എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ
അച്ഛന്റെ വിലാസം തപ്പിത്തരാമെന്ന് നല്ലവനായ ഒരു പോലീസുകാരൻ എന്നോട് പറഞ്ഞു. അതുംകേട്ട് പുറത്തുണ്ടായിരുന്ന ബെഞ്ചിൽ, ഓർമ്മകളുടെ കാലുകളെ നിലം തൊടാതെ ആട്ടിക്കൊണ്ട് ഞാൻ ഇരിക്കുകയാണ്…
അന്ന്, അമ്മയുടെ രഹസ്യബന്ധം അച്ഛൻ അറിഞ്ഞ നാളായിരുന്നു. വഴക്കിട്ട് പോകുമ്പോൾ തന്റെ മോനെ താൻ കൊണ്ടുപോകുമെന്ന് അച്ഛൻ പറഞ്ഞു. അമ്മ സമ്മതിച്ചില്ല. ഈ നശിച്ച വീട്ടിലേക്ക് ഇനിയൊരിക്കലും വരില്ലെന്ന് പറഞ്ഞുകൊണ്ടാണ് അച്ഛൻ ഇറങ്ങിപ്പോയത്.
എല്ലാം കണ്ടും കേട്ടും കതകിൽ ചാരി നിൽക്കുന്ന എന്റെ മുന്നിൽ, അച്ഛൻ പോയ സമാധാനത്തിൽ മൂക്ക് പിഴിയുന്ന അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ…..
നാളുകൾക്കുള്ളിൽ അമ്മയാകെ മാറി. തന്തയ്ക്ക് വേണ്ടാത്ത നിന്നെ എനിക്കും വേണ്ടെന്ന് വരെ അമ്മ പറഞ്ഞു. അത്രത്തോളം സ്നേഹം അമ്മയ്ക്ക് എന്നോട് ഉണ്ടായിരുന്നത് കൊണ്ടാണ് അച്ഛന്റെ കൂടെ വിടാതിരുന്നത് എന്നായിരുന്നു ഞാൻ കരുതിയത്. ആ തലക്കിട്ട് വൈകാതെ എനിക്ക് തന്നെ കൊട്ടേണ്ടി വന്നു.
ചുരുട്ടിയ വിരലുകളുടെ കൊട്ട് കനത്തിലായത് കൊണ്ടാണോ… പ്രായം പതിമൂന്ന് ആയത് കൊണ്ടാണോയെന്ന് അറിയില്ല… ഞാൻ കരഞ്ഞു. അച്ഛനെ ജയിക്കണമെന്നേ അമ്മയ്ക്ക് ഉണ്ടായിരുന്നുള്ളൂ…
എന്നെ വേണ്ടായെന്ന് പറഞ്ഞ ആ രാത്രിയിൽ തന്നെ ഞാൻ അമ്മയെ വിട്ടുപോയി. അച്ഛനെ കാണണമെന്നേ ആഗ്രഹത്തിന്റെ നെഞ്ചിലുള്ളൂ… എവിടെ പോകുമെന്നോ, ആരോട് ചോദിക്കുമെന്നോ, നിശ്ചയമില്ലാതെ ഞാൻ ഇറങ്ങി നടക്കുകയായിരുന്നു.
ഒരു പതിമൂന്നുകാരന്റെ അന്തമില്ലാത്ത ആ യാത്ര ചെന്ന് നിന്നത് വേഗം കുറഞ്ഞയൊരു ലോറിയുടെ മുമ്പിലായിരുന്നു. കൈ നീട്ടിയപ്പോൾ അത് നിന്നു. അകത്തുണ്ടായിരുന്ന മറ്റൊരു കയ്യിൽ പിടിച്ച് ഞാൻ കയറി. കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ ആ കൈകൾ എന്നെ വിട്ടില്ല…
ലോറിത്താവളത്തിൽ നിന്ന് എന്റെ കൗമാരം വീണ്ടും ജീവിച്ച് തുടങ്ങി. ആരുടേയും നിയന്ത്രണങ്ങളിൽ ഞാൻ പെട്ടില്ല. മiദ്യപിച്ചും, പുiകച്ചും, പ്യാiൻപiരാഗ് തുiപ്പിയും ഞാൻ എന്നെ ആഘോഷിപ്പിച്ചു. ഇടയിൽ പലരുമെന്നെ ലൈംiഗീകമായി ഉപയോഗിച്ചിരുന്നു. വളർച്ചയിൽ മറ്റുപലരെ ഞാനും ഉiപയോഗിച്ചു. കിട്ടാവുന്ന ലiഹരികളെയെല്ലാം മനസ്സിന്റെ വേദന സംഹാരികളാക്കി യൗവ്വനം അർമ്മാദിക്കുക യായിരുന്നു…
ആയിടക്കാണ് നാടുമായി ബന്ധമുള്ള ഒരു ലോറിയുടെ കിളിയെ ഞാൻ പരിചയപ്പെടുന്നത്. സംസാരിച്ചപ്പോൾ പലതും എനിക്ക് അറിയാൻ സാധിച്ചു. പ്രതീക്ഷിച്ചത് പോലെ അമ്മ മറ്റൊരാളുടെ കൂടെ സുഖമായി ജീവിക്കുന്നു. ഞാൻ പോയത് അറിഞ്ഞപ്പോൾ അച്ഛൻ ചില ബഹളങ്ങൾ ഉണ്ടാക്കിയെത്രെ… കേസും കൊടുത്തൂവെന്ന് ആ കിളി ബീiഡി പുiകച്ചുകൊണ്ട് ചിലച്ചു..
മറ്റ് സംഭവവികാസങ്ങളൊന്നും എന്നെ ബാധിക്കുന്നത് അല്ലാത്തത് കൊണ്ട് വെറുതേ കേട്ടിരുന്നു…
അന്നുരാത്രിയിൽ ഞാൻ തീരേ ഉറങ്ങിയില്ല.. അച്ഛനെ തേടി അലഞ്ഞ ആ പതിമൂന്നുകാരൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. എന്നെ പോലെ അച്ഛനും വീടുണ്ടായിരുന്നില്ല. മറ്റൊരു ബന്ധങ്ങളും ഇല്ല. കല്ല്യാണം കഴിഞ്ഞതിൽ പിന്നെ അമ്മയുടെ വീട് ഒന്നുകൂടി പുതുക്കി പണിയുക മാത്രമാണ് ചെയ്തിരുന്നത്…
ഓർമ്മകൾ വല്ലാതെ അസ്വസ്ഥമാക്കിയപ്പോൾ അച്ഛൻ എവിടെയാണെന്ന് വീണ്ടും അന്വേഷിക്കാൻ എനിക്കൊരു തോന്നലുണ്ടായി. അങ്ങനെയാണ് കുട്ടിയെ കാണുന്നില്ലായെന്ന് അച്ഛൻ കേസ് കൊടുത്ത നാട്ടിലെ പോലീസ് സ്റ്റേഷനിലേക്ക് ഞാൻ ചെല്ലുന്നത്..
‘ദാ, ഇതാണ്… നമ്പർ നിലവിലില്ല… ഒന്ന് അന്വേഷിച്ച് നോക്കൂ….’
കാലുകളുടെ ആട്ടം നിർത്തി നല്ലവനായ ആ പോലീസുകാരൻ തന്ന വിലാസവുമായി ഞാൻ പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ അച്ഛനെ കാണാൻ കഴിഞ്ഞില്ലെങ്കിലും ഉണ്ടാകാൻ സാധ്യതയുള്ള ഇടം കണ്ടെത്താൻ എനിക്ക് സാധിച്ചു. അങ്ങോട്ടേക്ക് യാത്ര തിരിക്കുമ്പോൾ വഴികാട്ടിയായി അച്ഛന്റെയൊരു സുഹൃത്തും കൂടെ ഉണ്ടായിരുന്നു…
അന്നേ നാൾ വൈകുന്നേരമൊക്കെ ആകുമ്പോഴേക്കും ഞങ്ങൾ ബസ് ഇറങ്ങി. ഓട്ടോ പിടിച്ച് ഇത്തിരി ദൂരത്തേക്ക് പോയി. അതിൽ നിന്നും ഇറങ്ങി ഒത്തിരി ദൂരം റബ്ബർ തോട്ടത്തിലൂടെ നടന്നു.
‘ദോണ്ടെ… നിന്റെ അച്ഛൻ ആടെയിണ്ടാകും….’
ചിരണ്ടി വെച്ച് പാട്ട തൂക്കിയിട്ട മരങ്ങൾക്കിടയിലൂടെ ഒരു ഷെഡിലേക്ക് ചൂണ്ടിക്കൊണ്ട് കൂടെ വന്ന അച്ഛന്റെ സുഹൃത്ത് പറഞ്ഞതാണ്. എന്റെ ശ്വാസം കൂടുതൽ കിതച്ചു..
അടുത്തേക്ക് എത്തിയപ്പോൾ ശേഖരിക്കുന്ന പാലെല്ലാം കൊണ്ടുവന്ന് ഷീറ്റ് അടിക്കുന്ന ഇടമാണ് അതെന്ന് എനിക്ക് മനസ്സിലായി. അതിനകത്ത് നിന്ന് പുറത്തേക്ക് വന്ന ആൾ തന്നെയാണ് എന്റെ അച്ഛനെന്ന് ബോധ്യമായപ്പോൾ ഞാൻ ഉറക്കെ കൂവുകയായിരുന്നു….
കാര്യം അറിയാതെ മിഴിച്ച അച്ഛന്റെ കണ്ണുകൾക്ക് സൂക്ഷിച്ച് നോക്കാൻ പാകം എന്റെ മുഖം കാട്ടികൊടുത്തു. ആ മിഴികൾ പതിയേ വിടരുന്നത് ഞാൻ കാണുകയാണ്. മുഖം അടുപ്പിക്കുന്തോറും മറ്റൊന്നുമില്ല… അച്ഛന്റെ കണ്ണുകളിൽ ഞാൻ മാത്രം തെളിയുന്നൂ..
മോനേയെന്ന് വിളിച്ച് എന്റെ മാiറിലേക്ക് വീണപ്പോൾ, വേദനകളുടെ വരമ്പുപൊട്ടി അച്ഛൻ വിങ്ങി. ഇനിയൊരിക്കലും നിന്നെ കാണാൻ സാധിക്കില്ലെന്ന് കരുതിയതാണെന്ന് പറഞ്ഞ് ആ മനുഷ്യൻ കരഞ്ഞു. പിന്നീട്, എന്റെ തല മുഴുവൻ അമർത്തി തലോടിയിട്ട് ചിരിച്ചു…
‘ആരോടൊന്നും പറയാതെ അന്ന് നീയെങ്ങോട്ടാ പോയേ…? ഇത്രേം കാലം നീ ഏടയായിരുന്നു….?’
ഞാൻ ഒന്നും മിണ്ടിയില്ല. അച്ഛനെ അന്വേഷിച്ച് തോറ്റുപോയ ഒരു പതിമൂന്നുകാരന്റെ കഥ എനിക്ക് പറയാൻ തോന്നിയില്ല.
എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ, മകനെ പിരിഞ്ഞ കാലമോർത്ത് ഒരു മനുഷ്യൻ ചങ്കുപൊട്ടി കരയുകയാണ്. അതിന്റെ നീട്ടം കൂട്ടാൻ എന്നോണം ലiഹരിയുടെ ലോറിത്താവളത്തിൽ വളരേണ്ടി വന്നവനെ പരിചയപ്പെടുത്താൻ എനിക്ക് തോന്നിയില്ല… അത്ര തന്നെ….!!!