അന്നയാൾ എന്നെ പിടിച്ചു തള്ളി വരാന്തിലെ അങ്ങേ തലയ്ക്ക് നടന്നു മറഞ്ഞു. പിന്നീട് ഒരിക്കലും അയാളെ സ്ക്കൂളിൽ കണ്ടിരുന്നില്ല…ആരോടും ചോദിക്കാനും…….

എഴുത്ത് :- മനു തൃശ്ശൂർ

ചൂരൽ വലിച്ചെടുത്തു അടിക്കാൻ ട്രൗസ്സർ പൊക്കിയപ്പോൾ ..

സച്ചിയുടെ തുടയിൽ അടി കൊണ്ട് തിണർത്ത ചോ ര പാടുകൾ കണ്ടു ഹരിത അവൻ്റെ മുഖത്തേക്ക് നോക്കി ..

മെല്ലെ ട്രൗസ്സറിലെ പിടി വിട്ടു ചൂരൽ മേശപ്പുറത്തേക്ക് തന്നെ വച്ചപ്പോൾ ക്ലാസ്സിലുള്ള കുട്ടികളുടെ കണ്ണുകൾ ഒക്കെ അവളിൽ ആയിരുന്നു..

“” ഇന്നലെ എഴുതിയ നോട്ട് ഒക്കെ എടുത്തു പഠിക്കു ഞാൻ തിരിച്ചു വന്ന ശേഷം എല്ലാവരോടും ചോദ്യം ചോദിക്കും…..

മെല്ലെ ഹരിത അവൻ്റെ കൈയ്യിൽ പിടിച്ചു ക്ലാസിനു പുറത്തേക്ക് ഇറങ്ങി..

” ഇതെങ്ങനെയാ സച്ചി തുടയിൽ അടി കൊണ്ട പാടുകൾ വന്നത് .??

“അച്ഛൻ അടിച്ചതാ ടീച്ചറെ..!!

ഒരു നിമിഷ നേരം ഹരിത അവൻ്റെ മുഖത്തേക്ക് നോക്കി…

അടി കൊണ്ടതിന്റെ യാതൊരു സങ്കടവും ഭാവമാറ്റവും അവനില്ലായിരുന്നു…

“എന്തിനാ അച്ഛനിങ്ങനെ തല്ലിയെ എപ്പോഴും ഇങ്ങനെ ആണോ ??

“അല്ല ടീച്ചറെ അച്ഛനെപ്പോഴും എന്നോട് സ്നേഹമാ പക്ഷേ ആദ്യമായിട്ടാ അച്ഛനെന്നെ തല്ലിലെ !!

“എന്തിന്..??

“ടീച്ചറുടെ ക്ലാസിൽ നന്നായി പഠിക്കാത്തതിൻ്റെ പേരിൽ അച്ഛനെന്നെ ഒരുപാട് തല്ലി..

അതിനു നീ നന്നായി പഠിക്കുന്നുണ്ടല്ലോ.. ഇന്ന് മാത്രമല്ലേ ഹോം വർക്ക് ചെയ്യാതെ വന്നുള്ളു… അതിന്റെ കാരണം എന്താണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി…

പിന്നെ… നാളെ അച്ഛനെ കൂട്ടി നീ ക്ലാസിൽ വന്ന മതി…!!

“അവൻ ഒരു നിമിഷം ഹരിതയുടെ കണ്ണിലേക്ക് നോക്കി പതിയെ ചിരിച്ചു..

“അച്ഛൻ വരില്ല ടീച്ചർ….

അതെന്താ??..

“അച്ഛന് ടീച്ചറെ അറിയാം…

അന്ന് എന്റെ ക്ലാസ് ഫോട്ടോ നോക്കിട്ട് അച്ഛൻ ചോദിച്ചിരുന്നു ഈ ടീച്ചറാണോ നിൻ്റെ ക്ലാസ് ടീച്ചറെന്ന്..!!

ഞാൻ അതെന്ന് പറഞ്ഞപ്പോൾ. !! എനിക്ക് അറിയാന്ന് പറഞ്ഞു.ആ ഫോട്ടയും പിടിച്ചു അച്ഛനന്ന് കുറെ നോക്കുന്നു കണ്ടു…

പിന്നെയും ഇടയ്ക്കിടെ അച്ഛൻ മുറിയിൽ വന്നു ആ ഫോട്ടോ നോക്കി നിൽക്കുന്നത് ഞാൻ കാണാറുണ്ട്….

ഇന്നലെ അച്ഛൻ അടിച്ച വേദനയിൽ കിടക്കുമ്പോൾ അച്ഛൻ വന്നു കെട്ടിപ്പിടിച്ചു പറഞ്ഞു.

” സ്നേഹം കൊണ്ട് തല്ലിയതാട സച്ചീന്ന്…

“അച്ഛൻ്റെ പേരെന്ത..??

” രവിചന്ദ്രൻ..!!

”ഹരിതയുടെ ഹൃദയമൊന്നു പിടഞ്ഞു കണ്ണുനീറി നീര് പൊടിഞ്ഞിട്ടെന്നോണം കൺപീലികൾ പലവട്ടം ചിമ്മിയണഞ്ഞു…

“സച്ചി ക്ലാസ്സിലേക്ക് കയറിക്കോന്ന് പറഞ്ഞ് !!

ഓർമ്മകൾക്കപ്പുറം.എന്നോണം ഹരിത വരാന്തയിൽ അങ്ങനെ നിന്നു..

വിയർപ്പുണങ്ങിയ ഇരുണ്ട മുഖവുമായി….

കവലയിലെ സൈക്കിൾ കടയിൽ കറങ്ങി കൊണ്ട് ഇരുന്ന വീലുകൾക്ക് ഇടയിലൂടെ അവന്റെ മിഴികൾക്കു എന്നിലേക്ക് നീളുമ്പോൾ ആ നിമിഷം വല്ലാത്ത തിളക്കമായിരുന്നു..

ഹൃദയത്തെ കൊളുത്തി വലിക്കുന്ന എന്തോ ഒരു ആകർഷണം ആ നോട്ടത്തിൽ ഉണ്ടായിരുന്നുവെങ്കിലും.. അതെല്ലാം അവഗണിച്ച് തിരിച്ചുള്ള എന്റെ നോട്ടത്തിൽ ഒരു പുച്ഛം കലർത്തിയിരുന്നു.

” ഒരു ദിവസം സ്കൂൾ വരാന്തയിൽ തടഞ്ഞു വച്ച് അയാൾ വാശിയോടെ ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോൾ.. അതേ വാശിയിൽ ഇഷ്ടമല്ലെന്ന് തറപ്പിച്ച് പറഞ്ഞതും..

അന്നയാൾ എന്നെ പിടിച്ചു തള്ളി വരാന്തിലെ അങ്ങേ തലയ്ക്ക് നടന്നു മറഞ്ഞു. പിന്നീട് ഒരിക്കലും അയാളെ സ്ക്കൂളിൽ കണ്ടിരുന്നില്ല…ആരോടും ചോദിക്കാനും പോയില്ല…

പിന്നീട് പ്ലസ്ടുവിനു പഠിക്കുമ്പോൾ ആയിരുന്നു കവലയിലെ സൈക്കിൾ കടയിൽ പഞ്ചറ് ഒട്ടിക്കാൻ ചെന്നപ്പോൾ അയാളെ വീണ്ടും കാണുന്നത്…

ദേഷ്യവും സങ്കടവും കൊണ്ട് കണ്ണു കലങ്ങിയൊരു ഒരു നോട്ടം തന്റെ നേർക്കു നീണ്ടപ്പോൾ..വെറുപ്പോടെ അകന്നു നിന്നു…

പിന്നിട് ഒരിക്കലും പരസ്പരം കാണാൻ ഇടവന്നിട്ടില്ല.. ഹരിത വീണ്ടും ക്ലാസ്സ് റൂമിലേക്ക് കയറി..

അന്ന് വൈകുന്നേരം രവിചന്ദ്രൻ കയറി വരുമ്പോൾ സച്ചി ഉമ്മറത്തെ തിണ്ണയിൽ ഇരുന്നു പഠിക്കുന്നു കണ്ടു..

“എന്താടാ ഇന്ന് പുറത്തിരുന്നു ഒരു പഠിപ്പ്..??

”ഞാൻ അച്ഛനെ നോക്കി ഇരുന്നത …!!

”എന്തിന് വല്ല കാശിൻ്റെ ഇടപാടും നടത്താൻ ഉണ്ടോ.??..

“അതല്ല നാളെ അച്ഛനോട് സ്ക്കൂളിൽ വരാൻ എൻ്റെ ടീച്ചർ പറഞ്ഞു ..

“” എന്തിന്.. രവിയുടെ സ്വരത്തിൽ ആകാംഷ നിറഞ്ഞു.ഹൃദയം ശക്തമായി മിടിച്ചു..

“അറിയില്ലാ അച്ഛനില്ലാതെ സ്ക്കൂളിൽ വരണ്ടന്നും ക്ലാസിൽ കയറ്റില്ലെന്നും ടീച്ചർ പറഞ്ഞു ..

“നിൻ്റെ അമ്മയോട് പറ അവൾ വരും എനിക്ക് നാളെ ഷോപ്പ് തുറക്കാൻ ഉള്ള..

അമ്മ പറഞ്ഞു അച്ഛനെ കൂട്ടിപോയാൽ മതിയെന്ന് അമ്മയ്ക്ക് നാളെ തയ്യൽ ഉള്ളതാ അച്ഛൻ്റെ കട സ്കൂളിന് അടുത്തല്ലെന്ന് പറഞ്ഞു..

“ഞാനൊന്നും വരില്ല ടീച്ചറോട് പറഞ്ഞേക്ക് നാളെ കടയിൽ കുറച്ചു സാധനങ്ങൾ ഇറക്കാൻ ഉണ്ട്…

അങ്ങനെ പറഞ്ഞാൽ ഞാൻ നാളെ സ്കൂളിൽ പോകണ്ടായോ.. അച്ഛൻ ഇല്ലാതെ സ്കൂളിൽ ചെന്നാൽ എനിക്ക് ക്ലാസിൽ കയറാൻ പറ്റില്ല..

അൽപനേരം ആലോചിച്ചു നിന്നിട്ട്. അയാൾ പറഞ്ഞു.. എന്തായലും നാളെ നീ സ്ക്കൂളിലേക്ക് പൊയിക്കോ..!!

അതും പറഞ്ഞു രവി അകത്തേക്ക് കയറി പോവുമ്പോൾ സച്ചി നിരാശയോടെ അവിടെ നിന്നു..

അന്ന് രാത്രി സങ്കടപ്പെട്ടു ഉറങ്ങിയ സച്ചിയെ തലോടി കൊണ്ട് രവി മുറിയിൽ അങ്ങനെ ഇരുന്നു പതിയെ എഴുന്നേറ്റു അവൻ്റെ ക്ലാസ് ഫോട്ടോയിലേക്ക് നോക്കുമ്പോൾ അയാളുടെ കാതുകളിൽ വാക്കുകൾ മെല്ലെ അലയടിച്ചു കൊണ്ടിരുന്നു..

“എനിക്ക് ഇഷ്ടമല്ല.. എന്നെ ഇനി ശല്ല്യം ചെയ്യരുത് ..എൻ്റെ മുന്നിൽ നിൽക്കരുത് എനിക്ക് തന്നെ കാണുന്നത് തന്നെ ഇഷ്ടമല്ല…

അടുത്ത നിമിഷം ചെറു ചിരിയോടെ രവി ആ ഫോട്ടയിൽ വിരലോടിച്ചു മെല്ലെ പുറത്തേക്ക് ഇറങ്ങി…

ഹരിത കുട്ടികൾക്ക് ക്ലാസ് എടുക്കുമ്പോഴാ പുറത്തെ കാൽപ്പെരുമാറ്റം അറിഞ്ഞത്.

മെല്ലെ അവൾ ക്ലാസ് മുറിയുടെ വാതിൽക്കൽ ചെന്ന് പുറത്തേക്ക് നോക്കിയപ്പോൾ മുഖം തിരിഞ്ഞു നിൽക്കുന്ന ആളെ കണ്ടു..ഒരൽപ്പം മടിച്ചു നിന്ന് പതിയെ ചോദിച്ചു .

“ആരാ..സച്ചിയുടെ അച്ഛൻ ആണോ..?

രവിചന്ദ്രൻ പതിയെ തിരിഞ്ഞു നിന്ന് ഹരിതയുടെ കണ്ണുകളിലേക്ക് നോക്കി..

“അതെ എന്തിന് വരാൻ പറഞ്ഞു അവനെന്തെങ്കിലും പ്രശ്നം..?

“ഇല്ല അവനൊരു പ്രശ്നം ഇല്ല ഹരിതയുടെ മുഖത്ത് ദേഷ്യം ഒരു നിമിഷം ഇരമ്പി കയറി..

“പ്രശ്നം അവൻ്റെ അച്ഛനായ നിങ്ങൾക്കാണ് കുട്ടികളെ ഇങ്ങനെ തല്ലുന്നത് ശരിയല്ല എന്തിനായിരുന്നു തല്ലിയത്..

“അവൻ പഠനത്തിൽ മോശം ആയത് കൊണ്ട് ..!!

“അത് നിങ്ങൾ പറഞ്ഞാൽ മതിയോ..??

എൻ്റെ ക്ലാസിൽ ഒരുവിധം നന്നായി പഠിക്കുന്ന കുട്ടിയാണ് അവൻ !! പഠിത്തത്തിൽ മോശമാണെന്ന് അവൻ്റെ ക്ലാസ് ടീച്ചർറായ എനിക്ക് തോന്നിയിട്ടില്ല…

” ഇനി ഇത് ആവർത്തിക്കരുത്…

ഹരിതയുടെ മുഖഭാവം പതിയെ മാറി ചുണ്ടുകൾ വിതുമ്പിയപ്പോൾ അവളത് കടിച്ചു പിടിച്ചു ചുമരിനോട് ചാരി നിന്നു.

” സോറി രവി.. ഞാൻ എന്തൊക്കെയോ പറഞ്ഞു …

” അതെ ..അന്നും… രവി ഹരിതയുടെ വാക്കുകൾക്ക് ഇടയിൽ കയറി പറഞ്ഞു..

“ഉം .. അവളൊന്നു മൂളി…

ഒരു സങ്കടം ഉള്ളിൽ ഉയർന്ന് പൊങ്ങുന്നതറിഞ്ഞു… അത് പുറത്ത് കാട്ടാതെ.. ഇടറിയ സ്വരത്തിൽ പതിയെ ചോദിച്ചു ..

”രവിക്ക് ഇപ്പോഴും എന്നോട് ദേഷ്യം ഉണ്ടോ..!!

“ഇല്ല…വീണ്ടും കണ്ടതിലും സംസാരിക്കാൻ കഴിഞ്ഞതിലും സന്തോഷം..!!

പിന്നെയും എന്തൊക്കെ പറയാൻ കൊതിച്ചു പരസ്പരം മുഖത്തേക്ക് നോക്കി ഒരു നിമിഷം നിന്നു പിന്നെ ഒന്നും പറയാതെ രവി തിരിഞ്ഞു നടക്കുമ്പോൾ ഹരിത അയാളെ നോക്കികൊണ്ട് അവിടെ തന്നെ നിന്നു..

ഒരൽപ്പം നടന്നു രവി തിരിഞ്ഞു നോക്കുമ്പോൾ തൻ്റെ നോട്ടം ഏറ്റിട്ടാവണം ഹരിത മുഖം തിരിച്ചു ക്ലാസ്സിലേക്ക് കയറി നടന്നു തുടങ്ങിയിരുന്നു…

ദിവസങ്ങൾക്ക് ശേഷം സച്ചിയുടെ പരീക്ഷ പേപ്പർ നോക്കുമ്പോൾ രവി ചോദിച്ചു..

“ഏതാട നിൻ്റെ ഹരിത ടീച്ചറുടെ വിഷയം.??

“ഇംഗ്ലീഷ് ആണ് അച്ഛാ…!!

“ഓഹ് അതിൽ നീ ഫുൾ മാർക്ക് വാങ്ങിയിട്ടുണ്ടല്ലോ..??

“പിന്നല്ലെ എൻ്റെ ടീച്ചർക്ക് എന്നെ ഭയങ്കര ഇഷ്ടമാ .. എന്നോട് ടീച്ചർ പറഞ്ഞു ഞാൻ ടീച്ചറുടെ മകനെ പോലെയാണെന്ന്..!!

രവി അവനെ അടർത്തി മാറ്റി എഴുന്നേറ്റു ഇരുന്നു…കണ്ണിൽ ഓർമ്മകളുടെ വെളിച്ചം വീശി..

പണ്ട് യൂ പി സ്ക്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കെ മൂത്ര പുരയിലേക്ക് പോവുന്ന സമയം അറിയാതെ തൻെറ കാലു തട്ടി അവൾ ചെളിവെള്ളത്തിൽ വീണത്…അന്ന് തൊട്ടു അവൾക്ക് എന്നോട് ദേഷ്യം ആയിരുന്നു..

അച്ഛാ…. അച്ഛാ എന്ത ആലോചിക്കണ് ഞാൻ ഒരു കാര്യം പറയട്ടെ ടീച്ചർ പറഞ്ഞത..

ഉം. .പറ… രവി ഓർമ്മയിൽ നിന്നും ഉണർന്നു ഒന്നു മൂളി…

“ടീച്ചർ പറഞ്ഞു അച്ഛൻ ശരിക്കും ഗുണ്ടയായിരുന്നു എന്ന്.. സത്യമാണോ അച്ഛാ…

“നിനക്ക് എന്ത തോന്നുന്നെ…??

“എൻ്റെ അച്ഛൻ ഒരു ഉണ്ടയാണെന്ന്…!!

അതും പറഞ്ഞു അവൻ ഉറക്കെ പൊട്ടി ചിരിച്ചു..

“പോടാ . അച്ഛൻ ശരിക്കും ഒരു ഗുണ്ടയാ .!! പണ്ട് ഞാനൊരാളെ കൊ ല്ലാൻ വേണ്ടി മനസ്സ് ഉറപ്പ് തരുന്ന ദിവസം കാത്ത്.

ശക്തമായി കറക്കുന്ന സൈക്കിളിൻ്റെ വീലുകൾക്ക് ഇടയിലൂടെ ഞാനവളെ നോക്കി ഇരിക്കും..

എന്നിട്ട്…??

‘അങ്ങനെ നോക്കി നോക്കി ഇരുന്നു അച്ഛനാക്കാര്യം മറന്നു പിന്നീട് അച്ഛൻ വലുതായപ്പോൾ ഒക്കെ ഇടയ്ക്കിടെ ആ ഓർമ്മകൾ അച്ഛനെ വേദനിപ്പിക്കും..

“എന്തിന് അച്ഛാ..??

“ഏറെ ഇഷ്ടമുള്ളത് നഷ്ടമാവുന്നത് വലിയ വേദനയാടാ !!

Related Posts

Leave a Reply

Your email address will not be published. Required fields are marked *