വിഷുക്കൈനീട്ടം…. ❤
എഴുത്ത്:- കര്ണൻ സൂര്യപുത്രന്
ഇന്നലെ നീ എപ്പോഴാടാ വന്നേ?”
പരുക്കൻ സ്വരത്തിലുള്ള ചോദ്യം കേട്ടപ്പോൾ അരുൺ ഞെട്ടി തിരിഞ്ഞു… രൂക്ഷമായൊരു നോട്ടത്തോടെ സുകുമാരൻ…..അടുക്കളയുടെ പിൻഭാഗത്തുള്ള കിണറിന്റെ കരയിൽ നിന്ന് പല്ലു തേക്കുകയായിരുന്നു അവൻ…
“ആഹാ… അച്ഛൻ എണീറ്റോ?… എന്താ ഇത്ര നേരത്തേ?”
അരുൺ മറുചോദ്യം ചോദിച്ചു…
“നിന്നെ പോലെ തലതെiറിച്ച മക്കൾ ഉണ്ടായാൽ തiന്തമാർക്ക് സമാധാനത്തോടെ ഉറങ്ങാൻ പറ്റുമോ?.. രാവിലെ തോന്നുമ്പോൾ ഇറങ്ങിപ്പോകും, തോന്നുമ്പോ വരും… ഇതൊന്നും പോരാഞ്ഞിട്ട് കiള്ളുകുടിച്ച് നാട്ടുകാരുടെ മെക്കിട്ടു കേറലും… നന്നായിക്കൂടെടാ? പോത്തു പോലെ വളർന്നല്ലോ….”
അവൻ മുഖവും വായയും കഴുകി ലുങ്കിയുടെ അറ്റം കൊണ്ട് തോർത്തി… പിന്നെ അയാളുടെ അരികിൽ ചെന്നു…
“ദിവസവും രാവിലെ എന്നെ തെiറി വിളിച്ചില്ലെങ്കിൽ അച്ഛന് ഉറക്കം വരില്ല അല്ലേ…? എന്നാൽ കേട്ടോ….എന്റെ കൂടെ ജോലി ചെയ്യുന്ന ജാബിറിന്റെ അനിയത്തിയെ ഡെലിവറിക്ക് അഡ്മിറ്റ് ചെയ്തിരുന്നു.. പെട്ടെന്ന് കുറച്ചു ബ്ലiഡ് വേണമെന്ന് പറഞ്ഞപ്പോ അത് സംഘടിപ്പിക്കാൻ ഓടിയതാ… അച്ഛനോട് വിവരം പറയാൻ ഒരു നൂറു പ്രാവശ്യം വിളിച്ചതാ…..എടുക്കണ്ടേ?…”
“ആ… അത് ഇന്നലെ വൈകിട്ട് തൊഴുത്തു വൃത്തിയാക്കുമ്പോ അവിടെങ്ങാനും വച്ചു മറന്നു കാണും..”
“ബെസ്റ്റ്…. എന്നിട്ടാണോ എന്നെ കുറ്റം പറയുന്നേ?.. ഞാൻ രാത്രി വന്നപ്പോൾ നല്ല കൂർക്കം വലി കേട്ടു….ശല്യപ്പെടുത്തണ്ട എന്നുകരുതി പോയി കിടന്നു… അല്ലാതെ ഇന്നലെ ഒരു തുള്ളി കുടിച്ചിട്ടില്ല…. “
“നിന്റെ രiക്തമൊന്നും ആ കൊച്ചിന് കൊടുത്തില്ലല്ലോ?”
“ഇല്ല എന്തേ?”
“ഭാഗ്യം… തൊണ്ണൂറ് ശതമാനം കiള്ള് മാത്രം ആയിരിക്കും…..”
“ആരാ ഈ പറയുന്നേ..? ഒരു ഗ്ലാസ് ചാiരായം തട്ടി മറിച്ച പേരിൽ സഹകുiടിയന്റെ തiല തoല്ലി പൊiളിച്ച പണ്ടത്തെ റൗiഡി സുകുമാരൻ…. കൊള്ളാം…”
“അതേടാ… ചോiരത്തിളപ്പുള്ള പ്രായത്തിൽ അങ്ങനെ പലതും ചെയ്തിട്ടുണ്ട്… അതോണ്ടാ ഞാൻ എവിടെയും എത്താതെ പോയത്… മോൻ അങ്ങനെ ആകരുത് എന്ന് കരുതിയത് തെറ്റാണോ?”
“ഉവ്വ… അല്ലെങ്കിൽ അച്ഛൻ കേരളത്തിന്റെ മുഖ്യമന്ത്രി ആയേനെ….സ്വയം സമാധാനിക്കാൻ എല്ലാ കിളവന്മാരും പറയുന്ന ഡയലോഗ് ആണിത്….”
“രാവിലെ ആയിപോയി…അതുകൊണ്ട് മാത്രം ഇതിനുള്ള മറുപടി ഞാൻ തരുന്നില്ല… കുളിച്ചിട്ട് വാടാ… എന്തെങ്കിലും കഴിക്കാം.. നിനക്കിന്ന് പണി ഉണ്ടോ?”
“ഇല്ല… പക്ഷേ ഒരിടത്തു പണി നോക്കാൻ പോണം…”
“നാളെ സംക്രമം.. മറ്റന്നാൾ വിഷു… രണ്ടു ദിവസം ലീവെടുത്തൂടെ?..”
“അത് പറ്റില്ല.ബാബുവേട്ടൻ കാത്തിരിക്കും….പോയി എല്ലാം കണ്ട് വാങ്ങിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റും കൊടുത്ത് വേഗം വരാം…”
അരുൺ അയാളുടെ കൂടെ അടുക്കളയിലേക്ക് നടന്നു…… ഫ്രിഡ്ജ് തുറന്ന് കറികളെടുത്ത് ചൂടാക്കാൻ വച്ചു.. പിന്നെ പഴങ്കഞ്ഞി പ്ളേറ്റുകളിൽ പകർന്ന് അതിൽ തൈര് ഒഴിച്ച് കാന്താരിമുളകും ചുവന്നുള്ളികളും ഇട്ടു….
“എന്നും പഴങ്കഞ്ഞി… രാവിലെ കുറച്ചു നേരത്തെ എണീറ്റ് വല്ലതും ഉണ്ടാക്കികൂടെ അച്ഛന്?”
“ഞാൻ നിന്റെ ജോലിക്കാരൻ ആണല്ലോ.. വച്ചു വിളമ്പി തരണമെങ്കിൽ പെണ്ണ് കെട്ട്….”
“എന്നേക്കാൾ മൂത്തത് അച്ഛൻ അല്ലേ? അതോണ്ട് അച്ഛൻ കെട്ടിക്കോ…”
“അoടിച്ചു തiലമiണ്ട പൊiളിക്കും ഞാൻ…” സുകുമാരൻ തവി ഓങ്ങി…
“കറി ചൂടാകുമ്പോഴേക്കും പോയി കുളിച്ചിട്ട് വാടാ….. എനിക്ക് പശുക്കളെ മാറ്റി കെട്ടണം.. നിന്നെക്കാൾ ഭേദം ആ പാവങ്ങളാ… പറഞ്ഞത് അനുസരിക്കും…”
“ചൂടാവല്ലേ സുകൂ…. ദേ ഇപ്പൊ വരാം…” അരുൺ മൂളിപ്പാട്ടും പാടിക്കൊണ്ട് ബാത്റൂമിലേക്ക് നടന്നു….
കുളിച്ച് വസ്ത്രം മാറി അവൻ വന്നപ്പോഴേക്കും സുകുമാരൻ കറിയും വിളമ്പി വച്ചിരുന്നു….
“എടാ….എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്….”
“കാശിന്റെ കാര്യം വല്ലതുമാണേൽ എന്റെ കയ്യിൽ ഒന്നുമില്ല…”
“ഓ വേണ്ടായേ…. കണി വയ്ക്കാനും ഇച്ചിരി പടക്കം വാങ്ങാനും ഉച്ചയ്ക്ക് സദ്യ ഒരുക്കാനുമുള്ള പൈസയൊക്കെ ദൈവം സഹായിച്ചിട്ട് എന്റെ കൈയിലുണ്ട്…”
“പിന്നെന്തൂട്ടാ…?”
“എനിക്കൊന്ന് ഭാനുചേച്ചിയെ കാണാൻ പോണം…”
“ഇന്നോ?… “
“അതെ….”
“അതിനെന്താ? പോയി വാ..”
“നീയും കൂടെ വരണം…”
“ങേ… ഇതെന്താ പതിവില്ലാതെ?.. അച്ഛൻ സ്വന്തം ചേച്ചിയെ കാണാൻ പോകുന്നത് ആദ്യമായിട്ടൊന്നുമല്ലല്ലോ..?അതിന് ഞാനെന്തിനാ വരണേ?”
“എന്റെ ചേച്ചി നിന്റെ ആരുമല്ലേ?”
“അല്ലാന്ന് ഞാൻ പറഞ്ഞോ?അവിടെ പോയാൽ ഉപദേശിച്ചു കൊiല്ലും.. ഞാൻ മറക്കാൻ ആഗ്രഹിക്കുന്നതൊക്കെ കുiത്തിപ്പൊക്കിയില്ലെങ്കിൽ വല്യമ്മയ്ക്ക് സമാധാനം കിട്ടില്ല.”
“നിന്നോട് ഒന്നും ചോദിക്കില്ല പോരേ? എടാ ചേച്ചിക്ക് തീരെ വയ്യ…. കിടന്നെടുത്തു നിന്ന് എഴുന്നേൽക്കാറില്ല എന്നാ അറിഞ്ഞേ… പോകാ തിരുന്നാൽ മോശമാ… ഒന്നുമില്ലേലും ചെറുപ്പത്തിൽ നിന്നെയൊക്കെ നന്നായി നോക്കിയതല്ലേ…?”
അരുൺ കുറച്ചു നേരം ആലോചിച്ചു…
“ശരി…. ഇനി അതിന് വേണ്ടി മോന്ത വീർപ്പിക്കണ്ട…ഞാൻ ബാബു വേട്ടന്റെ കൂടെ പോയി ഒരു പത്തുമണി ആകുമ്പോ തിരിച്ചെത്താം… അച്ഛൻ റെഡി ആയി ഇരുന്നോ…. പക്ഷേ ഒരു കാര്യം ഇപ്പോഴേ പറഞ്ഞേക്കാം…. ഇന്ന് രാത്രി അവിടെ കൂടാനൊക്കെ വല്യമ്മ നിർബന്ധിക്കും…. അതെങ്ങാനും സമ്മതിച്ചാൽ പിന്നെ ഈ ജന്മത്ത് എന്നോട് മിണ്ടാൻ വരണ്ട….”
“നിനക്ക് എന്താ അവരോടിത്ര ശത്രുത?”
“പ്രത്യേകിച്ച് ഒന്നുമില്ല… എന്റെ ജീവിതം എങ്ങനെ ജീവിച്ചു തീർക്കണ മെന്നത് അച്ഛനൊഴികെ വേറാരും ഉപദേശിക്കുന്നത് എനിക്ക് ഇഷ്ടമല്ല… വല്യമ്മയ്ക്കും പ്രകാശേട്ടനും അത് തന്നെയാണ് പണി….”
സുകുമാരൻ ചിരിച്ചു…
“അതൊക്കെ അവര് മതിയാക്കി… എത്ര ഉപദേശിച്ചിട്ടും ഫലമില്ലെന്ന് ഇന്ന് അവർക്ക് അറിയാം.. എനിക്ക് ഒറ്റയ്ക്ക് അത്രേം ദൂരം പോകാനൊരു പേടി…. ഇപ്പൊ തന്നെ ഇടയ്ക്കിടെ തലകറങ്ങാറുണ്ട്… വഴിയിലെങ്ങാനും വീണു പോയാലോ… അതാണ് നിന്നെ വിളിച്ചത്…”
അത് ശരിയാണെന്ന് അരുണിന് അറിയാം… അച്ഛന്റെ ആരോഗ്യം മോശമായിക്കൊണ്ടിരിക്കുകയാണ്.. എന്നാലും പറമ്പിലെ ജോലികളും പശുക്കളെ വളർത്തുന്നതുമെല്ലാം സുകുമാരൻ തന്നെയായിരുന്നു… അതൊക്കെ ഉപേക്ഷിക്കാനും അദ്ദേഹത്തിന് ഇഷ്ടമില്ല…
“ആ… എന്തായാലും അച്ഛൻ റെഡി ആയി നിന്നോ….. ഞാൻ പോയി വരട്ടെ.”
അവൻ എഴുന്നേറ്റു കൈ കഴുകി.. പിന്നെ ബൈക്കിന്റെ ചാവിയുമെടുത്ത് പുറത്തേക്കിറങ്ങി…ചെയ്യാനുള്ളതൊക്കെ തീർത്ത് ഒരു കൂട്ടുകാരന്റെ കാറുമായി പറഞ്ഞ സമയത്ത് തന്നെ അവൻ വീട്ടിൽ തിരിച്ചെത്തിയ പ്പോൾ സുകുമാരൻ തയ്യാറായി മുറ്റത്ത് കാത്തു നില്കുന്നുണ്ടായിരുന്നു…
“ആഹാ… അലക്കി തേച്ച മുണ്ടും ഷർട്ടും.. നെറ്റിയിൽ ചന്ദനക്കുറി… ആ മുടി കൂടി ഇച്ചിരി കറപ്പിക്കണമായിരുന്നു… എന്നാപ്പിന്നെ എന്നേക്കാൾ ചെറുപ്പമാണെന്നെ പറയൂ…”
“പോടാ…. കളിയാക്കാതെ…”
“ഇതെന്താ ചാക്കിൽ?.. “
“കുറച്ചു മരച്ചീനി, മൂന്നാല് പപ്പായ ,രണ്ട് വാഴക്കൂമ്പ്… പിന്നെ കുറച്ചു കാന്താരീം കറിവേപ്പിലയും….അവർക്കവിടെ മൊത്തം വിഷം അടിച്ചതായിരിക്കും കിട്ടുക….”
അരുൺ ചാക്കുകെട്ട് കാറിന്റെ ഡിക്കിയിൽ വച്ചു… പിന്നെ ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നു… സുകുമാരനും കയറി..
“ഇത് ആ ഫസലുവിന്റെ വണ്ടിയല്ലേടാ?”
“അതെ….”.
“അവനിപ്പോ ദുബായിൽ അല്ലേ?”
“ഉം…. ഇത് എനിക്കും ജാബിറിനും അല്ലാതെ വേറാർക്കും അവൻ കൊടുക്കില്ല….”
“അത് നിങ്ങളോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാ… ഞാൻ ഇന്നലെ കവലയിൽ വച്ച് അവന്റെ വാപ്പ സാദിഖിനെ കണ്ടിരുന്നു… കുറേ നേരം സംസാരിച്ചു… ദീപു ഇപ്പൊ ദുബായിൽ മെക്കാനിക്ക് ആണെന്നാ സാദിഖ് പറഞ്ഞത്…”
അരുണിന്റെ മുഖം ഇരുളുന്നത് കണ്ടപ്പോൾ പറഞ്ഞത് അബദ്ധ മായെന്ന് സുകുമാരനു തോന്നി….
“സംസാരിച്ചപ്പോൾ ആ കാര്യം ഇടയിൽ വന്നെന്ന് മാത്രം… അല്ലാതെ…” അയാൾ തിരുത്താൻ ശ്രമിച്ചെങ്കിലും അരുൺ അത് ശ്രദ്ധിക്കാത്ത മട്ടിൽ കാർ റിവേഴ്സ് എടുത്ത് റോഡിലേക്ക് കയറ്റി… പിന്നെ ഗിയർ ചേഞ്ച് ചെയ്തു മുന്നോട്ട് കുതിച്ചു…കവല കഴിഞ്ഞ് ഒരു കിലോമീറ്റർ ഇപ്പുറം അമ്പലത്തിന്റെ തൊട്ടടുത്ത് നീല പെയിന്റ് അടിച്ച കൊച്ചു വീട് കണ്ടപ്പോൾ അവന്റെ ഹൃദയമൊന്ന് പിടച്ചു….ഈ വഴി വന്നിട്ട് അഞ്ച് വർഷമാകുന്നു… അവസാനമായി ആ വീട്ട് മുറ്റത്ത് നിന്നും നിറ കണ്ണുകളോടെ ഇറങ്ങിയതാണ്…
“ഇനി നിനക്ക് ഞാനോ അച്ഛനോ ഇല്ല പൊന്നൂ…. ഞങ്ങളിൽ ഒരാൾ ചiത്താൽ പോലും നീയാ പടി ചവിട്ടരുത്…”
ദീപുവിന്റെ പുറകിൽ തലകുനിച്ച് നിൽക്കുന്ന അമൃതയോട് അത്രയും പറഞ്ഞപ്പോഴേക്കും ശബ്ദം ഇടറിയിരുന്നു… അതിന് ശേഷം അവൻ ദീപുവിനെ നോക്കി ഒന്ന് ചിരിച്ചു..
“സന്തോഷമായെടാ…സ്വന്തം കൂട്ടുകാരനോട് ഇങ്ങനെ തന്നെ ചെയ്യണം…. എന്റെ കുടുംബം തകർത്ത നീയൊന്നും ഗതിപിടിക്കില്ല… ഒരിക്കലും…”
ഒഴുകിയിറങ്ങുന്ന കണ്ണുനീർ തുടയ്ക്കാൻ പോലും മിനക്കെടാതെ കൂടി നിന്ന ആളുകളെ തള്ളി മാറ്റി നടന്നകന്നിട്ട് അഞ്ചു വർഷം കഴിയുന്നു… ആ വീട് ഇന്ന് അടച്ചിട്ടിരിക്കുകയാണ്… അവരെവിടെയാണ് എന്ന് അറിയാം.. പക്ഷേ ഏത് അവസ്ഥയിലാണെന്ന് എന്തിന് അന്വേഷിക്കണം?…. അമ്മ നഷ്ടപ്പെട്ടതിന് ശേഷം ഒരു കുറവും വരുത്താതെ വളർത്തി വലുതാക്കിയ അച്ഛനെയും സ്വന്തം ഏട്ടനെയും വിട്ട് ഒരുത്തന്റെ കൂടെ പോയ അനിയത്തി എങ്ങനെ ജീവിച്ചാലും തനിക്കൊരു ചുക്കുമില്ല…. നല്ലതും ചീiത്തയും തിരിച്ചറിയാൻ വൈകിപ്പോയി… വീടിന്റെ അടുക്കളയിൽ വരെ കയറാൻ സ്വാതന്ത്ര്യം കൊടുത്ത കൂട്ടുകാരൻ ചതിക്കുമെന്ന് എങ്ങനെ അറിയാനാണ്?.. താൻ മറ്റു കൂട്ടുകാരുടെയെല്ലാം സഹോദരങ്ങളെ കാണുന്നത് പോലെയാണ് അവനും തന്റെ അനിയത്തിയെ കാണുന്നതെന്ന് വിശ്വസിച്ചു… അവനെ എന്തിന് കുറ്റം പറയണം?.. നാട്ടുകാരുടെ മുന്നിൽ അച്ഛനെയും ഏട്ടനെയും നാണം കെടുത്തി പോയവൾക്ക് ഇല്ലാത്ത സ്നേഹം അവന് തോന്നേണ്ട ആവശ്യമില്ലല്ലോ… അമ്മ മരിച്ചതിനു ശേഷം അച്ഛൻ നെഞ്ചുപൊട്ടി കരഞ്ഞത് മകളെ അന്വേഷിച്ചു പോയ മകൻ തനിച്ചു തിരിച്ചു വന്ന ആ ദിവസമായിരുന്നു…
അരുൺ സുകുമാരനെ നോക്കി.. അയാൾ സീറ്റിൽ ചാരി കണ്ണടച്ചു കിടക്കുകയാണ്…പാവം… മക്കൾക്ക് വേണ്ടി മാത്രം ജീവിച്ച ഒരാൾ… അച്ഛന് പൊന്നുവിനെ ആയിരുന്നു ഏറ്റവും ഇഷ്ടം.. പൊതുവെ എല്ലാ അച്ഛന്മാർക്കും പെണ്മക്കളോട് ഇഷ്ടക്കൂടുതൽ ഉണ്ടാവാറുണ്ട്… അരുണിന് അതിൽ കുശുമ്പൊന്നും തോന്നിയിരുന്നില്ല… കാരണം ആ പ്രായത്തി ലൊക്കെ ഒരു ആൺകുട്ടി ആഗ്രഹിക്കുന്ന എല്ലാ സ്വാതന്ത്ര്യവും അവന് കിട്ടിയിട്ടുണ്ട്… എന്ത് ആവശ്യപ്പെട്ടാലും അച്ഛൻ വാങ്ങിക്കൊടുക്കും…സമപ്രായക്കാരായ ഒരുപാട് കൂട്ടുകാർ…. ആ സംഘത്തിലേക്ക് പ്ലസ്ടു പഠനകാലത്ത് എത്തിപ്പെട്ട ആളാണ് ദീപു..
“അരുണേ….. ഇത് ദീപു… അമ്പലത്തിന്റെ അടുത്തുള്ള വീടില്ലേ? അവിടുത്തെ പുതിയ താമസക്കാരാ…”
ഒരു വൈകുന്നേരം ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുമ്പോൾ ജാബിർ കൂടെ വന്നവനെ പരിചയപ്പെടുത്തി… അന്ന് തുടങ്ങിയ സൗഹൃദം…ദീപുവിന്റെ മാതാപിതാക്കൾ അവന് പത്തു വയസ്സ് ഉള്ളപ്പോൾ വേർപിരിഞ്ഞതാണ്… അച്ഛന്റെയും അമ്മയുടെയും കൂടെ മാറി മാറി അവനും അവന്റെ ഏട്ടനും താമസിച്ചു…. അച്ഛൻ വേറെ പങ്കാളിയെ കണ്ടെത്തിയപ്പോൾ അങ്ങോട്ടുള്ള പോക്ക് നിർത്തി… പിന്നെ അമ്മയുടെ കൂടെ ആയിരുന്നു…. അമ്മയും നഷ്ടമായപ്പോൾ ഏട്ടൻ സന്തോഷ് ഓരോ ജോലികൾ ചെയ്ത് അവനെ പഠിപ്പിച്ചു… കുറേ കഷ്ടപ്പെട്ടെങ്കിലും അയാൾക്ക് ഗൾഫിൽ മോശമല്ലാത്ത കിട്ടി… അതിന് ശേഷം കല്യാണം കഴിച്ചു…. അമ്മയുടെ തറവാട് ഭാഗം വച്ചപ്പോൾ കിട്ടിയ പൈസയും അയാളുടെ സമ്പാദ്യവും എല്ലാം ചേർത്താണ് ഈ വീട് വാങ്ങിയത്… ഇപ്പോൾ അയാൾ നാട്ടിലുണ്ട്…. തിരിച്ചു പോയാൽ ആ വീട്ടിൽ ദീപുവും സന്തോഷിന്റെ ഭാര്യ ജയശ്രീയും അവരുടെ രണ്ട് മക്കളും മാത്രമാകും…..
“ഏട്ടത്തിക്ക് എന്നെ ഭയങ്കര ഇഷ്ടമാ…. ഒരു കുറവും വരുത്തില്ല…. ഏട്ടൻ വഴക്ക് പറയുമ്പോഴൊക്കെ ഏട്ടത്തിയാ എന്നെ രക്ഷിക്കാറ്…. ഇടയ്ക്ക് ഏട്ടത്തി കുട്ടികളെയും കൊണ്ട് ഒന്നോ രണ്ടോ ദിവസം അവരുടെ വീട്ടിൽ താമസിക്കാൻ പോകും…അപ്പൊ ഭയങ്കര സങ്കടമാ…”
ഒരിക്കൽ ദീപു അരുണിനോട് പറഞ്ഞു…
“വീട്ടിൽ കേറാൻ തോന്നില്ല… എല്ലാ ലൈറ്റും ഇട്ടാലും ഇരുട്ടായ പോലെ…. ഉറങ്ങാനും പറ്റില്ല…. ആകെ ഭ്രാന്ത് പിടിക്കും..”
“അതെന്താടാ?” ..
“നിനക്കിപ്പോ ദിവസവും വീട്ടിൽ ചെല്ലുമ്പോ അച്ഛനും അനിയത്തിയും ഇല്ലേ?.. അവര് എങ്ങോട്ടെങ്കിലും മാറി നിൽകുമ്പോൾ ആ വിഷമം മനസിലാകും…”
മക്കളെ തനിച്ചാക്കി സുകുമാരൻ എങ്ങും പോകാത്തതിനാൽ അരുണിന് ദീപുവിന്റെ അവസ്ഥ മനസിലായില്ല…. പക്ഷേ അവന് ദീപുവിനോട് വല്ലാത്തൊരു അടുപ്പം തോന്നി… തനിക്ക് അച്ഛനെങ്കിലും കൂടെയുണ്ട്…. ദീപുവിനോ?.. അമ്മ മരിച്ചു.. അച്ഛൻ ദൂരെയെങ്ങോ വേറൊരു കുടുംബവു മായി ജീവിക്കുന്നു…… അയാൾ വർഷങ്ങളായി തന്റെ ആദ്യത്തെ രണ്ടുമക്കളെയും കാണാൻ പോലും വരാറില്ല…. മറ്റേ ഭാര്യയിൽ ഒരു മകളുണ്ട്… അവളുടെ കൂടെ ഒരിക്കൽ ടൗണിലെ സിനിമാ തീയറ്ററിൽ നിന്നും തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചു കൊണ്ട് അച്ഛൻ ഇറങ്ങിവരുന്നത് കണ്ടിട്ടുണ്ടെന്ന് ദീപു പറഞ്ഞപ്പോൾ അരുണിന് വിഷമം തോന്നി… ആ അവസ്ഥ എത്ര വേദനാജനകം ആയിരുന്നിരിക്കും…
അന്നുമുതൽ ദീപു അരുണിന്റെ ജീവിതത്തിന്റെ ഭാഗം തന്നെയായി… എവിടെ പോകുമ്പോഴും അവനെ കൂടെക്കൂട്ടും….. അവന്റെ കഥകൾ അറിഞ്ഞ ശേഷം സുകുമാരനും സ്വന്തം മകനെപ്പോലെ തന്നെയാണ് സ്നേഹിച്ചത്…. അവരുടെ വീട്ടിലെ അംഗമായി അവൻ മാറി…. ദീപു ശാന്ത സ്വഭാവക്കാരനും അരുൺ പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളുമാണ്… നിസ്സാരകാരണങ്ങൾക്കാണ് അവനും അമൃതയും വഴക്കിടുക…. പക്ഷേ അവളെ ഒത്തിരി ഇഷ്ടമാണ് താനും……
കാലം മുന്നോട്ട് പ്രയാണം ചെയ്തപ്പോൾ അരുൺ ഇലക്ട്രീഷ്യനും ദീപു മെക്കാനിക്കുമായി…. അരുണിന് നാട്ടിൽ തന്നെയാണ് ജോലി… ദീപുവിന് ടൗണിലും…പക്ഷേ രാത്രി കുറച്ചു നേരം ഒരുമിച്ചിരുന്നു സംസാരിക്കൽ രണ്ടാൾക്കും നിര്ബന്ധമാണ്….. അവധിദിവസങ്ങളിൽ മിക്കവാറും അവൻ അരുണിന്റെ കൂടെ തന്നെ കാണും…. ദീപുവിന്റെ ഏട്ടനും ഏട്ടത്തിയുമെല്ലാം അവന്റെയും ബന്ധുക്കൾ ആയി…… ഇഷ്ടപ്പെട്ട ജോലി… സന്തോഷകരമായ നാളുകൾ…. ഇതിനൊക്കെ തിരശീല വീഴുമെന്ന് ആരും കരുതിയില്ല……..
കൂടിക്കാഴ്ചകൾ കുറഞ്ഞപ്പോൾ ജോലിതിരക്ക് ആണെന്ന് ദീപു പറഞ്ഞത് അരുൺ വിശ്വസിച്ചു……കൂട്ടുകാരിയുടെ വീട്ടിൽ പോയ അനിയത്തി വരാൻ വൈകിയപ്പോൾ അന്വേഷിച്ച് ഇറങ്ങിയ അവൻ കേട്ടത് അമൃതയും ദീപുവും ഇഷ്ടത്തിലായിരുന്നു എന്നും അവൾ അവന്റെ കൂടെയുണ്ട് എന്നുമാണ്…. അത് വിശ്വസിച്ചില്ല… ദീപുവിന് അങ്ങനൊന്നും ചെയ്യാൻ പറ്റില്ലെന്ന് അവന് ഉറപ്പായിരുന്നു… ഈ വിവരം പറഞ്ഞ കൂട്ടുകാരൻ ഫസലുവിനെ അവൻ തെiറി വിളിച്ചു…. പക്ഷേ കേട്ടത് സത്യമാണെന്ന് അവന് പെട്ടെന്ന് തന്നെ ബോധ്യമായി….. ദീപുവിന്റെ വീട്ടിൽ താലിമാലയും നെറ്റിയിൽ സിന്ദൂരവുമായി നിൽക്കുന്ന അനിയത്തിയെ കണ്ട് മനസ് തകർന്ന ദിവസം ഇന്നുവരെ മറക്കാൻ കഴിഞ്ഞിട്ടില്ല… അച്ഛന് വേണ്ടി സന്തോഷം അഭിനയിക്കുന്നു… അച്ഛനും അങ്ങനെ തന്നെ….പരസ്പരം വിഷമിപ്പിക്കാതിരിക്കാൻ അഭിനയിച്ചു തകർക്കുന്ന രണ്ടുപേർ…….. സംസാരത്തിനിടെ അമൃതയുടെ പേര് കടന്നു വരാതിരിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു… അവളെ അംഗീകരിക്കണ മെന്ന അഭ്യർത്ഥനയുമായി കുടുംബക്കാർ പലതവണ എത്തിയെങ്കിലും അരുൺ ഉപദേശങ്ങൾ ചെവിക്കൊണ്ടില്ല…… ഈ ഒരു കാരണം കൊണ്ട് തന്നെ ബന്ധുക്കളുടെ വീടുകളിൽ ഒന്നും അവൻ പോകാറില്ലായിരുന്നു….. എല്ലാവരിലും നിന്ന് അകന്ന് തന്റെതായ ലോകത്ത് ജീവിക്കുകയാണ് അവനിന്ന്…. കൂടെ ജോലിചെയ്യുന്നവർക്കും ചുരുക്കം ചില കൂട്ടുകാർക്കും അവനെ മനസിലാകുന്നത് കൊണ്ട് അവരും ഇത്തരം കാര്യങ്ങൾ സംസാരിക്കാറില്ല……
രണ്ടു മണിക്കൂറോളം യാത്ര ചെയ്ത് സുകുമാരന്റെ ചേച്ചി ഭാനുമതിയുടെ വീട്ടിൽ അവരെത്തി… കാർ വരുന്നത് കണ്ടപ്പോൾ ഭാനുമതിയുടെ മകൻ പ്രകാശൻ മുറ്റത്തേക്ക് ഇറങ്ങിവന്നു… അതിഥികൾ ആരാണെന്ന് മനസിലായതോടെ അയാളുടെ മുഖം വിടർന്നു…
“അല്ല ആരിത്?.. ഇങ്ങോട്ടുള്ള വഴിയൊക്കെ ഓർമ്മയുണ്ടോ?” അയാൾ ഡോർ തുറന്നു കൊണ്ട് ചോദിച്ചു… സുകുമാരൻ പുറത്തിറങ്ങി… അരുൺ ഡിക്കി തുറന്ന് ചാക്ക് കെട്ടെടുത്തു… വഴിയിൽ വണ്ടി ഒരു ബേക്കറിക്ക് മുന്നിൽ നിർത്തി കുറച്ചു പലഹാരങ്ങൾ വാങ്ങിയിരുന്നു.അതും എടുത്തു..
“നീയൊക്കെ വല്യ ആളായി അല്ലേടാ?.. മാമന് വയ്യാത്തത് കൊണ്ടാണെന്ന് കരുതാം… നിനക്കോ?.. ഇങ്ങോട്ട് വരാത്തത് പോട്ടെ, ഫോൺ ചെയ്യാലോ..? നമ്മളെയൊന്നും വേണ്ടാതായോ? “
പ്രകാശൻ കുറ്റപ്പെടുത്തി..
“ജോലിത്തിരക്കായത് കൊണ്ടാ…” അരുൺ ചിരിക്കാൻ ശ്രമിച്ചു…
“ഇതെന്താ ചാക്കിൽ?”
“പച്ചക്കറിയാ…”
“സന്തോഷം….വാ.. ” പ്രകാശൻ സുകുമാരന്റെ കൈ പിടിച്ച് അകത്തേക്ക് നടന്നു.. പിന്നാലെ അരുണും…
“കുട്ടികളൊക്കെ എവിടെ പ്രകാശാ….?”
“സുമ അവരേം കൊണ്ട് ടൗണിൽ പോയിരിക്കുകയാ… മറ്റന്നാൾ വിഷു അല്ലേ… അതിന്റെ ഷോപ്പിംഗ്… പെണ്ണുങ്ങളുടെ കൂടെ കടയിൽ കേറിയാലുള്ള അവസ്ഥ മാമനറിയാല്ലോ… അതുകൊണ്ട് ഞാൻ മുങ്ങി…”
അകത്തെ മുറിയിലെ കട്ടിലിൽ ഭാനുമതി കിടക്കുന്നുണ്ടായിരുന്നു… തീരെ അവശയായ ഒരു വൃദ്ധ…
“അമ്മേ… ഇത് ആരാ വന്നിരിക്കുന്നതെന്ന് നോക്കിക്കേ…”
പ്രകാശന്റെ ശബ്ദം കേട്ട് അവർ പണിപ്പെട്ട് കണ്ണുകൾ തുറന്നു… ആ മുഖം തെളിയുന്നത് അരുൺ കണ്ടു….. സുകുമാരൻ ബെഡിൽ ചെന്നിരുന്ന് ചുളിവുകൾ വീണ ആ കൈയിൽ പിടിച്ചു… ജീവിതത്തിന്റെ സായാഹ്നത്തിൽ എത്തിയ രണ്ട് സഹോദരങ്ങൾ…. വർണശഭള മായൊരു കുട്ടിക്കാലം അവർക്കും ഉണ്ടായിരുന്നു… അന്ന് ഇതുപോലെ ആ ചേച്ചിയുടെ കൈയിൽ പിടിച്ച് അനിയൻ പാടവരമ്പിലൂടെ ഓടിയിരുന്നിട്ടുണ്ടാകും…. ചേച്ചിയുടെ സ്നേഹവാത്സല്യങ്ങൾ ആവോളം നുകർന്നിട്ടുണ്ടാകും….. ഭൂതകാലം അച്ഛന്റെ ഉള്ളിൽ ഒരു സിനിമ പോലെ മിന്നിമറയുകയാണെന്ന് അരുണിന് തോന്നി.. അതാവാം ആ കണ്ണുകൾ ഈറനണിയുന്നത്…
“നീ വല്ലാതെ ക്ഷീണിച്ചല്ലോ സുകൂ…? ഭക്ഷണമൊന്നും കഴിക്കാറില്ലേ…?”
അനിയന്റെ കവിളിൽ തലോടിക്കൊണ്ട് ഭാനുമതി ചോദിച്ചു… സുകുമാരൻ മറുപടി ഒന്നും പറയാതെ അവരുടെ പുറംകൈയിൽ ചുiണ്ടുകൾ അമർത്തി…
“അവര് സംസാരിക്കട്ടെ…. നീ വാടാ ” പ്രകാശൻ അരുണിന്റെ തോളിൽ കൈയിട്ടു മുറിവിട്ടിറങ്ങി…
“എന്നാലും വരുന്ന കാര്യം ഒന്ന് വിളിച്ചു പറഞ്ഞൂടെ?.. ഇവിടാണെങ്കിൽ കഴിക്കാൻ കാര്യമായി ഒന്നും ഉണ്ടാക്കിയിട്ടില്ല… അവര് പുറത്തുനിന്നും കഴിക്കും… എനിക്കും അമ്മയ്ക്കുമുള്ള കഞ്ഞി മാത്രമേ ഉള്ളൂ….ഞാൻ എന്തേലും ഓർഡർ ചെയ്യാം..”
“അതൊന്നും വേണ്ട ഏട്ടാ… ഞങ്ങൾ കഴിച്ചിട്ടാ വന്നത്….”
“നിനക്ക് പണിയൊക്കെ ഉണ്ടോ…?”
“കുഴപ്പമില്ല…”
“ഞങ്ങൾ ഉപദേശിക്കുന്നഅതുകൊണ്ടാണോ ഇങ്ങോട്ട് വരാത്തത്?.. എടാ എല്ലാവരും സന്തോഷമായി ജീവിക്കുന്നത് കാണാൻ വേണ്ടിയാ ഓരോ തവണയും ഈ വിഷയം എടുത്തിടുന്നെ… അല്ലാതെ എനിക്ക് ഇതിലെന്ത് ലാഭം.. പൊന്നു ഇടയ്ക്ക് ഇങ്ങോട്ട് വരാറുണ്ട്.. ഞാൻ അങ്ങോട്ടും പോകാറുണ്ട്…. നീ ഉപേക്ഷിച്ചു എന്നു കരുതി ഞങ്ങൾക്ക് അതിന് കഴിയില്ലല്ലോ…ഇനിയെന്തായാലും ആ പേരിൽ നീ മുങ്ങി നടക്കണ്ട…. ഇടയ്ക്ക് മാമനെയും കൊണ്ട് വാ… അമ്മയുടെ അവസ്ഥ കണ്ടല്ലോ… എപ്പോഴും മാമനെ കുറിച്ച് പറഞ്ഞു കരയും… ചേച്ചി ആണേലും മാമന്റെ അമ്മയുടെ സ്ഥാനത്തായിരുന്നല്ലോ… “
അരുൺ ഒന്നും മിണ്ടിയില്ല…. കയ്യിലൊരു പലഹാരപ്പൊതിയുമായി പണ്ട് വീട്ടിലേക്ക് വരുന്ന വല്യമ്മയെ അവൻ ഓർക്കുകയായിരുന്നു….. വന്നയുടൻ അവർ വീടുമുഴുവൻ വൃത്തിയാക്കും… സാധനങ്ങളൊക്കെ അടുക്കിവയ്ക്കും… അമൃതയെ ബലമായി പിടിച്ചിരുത്തി മുടിയിൽ പേനുണ്ടോ എന്നു നോക്കും..
“നിനക്ക് നന്നായി എണ്ണ തേച്ച് കുളിച്ചൂടെ കുട്ട്യേ?.. മുടി ചകിരി പോലെയായി…അതെങ്ങനാ ഈ പെണ്ണിന്റെ കാര്യത്തിൽ ആർകെങ്കിലും ശ്രദ്ധ വേണ്ടേ..”
പരിഭവം പറഞ്ഞു കൊണ്ട് അവർ ജോലി തുടരും…. ഉത്തരവാദിത്ത മില്ലാതെ കളിച്ചു നടക്കുന്നതിന് അരുണിനും വഴക്ക് കിട്ടാറുണ്ടായിരുന്നു.. വൈകുന്നേരം വരെ ഒരു നിമിഷം വിശ്രമിക്കാതെ ഓരോന്ന് ചെയ്തിട്ടാണ് വലിയമ്മ തിരിച്ചു പോകാറ്… അവർ വന്നുപോയ ദിവസങ്ങളിൽ രാത്രി മുറ്റത്തെ ഇരുട്ടിലേക്ക് നോക്കി അച്ഛൻ മൂകാനായി ഇരിക്കും…. അതിന്റെ അർത്ഥം ഇന്നാണ് മനസിലാകുന്നത്… വളർന്നിട്ടും ആ മനസ് ചേച്ചിയുടെ സാമീപ്യം എന്നും കൊതിച്ചിരുന്നു…. അച്ഛനിലെ കുട്ടി തന്റെ പ്രിയപ്പെട്ട കൂടപ്പിറപ്പിന്റെ അടുത്ത വരവിനായി കാത്തിരിക്കുകയാണ്….
നാലുമണി വരെ അവിടെ സമയം ചിലവഴിച്ച ശേഷമാണ് സുകുമാരനും അരുണും ഇറങ്ങിയത്… ഇടയ്ക്ക് ഇങ്ങോട്ട് ഇറങ്ങ് മോനേ എന്ന് പറഞ്ഞ വല്യമ്മയുടെ കവിളിൽ അവനൊരു ഉമ്മ കൊടുത്തു… അതൊരു പശ്ചാത്താപം കൂടിയായിരുന്നു… ഇത്രയും നാൾ വന്നു കാണാഞ്ഞതിലുള്ള കുറ്റബോധം…
കാറിനുള്ളിൽ കനത്ത നിശബ്ദത ആയിരുന്നു… അത്രമേൽ പ്രിയപ്പെട്ടത് എന്തോ ഉപേക്ഷിച്ചു വരുന്നത് പോലെ സുകുമാരൻ താടിയിൽ കൈ ഊന്നി ഇരിക്കുകയാണ്…
“നമുക്ക് വല്യമ്മയെ കുറച്ചു ദിവസം വീട്ടിൽ കൊണ്ടുവന്നു നിർത്തിയാലോ അച്ഛാ?”
“വേണ്ടെടാ…” രണ്ട് നിമിഷത്തിന് ശേഷമാണ് അയാൾ മറുപടി പറഞ്ഞത്…
“ആഗ്രഹമില്ലാഞ്ഞിട്ടല്ല.. പക്ഷേ എന്റെ കണ്മുന്നിൽ വച്ച് ചേച്ചിയുടെ ശ്വാസം നിലച്ചാൽ ചിലപ്പോൾ എനിക്കത് താങ്ങാൻ പറ്റിയെന്ന് വരില്ല… ഇതാവുമ്പോ ഒരു ഫോൺ കോൾ….. അസുഖം കൂടുതലാ പെട്ടെന്ന് വാ എന്നും പറഞ്ഞ് ആരെങ്കിലും വിളിക്കും…. അങ്ങനെ സംഭവിച്ചാൽ മനസ് പറയും ആള് പോയെന്ന്… എന്നാലും ഇവിടെ എത്തുന്നത് വരെ ഒരു പ്രതീക്ഷ ഉണ്ടാകുമല്ലോ….നമ്മള് സ്നേഹിക്കുന്നവരുടെ ജീവൻ പോകുന്നത് നേരിൽ കാണുന്നതിനേക്കാൾ പേടിപ്പിക്കുന്ന ഒന്ന് ഈ ഭൂമിയിലില്ല,…”
അരുൺ കാർ ഓരം ചേർത്ത് നിർത്തി അച്ഛനെ നോക്കി…
“എന്നെ വളർത്തിയത് ചേച്ചിയാ…. കുരുത്തക്കേട് കാട്ടുമ്പോ നല്ല അiടിയൊക്കെ തന്നിട്ടുണ്ട്…. എന്നാലും എന്നെ ജീവനായിരുന്നു…. ആ സ്നേഹം ഇന്നുമുണ്ട്…. അല്ലെങ്കിലും മായ്ച്ചു കളയാൻ പറ്റുന്ന ഒന്നല്ല രക്തബന്ധം…”
അയാൾ അരുണിന്റെ നേരെ തിരിഞ്ഞിരുന്നു..
“എന്റെ ചേച്ചി മരിച്ചാൽ എനിക്ക് സ്വന്തം ചോiര എന്ന് പറയാൻ നീയുണ്ട്… ഞാൻ മരിച്ചാൽ നിനക്ക് ആരാ ഉള്ളത്?”
“അച്ഛാ…” അരുൺ ഒരു ഞെട്ടലോടെ വിളിച്ചു…
“സത്യമല്ലേ?… ഇത്രയും നാൾ ഞാൻ സന്തോഷവാനായിരുന്നു… മോൻ കൂടെയുണ്ട്…. ദൂരെ ആണെങ്കിലും എനിക്കൊരു ചേച്ചി ഉണ്ട്…. മരണം വരെ ഞാൻ അനാഥനല്ല… പക്ഷേ ഞാൻ പോയാൽ നീയോ?… നിനക്കും ഉണ്ടൊരു കൂടപ്പിറപ്പ്…. നിന്റെ സ്വന്തം അനിയത്തി… അത് ഓർമ്മയുണ്ടോ?.. അവള് ചെയ്തത് നൂറ് ശതമാനം തെറ്റ് തന്നെയാ….. അതിന് ജീവിതകാലം മുഴുവൻ അകറ്റി നിർതിയിട്ട് നിനക്ക് എന്താ ലാഭം?..”
അവൻ മിണ്ടിയില്ല..
“പൊന്നുവിനെ പൂർണമായും കുറ്റപ്പെടുത്താൻ എനിക്കിന്ന് കഴിയില്ലെടാ… നീ ആലോചിച്ചു നോക്ക്…. അതൊരു പെണ്ണാ…. പെണ്മക്കൾക്ക് അച്ഛനെയും അച്ഛന് പെണ്മക്കളെയുമായിരിക്കും കൂടുതൽ ഇഷ്ടം.. പക്ഷേ അവരെ മനസിലാക്കാൻ അമ്മയോളം ആർക്കും കഴിയില്ല… എനിക്ക് നിന്നെ മനസിലാക്കാൻ പറ്റുന്നത് ഞാൻ ഒരാണായത് കൊണ്ടല്ലേ..അഞ്ചാം വയസിൽ അമ്മ നഷ്ടപ്പെട്ട ഒരു പെൺകുട്ടിയാണ് പൊന്നു… ഞാനും നീയും അവൾക്ക് ആവശ്യമുള്ള തൊക്കെ വാങ്ങിക്കൊടുത്തിട്ടുണ്ട്… പക്ഷേ ഇന്നുവരെ ഒരു അഞ്ചുമിനിറ്റ് അടുത്തിരുന്ന് നീയവളോട് സംസാരിച്ചിട്ടുണ്ടോ…? നിന്നിൽ നിന്നും ഒരുപാട് അവൾ പ്രതീക്ഷിച്ചിട്ടുണ്ടാകും.. പക്ഷേ വളർന്നപ്പോ നിന്നെ പേടി ആയിരുന്നു… തൊട്ടതിനും പിടിച്ചതിനുമൊക്കെ വഴക്ക് പറയുന്ന ഏട്ടൻ…. ഭാനുചേച്ചി എത്ര തവണ നിന്നെ ഉപദേശിച്ചിട്ടുണ്ട് ദേഷ്യം കുറയ്ക്കാൻ?… നിന്റെ കൂട്ടുകാരുടെ അനിയത്തിമാരോട് കാണിക്കുന്ന സ്നേഹത്തിന്റെ പാതിയെങ്കിലും അവൾക്ക് കൊടുത്തിട്ടുണ്ടോ?… കാശ് ചിലവാക്കുന്നത് മാത്രമല്ല സ്നേഹം…. അത് പ്രകടിപ്പിക്കണം….. അക്കാര്യത്തിൽ നീ തോറ്റു പോയി….”
അരുൺ തലകുനിച്ച് ഇരിക്കുകയാണ്…
“കുറ്റപ്പെടുത്തിയതല്ല.. നിനക്ക് അവളെ ഒത്തിരി ഇഷ്ടം ആണെന്ന് എനിക്കറിയാം… മോനേ… ജീവിതം വളരെ ചെറുതാ… നമ്മുടെ ഉള്ളിലുള്ളത് എന്തായാലും അത് തുറന്നു കാട്ടി സന്തോഷത്തോടെ ജീവിക്കുകയാണ് വേണ്ടത്…നിന്നെ കാണുന്ന പോലെ തന്നെയാ തുടക്കത്തിൽ പൊന്നു ദീപുവിനെ കണ്ടത്.. പക്ഷേ നീ കൊടുക്കാത്ത കരുതലും സ്നേഹവും അവൻ കൊടുത്തപ്പോൾ മനസ് പതറിയതാവാം….. അന്ന് ആ എയർഫോഴ്സ് കാരന്റെ ആലോചന വന്നപ്പോൾ വേണ്ടാന്ന് പറഞ്ഞത് ഇതുകൊണ്ടായിരിക്കും….. നിന്നെ പേടിച്ചു മറച്ചു വച്ചു… അന്നേരത്തെ ബുദ്ധിമോശത്തിന് രണ്ടാളും കൂടി ഇങ്ങനൊരു തീരുമാനവും എടുത്തു… അവൾക്ക് പറയാനുള്ളത് കേൾക്കാനുള്ള സമയം കൊടുക്കാഞ്ഞത് നമ്മുടെ ഭാഗത്തെ വീഴ്ച അല്ലേ…ഈ പറഞ്ഞതൊന്നും അവളെ ന്യായീകരിക്കാൻ വേണ്ടി അല്ല….. കൊiലക്കുറ്റമൊന്നും ചെയ്തില്ലല്ലോ…. എത്ര നിഷേധിക്കാൻ ശ്രമിച്ചാലും അവള് നമ്മുടെ കുട്ടിയാ….. അത് മാറ്റാൻ പറ്റില്ല….. ഇനി എന്റെ മരണം വരെ ഞാനിക്കാര്യം സംസാരിക്കുകയുമില്ല… ബാക്കിയൊക്കെ നിന്റെ ഇഷ്ടം…..”
കുറച്ചു നേരം അച്ഛനെ നോക്കി ഇരുന്നിട്ട് അവൻ കാർ മുന്നോട്ട് എടുത്തു….. ആ നിശബ്ദതയിലും അവന്റെ ഉള്ളിലെ കടലിരമ്പം സുകുമാരനു കേൾക്കാമായിരുന്നു…
☆☆☆☆☆☆☆
ഭംഗിയുള്ള ആ ഒറ്റ നില വീടിന്റെ കാളിങ് ബെല്ലിൽ വിരലമർത്തി ദ്രുതഗതിയിൽ മിടിക്കുന്ന ഹൃദയവുമായി അരുൺ കാത്ത് നിന്നു… ഏതാനും നിമിഷങ്ങൾക്ക് ശേഷം വാതിൽ തുറക്കപ്പെട്ടു…. ഷാൾ കൊണ്ട് മുഖം തുടച്ച് പുറത്തേക്ക് നോക്കിയ ആ യുവതി സ്തംഭിച്ചു പോയി…
“ഏട്ടൻ….” അവളുടെ ചുiണ്ടുകൾ മന്ത്രിച്ചു… പെiറ്റിക്കോട്ടും ധരിച്ച് തൊടിയിൽ തുമ്പിയെ പിടിക്കാൻ ഒറ്റയ്ക്ക് സംസാരിച്ചു കൊണ്ട് നടക്കുന്ന കുട്ടിയിൽ നിന്നും ഒരു വീട്ടമ്മയിലേക്കുള്ള മാറ്റം നോക്കി കാണുകയായിരുന്നു അരുൺ…..
“ഏട്ടൻ കയറിയിരിക്ക്…” ആദ്യത്തെ പതർച്ച മാറിയപ്പോൾ അമൃത പറഞ്ഞു…. ചെരിപ്പ് അഴിച്ചു വച്ച് അരുൺ അകത്തേക്ക് കയറി ഹാളിൽ ഇരുന്നു…..
“ഞാൻ ചായ എടുക്കട്ടേ….?”
“വേണ്ട.. കുറച്ചു വെള്ളം മതി..” അവൾ വേഗം അടുക്കളയിലേക്ക് ഓടി…പെട്ടെന്ന് തന്നെ ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസുമായി തിരിച്ചെത്തി… അവനത് വാങ്ങി പതിയെ കുടിച്ചു…. പിന്നെ ഗ്ലാസ് ടീപ്പൊയിക്ക് മീതെ വച്ചു…എന്ത് സംസാരിക്കണം എന്നറിയില്ല… അവൻ ചുറ്റുമൊന്ന് കണ്ണോടിച്ചു… ചുവരിൽ അമ്മയുടെ ഫോട്ടോ മാലയിട്ട് തൂക്കിയിട്ടുണ്ട്… കുറേ കളിപ്പാട്ടങ്ങൾ അവിടിവിടെയായി ചിതറിക്കിടക്കുന്നു… അമൃതയ്ക്ക് ഒരു മോൻ ആണെന്നറിയാം… സ്വന്തം അനിയത്തിയുടെ കുഞ്ഞിന്റെ പേരുപോലും അറിയാത്ത ഏട്ടൻ… ഉള്ളിലിരുന്ന് ആരോ പരിഹസിക്കുന്നു…..
“സുഖമാണോ നിനക്ക്…?”
“ഉം…” അമൃത ചുiണ്ടുകൾ കiടിച്ചു പിടിച്ചു കരച്ചിൽ അടക്കിക്കൊണ്ട് മൂളി…
“അവനിപ്പോ ദുബായി ആണല്ലേ?”
“അതെ… കഴിഞ്ഞ മാസമാ ലീവിന് വന്ന് തിരിച്ചു പോയത്…”
“നീ തനിച്ചാണോ ഇവിടെ?”
“അതെ… ഏട്ടത്തി വീട്ടിൽ പോയി… രണ്ട് ദിവസം കഴിഞ്ഞേ വരൂ…”
“കുഞ്ഞെവിടെ…?”
“ഉറങ്ങുകയാ… ഞാൻ വിളിക്കാം…”
“ഏയ് വേണ്ട…..”
പിന്നെയും മൗനം…ഒടുവിൽ അരുൺ എഴുന്നേറ്റു….
“നാളെ വിഷു അല്ലേ?.. നീ അവനെ വിളിച്ച് ചോദിക്ക് നിന്നേം കുഞ്ഞിനേം എന്റെ കൂടെ വിടുമോന്ന്… കുറച്ചു ദിവസം അവിടെ നിന്നിട്ട് തിരിച്ചെത്തിക്കാം…”
“എന്താ…?” അമൃത അമ്പരപ്പോടെ അവനെ നോക്കി…
“നിന്റെ ഭർത്താവിനോട് സമ്മതം വാങ്ങാൻ… മനസിലായില്ലേ?” ശബ്ദം കടുപ്പിച്ചാണ് അരുൺ പറഞ്ഞത്…. അമൃത ഇമ ചിമ്മാതെ അവനെ നോക്കി… ആ മിഴികൾ നിറഞ്ഞു തുളുമ്പി… അരുൺ ഒന്ന് പുഞ്ചിരിച്ചു….
“പെട്ടെന്ന് റെഡി ആക് പൊന്നൂ… അച്ഛൻ കാത്തിരിക്കുന്നുണ്ട്…”
ആർത്തലച്ചു കരഞ്ഞു കൊണ്ട് അമൃത നിലത്തേക്കിരുന്ന് കാല്പാദത്തിൽ മുഖം അമർത്തി….
“എന്നോട് ക്ഷമിക്ക് ഏട്ടാ മാപ്പ്…. ഞാൻ കാരണം ഏട്ടനും അച്ഛനും… എല്ലാരുടെയും മുന്നിൽ…. പറ്റിപ്പോയി…. ന്നോട് ക്ഷമിച്ചൂടെ…”
കരച്ചിലിനിടയിലൂടെ വാക്കുകൾ മുറിഞ്ഞു മുറിഞ്ഞ് പുറത്തേക്ക് വരുന്നുണ്ടായിരുന്നു.. അരുൺ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു… പിന്നെ പതിയെ മാiറോട് ചേർത്തു….
“എന്നും മനസുകൊണ്ട് മാപ്പ് ചോദിക്കാറുണ്ട്… അല്ലാതെ വേറെന്താ ചെയ്യ ഞാൻ?.. ഒരിക്കലെങ്കിലും നേരിട്ട് വന്ന് ഏട്ടന്റേം അച്ഛന്റേം കാല് പിടിക്കാൻ ശ്രമിച്ചതാ….. ഒന്ന് എന്നോട് ക്ഷമിച്ചെന്ന് പറ ഏട്ടാ…. എല്ലാം എന്റെ തെറ്റാ…”
അവൻ അവളെ നേരെ നിർത്തി കണ്ണുകൾ തുടച്ചു…
“മതി… കഴിഞ്ഞതിനെ കുറിച്ച് പിന്നെയും സംസാരിച്ചാൽ എല്ലാവർക്കും വേദന മാത്രമായിരിക്കും….. എന്തൊക്കെ ചെയ്താലും എനിക്ക് അനിയത്തിയായി ഈ ലോകത്ത് നീ മാത്രമല്ലേ ഉളളൂ?.. അതെനിക്ക് ഇന്നലെ മനസിലാക്കി തന്നത് അച്ഛനാ….. നീ വാ… നമുക്ക് പോകാം… “
ആ നെറ്റിയിൽ ഒരു ചുംoബനം നൽകിയപ്പോൾ അന്നേ വരെ അനുഭവിച്ചിട്ടില്ലാത്ത എന്തോ ഒരു വികാരത്താൽ അവന്റെ ഉള്ളം കുളിർത്തു…
☆☆☆☆☆☆☆☆☆☆☆
വിഷുക്കണിക്ക് ശേഷം രണ്ട് വയസുകാരൻ ദേവൂട്ടനെയും എടുത്ത് മുറ്റത്ത് പൂത്തിരി കത്തിക്കുന്ന അരുണിനെ നോക്കി ഉമ്മറത്ത് ഇരിക്കുകയാണ് സുകുമാരൻ…. അയാളുടെ മടിയിൽ തലവച്ച് അമൃത കിടക്കുന്നു…. സുകുമാരൻ പതിയെ അവളുടെ മുടിയിലൂടെ വിരലോടിച്ചു… കഴിഞ്ഞ കാലത്തെ കുറിച്ച് ആരും ഒന്നും സംസാരിച്ചിട്ടില്ല… ചെയ്ത തെറ്റിനെ ഓർത്ത് പശ്ചാത്തപിച്ചു കൊണ്ടാണ് അവൾ അഞ്ചു വർഷവും ജീവിച്ചതെന്ന് അയാൾക്ക് അറിയാം…നമ്മൾ സ്നേഹിക്കുന്നവർ ചിലപ്പോൾ നമ്മെ വേദനിപ്പിച്ചേക്കാം… അതിന് എന്നെന്നേക്കുമായി ഒഴിവാക്കുകയാണെങ്കിൽ ഈ ഭൂമിയിൽ അനാഥരെ പോലെ ജീവിക്കുന്നവരായിരിക്കും കൂടുതൽ… കാരണം തെറ്റ് പറ്റാത്ത മനുഷ്യർ ഇല്ലല്ലോ….ദീപുവിന്റെ കൂടെ അമൃത സന്തോഷവതിയാണ്… തന്നെ വിശ്വസിച്ചു വന്ന പെണ്ണിന് ഒരു കുറവും വരുത്താതിരിക്കാൻ അവൻ ഏതോ നാട്ടിൽ ചെന്ന് കഷ്ടപ്പെടുന്നുണ്ട്… പക്ഷേ അന്നവർ എടുത്തു ചാടിയപ്പോൾ നഷ്ടമായത് ഒരു നല്ല സൗഹൃദവും ഒരു കുടുംബബന്ധവുമാണ്…… സാരമില്ല… ഇനിയെല്ലാം ശരിയാകുമായിരിക്കും… ഒരു ദീർഘനിശ്വാസത്തോടെ സുകുമാരൻ തന്റെ മകളുടെ കവിളിൽ ഉമ്മ വച്ചു…..
❤❤❤❤