എഴുത്ത്:-ശ്രീജിത്ത് ഇരവില്‍
പിണക്കത്തിന് ശേഷം മുറിയിലേക്ക് കയറിയ ഭാര്യയെ ആശ്വസിപ്പിക്കണമെന്ന് എനിക്ക് തോന്നി. അതിനായി, ചാരിയ ആ കതക് തുറന്നപ്പോഴാണ് ഒരു കാര്യം മനസ്സിലാകുന്നത്. അവളുടെ പേര് ഞാൻ മറന്നിരിക്കുന്നു! അപകടം തിരിച്ചറിഞ്ഞപ്പോൾ പിൻവാങ്ങുകയും ചെയ്തു.
തമാശയായി തോന്നുന്നുണ്ടല്ലേ… ശരിയാണ്. ഈയിടെയായി മറവി ഇത്തിരി കൂടിയിട്ടുണ്ട്. പുറമേ നിന്ന് ശ്രദ്ധിച്ചാൽ ആർക്കും ചിരി വരുന്ന വിധമാണ് എന്റെ പ്രവർത്തികൾ.
‘അല്ല മനുഷ്യാ.. കുറേ നേരമായല്ലോ നിങ്ങള് ഇവിടെ ഉടുപ്പൊക്കെയിട്ട് ചുറ്റിത്തിരിയുന്നേ…! പോണില്ലേ…! അത്യാവശ്യമായി എങ്ങാണ്ടോ പോകാനുണ്ടെന്നല്ലേ രാത്രിയിൽ പറഞ്ഞേ…’
ഒരുനാൾ ഭാര്യ ചോദിച്ചതാണ്. ഉത്തരമില്ലാതെ ഞാൻ തല ചൊറിഞ്ഞു. എന്ത് പറ്റിയെന്ന് ചോദിച്ച് അവൾ കുറച്ച് കൂടി അടുത്തേക്ക് വന്നു.
‘എവിടേക്കാണ് പോകേണ്ടതെന്ന് പറഞ്ഞിരുന്നോ…?’
ചിമ്മാതെ നോക്കുന്ന അവളുടെ കണ്ണുകളിൽ നോക്കി ഞാൻ ചോദിച്ചു. നിങ്ങൾക്കെന്ത് പറ്റിയെന്ന് ചോദിച്ച് അവൾ ആ നേരം എന്നെ പിടിച്ച് കുലുക്കുകയായിരുന്നു. ഞാൻ ഉലഞ്ഞ് പോയി. വാലും തലയുമില്ലാത്ത ഒരായിരം ഓർമ്മകൾ വവ്വാൽ കൂട്ടം പോലെ തലയിൽ പാറുകയാണ്. ചിന്തകൾ തല കീഴായി തൂങ്ങി കാതിൽ കൂവുന്നത് പോലെയൊക്കെ തോന്നിയപ്പോൾ ഞാൻ മുറിയലേക്ക് പോയി.
കിടക്കയിൽ കമിഴ്ന്ന് കിടക്കുമ്പോൾ ആശുപത്രിയിലേക്ക് പോകണ മോയെന്ന് ചോദിച്ച് ഭാര്യയും അടുത്തെത്തി. ഞാൻ മലർന്ന് കിടന്നു. ഒന്നിലും ഉറച്ച് നിൽക്കാതെ പായുന്ന തലയുടെ പരവേശവും വെപ്രാളവും കണ്ടപ്പോൾ അവൾ എന്റെ നെഞ്ചിൽ കൈ വെച്ചു.
‘വേദനിക്കുന്നുണ്ടോ…?’
ഇല്ലെന്ന് പറഞ്ഞ് അവളുടെ കൈയ്യിൽ പിടിക്കുമ്പോൾ പാവത്തിന്റെ കണ്ണ് പൊട്ടി. വല്ല അറ്റാക്കും വന്ന് ഞാൻ തട്ടി പോകുമെന്ന് കരുതിയിട്ടുണ്ടാകും. അല്ലെങ്കിൽ പിന്നെ ഉണരാത്ത മോനെ വിളിക്കാൻ അവൾ അവിടെ നിന്ന് ഓടി പോകില്ലായിരുന്നുവല്ലോ.
തന്നോളം വളർന്ന മോന്റെ കരുതലിൽ ഞാൻ ആശുപത്രിയിലെത്തി. ഡോക്റ്ററെ കണ്ടു. ചില ടെസ്റ്റുകളൊക്കെ നടത്തിയപ്പോൾ ഭയപ്പെടാനുള്ള ശാരീരിക പ്രശ്നങ്ങളൊന്നുമില്ലെന്ന് അയാൾ പറഞ്ഞു. ഉറക്കമില്ലായ്മ പ്രശ്നമാണ്. വിറ്റാമിന്റെ കുറവുമുണ്ട്. മനഃശാസ്ത്രഞ്ജനെ കാണണം പോലും. ഭാര്യയും മോനും മുഖത്തോട് മുഖം നോക്കി. എനിക്ക് വട്ടായി പോയോയെന്ന സംശയമാണ് പിന്നീട് അവരുടെ കണ്ണുകളിൽ കാണാൻ സാധിച്ചത്. അങ്ങനെ ഞങ്ങൾ മനസ്സിനെ ചികിൽസിക്കുന്ന ആളിലേക്ക് നടന്നു.
‘എടീ, പോകാനുണ്ടായിരുന്നത് പാർട്ടീ ഓഫിസിലേക്കാ… കമ്മിറ്റിയുണ്ടായിരുന്നു…’
അത് നിങ്ങളില്ലെങ്കിലും നടന്നോളുമെന്നേ അവൾക്ക് പറയാൻ ഉണ്ടായിരുന്നുള്ളൂ… മറന്നതിനെ തേടിപ്പിടിച്ചപ്പോൾ ബോധത്തിലെ ബഹളം കുറഞ്ഞിരിക്കുന്നു. ആ തലയുമായാണ് ഡോക്റ്ററെ കണ്ടത്. ഭാര്യയേയും മോനെയും പുറത്ത് നിർത്തി അയാൾ എന്നോട് ഏറെ നേരം സംസാരിച്ചു. മരുന്നും കുറിച്ച് തന്നു. ഇത്തരത്തിലൊരു ബുദ്ധിമുട്ട് തുടർന്നും ഉണ്ടായാൽ വരണമെന്ന നിർദ്ദേശവും നൽകി.
‘അച്ഛൻ ഇനി പുറത്തേക്കൊന്നും പോകണ്ട. ഓർമ്മയില്ലാതെ വല്ല അപകടവും സംഭവിക്കും…’
വീട്ടിലെത്തിയപ്പോൾ മോൻ പറഞ്ഞതാണ്. ഒരു കുഞ്ഞിനെ പോലെ ഞാൻ തലയാട്ടി. നിങ്ങള് പേടിക്കേണ്ട മനുഷ്യായെന്ന് പറഞ്ഞ് ആ രാത്രിയിൽ പതിവിലും കൂടുതൽ ഭാര്യ എന്നിലേക്ക് അമർന്നിരുന്നു. പിന്നീടുള്ള ജീവിതം ബാല്യം പോലെ മാറി. അവൾ കൂടുതൽ പരിഗണന നൽകുന്നത് പോലെ. എന്നിരുന്നാലും, എന്റെ മുഖം മാറിയാൽ പെണ്ണ് വാടും. അത്രമേൽ അവൾ എന്നെ സ്നേഹിക്കുന്നു.
ഇന്നലകളിലെ രംഗങ്ങൾ മറന്ന് പോകുന്നുവെന്ന അനുഭവത്തോ ടെയാണ് ഓരോ നാളും പിന്നീട് മറിഞ്ഞ് പോയത്. ഭാര്യയും മോനും ചോദിക്കുമ്പോഴൊക്കെ പറയത്തക്ക പ്രശ്നങ്ങളൊന്നും ഇല്ലെന്നേ പറയാറുള്ളൂ… പലതും മറന്നിരിക്കുന്നുവെന്ന ചിന്തയിൽ താമസിക്കുമ്പോൾ ദേഷ്യം വരും. അത് പ്രകടിപ്പിക്കുമ്പോൾ ഭാര്യയ്ക്ക് സങ്കടമാകും. ആ പുണ്ണ്യത്തിന്റെ പേരാണ് ഞാൻ ഇപ്പോൾ മറന്നിരിക്കുന്നത്.
മുറിയിൽ ഭാര്യ ഇല്ലായിരുന്നുവെങ്കിൽ അലമാരയിലെ കടലാസിൽ പരതാമായിരുന്നു. ആരോടെങ്കിലും ചോദിക്കാനും പറ്റില്ല. വരുന്നത് വരട്ടേയെന്ന് കരുതി തുറന്ന് പറഞ്ഞാൽ അവൾക്ക് സങ്കടമാകും. ഇത്രേയുള്ളൂവല്ലേയെന്ന് വിതുമ്പി കണ്ണീര് ഒഴുക്കാൻ അത് മതി.
ഞാൻ ആ ഡോക്റ്ററെ ഒന്നുകൂടി കാണാൻ തീരുമാനിച്ചു. ഓർമ്മയില്ലാ യ്മയുടെ അപകടം പതിയേ തിരിച്ചറിയുകയാണ്…. ഓർക്കുന്നു. ഡിമെൻഷ്യയുടെയോ അൽഷിമേഴ്സിന്റെയോ തുടക്ക മായിരിക്കാ മെന്നും അന്ന് ആ ഡോക്റ്റർ പറഞ്ഞിരുന്നു…
രാത്രിയായി. മോൻ വന്നപ്പോൾ ജിലേബി കൊണ്ട് വന്നിരുന്നു. എന്റെ കൈയ്യിലാണ് തന്നത്. ചിറിയിൽ പഞ്ചസാര പശ ഒട്ടുന്നത് വരെ കഴിച്ചു. ഭാര്യക്കും കൊടുത്തേക്കാമെന്ന ചിന്തയിൽ കൊണ്ട് പോയപ്പോൾ അവൾ വാങ്ങിയില്ല. എന്ത് പറ്റിയെന്ന് ചോദിച്ചിട്ടും ഉത്തരമില്ല. മുന്നിൽ നിന്നാൽ പെണ്ണ് മാറി പോകുകയാണ്. ആ ചലനത്തിലാണ് പകലിൽ പിണങ്ങി നിന്ന കാര്യവും, തുടർന്ന് അവളുടെ പേര് മറന്നതും ഓർക്കുന്നത്. ആ നൊടിയിൽ ഗീതയെന്നാണ് ഭാര്യയുടെ പേരെന്ന് തലയിൽ തെളിഞ്ഞു.
‘ഗീതേ…!’
“ഒന്നും പറയേണ്ട… ഇത്രേം നേരമായിട്ടും എന്നോടൊന്ന് മിണ്ടാൻ തോന്നിയില്ലല്ലോ.. ഞാനൊക്കെ ഇല്ലാണ്ടായാലേ നിങ്ങള് പഠിക്കൂ…”
ഞാൻ പറഞ്ഞില്ലേ… ഇത്രേ ഉള്ളൂ ഗീത. അവളോട് യാതൊന്നും ഒളിക്കാൻ തോന്നിയില്ല.
‘പിണങ്ങി പോയപ്പോൾ പിന്നാലെ വന്നതാണ്. കതകിൽ ചാരി വിളിക്കാൻ നോക്കിയപ്പോൾ പേര് മറന്ന് പോയി…’
കരച്ചില് നിർത്തി ഗീത എന്റെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കുക യാണ്. എല്ലാം മറന്ന് പോകുന്നെടിയെന്ന് ചേർത്ത് ഞാൻ ആ നിമിഷം തലകുനിച്ചു.
‘ചോദിക്കുമ്പോഴെല്ലാം കുഴപ്പമില്ലാന്ന് പറഞ്ഞിട്ട്…!’
എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. നാളെ ആ ഡോക്റ്ററെ കാണാൻ പോകാമെന്ന മറുപടിയിൽ അവൾ ഇത്തിരി ആശ്വാസം പ്രകടിപ്പിച്ചു. ശേഷം, മുഖത്തോട് മുഖം മുട്ടുമെന്ന വിധം അടുത്തേക്ക് വന്നു. പുരികങ്ങൾ നനഞ്ഞ് തിളങ്ങുകയാണ്. അവളുടെ കണ്ണുകളിൽ ഞാൻ കലങ്ങി യിരിക്കുന്നു.
‘എന്റെ പേര് മാത്രമേ മറന്നുള്ളൂ…! അതോ…! സാരമില്ല. ഒന്നും ആലോചിക്കാതെയിരിക്ക്. എല്ലാം ശരിയാകും… ‘
കേട്ടപ്പോൾ ഹൃദയസ്പർശമായി ഗീതയെ ഞാൻ പുണർന്നു. ക്ഷമിക്കൂ. വെന്ന് പറഞ്ഞു. പ്രാണനായി കരുതുന്ന ഭാര്യയുടെ പേര് മറന്ന് പോയ നിമിഷങ്ങളെ ഓർത്ത് ലജ്ജിക്കുകയാണ്. തലയിൽ ഭൂകമ്പങ്ങൾ ഉണ്ടാകുന്നത് പോലെ… തത്സമയം ശാന്തമായിട്ടും, ദൂരേ നിന്ന് എന്നിലേക്ക് മാത്രമായി ഏതൊയൊരു കാറ്റടിക്കുന്നത് പോലെ….
‘എല്ലാം മറന്ന് പോകുമോയെന്ന് പേടിയാകുന്നു ഗീതേ…’
ഞാൻ വിങ്ങുന്നുണ്ടെന്ന് കണ്ടപ്പോൾ ഗീത എന്നെ അടർത്തി മാറ്റി മുഖം കോരിയെടുത്തു. നിങ്ങള് മറന്നാലും തനിക്ക് എല്ലാം ഓർമ്മ യുണ്ടല്ലോയെന്ന് പറഞ്ഞ് അവൾ എന്റെ വിടർന്ന ചിറികളിൽ ചുണ്ടുകൾ അമർത്തി. മിഴിച്ച കണ്ണുകളുമായാണ് പെണ്ണ് പിറകിലോട്ട് മുഖം വലിച്ചത്. ശേഷം, എന്തൊരു മധുരമെന്ന് ആശ്ചര്യപ്പെട്ട് തുറിച്ച് നിൽക്കുകയാണ്. മോൻ തന്ന ജിലേബിയുടെ രുചിയാണ് അതെന്ന് എന്തുകൊണ്ടോ ആ നേരം പറയാൻ ഞാൻ മറന്ന് പോയി… അറിഞ്ഞപ്പോൾ, ഗീതയോടൊപ്പം ചിരിച്ച് പോയി…!!!