അവസാനം സ്റ്റുഡന്റ് തന്നെ സാറിന്റെ തപസ്സിളക്കി അല്ലെ.അടുത്ത് നിന്ന ആൾ ‘അച്ഛന്റെ ഭാര്യയെ’ നോക്കി പറഞ്ഞപ്പോൾ അവരുടെ മുഖം നാണത്താൽ ചുവക്കുന്നത് കണ്ടു ..

Story written by Nitya Dilshe

“”അവസാനം സ്റ്റുഡന്റ് തന്നെ സാറിന്റെ തപസ്സിളക്കി അല്ലെ ..””

അടുത്ത് നിന്ന ആൾ ‘അച്ഛന്റെ ഭാര്യയെ’ നോക്കി പറഞ്ഞപ്പോൾ അവരുടെ മുഖം നാണത്താൽ ചുവക്കുന്നത് കണ്ടു ..അച്ഛന്റെ മുഖത്ത് പതിവ് ഗൗരവം ഉണ്ടെങ്കിലും കണ്ണുകളിൽ തിളക്കമുണ്ട് .. ചുണ്ടിൽ ചെറിയൊരു ചിരി ഒതുക്കി വച്ചിരിക്കുന്നു … അവർ എന്തൊക്കെയോ ചോദിക്കുന്നതിനു മറുപടി, അല്പം കുനിഞ്ഞു ചെവിക്കരുകിലായ് പറയുന്നുണ്ട് …

ഞാൻ അവരെയൊന്നു നോക്കി .. മിതമായ ആഭരണങ്ങളിലും മേക്കപ്പിലും സുന്ദരിയാണ്… നീണ്ടു മെലിഞ്ഞ വിരലുകൾ .. ചുണ്ടിൽ ചുവപ്പു ചായം … എന്റെ അമ്മയേക്കാൾ ..വളരെ ചെറുപ്പവുമാണ് .. അമ്മയുടെ കണ്ണുകൾ ഇപ്പോഴും ഓർമയുണ്ട് .. .. ഇല്ല .. ഇവരെ അമ്മയായി കാണാൻ വയ്യ ..അച്ഛനും അവരും ഒരേ നിറത്തിലുള്ള ബ്ലൂ ഷേഡ് വസ്ത്രങ്ങൾ ….

“”ഇതുവരെ വിവാഹമേ വേണ്ടെന്നു പറഞ്ഞ സാറാണ് .. ഇപ്പോൾ കണ്ടോ .. ഇതൊക്കെയാണ് വശീകരണം ..””അച്ഛന്റെ കോളേജിലെ ജീവനക്കാർ ആണ് …

അവിടെ നിൽക്കുന്നത് അരോചകമായ് തോന്നി .. പുറത്തേക്കു നടന്നു …

ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ‘അമ്മ മരിക്കുന്നത് …. അന്ന് അച്ഛനെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചപ്പോൾ, അമ്മയെ അല്ലാതെ മറ്റൊരാളെ ആ സ്ഥാനത്തു കാണാൻ വയ്യെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ..പല രാത്രികളിലും അച്ഛനെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞിട്ടുണ്ട് … അമ്മയുടെ വസ്ത്രങ്ങളിൽ മുഖം അമർത്തി കിടക്കുന്നത് കണ്ടിട്ടുണ്ട് ..

എനിക്കെല്ലാം എന്റെ അച്ഛൻ തന്നെയായിരുന്നു രണ്ടുനാൾ മുൻപ് വരെ … എട്ടാം ക്ലാസ്സിലെ ആനുവൽ എക്സാം കഴിഞ്ഞ അന്ന് വൈകുന്നേരം പതിവില്ലാതെ എന്നെയും കൂട്ടി ബീച്ചിൽ വന്നിരുന്നാണ് അച്ഛൻ പുതിയ വിവാഹത്തെക്കുറിച്ച് പറഞ്ഞത് ..എനിക്കവർ നല്ല അമ്മയാവുമെന്നു പറഞ്ഞു .. അവരെപ്പറ്റി പറയുമ്പോഴെല്ലാം പറഞ്ഞു മതിയാവാത്ത ഭാവം കണ്ടു വാക്കുകളിൽ …

ഇന്നലെ അമ്മയുടേതെല്ലാം ഞങ്ങളുടെ റൂമിൽ നിന്നും മാറ്റിയിരുന്നു .. എന്റെ സാധനങ്ങളും അപ്പുറത്തെ റൂമിലേക്ക് മാറ്റാൻ അപ്പച്ചി പറഞ്ഞു ..’വലിയ ചെക്കനായി ഇനി തനിച്ചു കിടന്നു ശീലിക്കണമെന്ന് ‘..

അച്ഛനും മാറിപ്പോയെന്നു തോന്നി .. അച്ഛന്റെ മുടിയിൽ ഞാൻ ഇടക്ക് കണ്ടുപിടിക്കാറുള്ള വെളുത്ത മുടിനാരുകൾ അപ്രത്യക്ഷമായിരിക്കുന്നു .. കണ്ണടയും മാറി .. അച്ഛൻ ഒന്നുകൂടി ചെറുപ്പമായത് പോലെ …

“”അല്ലു “” ആരോ പുറത്ത് തലോടിയതു പോലെ തോന്നിയപ്പോൾ തിരിഞ്ഞു നോക്കി … അപ്പൂപ്പനാണ് ..

“”എന്താ തനിച്ചു വന്നു നിൽക്കുന്നെ .. നിന്നെ അവിടെ തിരക്കുന്നു …””

“” അപ്പൂപ്പൻ പോകുമ്പോ എന്നെക്കൂടി കൊണ്ട് പോവോ …??””

എന്റെ ചോദ്യം കേട്ട് ആ മുഖത്ത് അമ്പരപ്പ് കണ്ടു …. അച്ഛനില്ലാതെ ഇതുവരെ അങ്ങോട്ട് പോയിട്ടില്ല .. കുറച്ചു ദിവസം നിൽക്കാൻ അവർ നിർബന്ധിക്കുമ്പോഴെല്ലാം അച്ഛനോടൊട്ടി നിൽക്കാറുണ്ട് …

അവർക്ക് ‘എന്റെ അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു … മോൻ അവിടെയും ഇടക്ക് നിൽക്കണമെന്ന് അച്ഛൻ പറയുമ്പോൾ.”” അച്ഛനെ വിട്ട് എങ്ങോട്ടുമില്ല “” എന്ന് തറപ്പിച്ചു പറഞ്ഞു കണ്ണുനിറക്കുന്നവനാണ് …

അപ്പൂപ്പൻ കൈ പിടിച്ചു കൊണ്ട് പോയി .. അച്ഛൻ എന്നെ നോക്കിയാണെന്നു തോന്നുന്നു അക്ഷമനായി നിൽക്കുന്നുണ്ട് … അടുത്ത് ചെന്നതും ആ സ്ത്രീ തലയിൽ തലോടി .. അറപ്പുള്ളതെന്തോ ശരീരത്ത് സ്പർശിച്ച പോലെയാണ് തോന്നിയത് ..

വീട്ടിലെത്തിയതും എന്റെ സാധനങ്ങൾ എല്ലാം ധൃതിയിൽ പാക്ക് ചെയ്ത് അപ്പൂപ്പനോടൊപ്പം പോകാൻ തയ്യാറായി ….ഞാൻ വലിയ ബാഗ് വലിച്ചുവരുന്നതു കണ്ട് അച്ഛൻ പുരികം ചുളിച്ച് നോക്കുന്നുണ്ട് ..

“” അല്ലു ഒപ്പം വരണമെന്നു വാശി പിടിക്കുന്നു..””. അപ്പൂപ്പൻ നിസ്സഹായതയോടെ പറഞ്ഞു … അച്ഛൻ എന്നെയൊന്നു സൂക്ഷിച്ചു നോക്കി … എന്ത് വന്നാലും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു ..

“” രണ്ടു ദിവസം കഴിഞ്ഞാൽ അങ്ങോട്ട് പോകുന്നുണ്ട് .. ഒരുമിച്ച് പോകാം ..””അച്ഛന്റെ ശബ്ദത്തിൽ പതിവില്ലാത്ത പതർച്ച ….

“” ഇല്ല .. ഞാൻ അപ്പൂപ്പന്റെ കൂടെ പോകും ..”” ഉറച്ച ശബ്ദത്തോടെ പറഞ്ഞതും അച്ഛന്റെ മുഖം ചുവക്കുന്നത് കണ്ടു ..

“” നിന്നോട് പറഞ്ഞാൽ മനസ്സിലാവില്ലേ ??”” അച്ഛന്റെ ശബ്ദമുയർന്നു …

“” സാരമില്ല .. ക്ലാസ് ഇല്ലല്ലോ .. എന്റെ കൂടെ വരട്ടെ .. രണ്ടു ദിവസം കഴിഞ്ഞു നിങ്ങൾ വരുമ്പോൾ തിരിച്ചു കൊണ്ട് വരാം …””.അപ്പൂപ്പൻ പറഞ്ഞതും യാത്ര പോലും ചോദിക്കാതെ ചാടിയിറങ്ങി .. അച്ഛന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട് .. വിഷമം തോന്നിയില്ല ..ഉള്ളിൽ എന്തോ നേടിയെടുത്തത് പോലെ …

രണ്ടു ദിവസം എന്ന് പറഞ്ഞിരുന്നെങ്കിലും പിറ്റേന്ന് കാലത്ത് തന്നെ അച്ഛൻ വന്നു .. ഒപ്പം ആ സ്ത്രീയുമുണ്ടായിരുന്നു .. എന്നെ കണ്ടതും കാർ ശരിക്കു പാർക് പോലും ചെയ്യാതെ ..മറ്റാരെയും ശ്രദ്ധിക്കാതെ അച്ഛൻ പാഞ്ഞടുത്തു വന്നു ചേർത്തു പിടിച്ചു …

പോകാൻ നേരം “” വേഗം ബാഗെടുത്ത് റെഡിയായി വാ അല്ലു “” എന്ന് പറഞ്ഞപ്പോൾ ഞാൻ റൂമിലേക്ക് നടന്നു .. വാതിലടച്ചു … സമയമേറെ കഴിഞ്ഞും തുറന്നില്ല …

അച്ഛനും അപ്പൂപ്പനും വാതിൽ തട്ടി ഒരുപാട് തവണ വിളിച്ചെങ്കിലും തുറക്കാതെ നിന്നു.. ആദ്യം സൗമ്യതയായിരുന്നെങ്കിലും പിന്നീടത് അലർച്ചയായും ദൈന്യതയായും കരച്ചിലായും മാറുന്നത് അകത്തിരുന്നു അറിയുന്നുണ്ടായിരുന്നു … പിന്നീടാ ശബ്ദം അകന്നു പോകുന്നതറിഞ്ഞു ..അവർ പോയി എന്ന് പറഞ്ഞു അപ്പൂപ്പൻ പല തവണ വിളിച്ചെങ്കിലും അന്ന് മുഴുവൻ തുറക്കാതിരുന്നു …ഭക്ഷണം കഴിക്കാനും ചെന്നില്ല …

പലതവണ അച്ഛൻ ഫോൺ ചെയ്‌തെങ്കിലും അപ്പൂപ്പൻ നിർബന്ധിച്ചിട്ടും എടുത്തില്ല .. വല്ലാത്തൊരു വാശിയായിരുന്നു … അതിലൊരു ആനന്ദം കണ്ടെത്തിയിരുന്നു …

പുതിയ വർഷം അവിടുത്തെ സ്കൂളിൽ ചേർന്നു .. അച്ഛൻ പലതവണ കാണാൻ വന്നിരുന്നു .. കൂടെ ചെല്ലാൻ പിന്നീടൊരിക്കലും നിർബന്ധിച്ചില്ല .. ആവശ്യ മുള്ളതെല്ലാം പറയാതെ എത്തിച്ചിരുന്നു .. എന്റെ മുഖത്തെ അനിഷ്ടം കണ്ടാവണം അവരില്ലാതെ ആയിരുന്നു അച്ഛൻ വന്നതെല്ലാം … വീട്ടിലെ കാര്യങ്ങൾ ഞാൻ ചോദിക്കാറില്ല അച്ഛൻ പറയാറുമില്ല ..

രണ്ടു വൃദ്ധജനങ്ങൾക്കൊപ്പം വല്ലാതെ വീർപ്പുമുട്ടലായിരുന്നു ആദ്യം .. അമ്മൂമ്മ കിടപ്പിലാണ് … പതിയെ പതിയെ ആ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു .. പുസ്‌തകങ്ങളായിരുന്നു കൂട്ട് .. ഇഷ്ടത്തോടെ പഠിച്ചു ..അതിനിടയിൽ അച്ഛനൊരു ‘ഉണ്ണി ‘ ഉണ്ടായതറിഞ്ഞു .. അപ്പൂപ്പൻ കാണാൻ കൊണ്ടുപോവാൻ വിളിച്ചെങ്കിലും പോയില്ല …

ഉയർച്ചകളിൽ അഭിനന്ദിക്കാൻ മുന്നിൽ അച്ഛനുണ്ടായിരുന്നു .. ആ മുഖത്തെ വേദന കണ്ടില്ലെന്നു നടിച്ചു …അച്ഛനെപ്പോലെ അച്ഛന്റെ വിഷയത്തിൽ തന്നെ PhD … അച്ഛൻ തന്നെയായിരുന്നു മനസ്സിലെ റോൾ മോഡൽ … എങ്കിലും എന്തോ ഒന്ന് വർഷങ്ങൾ കഴിഞ്ഞും എന്നെ അകറ്റി നിർത്തി ..

അച്ഛനെപ്പോലെ കോളജ് അധ്യാപകനായി ജോയിൻ ചെയ്തപ്പോൾ ആ കണ്ണുകളിൽ അഭിമാനം കണ്ടു …

അച്ഛൻ പലപ്പോഴും വിവാഹത്തെ ക്കുറിച്ച് സൂചിപ്പിച്ചു … മറുപടി പറയാതെ ഒഴിഞ്ഞു മാറി ..അമ്മൂമ്മ പോയി .. അപ്പൂപ്പനും വയ്യാതായിരിക്കുന്നു ..

കോളേജിൽ പഠിക്കുമ്പോഴും ഇപ്പോൾ പഠിപ്പിക്കുമ്പോഴും പല കണ്ണുകളിലും പ്രണയം കണ്ടിട്ടുണ്ട് .. ചിലർ നേരിട്ട് പറഞ്ഞു .. ഇപ്പോൾ പറയുന്നവരിലെല്ലാം അച്ഛന്റെ ‘അവരെ’യാണ് ഓർമ വരിക .. അദ്ധ്യാപകനായ അച്ഛനെ വശീകരിച്ച സ്റ്റുഡന്റ് ..അതോടെ അവരോടു അറിയാതൊരു ശത്രുത തോന്നും ….

പുതിയ ബാച്ച് വന്നതോടെ ഒന്നുകൂടി തിരക്കായി …ക്ലാസ്സെടുത്തു കൊണ്ടിരിക്കെ കണ്ടു അതിലൊരു കുട്ടി കണ്ണിമയ്ക്കാതെ നോക്കിയിരിക്കുന്നു .. ഇത്തരം നോട്ടങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും എന്തോ ഒരു വ്യത്യാസം .. എന്നെ കണ്ടാൽ ആ നക്ഷത്രകണ്ണുകൾ മറ്റെങ്ങും പിന്നെ ചലിക്കാറില്ലെന്നു തോന്നി .. ..മറ്റുള്ളവർ എന്നോട് സംസാരിക്കുമ്പോൾ ആ കണ്ണുകളിൽ അസൂയ കണ്ടു ..അപ്പോഴെല്ലാം എനിക്കവരെ ഓർമ വന്നു .. അച്ഛനെ പോലെ അവൾ എന്നെയും വശീകരിക്കുകയാണെന്ന് തോന്നി .. പിന്നെ പiകയായി .. അനാവശ്യമായി ഞാൻ പലപ്പോഴും അവളെ വഴക്കു പറഞ്ഞു .. മിടുക്കിയായിരുന്നിട്ടും മാർക്ക് കുറച്ചു .. അപ്പോഴും മുഖത്തു സങ്കടം വരുമെങ്കിലും കണ്ണുകൾ മാറ്റമില്ലാതെ തുടർന്നു ..

അന്ന് ലൈബ്രറിയിൽ നിന്നിറങ്ങിയപ്പോഴായിരുന്നു എന്തോ കണ്ട് ഭയന്നിട്ടെന്നപോലെ അവൾ ഓടി വന്നു നെഞ്ചിൽ വീണു ഇറുകെപിടിച്ചത് .. നെഞ്ചിലേക്ക് മുഖം ചേർത്ത് കരയുകയാണെന്നു തോന്നി .. ശരീരം വല്ലാതെ വിറപൂണ്ടിരുന്നു ..പെട്ടെന്ന് അച്ഛന്റെ അവരെ ഓർമ വന്നതും പിടിച്ചു തള്ളി ..കൈ വലിച്ചു കവിളിൽ ആഞ്ഞടിച്ചു .. ഏതോ പ്രോഗ്രാം കഴിഞ്ഞു ഓഡിറ്റോറിയത്തിന് പുറത്തു അടുക്കിവെച്ച സാധനങ്ങൾക്കിടയിലേക്കാണ് അവൾ തെറിച്ചു വീണത് .. വല്ലാത്തൊരു ശബ്ദത്തോടെ അവയെല്ലാം മറിഞ്ഞു വീണു .. ശബ്ദം കേട്ട് പലരും ഓടിക്കൂടുന്നത് കണ്ടു ..

പ്രിൻസിപ്പലിന്റെ മുറിയിൽ കരഞ്ഞു വീർത്ത മുഖവുമായി അവൾ നിന്നിരുന്നു .. വീണതിന്റെ ആവും അവിടവിടെ ചുവപ്പു പോറലുകൾ ..കണ്ണുകൾ അപ്പോഴും ഒഴുകിക്കൊണ്ടിരുന്നു ..കവിളിൽ എന്റെ വിരൽപ്പാടുകൾ തെളിഞ്ഞു കാണാം ..എനിക്കൊട്ടും ദൈന്യത തോന്നിയില്ല .. വല്ലാത്തൊരു സംതൃപ്തിയോടെ ഞാൻ മുഖമുയർത്തി ഇരുന്നു ….

പ്രിൻസിപ്പൽ രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കുന്നുണ്ട് … അവളോട് ചോദിക്കു എന്ന് ഞാൻ കൈ കാണിച്ചു .. അവളുടെ കണ്ണുകൾ എന്റെ മുഖത്താണെന്നു നോക്കാതെ തന്നെ അറിയുന്നുണ്ട് …ഒടുവിൽ കരച്ചിലോടെ ശബ്ദം പുറത്തു വന്നു ..

“” എനിക്ക് കംപ്ലൈന്റ്റ് ഇല്ല സർ … പരിചയമില്ലാത്ത കുറച്ചു പേർ എന്റെ പിന്നാലെയുണ്ടായിരുന്നു .. ഭയന്ന് ഞാൻ കെട്ടിപ്പിടിച്ചത് എന്റെ ചേട്ടനെയാണ് .. എന്നെ തല്ലിയത് എന്റെ ചേട്ടനാണ് ..””

അമർത്തിപ്പിടിച്ച തേങ്ങൽ ശബ്ദത്തോടെ പുറത്തു വന്നു .. ഞെട്ടലോടെ ഞാൻ ചാടിയെഴുന്നേറ്റു … അതുവരെ അടക്കിവച്ച അമർഷമെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു വീണു .. കൊടുങ്കാറ്റു പോലെ പുറത്തേക്കു നീങ്ങുമ്പോഴും അവളുടെ ശബ്ദം തലക്കുള്ളിൽ കറങ്ങിക്കൊണ്ടിരുന്നു .. ഞാനെന്നത് വലിയൊരു പരാജയമായി തോന്നി …

ശാന്തി കിട്ടാതെ മനസ്സുഴറി കൊണ്ടിരുന്നു … ലക്ഷ്യ മില്ലാതെ എങ്ങോട്ടൊക്കെയോ വണ്ടിയോടിച്ചു ..പഠിക്കുമ്പോൾ വല്ലപ്പോഴും ഹോസ്റ്റലിൽ നിന്ന് ബിയർ മാത്രം കഴിച്ചവനാണ് .. ബാറിൽ കയറി എന്തൊക്കെയോ ഓർഡർ ചെയ്തു .. കിട്ടിയത് ഒറ്റവലിക്ക് കുടിച്ചു തീർത്തു ..

കാറിന്റെ വിൻഡോയിൽ ആരോ തട്ടിയപ്പോഴാണ് കണ്ണ് തുറന്നത് .. പുറത്തു വെട്ടം കാണുന്നുണ്ട് ..എവിടെയെന്നോ എന്തെന്നോ തിരിച്ചറിയാവുന്നില്ല ….മഞ്ഞിന്റെ നേർത്ത പടലം പുറംകാഴ്ചയെ മറച്ചിരിക്കുന്നു .. ഡോർ തുറന്നു പുറത്തിറങ്ങി ..

നേർത്തചിരിയോടെ കണ്ണ് നിറഞ്ഞ് അച്ഛൻ നിൽക്കുന്നു… പിറകിൽ അവരുമുണ്ട് .. നക്ഷ ത്രക്കണ്ണുകളോടെ അവൾ ‘എന്റെ ഉണ്ണി ‘ വന്നു കെട്ടിപ്പിടിച്ചപ്പോൾ ചേർത്ത് പിടിക്കാതിരിക്കാൻ കഴിഞ്ഞില്ല …. ഞാൻ അച്ഛന്റെ വീട്ടുപടിക്കലാണ് …

“”എന്നെങ്കിലും നീയിവിടെ എത്തുമെന്ന് അച്ഛനറിയായിരുന്നു .. എന്നേക്കാൾ നിന്നെ പ്രാർത്ഥനയോടെ കാത്തിരുന്ന ഒരാളുണ്ട് …. എന്നോടുള്ള ആ ഇഷ്ടം പോലും ഉണ്ടായത് നിന്നെ കണ്ടാണ് …അവൾക്കും നിന്നെ പോലെ ചെറുപ്രായത്തിൽ ‘അമ്മ നഷ്ടമായതാണ് …ആ വേദന നന്നായി അറിയുന്നവൾ ആണ് ..””

അച്ഛൻ ‘അവരെ’ പിടിച്ചു മുന്നിലേക്ക് നിർത്തി .. ആ കണ്ണുകൾ കലങ്ങിയിട്ടുണ്ടായിരുന്നു .. ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു .. ആ കണ്ണുകളിൽ എന്റെ അമ്മയെ കണ്ടു …. കുറ്റബോധം കൊണ്ട് ശിരസ്സ് കുനിഞ്ഞു ..

അച്ഛൻ എന്റെ ചുമലിൽ പിടിച്ചു …ഉണ്ണി കൈയ്യിൽ തൂങ്ങി ..ഗേറ്റുകടന്നു വീണ്ടുമാ വീട്ടിൽ കയറുമ്പോൾ ഞങ്ങൾക്കിടയിലുണ്ടായുന്ന മതിൽ നേർത്തില്ലാതാവുന്നതറിഞ്ഞു .. വീണ്ടുമൊരു വസന്തം അവിടെ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു …

സ്നേഹത്തോടെ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *