എന്തുചെയ്യാം അവൾ അവളുടെ രീതിയിൽ മാത്രമേ കാര്യങ്ങളെ സമീപിക്കുന്നുള്ളു ,ജാതകചേർച്ചയുടെ കുഴപ്പം കൊണ്ട് വന്ന വിവാഹങ്ങൾ ഓരോന്നായി മുടങ്ങിയപ്പോൾ മുപ്പത്തിഅഞ്ചാമത്തെ…….

Story written by Latheesh Kaitheri

ഉണ്ണിയേട്ടാ,നിങ്ങള് വരുന്നുണ്ടോ? ഞാൻ എത്ര സമയം ആയി കാത്തിരിക്കുന്നു.

ഞാൻ വരാം സുമേ , ഇത്തിരികൂടെ കഴിഞ്ഞോട്ടെ

ആയിക്കോളൂ ,നിങ്ങളുടെ തിരക്കൊക്കെ കഴിഞ്ഞുവന്നാൽ മതി അപ്പോഴേക്കും അവിടുന്ന് പാർട്ടി കഴിഞ്ഞു എല്ലാവരും അവരുടെ പാട്ടിനുപോകും

ഓഫീസിൽ നാളെ മുകളിൽ നിന്നും ഇൻസ്പെക്ഷൻ ഉണ്ട് ,എല്ലാം ഇന്ന് ശരിയാക്കി വെച്ചില്ലെങ്കിൽ ചിലപ്പോൾ പണിതെറിക്കും ,,നീയൊന്നെന്നെ മനസ്സിലാക്കൂ

ഉണ്ണിക്കു മനസ്സിലായി മറുവശം ഫോൺ ഓഫാക്കി പോയി എന്ന് ,

എന്തുചെയ്യാം അവൾ അവളുടെ രീതിയിൽ മാത്രമേ കാര്യങ്ങളെ സമീപിക്കുന്നുള്ളു ,ജാതകചേർച്ചയുടെ കുഴപ്പം കൊണ്ട് വന്ന വിവാഹങ്ങൾ ഓരോന്നായി മുടങ്ങിയപ്പോൾ മുപ്പത്തിഅഞ്ചാമത്തെ വയസ്സിലാണ് എല്ലാം ഒത്തു ഇങ്ങനെ ഒരു ബന്ധം വന്നത് ,കാണാൻ അത്ര സൗന്ദര്യമൊന്നുമില്ല എങ്കിലും ആൾക്ക് ഗസറ്റഡ് ഉദ്യോഗം ഉണ്ട് ,തന്റെ സങ്കല്പ്പങ്ങളൊക്കെ മാറ്റി നിർത്തി കുടുംബക്കാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഈ വിവാഹത്തിന് തയ്യാറായത് ,,പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന തന്നോട് തന്റെ ശമ്പളത്തോടു എല്ലാം ഒരുതരം പരിഹാസം പോലെ ,,ഒന്നും കണ്ടില്ല കേട്ടില്ല എന്നൊക്കെ വെച്ച് കുറെ സഹിച്ചു ,,പക്ഷെ ചിലപ്പോഴൊക്കെ മനസ്സിനെ നിയന്ത്രിക്കാൻ പറ്റാത്തപ്പോ കാല് ശക്തിയായി ഭൂമിയിൽ ചവിട്ടി പുറത്തേക്കിറങ്ങി നടക്കും ,തന്റെ വീട്ടിൽ ഇതിനുമുൻപ് ഇങ്ങനെ ഒരു അവസ്ഥ ആയിരുന്നില്ല തന്റേതു ,എല്ലാ കാര്യങ്ങളുടെയും അവസാനവാക്ക് താനായിരുന്നു ,ഇപ്പൊ എല്ലാം മാറി എല്ലാം മോളോടുപറഞ്ഞു എന്ന് അമ്മയുംഅച്ഛനും എല്ലാം ഏട്ടത്തിഅമ്മ തന്നു എന്ന് പെങ്ങന്മാരും അപ്പൊ താനര് ,താനും ഒരാണല്ലേ ,മടുത്തു ആത്മാഭിമാനം പണയംവെച്ചുള്ള ഈ ജീവിതം എന്ത് സുഖം എന്ത് സമാധാനം.

ഒരു കുടുംബപ്രശനം ഒഴിവാക്കന്നുതാണു നല്ലതു എന്ന് കരുതി തന്നെയാണ് അപ്പോൾ തന്നെ ബസ്സിന്‌ കാത്തുനിൽക്കാതെ ഓട്ടോ പിടിച്ചു വീട്ടിലേക്കു വന്നത്

അമ്മേ സുമയെവിടെ ?

അവള് കുറച്ചുമുൻപേ അവളുടെ വണ്ടിയും എടുത്തു പോയല്ലോ

ഓ ,,പോയോ ,,സാരമില്ല പോയി വരട്ടെ

,,എന്തിനാ അമ്മെ ഇത്രയും തിരക്കുള്ള ഒരു പെണ്ണിനെ എന്റെ തലയിൽ കെട്ടിവെച്ചതു ,ഞാൻ നൂറുപ്രാവശ്യം പറഞ്ഞതല്ലേ എനിക്ക് ഈ വിവാഹം വേണ്ടെന്നു.

എന്താ മോനെ എന്താ ഉണ്ടായതു ,?

ഒന്നുമില്ലമ്മേ ,ചെറിയ തലവേദന എനിക്കൊന്നു കിടക്കണം

***************

പഴയ വാതിലുകൾ മലക്കെ തുറക്കുന്ന ശബ്ദംകേട്ടാണ് കണ്ണ് തുറന്നതു.

അവൾ വന്നു സാരി മാറ്റുകയാണ്സാ ധാരണ കാണും പോലെഅല്ല മുഖത്തിന് നല്ല പ്രസാദം ഉണ്ട്.

എന്താ എന്തുപറ്റി ,,ഈ സമയത്തുള്ള കിടത്തം പതിവില്ലാത്തതാണല്ലോ ?

എന്റെ എല്ലാ പതിവുകളും തെറ്റിയിട്ടു വര്ഷം രണ്ടു കഴിഞ്ഞില്ലേ

എന്താ ഉണ്ണിയേട്ടൻ ഇങ്ങനെ സംസാരിക്കുന്നതു ,?

പിന്നെങ്ങനെ ഞാൻ സംസാരിക്കണം ,കുറെ ആയി ഞാൻ ക്ഷമിക്കുന്നു ,നിനക്ക് എന്നെ പുച്ഛം എന്റെ ജോലിയെ പുച്ഛം എന്റെ ശമ്പളത്തെ പുച്ഛം ,എല്ലാം നീ വിചാരിച്ചപോലെ നടക്കണം ഞാൻ വെറും ഒരു ഭർത്താവു ഉദ്യോഗസ്ഥൻ ,,നിന്റെ വാക്കുകേട്ട് മാനേജരുടെ കാലുപിടിച്ചു ഓടി ഇവിടെ വന്നപ്പോൾ നിനക്ക് അല്പസമയം എന്നെ കാത്തിരിക്കാൻ പറ്റാത്ത തിരക്ക് ,എങ്ങനെ കാത്തിരിക്കും ഭർത്താവിന് എന്തെങ്കിലും വിലകല്പിച്ചുവേണ്ടേ ,,എനിക്ക് മടുത്തു സുമേ.

ഒന്നും പറയാതെ അവന്റെ അടുത്തേക്ക് നടന്നു അവൾ ,,,മേശപ്പുറത്തുവെച്ച ഹോസ്പിറ്റൽ ഡീറ്റെയിൽസ് അവനെ ഏൽപ്പിച്ചു.

എനിക്കൊരു സംശയം തോന്നിയപ്പോൾ ,അത് സത്യമാണെങ്കിൽ ആ കാര്യം ആദ്യം അറിയേണ്ടത് നിങ്ങളാവണം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു ,അതുകൊണ്ടാണ് പാർട്ടി എന്നൊക്കെ കള്ളം പറഞ്ഞു ഹോസ്പിറ്റലിൽ നിങ്ങളെയും കൂട്ടിപോകാൻ പ്ലാൻ ചെയ്തത് ,ഇവിടെ നിന്ന് പോകുന്ന സമയത്തും നിങ്ങളുടെ ഓഫീസിൽ കയറി വീണ്ടും അന്വേഷിച്ചാണ് ഞാൻ ഹോസ്പിറ്റലിലേക്ക് പോയത്. അത് വേറൊന്നും കൊണ്ടല്ല ,അഞ്ചുമണിക്ക് ശേഷം അവിടെ ഗൈനോക്കോളജിയുടെ ഡോക്ടർ ഉണ്ടാകില്ല എന്ന് അറിയുന്നത് കൊണ്ടു തന്നെയാണ് ,അല്ലാതെ നിങ്ങളെ ഞാൻ ഈ കാര്യത്തിൽ വട്ടുകളിപ്പിച്ചിട്ടില്ല എന്റെ വയറ്റിൽ നിങ്ങളുടെ ഒരു കുരുന്നു മൊട്ടിട്ടുണ്ട് എന്നറിഞ്ഞനിമിഷം നിങ്ങളെ ഒരാളെ കാണാനേ ഞാൻ ആഗ്രഹിച്ചുള്ളു. അതിനുവേണ്ടി ഓടിവരുക യായിരുന്നു ,അപ്പോഴാണ് ഉണ്ണിയേട്ടാ വാക്കുകൾ കൊണ്ട് നിങ്ങളെന്റെ മനസ്സിനെ കീറിമുറിക്കുന്നത്.

അത് സുമേ ,,ഞാൻ……

ഞാൻ എന്ത് തെറ്റാണു ചെയ്തത് ഉണ്ണിയേട്ടാ ,ഇവിടെ വന്നിട്ട് രണ്ടോമൂന്നോ പ്രാവശ്യം അമ്മയ്ക്ക് സുഖമില്ലാതായപ്പോൾ എന്റെ വീട്ടിൽ പോയി നിന്നതല്ലാതെ നിങ്ങളെ വിട്ടു ഞാൻ ഒരു ദിവസം പോലും മാറിനിന്നിട്ടുണ്ടോ ,ഇന്നിട്ടും എന്റെ സ്നേഹം നിങ്ങൾ മനസ്സിലാക്കാതെ പോയി ,ചേട്ടനെപോലും അറിയിക്കാതെ ഈ വീട്ടിലെകാര്യങ്ങളും അനിയത്തിമാരുടെ കാര്യങ്ങളും ചെയ്യുന്നത് അത് ഞാനും ചേട്ടനും ഒന്നാണ് എന്ന എന്റെ വിശ്വാസം കൊണ്ടാണ് ,ചേട്ടന്റെ ശമ്പളം ചേട്ടന്റെ പോക്കറ്റിൽ തന്നെ കിടക്കട്ടെ ഒരിക്കലും ആരുടെ മുൻപിലും നിങ്ങൾ ഒഴിഞ്ഞ പോക്കറ്റുമായി നിൽക്കരുത് എന്നത് എന്റെ ആഗ്രഹവുമായിരുന്നു ,അതു കൊണ്ടാണ് എല്ലാ കാര്യത്തിനുമുള്ള കാശു ഞാൻ തരാം ചേട്ടനോട് ചോദിക്കേണ്ട എന്ന് അമ്മയോട് പറഞ്ഞത്. അതിനിടയിൽ ഇങ്ങനെ ഒക്കെയുള്ള ഈഗോ ചേട്ടന്റെ മനസ്സിൽ വളരുന്നത് ഞാൻ അറിഞ്ഞില്ല.

സുമേ എന്നോട് ക്ഷമിക്കൂ ,കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാൻ വൈകിയ എന്റെ ഭാഗത്താണ് തെറ്റ്…

ഒരിക്കലും അല്ല ഉണ്ണിയേട്ടാ ,ഞാനും തെറ്റുകാരിയാണ് എല്ലാ കാര്യങ്ങളും ഇത്രയും കാലം കൊണ്ടുനടന്നു ഭംഗിയായി ചെയ്ത ഉണ്ണിയേട്ടനോട് ചോദിക്കാതെ ഞാൻ സ്വന്തംനിലക്ക് അത് ചെയ്തത് തെറ്റുതന്നെയായാണ് ,ഞാൻ ഉണ്ണിയേട്ടനോടുള്ള സ്നേഹത്തിന്റെ മുൻപിൽ എല്ലാം ചെയ്തപ്പോൾ ഉണ്ണിയേട്ടൻ എന്ന കുടുംബനാഥൻ പിന്നിലേക്ക് ഒതുങ്ങേണ്ടിവരുന്നത് ഞാൻ കണ്ടില്ല ,അത് എന്റെ തെറ്റ് ,,എല്ലാവരുടെ മുൻപിലും എന്റെ ഉണ്ണിയേട്ടൻ ഉയർന്നു നിന്ന് കാണുന്നത് തന്നെയാ എന്റെയും ഇഷ്ടം അതിനുവേണ്ടിത്തന്നെയാ ഞാൻ അദ്ധ്വാനിക്കുന്നതും സമ്പാദിക്കുന്നതും.

എന്തുപറയണം എന്നറിയാത്ത അവസ്ഥ ഒടുവിൽ അവളുടെ കൈ ആഞ്ഞുവലിച്ചു അവളെ ചേർത്ത് നിർത്തി അവളുടെ മൂർദ്ധാവിൽ ചുംബിച്ചു ,

മതി ഉണ്ണിയേട്ടാ ,,ഇനിനിങ്ങളുടെ കുസൃതികൾക്കൊക്കെ കുറേ നാളത്തേക്ക് മാറ്റിനിർത്തിക്കോ….. എല്ലാം ഒരാള് കാണുന്നുണ്ട്.

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയം അനുവദിച്ചാൽ ഒരു വാക്കോ വരിയോ എനിക്കുവേണ്ടി കുറിക്കുക ❤️✍️

Related Posts

Leave a Reply

Your email address will not be published. Required fields are marked *