ മുഹൂർത്തം തുടങ്ങുകയായിരുന്നു. എന്റെ വേദനകൾക്കെല്ലാം ശമനമെന്നോണം കാലം നിർണ്ണയിച്ച നിമിഷങ്ങളാണ് അതെന്ന് ഞാൻ വിശ്വസിച്ചു. അത്തരത്തിൽ തന്നെയായിരുന്നു പിന്നീട് സംഭവിച്ചതെല്ലാം..
അന്ന്, ഉച്ച കഴിഞ്ഞപ്പോഴാണ് ഒരു പെട്ടി ബസിൽ നിന്ന് ഇറങ്ങി ഖാലിദിന്റെ കൂടെ അവന്റെ നാട്ടിലേക്ക് ഞാൻ നടന്നത്. ഇടയിൽ തന്റെ മരിച്ചുപോയ ഉപ്പയെ പോലെയാണ് നിങ്ങളെന്ന് അവൻ എന്നോട് പറഞ്ഞു. ഞാൻ മിണ്ടിയില്ല. ആ നേരത്ത് എതിരേ വന്ന ഖാലിദിന്റെ പരിചയക്കാരൻ കൂടെ ആരാണെന്നും ചോദിച്ചു. എന്റെ മൗനത്തിന് മുകളിലായി എല്ലാത്തിനും മറുപടിയെന്നോണം മാനമാണ് ശബ്‌ദിച്ചത്!
ശക്തമായ കാറ്റ്…!
നിരത്തിൽ ഉണ്ടായിരുന്നവരുടെ ചലനങ്ങൾ ധൃതി വെച്ചു. വൈകാതെ, അതിലും തിരക്കിട്ട് ഉരുണ്ടുകൂടിയ കാർമേഘങ്ങൾ പൊട്ടി തിമിർപ്പനൊരു മഴ പെയ്യുകയായിരുന്നു…
കഴിഞ്ഞ പത്ത് വർഷങ്ങൾക്കുള്ളിൽ ഒരിക്കൽ പോലും കുതിരാത്ത വിധം ആ നാട് നനഞ്ഞു. നിങ്ങൾ ഈ നാടിന്റെ ഭാഗ്യമാണെന്ന് പറഞ്ഞ ഖാലിദിന്റെ ശബ്ദം ഇന്നും എന്റെ നെഞ്ചിൽ ഒട്ടിയിരിക്കുന്നുണ്ട്..
നാട്ടുകാരുടെ ആഹ്ലാദ തിമിർപ്പിൽ ഏതൊയൊരു സംഗീത ഉപകരണം പോലെ ഞാനും പതിയേ കൂടുകയായിരുന്നു. വേർപാടിന്റെ ചൂട് തട്ടി പൊട്ടിപോകാൻ സാധ്യതയുള്ള എന്റെ മനസ്സ് അന്നാണ് ഒന്ന് തണുത്തത്. കൂടുതൽ ആവേശത്തോടെ അവിടെ തന്നെ ജീവിക്കണമെന്ന ഊർജ്ജവും അങ്ങനെയാണ് എന്നിൽ വന്ന് ചേരുന്നത്…
ആർക്കും വേണ്ടാത്ത ആരും ഈ ഭൂമിയിൽ ഇല്ലായെന്ന ശബ്ദമായിരുന്നു ആ മഴയ്ക്ക്. കുടുംബം നഷ്ടപ്പെട്ട എനിക്കായി കാലം കരുതി വെച്ചതൊരു മകനേയും അവന്റെ നാടിനേയും തന്നെയായിരുന്നു. നിന്നുപോയ പ്രതിസന്ധിയിലും തുടർന്ന് ആടാൻ തീരുമാനിച്ചത് എത്ര നന്നായിരിക്കുന്നു. ജീവിതം നാടകീയമായി അനുഭവപ്പെടുന്നുവെന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ട്. പക്ഷെ, ഇത്തരത്തിൽ പുനർജനിപ്പിക്കുമെന്ന് ഞാൻ കരുതിയതേയില്ല…!!!