തന്റേടി...
എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ
” എടി.. ഒരുമ്മ തന്നിട്ട് പോടീ…. “
” പ്ഫാ… നിന്റെ മറ്റവളോട് പോയി ചോദിക്കടാ നാiറി…. “
ഞാൻ ചോദിച്ചു കഴിയും മുന്നേ ഗൗരിയുടെ വായിൽ നിന്നത് വീണതും എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല…
” മറ്റവളോട് തന്നെയല്ലേ ചോദിച്ചത്…. “
ഞാൻ ചിരിച്ചു കൊണ്ട് പറയുമ്പോൾ, അവളുടെ ഉണ്ട കണ്ണുകൾ ഒന്നൂടെ വീർപ്പിച്ചു കാണിച്ചു കൊണ്ട് തിരിഞ്ഞു നോക്കാതെ വേഗത്തിൽ നടന്നു….
” നിനക്ക് അവളുടെ വായിൽ ഇരിക്കുന്നത് കേൾക്കാതെ ഉറക്കം വരില്ല അല്ലേ മഹി…. “
അന്തി ചന്തയിലെ മീൻ കച്ചവടവും കഴിഞ്ഞ്, തലയിൽ ചരുവവും, കയ്യിൽ പൈസയും ചുരുട്ടി പിടിച്ച് നടന്ന് വരുന്ന കമലേട്ടത്തി ചിരിച്ചു കൊണ്ട് ചോദിക്കുമ്പോൾ, എന്റെ മുഖത്തും ജാള്യത നിറഞ്ഞ ചിരി വിരിഞ്ഞു…
” ഇതൊക്കെയല്ലേ ചേട്ടത്തി ഒരു സന്തോഷം, തനിച്ചിരിക്കുമ്പോൾ കൂട്ട് ഈ ഓർമ്മകളൊക്കെയല്ലേ… “
അത് പറഞ്ഞു ഞാൻ വീട്ടിലേക്ക് നടക്കുമ്പോൾ കമലേട്ടത്തിയുടെ മുഖത്ത് സഹതാപത്തിന്റെ പുഞ്ചിരി പടർന്നു….
ഉമ്മറത്തെ അര ഭിത്തിയിൽ ഇരുന്നാൽ കാണാം, പഴയ ഓടിന് മുകളിൽ വല്യ നീല ടാർപ്പ വലിച്ചു കെട്ടിയിരിക്കുന്ന ഗൗരിയുടെ വീട്….
ഇടയ്ക്ക് മിന്നായം പോലെ അടുക്കളയിലും, മുറ്റത്തും നിൽക്കുന്ന ഗൗരിയെ കാണാമെന്നുള്ളത് കൊണ്ട് ഇരുപ്പ് എപ്പോഴും അര ഭിത്തിയിലാണ്, ആദ്യമൊക്കെ വഴക്ക് പറഞ്ഞും കളിയാക്കിയുമിരുന്ന അമ്മയിപ്പോൾ ഒന്നും പറയാതെ ഇരിക്കുന്നത് എന്നോടുള്ള സഹതാപം കൊണ്ടാണോ, സ്നേഹം കൊണ്ടാണോയെന്ന് ഇപ്പോഴും അറിയില്ല…
അവൾക്ക് എന്നോട് ഇഷ്ടം ഉണ്ടെന്നോ, അവളെന്നെ നോക്കാറുണ്ടോയെന്നൊന്നും എനിക്കറിയില്ല, എന്നാലും എന്നെ കാണിക്കാനാണ് പലപ്പോഴും മുറ്റത്തും, അടുക്കളയിലും നിന്ന് തിരിയുന്നതെന്ന് തോന്നാറുണ്ട്….
അവളെങ്ങനെയാണ് ആർക്കും പിടികൊടുക്കാതെ, ആർക്കും മനസ്സിലാകാത്ത പെണ്ണ്, നാട്ടുകാരുടെയൊക്കെ തന്റേടി…..
ക്യാൻസർ പിടിച്ച അമ്മയെ ഉപേക്ഷിച്ചച്ഛൻ പോയപ്പോൾ മുതലാണ് അവൾ മാറി തുടങ്ങിയത്, അമ്മയെയും കൊണ്ട് ആശുപത്രിയിലും, വീട്ടിലുമായി ഓടുമ്പോൾ അവളെ സാഹചര്യമൊരു തന്റേടിയാക്കി മാറ്റുകയായിരുന്നു….
എന്റെയച്ഛനും അവളുടെ അച്ഛനും ഉറ്റ സുഹൃത്തുക്കളായിരുന്നത് കൊണ്ടാകാം അവളുടെ അച്ഛൻ പോയതിൽ പിന്നേ എന്റെ വീട്ടുകാരെ ശത്രുക്കളെ പോലെ കണ്ടത്, അച്ഛൻ മരിച്ചത് അറിഞ്ഞിട്ട് പോലും തിരിഞ്ഞ് നോക്കാതെ ഇരുന്നത് ആദ്യം സങ്കടപ്പെടുത്തിയെങ്കിലും അച്ഛൻ ഇല്ലാതായപ്പോൾ മനസ്സിലായി അവനവൻ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളാണ് മനുഷ്യനെ പലപ്പോഴും മാറ്റുന്നതെന്ന്….
പതിവുപോലെ ഗൗരിയുടെ വീട്ടിലെ വെട്ടം അണഞ്ഞപ്പോഴാണ് കിടക്കാൻ കയറിയത്, ഉറക്കത്തിലെപ്പോഴോ അമ്മ തട്ടി വിളിച്ചപ്പോഴാണ് എഴുന്നേറ്റത്…
” ഗൗരിയുടെ അമ്മയ്ക്ക് തീരെ വയ്യെന്ന് നീയൊന്ന് എഴുന്നേറ്റെ… “
അമ്മ പറഞ്ഞത് കേട്ട് ചാടി എഴുന്നേറ്റ് പുറത്തേക് നടക്കുമ്പോൾ പുറത്തെ മഴയിൽ നനഞ്ഞു കുളിച്ച് നിൽക്കുന്ന ഗൗരി ദയനീയമായി എന്നെ നോക്കുന്നുണ്ടായിരുന്നു…
” അമ്മ റഷീദിനെ വിളിച്ച് വണ്ടിയുമായി വരാൻ പറ… “
അത് പറഞ്ഞു ഞാൻ മുറ്റത്തേക്ക് ഇറങ്ങുമ്പോൾ കുടയിലേക്ക് ഗൗരിയെയും പിടിച്ചു കയറ്റി, യന്ത്രികമെന്നോളമാണ് അവൾ എന്റെ കൂടെ നടന്നത്…
മുറിയിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന അമ്മയെ നോക്കി നിൽക്കാൻ ശക്തി ഇല്ലാതെ പുറത്തെ ഭിത്തിയിൽ ചാരി നിന്ന് ഗൗരി കരയുമ്പോൾ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലായിരുന്നു….
റഷീദിന്റെ വണ്ടിയിലേക്ക് അമ്മയെ എടുത്ത് കയറ്റുമ്പോൾ എന്നിലേക്കും ഗൗരിയിലേക്കും ആ കണ്ണുകൾ മാറി മാറി ചലിക്കുന്നുണ്ടായിരുന്നു….
ഐ സി യു വിന്റെ പുറത്തെ കസേരയിൽ അവൾക്കരികിലായി ഞാനും ഇരുന്നു, ഇടയ്ക്ക് എപ്പോഴോ ഉറങ്ങി എന്റെ തോളിലേക്ക് തല ചായ്ച്ചു ഇരുന്നവളോട് എന്ത് സംഭവിച്ചാലും ഞാൻ കൂടെയുണ്ടാകുമെന്നു മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു…
നേരം പുലരുമ്പോഴേക്കും ഗൗരിയെ ലോകത്ത് തനിച്ചാക്കി അവളുടെ അമ്മയും പോയി കഴിഞ്ഞിരുന്നു, തളർന്ന് പോകുന്നവളെ താങ്ങി പിടിച്ചത് അമ്മായിയിരുന്നു….
ഇടയ്ക്ക് ഉച്ചത്തിൽ കരഞ്ഞും, ഇടയ്ക്ക് കണ്ണ് ചുമ്മാതെ ഉമ്മറത്ത് വെള്ള തുണിയിൽ പൊതിഞ്ഞു കിടത്തിയിരിക്കുന്ന അമ്മയെ നോക്കിയും അവൾ കിടന്നത് എന്റെ അമ്മയുടെ മടിയിൽ ആയിരുന്നു….
അവസാനം ആ തന്റേടി തന്നെയാണ് അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തിയത്….
” നമുക്ക് അവളെ ഇവിടേക്ക് കൂട്ടികൊണ്ട് വന്നാലോ അമ്മേ…. “
തനിച്ചവളെ ആ വീട്ടിലാക്കാൻ എന്തോ ഭയം മനസ്സിൽ ഉടലെടുത്തപ്പോഴാണ് ഞാൻ അമ്മയോട് പറഞ്ഞത്…
” അവൾ വരില്ല മോനെ…. നി കുറച്ചു കൂടി കാത്തിരിക്ക്,… ചിലപ്പോൾ….. “
അത് പറഞ്ഞമ്മ നടന്നു പോകുമ്പോൾ ഞാൻ കണ്ടു അടുക്കളയിൽ നിന്ന് ആരോടെന്നില്ലാതെ എന്തൊക്കെയോ പിറുപിറുക്കുന്ന ഗൗരിയെ….
” ഗൗരി…. “
അടുക്കളവശത്തു ചെന്ന് ഞാൻ വിളിക്കുമ്പോൾ അവൾ എന്നെയൊന്നു നോക്കി മറ്റെന്തോ ജോലികൾ ചെയ്തു കൊണ്ടിരുന്നു….
” ഗൗരി… നി വീട്ടിലേക്ക് വാ…. നി എന്നെ സ്നേഹിക്കുകയോ… കല്യാണം കഴിക്കുകയോയൊന്നും വേണ്ട…. നി ഇങ്ങനെ തനിച്ചു നിൽക്കുമ്പോ എന്തോ ഭയം പോലെ….”
ഞാനത് പറയുമ്പോൾ കയ്യിൽ ഇരുന്ന സ്റ്റീൽ പാത്രം അവൾ വാഷ് ബെയിസനിലേക്ക് ഇട്ടു , ആ ശബ്ദം കെട്ട് വാതിലിന്റെ പുറത്ത് ഇരുന്ന പൂച്ച എന്നെയും കടന്ന് ഓടിപ്പോയി…
” നിങ്ങൾക്ക് എന്തിനാ ഭയം, ഞാൻ ആത്മഹiത്യ ചെയ്യുമെന്നാണോ, അതോ ഇവിടെ നിന്ന് വട്ട് പിടിക്കുമെന്നോ, അതോ ഇനി ആരേലും എന്നെ എന്തെയും ചെയ്യുമോയെന്നോ… പറ എന്താണ് നിങ്ങൾക്ക് ഭയം….. “
അവളുടെ ചോദ്യങ്ങളെയോ, നോട്ടത്തെയോ നേരിടാൻ കഴിയാതെ ഞാൻ തലകുമ്പിട്ട് നിന്നു….
” ഞാൻ എങ്ങോട്ടും വരുന്നില്ല, അതോർത്ത് ആരും ജീവിതം മാറ്റി വയ്ക്കുകയും വേണ്ട….. “
അത് പറഞ്ഞവൾ അടുക്കള വാതിൽ വലിച്ചടയ്ക്കുമ്പോൾ അല്പനേരം കൂടി ഞാൻ അവിടെ തന്നെ നിന്നു, പതിയെ അവളുടെ കരച്ചിൽ പുറത്തേക്ക് കേട്ട് തുടങ്ങിയപ്പോൾ ഓടി ചെന്നവളെ ചേർത്ത് പിടിക്കാൻ മനസ്സ് കൊതിച്ചെങ്കിലും പിന്തിരിഞ്ഞു നടന്നു, ഒരുപക്ഷെ അവളും അത് ആഗ്രഹിച്ചിരുന്നു കാണും….
അതിൽ പിന്നേ മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നിട്ട് പോലും, ഞാനും ഗൗരിയും പരസ്പരം കാണാൻ ശ്രമിക്കാതെ ഒഴിഞ്ഞു മാറി നടന്നു തുടങ്ങി….
” നിങ്ങൾ ഇങ്ങനെ നടക്കാതെ കെട്ടി ഒരുമിച്ചു ജീവിച്ചൂടെ പിള്ളേരെ…”
ഒരു ദിവസം മീൻ കച്ചവടം കഴിഞ്ഞു തിരികെ വരുമ്പോഴാണ് കമലേട്ടത്തി അവിചാരിതമായി ഒരുമിച്ചു ഞങ്ങളെ കാണുന്നതും ചോദിക്കുന്നതും…
അതിനു മറുപടി പറയാതെ ചേട്ടത്തിയെ നോക്കി ചിരിച്ചുകൊണ്ട് ഞാനും ഗൗരിയും നടന്നു നീങ്ങി…..
ഏറെ നാളുകൾക്കു ശേഷം ഞാൻ പിന്നെയും അരഭിത്തിയിൽ ഇരുന്നു, അടുക്കള വശത്തെ അയയിൽ തുണി കഴുകി വിരിക്കുമ്പോൾ എന്റെയും ഗൗരിയുടെയും കണ്ണുകൾ പിന്നെയും ഉടക്കി, ആ കണ്ണുകളിൽ പഴയ ദേഷ്യമിന്നില്ല, ആ ചുണ്ടുകളൊരു പുഞ്ചിരി കൊതിക്കുന്നത് പോലെ,…
പെട്ടെന്ന് വന്ന ചാറ്റൽ മഴയിൽ അടുക്കള വാതിലേക്കവൾ ഓടി. വാതിൽ അടയ്ക്കും മുന്നേ അവൾ പിന്നെയും തിരിഞ്ഞു നോക്കി, ഇത്തവണ ആ ചുണ്ടുകളിൽ പുഞ്ചിരി ഉണ്ടായിരുന്നു, കണ്ണുകളിൽ സ്നേഹവും….
✍️ശ്യാം….