എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ
മിനുസമായ തറയിലൂടെ മേശ വലിക്കുന്നത് പോലെ അച്ഛന്റെ അന്ത്യശ്വാസം വ്യക്തമായി കേട്ടു. കണ്ണുകൾ മലർത്തി തൊണ്ട ഏങ്ങിനിൽക്കുന്നതിന് തൊട്ടുമുമ്പും സുധാകരനെന്ന് അച്ഛൻ പറഞ്ഞിരുന്നു.
‘ആരാണ് സുധാകരൻ…!?’
അച്ഛനെ തൊടിയിൽ ഉറക്കി കിടത്തിയ രാത്രിയിൽ പെങ്ങൾ അമ്മയോട് ചോദിച്ചു. ആശുപത്രിയിൽ നിന്നും ഇതേ പേര് തന്നെയാണ് അച്ഛൻ ശബ്ദിച്ചതെന്ന് അളിയനും പറഞ്ഞു. അതുകേട്ടപ്പോൾ അച്ഛൻ കുളിമുറിയിൽ വീണ നാൾ വെറുതേ ഞാൻ ഓർത്തുപോയി…
അന്ന്, ശബ്ദം ഓടിച്ചെല്ലുമ്പോൾ അച്ഛൻ നെറ്റി പൊട്ടി തറയിൽ കിടക്കുന്നു. ബക്കറ്റും കവിഞ്ഞ് പൈപ്പിൽ നിന്ന് വെള്ളം ഒഴുകുന്നുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വാരിയെടുക്കുമ്പോൾ അച്ഛൻ എന്നെ സുധാകരായെന്നാണ് വിളിച്ചത്…
പ്രായത്തിന്റെ എല്ലാ അസ്‌ക്യതകളും അച്ഛന് ഉണ്ടായിരുന്നു. കുളിമുറിയിൽ വീണതിൽ പിന്നെ അച്ഛൻ മര്യാദയ്ക്കൊന്ന് നടന്നിട്ടുണ്ടായിരുന്നില്ല. പ്രധാനപ്പെട്ട ചില കാര്യങ്ങളൊന്നും ചെയ്തുതീർക്കാതെ താൻ മരിക്കാറായെന്ന് മനസിലാക്കുന്ന ഒരു മനുഷ്യന്റെ എല്ലാ നിസ്സഹായതകളും അച്ഛന് പിന്നീട് ഉണ്ടായിരുന്നു. പലപ്പോഴുമായി സുധാകരനെന്ന പേര് ഉറക്കത്തിൽ അച്ഛൻ പറയുന്നത് ഇടം വലം തിരിയാതെ കൂട്ട് നിന്ന അമ്മയും കേട്ടിട്ടുണ്ട്.
‘ആരാണമ്മേ സുധാകരൻ…?’
പെങ്ങൾ വീണ്ടും ചോദിച്ചു. എന്നോട് പറഞ്ഞത് പോലെ തന്നെ, തനിക്ക് അറിയാൻ മേലായെന്ന മറുപടിയിൽ അമ്മ മൂക്ക് പിഴിഞ്ഞു. എന്നിട്ട് ഇരുന്നിരുന്ന കട്ടിലിൽ ചെരിഞ്ഞ് കിടന്നു. എന്തെങ്കിലും കഴിച്ചിട്ട് കിടക്കെന്ന് അളിയൻ പറഞ്ഞപ്പോൾ അമ്മ കണ്ണുകൾ അടച്ചു. ഞാൻ വിളിച്ചിട്ടും അമ്മ എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല..
പിശുക്കൻ ആയിരുന്നുവെങ്കിലും ആയ കാലത്തോളം അച്ഛൻ ഞങ്ങൾക്ക് യാതൊരു കുറവും വരുത്തിയിട്ടില്ല. ഇത്രേം കാലം ജോലി ചെയ്ത സമ്പാദ്യം എവിടെയെന്ന അമ്മയുടെ ചോദ്യങ്ങൾക്കൊന്നും അച്ഛൻ മറുപടി കൊടുക്കാറില്ല. പെൻഷൻ കിട്ടുമ്പോഴെല്ലാം എന്തെങ്കിലും അമ്മയുടെ കയ്യിൽ കൊടുത്തിട്ട് ബാക്കിയെല്ലാം അച്ഛൻ സൂക്ഷിച്ച് വെക്കും. അതുമായി ഇടക്ക് എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകും. അവസാനം അത്തരത്തിൽ പോയത് അഞ്ചുവർഷം മുമ്പാണെന്ന് തോന്നുന്നു…
അച്ഛന്റെ മരണം തീർത്തും അപ്രതീക്ഷിതമല്ലാത്തത് കൊണ്ട് നാളുകൾക്കുള്ളിൽ തന്നെ ഞങ്ങളുടെ ജീവിതം പഴയ രീതികളിലേക്ക് മാറി. അളിയനും പെങ്ങളും പോയപ്പോൾ ഞാൻ എന്റെ ബാറ്ററിക്കട വീണ്ടും തുറന്നു. അമ്മ മാത്രം ഇടക്കൊക്കെ മാറ്റിവെച്ച അച്ഛന്റെ ചാരുകസേരയിൽ വെറുതേയിരിക്കും.
‘എന്റെ കണ്ണടയും മുമ്പെങ്കിലും നിന്റെ കല്ല്യാണം നടക്കോ..!?’
ഒരിക്കൽ അമ്മ എന്നോട് ചോദിച്ചതാണ്. കേൾക്കാൻ താൽപ്പര്യമില്ലാത്ത വിഷയമെന്ന പോലെ ഞാൻ തല ആട്ടിക്കൊണ്ടൊരു മൂളിപ്പാട്ട് പാടി. അതൊന്നും നീ മറന്നില്ലേയെന്ന് അമ്മ ചോദിച്ചു. എപ്പോഴേയെന്ന അർത്ഥത്തിൽ ഞാൻ ചിരിച്ചു. മനസ്സ് മനസ്സിനെ കബളിപ്പിക്കുമ്പോൾ ഉണ്ടാകുന്ന താളം തെറ്റലുകൾ തലയിൽ അപ്പോഴും ഞാൻ അറിയുന്നുണ്ടായിരുന്നു…
റെയിൽവേ ഉദ്യോഗസ്ഥനായ അച്ഛൻ പൂനയിൽ ജോലി ചെയ്യുന്ന കാലത്ത് വിവാഹം വരെ എത്തി മുടങ്ങിപ്പോയ ഒരു പ്രണയം എനിക്ക് ഉണ്ടായിരുന്നു. ആ പെണ്ണിന്റെ കെട്ട് കഴിഞ്ഞ് വർഷങ്ങളായി. അവൾക്ക് ഇപ്പോൾ സ്കൂളിൽ പഠിക്കുന്ന കുഞ്ഞുങ്ങൾ വരെയുണ്ട്. അന്ന്, സ്കൂട്ടറിന്റെ ബാറ്ററി ചാർജ് ചെയ്യാൻ ഭർത്താവും കുഞ്ഞുങ്ങളുമായി അവൾ കടയിലേക്ക് വന്നിരുന്നു. അറിയാതെ കയറിയത് ആയിരിക്കണം… കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കാൻ ഞങ്ങൾ ഏറെ പ്രയാസപ്പെട്ടിരുന്നു…
കുട്ടിക്കാലം തൊട്ടേ ബാറ്ററികളോട് എനിക്ക് പ്രത്യേകമായൊരു ഇഷ്ടം ഉണ്ടായിരുന്നു. അച്ഛന്റെ വെള്ളി നിറത്തിലുള്ള ടോർച്ചിന്റെ പിന്നാമ്പുറം തുറന്നാൽ വലിയ രണ്ട് ബാറ്ററി കിട്ടും. അതിൽ ചെമ്പ് ഘടിപ്പിച്ച് ഗുളിക പോലെയുള്ള എത്രയോ ബൾബുകളെ ഞാൻ കത്തിച്ചിട്ടുണ്ട്. എന്റെ ഇടപെടൽ കൊണ്ട് പ്രകാശം മിന്നുന്നത് കാണുമ്പോൾ ഒരു പ്രത്യേകതരം അനുഭൂതിയാണ്. ആ നേരങ്ങളിൽ മിനുങ്ങുകളെ നോക്കുന്നത് പോലെ കണ്ണുകൾ വിടർന്ന് പോകും…
ലോകത്തിനോടുണ്ടായ കൗതുകമൊക്കെ ഒരു പെണ്ണ് വന്ന് കളഞ്ഞു. പെൻസിൽ എഴുത്തുകളെ റബ്ബർ കൊണ്ട് ആവർത്തിച്ച് മായിക്കുമ്പോൾ കീറിപ്പോയ കടലാസ് പോലെയാണ് അവൾ ഇറങ്ങിയ പോയ എന്റെ ഉള്ള്. അതുകൊണ്ട് തന്നെ ആകെയുള്ള അമ്മയെ സന്തോഷിപ്പിക്കാൻ പറ്റുന്നില്ല. അവ്യക്തമായ ചിന്തകളെ സമ്മാനിച്ച് അച്ഛനും പോയി. സ്വരുക്കൂട്ടിയതെല്ലാം നഷ്ട്ടപ്പെട്ട് പോയിട്ടും ജീവിക്കേണ്ടി വരുന്ന അവസ്ഥ വിവരണങ്ങൾക്കും അപ്പുറമാണ്…
പണ്ട്, തോറ്റുപോയ പത്താം ക്ലാസ്സിലെ സയൻസ് മാഷ് പഠിപ്പിച്ച കാര്യം എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. സംഭരിച്ചുവെച്ച രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റാൻ കഴിവുള്ള സെല്ലുകളെയാണ് ബാറ്ററികൾ എന്നു വിളിക്കുന്നത്. അങ്ങനെയെങ്കിൽ ഞാനും ഒരു ബാറ്ററിയാണ്. സംഭരിച്ച ഊർജ്ജമെല്ലാം നഷ്ട്ടപ്പെട്ട് വീർത്തുപൊങ്ങി പൊട്ടാറായ ഒരു പാഴ് ബാറ്ററി…
‘നിന്റെ അച്ഛനൊരു കത്ത് ഉണ്ടല്ലോടാ…’
പോസ്റ്റുമാൻ ഗോപാലേട്ടൻ നിരത്തിൽ സൈക്കിള് നിർത്തിയിട്ട് എന്നോട് പറഞ്ഞു. കൈയ്യിൽ പുരണ്ട ബാറ്ററിയുടെ മെഴുക് തുടച്ചുമാറ്റി ഞാൻ കടയിൽ നിന്ന് പുറത്തേക്കിറങ്ങി. മരിച്ചുപോയ ആൾക്ക് വന്ന കത്തായത് കൊണ്ട് ആരോടും അനുവാദം ചോദിക്കാതെ ഞാനത് പൊട്ടിച്ച് വായിക്കുകയായിരുന്നു.
‘ ശേഖരേട്ടാ…
സുധാകരന് നിങ്ങളെ കാണണമെന്ന് പറയുന്നു…. ‘
ആ വാചകത്തിൽ അച്ഛന്റെ പേരിന്റെ കൂടെ സുധാകരൻ എന്നുകൂടി കണ്ടപ്പോൾ കടയിലെ തറയിൽ ഞാൻ ഇരുന്നു. പൂനയിൽ നിന്നാണ് കത്ത് വന്നിരിക്കുന്നത്. അയച്ചതൊരു മണികണ്ഠൻ.. കുറച്ചുനാൾ മുമ്പുവരെ ആരാണെന്ന് ചിന്തിച്ച മനുഷ്യൻ വീണ്ടും ജീവിതത്തിൽ തെളിയുന്നു. ഞങ്ങൾ ആരും അറിയാതെ അച്ഛന് വേറെ കുടുംബമുണ്ടോയെന്ന് വരെ ഞാൻ ചിന്തിച്ചുപോയി. അല്ലെങ്കിൽ, ആർക്കും പിടിത്തം കൊടുക്കാതെ സുധാകരനെ എന്തിന് ഒളിപ്പിക്കണം…!
അമ്മയോട് കത്തിനെ കുറിച്ച് ഞാൻ യാതൊന്നും സൂചിപ്പിച്ചില്ല. ഒരു ദൂരയാത്ര ഉണ്ടെന്ന് മാത്രം പറഞ്ഞു. കത്ത് അയച്ച ആളുടെ വിലാസം കുറിച്ച് വെച്ച് അന്ന് തന്നെ ഞാൻ പൂനയിലേക്കുള്ള തീവണ്ടി കയറി. സുധാകാരൻ ആരായിരിക്കുമെന്ന് ആ രണ്ട് നാളുകളിലും പരമാവധി ഞാൻ ചിന്തിച്ചിരുന്നു. എന്നിട്ടും എന്റെ ബോധത്തിൽ ആ ചോദ്യം തല തിരിഞ്ഞ് തന്നെ നിന്നു.
വിലാസത്തിൽ എത്തിയപ്പോൾ ഹിന്ദി അറിയാത്ത ഞാൻ മലയാളത്തിൽ മണികണ്ഠനെ തിരഞ്ഞു. ഏറെയൊന്നും അലയേണ്ടി വന്നില്ല. ആ പ്രദേശത്തെ മിക്കവരും ബഹുമാനിക്കുന്ന ഒരു മന്ദിരത്തേക്ക് ഒരാൾ കൈചൂണ്ടി. ഞാൻ അങ്ങോട്ടേക്ക് നടന്നു. ഒരു മധ്യവയസ്കൻ വന്ന് താനാണ് മണികണ്ഠനെന്ന് പറഞ്ഞു.
‘ആരാണ് സുധാകരൻ…?’
ഞാൻ ചോദിച്ചു. അച്ഛനെ പകർത്തി വെച്ച രൂപമായത് കൊണ്ടായിരിക്കണം, മണികണ്ഠൻ എന്നെ പെട്ടെന്ന് കണ്ടുപിടിച്ചു. ശേഖരേട്ടന്റെ മോനാണല്ലേയെന്നും പറഞ്ഞ് അയാൾ എന്നെ കെട്ടിപിടിക്കുകയും, മന്ദിരത്തിലുള്ള ഓഫീസിലേക്ക് ആനയിക്കുകയും ചെയ്തു.
സുധാകരൻ ശേഖരേട്ടന്റെ മോനാണെന്ന് മണികണ്ഠൻ പറഞ്ഞപ്പോൾ ഞാൻ ഇരുന്ന ഇടത്ത് നിന്ന് നിന്നുപോയി.
‘സുധാകരൻ മാത്രമല്ല.. ഇവിടെയുള്ള കുഞ്ഞുങ്ങളെല്ലാം ശേഖരേട്ടന്റെ മക്കളാണ്….’
എനിക്ക് വിശ്വസിക്കാൻ ആയില്ല. ബോർഡൊക്കെ ഹിന്ദിയിൽ എഴുതിയത് കൊണ്ട് ഏത് മന്ദിരത്തിലേക്കാണ് ഞാൻ വന്ന് കയറിയതെന്ന് പോലും അറിയില്ലായിരുന്നു. ഇതൊരു ബാലമന്ദിരമാണെന്നും പൂനയിൽ ജോലി ചെയ്യുന്ന കാലത്ത് വരുമാനത്തിന്റെ പാതിയും മന്ദിരത്തിന്റെ നടത്തിപ്പിന് വേണ്ടി മാറ്റിവെച്ച ആളാണ് ശേഖരേട്ടനെന്നും മണികണ്ഠൻ പറഞ്ഞു.
അഞ്ചുവർഷം മുമ്പാണ് പോലും അച്ഛൻ ഈ മന്ദിരത്തിലേക്ക് അവസാനമായി വന്നത്. അന്ന്, എട്ടുവയസ്സ് തികയാത്ത ഒരു കുട്ടിയുണ്ടായിരുന്നു പോലും കൂടെ.. ട്രെയിനിൽ തറ തുടച്ച് യാത്രക്കാരോട് കൈനീട്ടുന്ന അവനെ കണ്ടപ്പോൾ കൂടെ കൂട്ടിയതാണത്രേ..
‘ശേഖരേട്ടന് അവനോട് ഒരു പ്രത്യേക വാത്സല്യമായിരുന്നു.. അവന്റെ പേരാണ് സുധാകരൻ…’
മണികണ്ഠൻ പറഞ്ഞ് അവസാനിപ്പിച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് ശബ്ദം ഉണ്ടായിരുന്നില്ല. എപ്പോഴൊക്കെയോ പിശുക്കനെന്ന് വിളിച്ച് പിറകിൽ നിർത്തിയ അച്ഛന് ഇങ്ങനെയൊരു രഹസ്യ ജീവിതം ഉണ്ടാകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. മരവിച്ചെന്ന് തോന്നുന്ന എന്നെപ്പോലെയുള്ള മനുഷ്യരോട് ഇതുവഴി ജീവിച്ച് നോക്കിനെടായെന്ന് പറയുന്ന അച്ഛന്റെ ശബ്ദം മന്ദിരത്തിൽ നിന്ന് മുഴങ്ങുന്നത് പോലെ എനിക്ക് തോന്നി…
അവിടുത്തെ കുട്ടികളുടെ അടുത്തേക്ക് ഞാൻ നടന്നു. വൈകാതെ, പ്രകാശം മിന്നുന്നത് കാണുമ്പോൾ മിനുങ്ങുകളെ നോക്കുന്നത് പോലെ എന്റെ കണ്ണുകൾ വിടർന്നു. കൂട്ടത്തിൽ നിന്നും ഒരുവനെ ചൂണ്ടി അതാണ് സുധാകരൻ എന്ന് മണികണ്ഠൻ പറയുകയായിരുന്നു.
സുധാകരൻ ഞങ്ങളുടെ അടുത്തേക്ക് വരുകയാണ്. ഒരുകാലിന് വളർച്ച കുറുവുള്ള അവന്റെ നടത്തം പന്തികേടായിരുന്നു. ആ ചലനത്തിൽ അവൻ വീഴുമെന്ന് തോന്നിയപ്പോൾ ഞാൻ ധൃതിയിൽ നടന്ന് അവനൊരു താങ്ങായി നിന്നു.
‘എന്താണ് നിന്റെ പേര്…!’
മരണത്തിന്റെ തുമ്പിൽ എത്തിയപ്പോഴും അച്ഛൻ ഉരുവിട്ട ആ പേര് അവന്റെ നാക്കിൽ നിന്ന് തന്നെ എനിക്ക് കേൾക്കണമായിരുന്നു.. മണികണ്ഠനേയും എന്നേയും മാറി മാറി നോക്കി അവനത് ശബ്ദിച്ചു.
‘സുധാകരൻ…!!!’