അയാൾ
എഴുത്ത് :-രഘു കുന്നുമ്മക്കര പുതുക്കാട്
അയാളൊരു സാധാരണക്കാരനായിരുന്നു.
ഒരു ശരാശരി കുടുംബത്തിൽ പിറന്ന്, ജീവിതസാഹചര്യങ്ങളോട് അടരാടി മുന്നോട്ടു പോയതിനാലാകാം, ഏകാകിയാകുവാനായിരുന്നു ഏറെയിഷ്ടം..
അദ്ദേഹത്തിലൊരു സർഗ്ഗപ്രതിഭയുണ്ടായിരുന്നു..നിലാവിന്റെ താരള്യവും, മണ്ണിന്റെ ചൂരും, ഭാഷയുടെ ലാളിത്യവും നിറഞ്ഞ ഒത്തിരി കഥകളെഴുതി, ചില ഹൃദയങ്ങളെ കീഴടക്കി. അതിലൊരുവൾ അയാളുടെ ജീവിതപങ്കാളിയായി.
തുടക്കം ചേലുള്ളതായിരുന്നുവെങ്കിലും, പിന്നീടെപ്പോഴോ ജീവിതസപര്യയിൽ താളപ്പിഴകളാരംഭിച്ചു. ഇല്ലാത്ത പണം കൊണ്ടു കെട്ടിപ്പൊക്കിയ വീടും, അനുബന്ധ സൗകര്യങ്ങളും വലിയൊരു ബാധ്യതയിലേക്ക് അയാളെ തള്ളിവിട്ടു. കുട്ടികളുടെ പഠനവും, മറ്റുമെല്ലാം വലിയൊരു ചുമടായി തളർത്തുവാനാരംഭിച്ചു.
അയാൾ, നിശബ്ദതയേ ഏറെ പ്രണയിച്ചിരുന്നു. ഒറ്റയ്ക്കിരിക്കുന്ന നിമിഷങ്ങളാണ്, ചേലുള്ള കഥകളെ പകരം നൽകിയത്..
പക്ഷേ, ഇടക്കാലത്ത് വീടകം മുഖരിതമായി. പഴിചാരലുകളും, കുട്ടികളോടുള്ള കലിതീർക്കലുകളുമായി വീടകം പുകഞ്ഞു.
അയാൾ, അവളോടു നിശബ്ദതയേ യാചിച്ചു. അതുണ്ടായില്ല. അടുക്കളയിൽ അനാവശ്യമായി സ്റ്റീൽപാത്രങ്ങൾ കലമ്പി. കുട്ടികളോടുള്ള ശാപവചസ്സുകൾ ഇരട്ടിയായി. അയാൾ കഥകളേ മറുന്നു. പനി പിടിച്ച മനസ്സും, ചിന്തകളുമായി ഋണബാധ്യതകളോടു പൊരുതിക്കൊണ്ടിരുന്നു.
വഴക്കു കത്തിക്കയറിയ ഒരു രാവിന്നു ശേഷം, അയാൾ ഉണരാൻ വൈകി. അടുക്കളയിൽ, ലോഹപ്പാത്രങ്ങൾ അയാളെ വെറുപ്പിക്കും വിധം അവൾ ചിതറിച്ചുകൊണ്ടിരുന്നു. ശ്വാസം വിടാതെ കുട്ടികളേ ശാസിച്ചു. പതിവുപോലെ അയാളുണർന്ന് ഉമ്മറക്കോലായിലിരുന്നില്ല. അതേ കിടപ്പു തുടർന്നു.
പുലരിയിലെപ്പോഴോ വേദനയുടെ മുള്ളുകൾ ആ ഹൃദയത്തേ നിശ്ചലമാക്കിയത് അവളറിഞ്ഞിരുന്നില്ലല്ലോ.
അടുക്കളയിൽ പാത്രങ്ങളപ്പോഴും കലമ്പിക്കൊണ്ടിരുന്നു.
************

