എഴുത്ത്:- ശ്രീജിത്ത് ഇരവിൽ
യാത്രയിലും അവളെ തന്നെയായിരുന്നു ഞാൻ ഓർത്തത്.. അല്ലെങ്കിലും രണ്ടുമൂന്ന് മാസമായി ഒരുവീട് മുഴുവൻ അവളെ മാത്രമാണല്ലോ ഓർക്കുന്നത്…
ആദ്യമൊക്കെ എനിക്ക് അവളെ കണ്ണെടുത്താൽ കണ്ടൂകൂടായിരുന്നു. എന്റെ സകല തരികിടകളും കണ്ടുപിടിച്ച് അച്ഛന് ഒറ്റി കൊടുക്കുന്ന ചാരയായിരുന്നു അവൾ.
അവളുടെ വിവാഹമാണെന്ന് കേട്ടപ്പോൾ ആദ്യം തോന്നിയത് സന്തോഷമായിരുന്നു. പക്ഷേ, അവൾ ഇറങ്ങി പോയതിൽ പിന്നെയാണ് എനിക്കത് മനസ്സിലായത്. അങ്ങനെ എന്തെങ്കിലുമൊരു സന്തോഷം എന്നിലോ വീട്ടിലോ ഉണ്ടായിരുന്നുവെങ്കിൽ അവളോടൊപ്പം അതും പടിയിറങ്ങി പോയിരിക്കുന്നു…!
അച്ഛന് ഇപ്പോൾ പഴയ ഉഷാറൊന്നുമില്ല. സദാ സമയം ആരോ മറന്നുവെച്ച് പോയയൊരു പഴം തുണി പോലെ ആ ചാരു കസേരയിൽ ഉറ്റയിരുപ്പ് തന്നെ..
അമ്മയ്ക്ക് പുറമേ കാണുന്ന വിധം മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും അടുക്കള പണിക്കിടയിൽ നിന്ന് മോളോടെന്ന പോലെ തനിയേ സംസാരിക്കുന്നതും ചിരിക്കുന്നതുമൊക്കെ ഞാൻ ഇടക്ക് കേൾക്കാറുണ്ട്.
പണ്ടൊക്കെ എന്നെ മതിമറന്ന് ഉറങ്ങാൻ പോലും അവൾ വിടുമായിരുന്നില്ല. എന്നും ഉണർന്നപാടെ പൊരിഞ്ഞ തല്ലാണ്. തല്ലുകൂടാൻ ഇന്നയിന്ന കാരണങ്ങളൊന്നും വേണ്ടായിരുന്നു ഞങ്ങൾക്കിടയിൽ.. ഉണർവേതാ ഉറക്കമേതാ എന്ന് തിരിച്ചറിയാൻ പറ്റാത്തയൊരു മൗനം എന്നേയും വിഴുങ്ങിയിരിക്കുന്നു.
അന്ന് പത്താം തര പൊതു പരീക്ഷയിൽ നാണം കെട്ട തോൽവിയേറ്റ് വാങ്ങി വീട്ടിൽ കുത്തി ഇരിക്കുമ്പോഴാണ് അവൾക്ക് ബീയെഡിന് റാങ്കുള്ള വാർത്തയുമായി പത്രം വന്ന് മുറ്റത്ത് വീണത്. എനിക്ക് ഒഴികെ എല്ലാവർക്കും അതിയായ സന്തോഷമായിരുന്നു. എന്തുവേണം എന്റെ പൊന്ന് മോൾക്കെന്ന് അച്ഛൻ ചോദിച്ചപ്പോൾ തനിക്കൊരു പൊന്നിന്റെ മൂക്കുത്തി വേണമെന്ന് അവൾ പറഞ്ഞു. ആദ്യമൊന്ന് ശങ്കിച്ചെങ്കിലും അച്ഛൻ ആ സന്തോഷത്തിൽ ഇല്ലാത്ത കാശുണ്ടാക്കിയൊരു കുഞ്ഞ് കല്ല് പതിപ്പിച്ച പൊന്നിന്റെ മൂക്കുത്തി വാങ്ങിക്കൊടുക്കുകയും ചെയ്തു.
പക്ഷേ, എനിക്കത് സഹിച്ചില്ല. മാനത്ത് നിന്ന് ഒരായിരം അസൂയയുടെ ആലിപ്പഴങ്ങൾ വീണ് എന്റെ തല നനഞ്ഞു. ആ ചിന്തയെന്നെ കോഴിക്കുഞ്ഞിനെ റാഞ്ചാൻ തക്കം നോക്കി പാറുന്നയൊരു പ്രാപ്പിടിയനാക്കി. എനിക്ക് റാഞ്ചേണ്ടത് അവളുടെ പൊന്നിന്റെ മൂക്കുത്തിയായിരുന്നു . ഒത്ത് വന്നപ്പോൾ ഞാനത് ആരുമറിയാതെ കൊത്തിയെടുക്കുകയും ചെയ്തു.
അവളുടെ കുഞ്ഞുനാളിലേയുള്ള മോഹമാണ് മൂക്ക് കുത്തണമെന്നും, അതിലൊരു തിളങ്ങുന്ന പൊന്നിന്റെ നക്ഷത്രം തൂക്കണമെന്നതും. അമ്മയോട് ഓരോ വട്ടവും അവൾ കെഞ്ചി കെഞ്ചി പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. കിട്ടാ മൂക്കുത്തി തിരഞ്ഞ് ക്ഷീണിച്ച അവൾ നാളുകളോളം ഒരു തൂക്കം പിടിച്ച കോഴിയെ പോലെ വീട്ടിലാകെ തലകുനിച്ച് നടന്നു. ഞാനൊരു സന്തോഷത്തോടെ അത് ആസ്വദിച്ചു.
ഊരി വെച്ചിരുന്ന മൂക്കുത്തി നഷ്ട്ടപ്പെട്ടുവെന്ന് പറഞ്ഞ അവളെ അച്ഛൻ പോട്ടെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. കണക്കിന് രണ്ടെണ്ണമെങ്കിലും അവൾക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ച ഞാൻ വീണ്ടും തോറ്റു. അല്ലെങ്കിലും അസൂയക്കാരൊക്കെ തോറ്റുവീണ ചരിത്രമല്ലേ മണ്ണിനുള്ളൂ….!
ഇറങ്ങേണ്ട സ്ഥലമെത്തി. ഞാൻ ഇറങ്ങിയൊരു ഓട്ടോ പിടിച്ച് പത്ത് മിനുട്ടിനുള്ളിൽ പോകേണ്ട വിലാസത്തിലുമെത്തി. എന്നെ കണ്ടപാടേ മുറ്റത്തേക്കോടി വന്ന് അവൾ സന്തോഷം പ്രകടിപ്പിച്ചു. എന്നിട്ട് കയ്യിൽ പിടിച്ച് അകത്തേക്ക് കൊണ്ട് പോയി. ഞാൻ അവളുടെ പുതിയ വീടും പരിസരവുമൊക്കെ നോക്കുകയായിരുന്നു.
മാസങ്ങൾക്ക് മുമ്പ് ചെറുക്കന്റെ വീട് കാണാൻ അച്ഛനുമായി ഞാൻ അവിടെ പോയിട്ടുണ്ടായിരുന്നു.. എന്തുകൊണ്ടോ കൂടെ പിറന്നവൾ കൂട്ടം വിട്ട് വന്ന ആ വീടും പരിസരവും എനിക്ക് ഉൾക്കൊള്ളാൻ പറ്റിയതേയില്ല…
‘എന്താടാ ചെക്കാ… വന്നപോലെ നിക്കുന്നത്… കേറിയിരിക്ക്..’
അവൾ ഇരിക്കാൻ പറഞ്ഞിട്ടും എനിക്ക് അതിന് സാധിച്ചില്ല. ഇതിലേ പോയപ്പോൾ കയറിയെന്നേയുള്ളൂ എന്നും പറഞ്ഞ് ഞാൻ ഇറങ്ങാൻ ഒരുങ്ങി.
‘അതെന്നാ പോക്കാടാ ചെക്കാ… കെട്ടിന് ശേഷം നീയാദ്യമായി അല്ലയോ ഇങ്ങോട്ടൊക്കെ…. അച്ഛനോട് ഞാൻ വിളിച്ച് പറഞ്ഞോളാം.. നീയൊന്ന് രണ്ട് നാൾ നിന്നിട്ടൊക്കെ പോയാൽ മതി….’
എന്നും പറഞ്ഞ് അവൾ വിലക്കിയെങ്കിലും ഞാൻ വഴങ്ങിയില്ല. ഇത് ചേച്ചിക്ക് തരാൻ വേണ്ടിയാണ് ഞാൻ വന്നതെന്നും കൂടി പറഞ്ഞപ്പോൾ, അവൾ സംശയത്തോടെ എന്നെ നോക്കി. പോക്കറ്റിൽ നിന്നൊരു കുഞ്ഞ് പൊതിയെടുത്ത് അവളുടെ കൈകളിൽ ഞാൻ പിടിപ്പിച്ചു. അവളത് ധൃതിയിൽ തുറന്ന് നോക്കുകയും ചെയ്തു. ഒരിക്കലും തിരിച്ച് കിട്ടില്ലായെന്ന് കരുതി അവൾ മറന്ന ആ പൊന്നിന്റെ മൂക്കുത്തി ആയിരുന്നുവതിൽ. പക്ഷേ, അവൾക്ക് അത് മനസ്സിലാകുമ്പോഴേക്കും ഞാൻ തിരിച്ച് നടന്നിരുന്നു…
ഭയം കൊണ്ടാണോ..? അല്ല..! പിന്നെ..? പെങ്ങള് പോയപ്പോൾ തൊട്ട് മലർന്ന് കിടന്നുറങ്ങുന്ന ആ വീട്ടിലേക്ക് ഒന്നുകൂടി അവൾ വന്നോട്ടെ…. പൊന്നിന്റെ മൂക്കുത്തിയെ ചൊല്ലി എന്നോടൊന്ന് തല്ല് കൂടാനായിട്ടെങ്കിലും അവളൊന്ന് വന്നോട്ടെ…!!!

