എഴുത്ത്:- നൗഫു ചാലിയം
“ഉമ്മാ ഞാനിപ്പോ ചാവും…”
അടിവയറ്റിൽ ഒടുക്കത്തെ വേദന നിറഞ്ഞു… ചെരിഞ്ഞും മലർന്നും കവിയ്ന്നും കിടന്നിട്ടും വേദന മാറാതെ ആയിരുന്നു ഞാൻ ഉമ്മ കിടക്കുന്ന റൂമിന്റെ വാതിൽ പോയി മുട്ടി വിളിച്ചത്…
എനിക്ക് വേദന സഹിക്കാൻ കഴിയാത്ത മുഖഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു ഉമ്മ ഞെട്ടി എഴുന്നേറ്റു ഞാൻ കൈ വെച്ച അവിടെ പതിയെ തലോടി കൊണ്ടു ചോദിച്ചു..
“എന്താടാ.. എന്താ പറ്റിയെ “
ഉമ്മാ… വയറ് വേദനിക്കുന്നു… എനിക്ക് സഹിക്കാൻ പറ്റുന്നില്ല…
അസ്സലായ വേദന ആയത് കൊണ്ട് തന്നെ ഞാൻ കരഞ്ഞു കൊണ്ടു പറഞ്ഞു..
സമയം പാതിരാത്രിയാണ്.. അല്ലെങ്കിൽ തന്നെ എനിക്ക് ഈ വേദന മുഴുവൻ രാത്രിയാണ് വരിക… അതിപ്പോ ചെവി വേദന ആണെങ്കിലും പല്ല് വേദന ആണെങ്കിലും… അങ്ങനെ ശരീരത്തിൽ എന്ത് വേദന ആണെങ്കിലും വരിക പാതിരാത്രിയാണ്..
നിങ്ങൾക്കൊക്കെ എങ്ങനെയാ…നേരം വെളുക്കുബോൾ ആയിരിക്കുമല്ലേ…
“രാത്രി ആയത് കൊണ്ടു അടുത്തുള്ള ക്ലിനിക്കിലൊന്നും ഡോക്ടർസ് ഉണ്ടാവൂല… ആകെ ഉള്ളത് ഒന്നോ രണ്ടോ നെയ്സ് മാർ ആയിരിക്കും… അവർക്കണേൽ ആരേലും വന്നാൽ രണ്ട് മൂന്നു മണിക്കൂർ ഡ്രിപ് ഇട്ടു കിടത്തുന്നതാണ് ജോലി…”
സീരിയസ് ആണേൽ ത്രൂ മെഡിക്കൽ കോളേജ് എന്ന് പറയും അവരുടെ തന്നെ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക് പോകാം…
ഉമ്മാക് എന്നെ കൊണ്ടു പോകാൻ കഴിയില്ല എന്നറിയുന്നത് കൊണ്ടു തന്നെ അടുത്ത് തന്നെ ഉണ്ടായിരുന്ന മൂത്തമ്മയുടെ മക്കളെ വിളിച്ചു വരുത്തി..
എന്റെ മൂത്ത രണ്ടെണ്ണം…ഇക്കാക്കമാർ…
അവരുടെ ബൈക്കിൽ ഇടക്ക് ഇരുത്തി ആംബുലൻസ് പോകുന്നത് പോലെ കുയു കുയു… എന്നൊക്കെ ഒച്ചയുണ്ടാക്കി ആർഭാടമാക്കി തന്നെ ആയിരുന്നു എന്നെ ഹോസ്‌പിറ്റലിലേക് എത്തിച്ചത്..”
“കുറച്ചു കഴിഞ്ഞു ബോധം വന്നപ്പോൾ കാണുന്നതാണ് ഒരു നെയ്സ് ഇൻജെക്ഷൻ സൂചി കയ്യിൽ പിടിച്ചു മുകളിലേക്ക് ഉയർത്തി പിടിച്ചു അതിന്റെ ഓട്ടയിലൂടെ മരുന്ന് പുറത്തേക് പോകുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്യുന്നതാണ്…
പടച്ചോനെ ഇൻജെക്ഷൻ.”
തൊട്ടുടനെ നെയ്സ് എന്റെ അരയിൽ നിന്നും പാന്റ് താഴോട്ട് ഒന്ന് ഇറക്കി
അത് കണ്ടപ്പോൾ ഞാൻ നെയ്‌സിനെ വിലക്കി കൊണ്ടു പറഞ്ഞത്…
“അയ്യേ പാന്റ് അഴിക്കണ്ട “
“പിന്നെ പാന്റ് അഴിക്കാതെ എങ്ങനെയാ ചന്തി ക്ക് ഇൻജെക്ഷൻ വെക്ക…”
“എന്റെ പൊന്ന് നെയ്സല്ലേ…എന്റെ ചന്തിക്ക് ഇങ്ങള് കുത്തണ്ട…എന്റെ കയ്യിൽ കുത്തിക്കോ…”
പത്തു പതിനെട്ടു വയസുള്ള ചെക്കൻ നാണം വന്നു പറയുന്നത് കേട്ട് വേറെ ആരെയും കുത്താൻ ഇല്ലാത്തത് കൊണ്ട് എന്റെ ചുറ്റിലുമായി കൂടി നിൽക്കുന്ന മൂന്നാല് സിസ്റ്റർമാർ ചിരിക്കാൻ തുടങ്ങി…
“ആഹാ…
ഇതാപ്പോ നല്ല കൂത്…
നിന്റെ എവിടെ കുത്തണമെന്ന് ഡോക്ടർ വ്യക്തമായി പറഞ്ഞിട്ടുണ്ട്…
ഞാൻ അവിടെ തന്നെയോ കുത്തൂ…”
സിസ്റ്റർ ഒരു വട്ടം കൂടി മുകളിലേക്ക് തൂറ്റിച്ചു കൊണ്ട് പറഞ്ഞു…
“എന്നാലും എന്റെ ചന്തിക്ക് തന്നെ…
വെക്കണമെന്ന് നിർബന്ധമാണോ? സിസ്റ്റർ……”
ഞാൻ ഒരു വട്ടം കൂടേ അവരോട് ചോദിച്ചു…
“അത് നിർബന്ധമാണ്…
ഡോക്ടർ അങ്ങനെയാ ശീട്ടിൽ എഴുതിയിരിക്കുന്നത്…”
“എന്നാൽ പിന്നെ ആൺ നെയ്സ് ഇല്ലേ ഇവിടെ.. “
“ആൺ നെയ്സോ… അതെന്താ ഞങ്ങള് പറ്റൂലെ…നിന്നെ പോലെ ഉള്ളതിബയും നിന്റെ രണ്ടിരട്ടി വലിപ്പം ഉള്ളവന്മാരെയും രാവും പകലും നോക്കുന്നവരാണ് ഞങ്ങൾ…
പിന്നെ ഞങ്ങൾ അഞ്ചാറു പെണ്ണുങ്ങൾ മാത്രമേ നെയ്സായി ഇവിടെ ഉള്ളൂ…
ഇനി നിനക്ക് നിർബന്ധം ആണേൽ “..
ഞാൻ ഒരു പ്രതീക്ഷയോടെ അവരെ നോക്കി..
“നിർബന്ധമാണേൽ..?”
“നിർബന്ധമാണേലും അല്ലെങ്കിലും ഞങ്ങൾ തന്നെ കുത്തും… അതും നിന്റെ ചന്തിക്ക് തന്നെ കുത്തും…”
സിസ്റ്റർ ഒന്ന് ചൂടായി കൊണ്ട് എന്നെ തിരിച്ചു കിടത്തി കൊണ്ട് ചന്തിയിൽ സൂചി മുന കുത്തി കയറ്റാൻ തുടങ്ങി…
അതേ…
നീ വന്ന സമയം മുതൽ രണ്ടു മൂന്നു ഇൻജെക്ഷൻ ഇത് ഞങ്ങൾ എടുത്തിട്ടുണ്ട്…
അന്നേരം നിനക്ക് ബോധം ഇല്ലായിരുന്നു…
അത് കൊണ്ടെന്താ..…
ആന യെ കുത്തുന്ന സൂചി കൊണ്ട് തന്നെ ഞങ്ങൾ കുത്തി…”
“ആനയെ കുത്തുന്ന സൂചിയോ…?
ഞാൻ എന്താ സിസ്റ്ററെ മദം പൊട്ടി നിൽക്കുകയാണോ…”
” അതേലോ .. നിന്റെ നാവിനു കുറച്ചു നീളം കൂടുതലാണ്…അതിന് ആനയെ കുത്തുന്ന സൂചി തന്നെയാ നല്ലത്……
പക്ഷെ ഇപ്പൊ തോന്നി നിന്നെ കുത്തേണ്ടത് കണ്ടമൃഗത്തെ കുത്തുന്ന സൂചി കൊണ്ടാണ്… ആ ഇനിയും മൂന്നെണ്ണം കുത്തനുണ്ട്…അതും നിന്റെ ചന്തിക്ക് തന്നെ യാ..
ഇവിടെ ഉള്ള ഏറ്റവും വലിയ സൂചി എടുത്തു കുത്തിയിട്ടേ നിന്നെ ഞങ്ങൾ ഇവിടുന്ന് വിടൂ മോനേ…”
“എന്നാലും ഇത് ബല്ലാത്ത ചെയ്ത്തായി പോയി
വയറിൽ വേദന വന്നാൽ വല്ല ഗുളികയും തന്നാൽ പോരെ ഡോക്ട്ടർക്…
ഇനി ചന്തിക്ക് വേദന വന്നാൽ എന്റെ തലക്ക് ആയിരിക്കുമോ സൂചി കയറ്റുക…”
പക്ഷെ അവിടുന്ന് പോകുമ്പോയേകും ഞാൻ അവരുമായി നല്ല കമ്പിനി ആയിരുന്നു..
ഭൂമിയിലെ മാലാഖമാർ അവർ തന്നെ യാണ്..
സ്വന്തം അനിയനെ പോലെ തന്നെ അവർ അഞ്ചു പേരും ഉറക്കമൊഴിച് എന്നെ നോക്കി…അവരുടെ ഡ്യൂട്ടിയുടെ ഭാഗം ആയിരുന്നെങ്കിലും ശരി…
അവരുടെ മുഖത്തെ ചിരിയും സംസാരവുമെല്ലാം മനുഷ്യ മനസിന്റെ വേദന പകുതി ഇല്ലാതെയാക്കും..”
ബൈ
…☺️