എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
അമ്മ പൂർണ്ണ ഗർഭിണിയാണെന്ന കാരണം കൊണ്ട് അച്ഛന്റെ കൂടെ കളിയാട്ടം കാണാൻ പോകാൻ എനിക്ക് കഴിഞ്ഞില്ല. അവിടുത്തെ കളിപ്പാട്ട ചന്തകളെ കണ്ടും തൊട്ടും നടക്കാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു.
‘അതെന്താ ഞാൻ പോയാൽ..?’
വേദന വന്നാൽ ആരെയെങ്കിലും അറിയിക്കാൻ നീ ഇവിടെ വേണമെന്ന് നിറവയർ തടവിക്കൊണ്ട് അമ്മ പറഞ്ഞു. പ്രസവമൊരു വേദനയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. അതിനാൽ, അച്ഛന്റെ കൂടെ കളിയാട്ടത്തിന് പോയേ പറ്റൂവെന്ന വാശി ഞാൻ തുടരുകയും ചെയ്തു.
പൊരിക്കച്ചവടക്കാരനായ അച്ഛന് കളിയാട്ടം നഷ്ടപ്പെട്ടാൽ നാലഞ്ച് മാസത്തേക്ക് കുടുംബം പട്ടിണിയാകുമെന്നൊക്കെ അമ്മ പറയുന്നുണ്ടായിരുന്നു. ഒരു എട്ടു വയസ്സുകാരന്റെ തല മണ്ടയിലുണ്ടോ പ്രാരബ്ധം കയറുന്നു! അച്ഛൻ പോയതിന് ശേഷവും കളിയാട്ടം കാണാൻ പോയേ പറ്റൂവെന്ന് അമ്മയോട് വീണ്ടും ഞാൻ പറഞ്ഞു.
‘പോടാ… എവിടാന്ന് വെച്ചാൽ പോ…’
ഇമ വെട്ടാതെ അമ്മയത് പറഞ്ഞത്. കേട്ടപ്പോൾ സന്തോഷ മായിരുന്നില്ല തോന്നിയത്. അമ്മയുടെ കണ്ണുകളിൽ നിന്ന് അടർന്ന് വീഴാൻ പോകുന്ന തുള്ളികളെ കണ്ടപ്പോൾ എനിക്ക് വിഷമമായി. സിമെന്റ് മെഴുകിയ തറയിൽ പായയിട്ട് ഇരിക്കുന്ന അമ്മയുടെ മടിയിലേക്ക് പോകുന്നില്ലെന്നും പറഞ്ഞ് ഞാൻ വീണു. വയറിൽ ബലം കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
‘അടുത്ത കൊല്ലത്തെ കളിയാട്ടത്തിന് എല്ലാർക്കും പോകാം.’
എന്റെ നെറ്റിയിലൊരു ഉമ്മ പതിപ്പിച്ചാണ് അമ്മയത് പറഞ്ഞത്. അതിന്റെ കൂടെയെന്നെ പോലെ അമ്മ തന്റെ കണ്ണുകൾ തുടക്കുകയും, വയറിൽ തടവുകയും ചെയ്തു.
‘എന്റെ മൊന് അനിയനാണൊ വേണ്ടെ?അനിയത്തിയാണൊ വേണ്ടെ ?’
ചിരിയോടെയുള്ള അമ്മയുടെ ആ ചോദ്യം കേട്ടപ്പോൾ എന്തിനോ എനിക്കൊരു നാണം വന്നു. ആ നാണത്തോടെ അനിയത്തി മതിയെന്ന് ഞാൻ പറയുകയായിരുന്നു. ആയിരിക്കുമെന്ന് അമ്മയും മൊഴിഞ്ഞു. അങ്ങനെ തോന്നാനുള്ള കാരണം ചോദിച്ചപ്പോൾ, നീ ഉള്ളിൽ കിടന്ന് ചവിട്ടിയത് പോലെ അകത്തുള്ള ആൾ ചവിട്ടുന്നില്ലായെ ന്നായിരുന്നു മറുപടി.
‘തൊട്ട് നോക്ക്….’
മാക്സിയോടെ അമ്മയുടെ വയറ് ഞാൻ പൊതിഞ്ഞു. കാത് മുട്ടിച്ചപ്പോൾ അനക്കം അറിയാനുണ്ട്. ഇങ്ങനെയൊക്കെ തന്നെയാണ് ഞാനും ഭൂമിയിലേക്ക് വന്നതെന്ന് വിശ്വസിക്കാനേ സാധിച്ചില്ല.
‘അമ്മയ്ക്ക് വേദനിക്കുന്നുണ്ടോ…?’
ഇല്ലെന്ന് പറഞ്ഞ് അമ്മ എന്റെ തലയിൽ തലോടി. ഉത്സവ പറമ്പിൽ അച്ഛൻ ഇപ്പോൾ എന്ത് ചെയ്യുമായിരിക്കുമെന്ന് ഓർത്തുകൊണ്ട് പതിയേ… വളരേ പതിയേ.. ഞാൻ മയങ്ങി. അമ്മയുടെ മടിയിൽ! ഏതോ സ്വപ്നത്തിന്റെ ചിറകിൽ!
ഹൃദയാകൃതിയിലുള്ള ചുകന്ന ബലൂണുകൾ കായ്ച്ച മരം! മഞ്ഞൾക്കുറി വാരിയെറിഞ്ഞ് ഉറഞ്ഞ് തുള്ളുന്ന വെളിച്ചപ്പാട്! കുപ്പി വളകൾ കോർത്ത് വെച്ച കൈ തളപ്പുകൾ! ആരോ പൊട്ടാസ് നിറച്ച തോക്ക് ഉപയോഗിച്ച് എന്റെ കാതിൽ പൊട്ടിച്ചപ്പോഴാണ് അമ്മയുടെ മടിയിൽ നിന്ന് ഞാൻ ഞെട്ടിയുണരുന്നത്!
ആ ശബ്ദം സ്വപ്നമായിരുന്നില്ല! വെiടിയൊച്ച അമ്മയും കേട്ടിരിക്കുന്നു.
പരിഭ്രമത്തോടെ അമ്മ എഴുന്നേൽക്കാൻ ഒരുങ്ങി. ഞാൻ അപ്പോഴേക്കും കതകിന്റെ അടുത്തേക്ക് ധൃതിയിൽ ചലിച്ചു. ശേഷം, പുറത്തേക്ക് എത്തി നോക്കി.
‘അമ്മേ… ആരെല്ലോ വരണ് ണ്ട്..!’
ഒരു തോർത്തെടുത്ത് മാറിലിട്ട് അമ്മ പുറത്തേക്ക് വന്നു. മുറ്റത്തേക്ക് ഇറങ്ങിയ ഞാൻ അച്ഛനുമുണ്ട് അമ്മേയെന്ന് വിളിച്ച് കൂവി. ആ രംഗം ഒരിക്കലും മറക്കില്ല. ജീവിതത്തിന്റെ അവസാനം വരെ ആ കാഴ്ച്ചയ്ക്ക് തലവിട്ട് പോകാനും പറ്റില്ല!
ഏറ്റവും മുമ്പിൽ വഴി കാട്ടിക്കൊണ്ട് പൊരി നിറച്ച ചാക്കും ചുറ്റിപ്പിടിച്ച് അച്ഛനാണ് നടക്കുന്നത്. തൊട്ട് പിറകിലായി പേര് അറിയാത്തയൊരു തെയ്യക്കോലം! ഞെട്ടിയുണർന്ന സ്വപ്നത്തിലെന്ന പോലെ, ഇഞ്ചി മിട്ടായിക്കാരും, പല നിറ ബലൂൺ കച്ചവടക്കാരും കൂടെ നിരവധി ഭക്ത ജനങ്ങളും തെയ്യത്തെ അനുഗമിക്കുന്നുണ്ടായിരുന്നു. തൊട്ടടുത്തേക്ക് എത്തിയപ്പോഴാണ് അച്ഛൻ അവരെ ആനയിച്ച് കൊണ്ട് വരുകയാണെന്ന് മനസിലായത്.
‘ഈ ശുംഭൻ പറഞ്ഞപ്പോയ നോം അറിയ്ന്നേ ഒറ്റക്കാന്ന്ന്ന്… പേടിക്കേണ്ടാട്ടോ… നിറവയറുകാരിക്ക് കാവിലെ ഭഗവതിയുണ്ടെന്ന് പറയാൻ വന്നതാന്ന് നോം…’
തൊഴുത് നിൽക്കുന്ന അമ്മയുടെ തലയിൽ കൈവെച്ച് ആ ചമയക്കോലം കണ്ണുകൾ അടച്ചു. കണ്ട് നിന്ന ഞാനും കുമ്പിട്ടു. എന്റേയും അമ്മയുടേയും നെറ്റിയിൽ മഞ്ഞൾക്കുറി തൊട്ടിട്ടാണ് തെയ്യം ആരവത്തോടെ തിരിച്ച് പോയത്. ആ വേളയിൽ എന്തുകൊണ്ടാണ് അച്ഛന്റെയും അമ്മയുടേയും കണ്ണുകൾ നിറഞ്ഞതെന്ന് ഇപ്പോഴും എനിക്ക് അറിയില്ല!
പ്രതീക്ഷിച്ചതിലും നേരത്തേ പൊരി വിറ്റ് തീർന്ന അച്ഛൻ പ്രസാദം വാങ്ങാൻ ആ തെയ്യത്തിന്റെ അടുത്തേക്ക് പോയതായിരുന്നു കാരണം! തൊഴുത് കുമ്പിട്ട് അനുഗ്രഹിക്കണമെന്ന് പറഞ്ഞ അച്ഛനോട് വീട്ടിൽ ആരൊക്കെയുണ്ടെന്ന് കോലം ചോദിച്ചു. ഒരു നിറവയറുകാരിയും ലോകം തിരിയാത്ത മോനും മാത്രമാണെന്ന് പറഞ്ഞപ്പോൾ കോപിച്ചു. അവരെ അങ്ങനെ തനിച്ച് വിട്ട് വരാൻ പാടുണ്ടോയെന്ന് ചോദിച്ച് തെയ്യം അച്ഛനെ ശരിക്കും വിരട്ടി പോലും!
തുടർന്നാണ് തനിക്ക് തന്റെ മകളെ കാണണമെന്ന് പറഞ്ഞ് ആ കോലം ഇറങ്ങി പുറപ്പെട്ടത്. നാട്ടിൻ പുറത്തെ കളിയാട്ടങ്ങളിലെ തെയ്യങ്ങൾ അങ്ങനെയാണ്. തൊഴുത് കുമ്പിട്ട് വിഷമങ്ങൾ പറയുന്നവരുടെ മുന്നിൽ അവർ ദൈവങ്ങളായിരിക്കും. അച്ഛനും അമ്മയ്ക്കും അന്ന് സന്തോഷമാണെന്ന് കണ്ടപ്പോൾ, അത് ദൈവം അല്ലെന്ന് എനിക്കും കരുതാനായില്ല. അനുഭവങ്ങളിൽ ചാരിയുള്ള വിശ്വാസമെന്ന് വന്നാൽ മനുഷ്യർ പ്രാകൃതത്തിന്റെ കുഞ്ഞ് തലകളാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ…
കളിയാട്ടം കാണാൻ സാധിക്കാത്ത വിഷമത്തിൽ മയങ്ങിയപ്പോൾ ഒരു സ്വപ്നം കണ്ടിരുന്നുവെന്നത് സത്യമാണ്. പക്ഷേ, ആ സ്വപ്നത്തിൽ പോലും അച്ഛന്റെ കൂടെ ഒരു കളിയാട്ടം തന്നെ വീട്ടിലേക്ക് വരുമെന്ന് കരുതിയതേയില്ല. അല്ലെങ്കിലും, കരുതാത്തത് കൂടി സംഭവിക്കുന്നതിന്റെ പേരാണല്ലോ ജീവിതം….!!!