എഴുത്ത്:- ശ്രീജിത്ത് ഇരവിൽ
എന്റെ പേര് രമേശൻ എന്നാണ്. എത്ര ശ്രമിച്ചിട്ടും എനിക്ക് സതീശൻ ആകാൻ സാധിച്ചില്ല. അവനെ പോലെ പഠിക്കാനോ ജോലി സമ്പാദിക്കാനോ പെണ്ണ് കേട്ടാനോ കഴിഞ്ഞില്ല. എല്ലായിടത്തും എന്നെ തൊട്ടത് വമ്പൻ പരാജയങ്ങൾ മാത്രം…
എനിക്ക് ഏറ്റവും ഇഷ്ട്ടം നാടൻ പാട്ടുകൾ പാടുകയെന്നതായിരുന്നു. ചിലതൊക്കെ കേട്ട് പഠിച്ച് പാടും. മറ്റുചിലത് ഞാൻ സ്വന്തമായി ഉണ്ടാക്കി പാടും. ഞാൻ ഉണ്ടാക്കിയ വരികൾക്ക് കൈയ്യടിക്കാൻ സ്കൂളിലെ മിക്ക കുട്ടികളും ഉണ്ടാകാറുണ്ട്.
‘ചേറിൽ മുളക്കുന്ന ചോറാന്നേ…
ചോരയിൽ അച്ഛന്റെ നീരുണ്ടേ..
മാനത്ത് മിനുങ്ങുകൾ പാറുന്നേ…
അതുകണ്ട് ഞാനിന്ന് പാടുന്നുണ്ടേ…!’
ഒരിക്കലൊരു വാർഷിക പരിപാടിയിൽ എല്ലവരും കേൾക്കെ ഞാൻ പാടിയതാണ്. പാടിക്കഴിഞ്ഞ് സ്റ്റേജിന്റെ പിന്നാമ്പുറത്തേക്ക് പോയപ്പോൾ എന്നെ കാണാനായി ഉഷയും കൂട്ടുകാരികളും വന്നിരുന്നു. എനിക്ക് സന്തോഷമായി.
‘എത്ര നന്നായാ നീ പാടിയേ.. ഞാൻ വിചാരിച്ചിറ്റ.. നീ ഇത്രേം പാടുന്ന്…’
ഉഷ അങ്ങനെ പറഞ്ഞപ്പോൾ എനിക്കുണ്ടായ കുളിര് എത്ര പുതച്ചാലും മാറില്ലായിരുന്നു. പലരും എന്നെയന്ന് അഭിനന്ദിച്ചെങ്കിലും സഹപാഠിയായ ഉഷയുടെ ശബ്ദം അന്നുരാത്രിയിൽ മുഴുവൻ വീണ്ടും വീണ്ടും ഞാൻ ഓർത്തെടുത്തു. എങ്ങനെയാണ് ആ പ്രായത്തിൽ അത്തരം വരികൾ കിട്ടിയതെന്ന് സത്യമായിട്ടും എനിക്ക് അറിയില്ല.
മരിക്കുന്ന കാലം വരെ താൻ പണിക്കുപോകുന്ന പാടത്തേക്ക് അച്ഛൻ എന്നെ കൊണ്ടുപോകാറുണ്ട്. ആദ്യമായി നാടൻ പാട്ടുകൾ കേൾക്കുന്നതും അവിടെ നിന്നാണ്. കൂടെ ഞാൻ പാടുന്നത് അച്ഛന് ഇഷ്ട്ടമായിരുന്നു. ആ അച്ഛൻ നഷ്ടപ്പെട്ടപ്പോൾ കഥയറിയാത്ത പ്രായത്തിലും എന്റെ ഹൃദയം നൊന്തു. നാളുകളോളം ഓർത്തോർത്ത് കാറിക്കരഞ്ഞു…
മാസങ്ങൾക്കുള്ളിൽ അമ്മ എന്നേയും വിളിച്ച് തന്റെ വീട്ടിലേക്ക് പോയി. അവിടെ അമ്മാവന്റെ പട്ടാളചിട്ടയിൽ ആർക്കും രുചിക്കാൻ പറ്റാത്തവിധം ഞാൻ കരിഞ്ഞുപോയത് അമ്മ പോലും അറിഞ്ഞില്ല. അത് ഓർക്കുമ്പോൾ ചെറുതല്ലാത്തൊരു വിഷമം എന്നെ പിടികൂടും. അമ്മ ഏറെ മാറിയിരിക്കുന്നു…
ചിലപ്പോഴൊക്കെ അച്ഛൻ ഉണ്ടായിരുന്നുവെങ്കിൽ നന്നാകുമായിരുന്നുവെന്ന് ഞാൻ ഓർക്കാറുണ്ട്. ആ നേരം സങ്കടം നിറയും. നിറയുന്നത് സങ്കടമാണെങ്കിൽ എങ്ങനെയാണ് എനിക്ക് കരയാതിരിക്കാൻ സാധിക്കുക..? കരച്ചില് വന്ന് കണ്ണുകളിൽ മുട്ടുമ്പോഴാണ് എനിക്ക് ഒച്ചത്തിൽ പാടാൻ തോന്നുക. ആ നേരം സങ്കടങ്ങൾ വരികളായി എന്നിൽ താനേ പെയ്യും. അങ്ങനെ പെയ്ത വരികളായിരുന്നു അച്ഛൻ ഉൾപ്പെട്ട ആ പാട്ട്..
‘നീ പാട്ടുണ്ടാക്കി പാടി നടന്നോ…! ഓന്റെയെല്ലാം കുi ണ്ടി കഴുകാനുള്ള യോഗ്യതയില്ല നിനക്ക്….’
അന്ന് പത്തിൽ തോറ്റുപോയപ്പോൾ ഉയർന്ന വിജയം കരസ്ഥമാക്കിയ അയലത്തെ സതീശനെ കോർത്ത് അമ്മാവൻ പറഞ്ഞതാണ്. ജീവന്റെ അസ്ഥിയിലാണ് ആ വാക്കുകൾ കൊണ്ടത്. ജീവിതത്തിൽ ഞാൻ ആദ്യമായി വൃi ണപ്പെട്ടു. അവനെ പോലെ പഠിക്കാതിരുന്നതിൽ അമ്മയും എന്നെ വഴക്കുപറഞ്ഞു. വൃണം വാശിയായി. സതീശനെക്കാളും പഠിക്കാൻ ഞാൻ തീരുമാനിച്ചു. പക്ഷേ, തീരുമാനങ്ങളൊന്നും നടക്കില്ലല്ലോ.. മൂന്നുവട്ടം ശ്രമിച്ചിട്ടും ഞാൻ പത്തിൽ പിന്നേയും പിന്നേയും തോറ്റുകൊണ്ടേയിരുന്നു.
സതീശൻ പ്രീഡിഗ്രിയും കഴിഞ്ഞ് മറ്റ് എവിടെയോ പഠിക്കാൻ പോയി. ആൺ പിള്ളാരൊക്കെ അങ്ങനെയാണെന്ന് പറഞ്ഞുകൊണ്ട് അമ്മാവൻ അപ്പോഴും എന്നെ ചുറ്റിവളഞ്ഞ് കുറ്റപ്പെടുത്തി. താൻ പെറ്റവൻ പ ഴെന്ന വിധം അമ്മയുടെ മുഖവും മുറിഞ്ഞു.
‘പഠിക്കാനോ ആകുന്നില്ല… എന്തെങ്കിലും പണിയെടുത്ത് നാല് കാശെങ്കിലും ഉണ്ടാക്കിക്കൂടെ നിനക്ക്…’
ഒരിക്കൽ നാടക സംഘത്തിൽ ചേരാൻ മനസ്സിനെ പാകപ്പെടുത്തുന്ന ഏതോയൊരു നാളിൽ അമ്മ പറഞ്ഞു. അങ്ങനെയാണ് അസ്ക്കർ കോയയുടെ ചെങ്കൽ പണയിലേക്ക് കല്ലുകൾ വെട്ടാനും ചെത്താനും പോകുന്നത്. വല്ലപ്പോഴും മൂളിക്കൊണ്ടിരുന്ന എന്റെ നാടൻ പാട്ടുകളെല്ലാം അവിടുത്തെ വിയർപ്പിൽ ഞാൻ മറന്നുപോയി.
ജീവിതം വീണ്ടുമെന്നെ സതീശനുമായി താരതമ്മ്യപ്പെടുത്തിയിരുന്നു. അവന് ഉയർന്ന വരുമാനത്തിൽ ജോലി കിട്ടിയപ്പോൾ, വീട് പുതുക്കി പണിഞ്ഞപ്പോൾ, വിവാഹം കഴിച്ചപ്പോൾ, കുട്ടികൾ ഉണ്ടായപ്പോൾ..
‘ഓന്റെപ്പരം പഠിച്ചതല്ലേ നീ.. ഓനേട കിടക്കുന്നു.. നീയെട കിടക്കുന്നു..?’
എല്ലാ ഘട്ടത്തിലും കുടുംബം എന്നെ കുറ്റപ്പെടുത്തി. ഒരു കല്ലായി മാറിയിരുന്നുവെങ്കിൽ എത്ര നന്നാകുമായിരുന്നു ജീവിതമെന്ന് അപ്പോഴൊക്കെ ഞാൻ വെറുതേ ആഗ്രഹിക്കും. പഠിപ്പും പണവും ഇല്ലാത്ത എന്നോട് എനിക്ക് തന്നെ പതിയേ വെറുപ്പ് തോന്നി തുടങ്ങി. ആ കാലയളവിലാണ് വളരേ യാദൃശ്ചികമായി ഉഷയെ ഞാൻ വീണ്ടും കാണുന്നത്…
‘രമേശാ…”
കൂട്ടുകാരോടൊപ്പം കലുങ്കിൽ ഇരിക്കുമ്പോൾ കാറ് നിർത്തിയാണ് ഉഷ എന്നെ വിളിച്ചത്. അവൾ താഴ്ത്തിയ കണ്ണാടിയുടെ അടുത്തേക്ക് ഞാൻ ചെന്നു. അകത്ത് അവളുടെ ഭർത്താവും രണ്ട് കുട്ടികളുമുണ്ട്. എന്നിരുന്നാലും വർഷങ്ങൾക്ക് ശേഷം തമ്മിൽ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തയൊരു സന്തോഷം തോന്നിയെനിക്ക്. എന്റെ മുഖത്ത് നിന്ന് അവൾക്കത് കൃത്യമായി വായിച്ചെടുക്കാൻ സാധിക്കുമായിരിക്കും.
വിശേഷങ്ങളൊക്കെ പറഞ്ഞ് പോകാൻ നേരം നീയിപ്പോൾ പാടാറൊന്നുമില്ലേയെന്ന് ഉഷ ചോദിച്ചു. സത്യം പറഞ്ഞാൽ ആ ചോദ്യത്തിലാണ് ഞാൻ പാടുമായിരുന്നുവല്ലേയെന്ന് ഓർത്തുപോയത്. ശരിയാണ്…! പാടുമായിരുന്നു. എന്റെ നാടൻ പാട്ടുകൾക്ക് അവൾ അടക്കമുള്ള പലരും കൈ തട്ടിയതുമാണ്. ആ കാലത്തിലെ ഈണം മുഴുവൻ എന്റെ തൊണ്ടയിൽ കുടുങ്ങി നിന്നു.. ആ വേളയിൽ ഉഷയുടെ വാഹനം ചലിക്കുകയായിരുന്നു.
വീണ്ടും കലുങ്കിൽ വന്ന് ഇരുന്നപ്പോഴേക്കും സന്ധ്യയിൽ ഇരുട്ട് വീണു. കൂട്ടുകാർ ഓരോന്നായി വീടുപിടിച്ചു. എനിക്ക് പോകാൻ തോന്നിയില്ല. എന്തിനെന്നില്ലാതെ കാലുകൾ വിറപ്പിച്ച് ഞാൻ അവിടെ തന്നെയിരുന്നു.
യഥാർത്ഥത്തിൽ അമ്മാവന്റെയും അമ്മയുടെയും വാക്കുകൾ കേട്ട് സതീശൻ ആകാൻ ഇറങ്ങിപ്പുറപ്പെട്ട മണ്ടൻ രമേശനാണ് ഞാൻ. അതെനിക്കിപ്പോൾ കൃത്യമായി മനസ്സിലാകുന്നു. കാലമുരുണ്ടപ്പോൾ ഞാൻ വെറുമൊരു കല്ലുവെട്ടുകാരൻ മാത്രമായി ചുരുങ്ങിയതിൽ അതിശയമില്ല. ആ ചുരുക്കത്തിൽ എത്ര വലിച്ചുനീട്ടിയാലും ജീവിതം നീളില്ലായെന്ന് ഇപ്പോൾ തിരിച്ചറിയുന്നു.
തന്നിലേക്ക് നോക്കാതെ മറ്റൊരാളാകാൻ ശ്രമിച്ച് പാഴാക്കി കളഞ്ഞ കാലമോർത്ത് എനിക്ക് കുറ്റബോധം തോന്നി… ലജ്ജ തോന്നി… അച്ഛൻ ഉണ്ടായിരുന്നുവെങ്കിലെന്ന് വെറുതേ തോന്നി. അങ്ങനെയൊക്കെ തോന്നിയപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു. സങ്കടം കവിഞ്ഞാൽ ഞാൻ പാടുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ…
‘ചേറിൽ മുളക്കുന്ന ചോറാന്നേ…
ചോരയിൽ അച്ഛന്റെ നീരുണ്ടേ..
മാനത്ത് മിനുങ്ങുകൾ പാറുന്നേ…
അതുകണ്ട് ഞാനിന്ന് പാടുന്നുണ്ടേ…!

